രാത്രിയുടെ യാമങ്ങളില്‍ അമ്മു ജനല്‍ വാതിലിലൂടെ അങ്ങകലെ പുഞ്ചിരിതൂകി നില്‍ക്കുന്ന ചന്ദ്രനെ നോക്കി നില്‍ക്കും പ്രഭാതം മുതല്‍ പ്രദോഷം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ അവള്‍ പറയുമ്പോള്‍ ചന്ദ്രന്‍ കാതോര്‍ത്തു നില്‍ക്കും. അവളുടെ അമ്മൂമ്മ അവള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നതും വികലമായ അവളുടെ കൈകളും കാലുകളും സമ്മാനിച്ച വേദനകളും മറ്റുള്ളവരുടെ അവഗണന മാത്രം ലഭിക്കുന്ന അവളുടെ ഇപ്പോഴത്തെ അവസ്ഥയും അങ്ങനെ പലതും. ഈ സങ്കടങ്ങളൊക്കെ പങ്കുവെയ്ക്കുവാന്‍ അമ്മൂമ്മയും ചന്ദ്രനുമല്ലാതെ ആരും അവള്‍ക്കുണ്ടായിരുന്നില്ല. അച്ഛനും അമ്മയും അമ്മുവിന്റെ കുഞ്ഞുനാളുകളില്‍ തന്നെ മരണമടഞ്ഞിരുന്നു. അച്ഛന്റെ സ്നേഹവും അമ്മയുടെ വാത്സല്യവും ഒരിറ്റു അനുഭവിക്കാന്‍ തനിക്ക് ഭാഗ്യമില്ലല്ലോ എന്നോര്‍ത്ത് അമ്മു ദിവസവും തേങ്ങിക്കരയും
ഒരു രാത്രി അമ്മു ചന്ദ്രനെത്തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടേയിരുന്നു. ചന്ദ്രന്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അമ്മുവിന് തോന്നി. പെട്ടെന്ന് അമ്മുവിന്റെ കൈ ഭിത്തിയില്‍ കൊണ്ട് രണ്ട് കുപ്പിവള പൊട്ടി. ഉടന്‍ തന്നെ അവിടെ ഒരു പ്രകാശം പരന്നു. ആ പ്രകാശം അമ്മുവിന്റെ കണ്ണുകള്‍ക്ക് താങ്ങാനായില്ല. അതുകൊണ്ട് അമ്മു അവളുടെ കൈകൊണ്ട് കണ്ണുകള്‍ പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കണ്ണുതുറന്ന അമ്മു കണ്ടത് രണ്ട് തൂവലുകളാണ്. അമ്മു ആ തൂവലുകള്‍ എടുത്ത് അവളുടെ വിരലുകളുടെയിടയിലാക്കി. എന്നിട്ട് അമ്മു ഒരു പറവയെപ്പോലെ അവളുടെ കൈ വീശിക്കൊണ്ടിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് അമ്മു ഒരു പറവയായിരിക്കുന്നു അവള്‍ പറന്ന് പറന്ന് കൂരയുടെ ,പുറത്തെത്തി. പുറത്തെല്ലാം കൂരിരുട്ട്, അമ്മുവിന് പേടിച്ചുകരയണമെന്ന് തോന്നി. പക്ഷേ അവള്‍ക്കതിനും കഴിഞ്ഞില്ല. പെട്ടെന്ന് അവള്‍ അമ്മൂ എന്നാരോ വിളിക്കുന്നതുപോലെ തോന്നി. അവലള്‍ മെല്ലെ മുകളിലോട്ട് നോക്കി അതാ ചന്ദ്രന്‍ അവിടെ തിളങ്ങിനില്‍ക്കുന്നു. “പേടിക്കാതെ അമ്മൂ നിനക്ക് എന്റെ കൊട്ടാരത്തില്‍ വരുവാനിഷ്ടമല്ലേ”? അപ്പോള്‍ അമ്മു പറഞ്ഞു “ അതേ, എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഈ കൂരിരുട്ടില്‍ തനിയെ യാത്ര ചെയ്യുവാന്‍ എനിക്ക് പേടിയാകുന്നു. മാത്രമല്ല എന്റെ അമ്മൂമ്മ തനിച്ച് കൂരയിലാണ്. . ചന്ദ്രന്‍ മെല്ലെ പറഞ്ഞു “ എന്തിനാ അമ്മൂ പേടിക്കുന്നേ? ഞാന്‍ പ്രഭാതത്തിനുമുമ്പുതന്നെ നിന്നെ കൂരയിലേക്കയക്കാം” ഇതു കേട്ടപ്പോള്‍ അമ്മുവിന് സമാധാനമായി. അവള്‍ അതിനുവേഗം ചന്ദ്രനിലെത്താന്‍ കുതിച്ചു പാഞ്ഞു.
ഒടുവില്‍ പറന്ന് പറന്ന് അമ്മുചന്ദ്രനില്‍ എത്തി പിന്നെ അമ്മു കണ്ടത് ചന്ദാമാമന്റെ കൊട്ടാരമാണ് രത്നങ്ങളും വൈഡൂര്യങ്ങളും വിലയേറിയതു തിളക്കമുള്ളതുമായ കല്ലുകള്‍ കൊണ്ടും നിര്‍മ്മിച്ച വലിയൊരു പുത്തന്‍ കൊട്ടാരം. അമ്മൂമ്മ പറഞ്ഞുതന്നിട്ടുള്ള കഥകളില്‍ ഇതുപോലൊരു കൊട്ടാരത്തിനെ കുറിച്ചൊന്നു പറഞ്ഞു തന്നിട്ടില്ലല്ലോ എന്ന് അമ്മു വിചാരിച്ചു. പിന്നെ അധികനേരം നില്‍ക്കുവാന്‍ കൂട്ടാക്കിയില്ല. അവള്‍ കൊട്ടാരത്തിന്റെ അകത്തു കയറി. തന്റെ മുന്നിലതാ വലിയൊരു സിംഹാസനത്തില്‍ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചന്ദ്രന്‍! എല്ലാ ദിവസവും രാത്രിയാകുമ്പോള്‍ തന്റെ മുന്നില്‍ വരുന്ന ചന്ദ്രനെ ഇതുതന്നെയല്ലേ എന്ന് അമ്മു വിചാരിച്ചു. ഉടനെ ചന്ദ്രന്‍ ചോദിച്ചു, “ എന്താ അമ്മുക്കുട്ടി, എന്നെ ഇത്രവേഗം മറന്നു പോയോ? എല്ലാ ദിവസവും ഞാന്‍ നിന്നെ കാണുവാന്‍ ആകാശത്ത് വരുന്ന ചന്ദ്ര തന്നെയാണ് ഈ ഞാന്‍”. അമ്മുവിന് സന്തോഷമായി തുടര്‍ന്ന് അവള്‍ പറഞ്ഞു,” ഏയ് അത്രവേഗം അമ്മാവനെ മറക്കുവാന്‍ എനിക്ക് കഴിയില്ലല്ലോ. എനിക്ക് അമ്മാവനെ നല്ലപോലെ ഓര്‍മ്മയുണ്ട്.” “ എന്നാല്‍ അമ്മു ഈ കൊട്ടാരമൊക്കെയൊന്ന് ചുറ്റിക്കാണ് ! അപ്പോഴേക്കും ഞാന്‍ സദ്യയൊരുക്കാം” ചന്ദ്രന്‍ പറഞ്ഞു. അമ്മു വേഗം കൊട്ടാരം ചുറ്റിക്കാണുവാനായി പോയി. ഒരു കാര്യം അവള്‍ ശ്രദ്ധിച്ചത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്. കൊട്ടാരം നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു. അമ്മുവിന് ഒരു താരകത്തെ തൊട്ടാല്‍ക്കൊള്ളാമായിരുന്നു എന്ന് തോന്നി അവള്‍ തന്റെ കുഞ്ഞിചിറകുകൊണ്ട് ഒരു താരകത്തെ അവള്‍ തൊട്ടു. പെട്ടെന്ന് അത് അമ്മുവിനെനേക്കി മനം കവരുന്ന ഒരു പുഞ്ചിരി സമ്മനിച്ചു. അമ്മുവിന് അത് നന്നെ രസിച്ചു. വേറൊരു ഭാഗത്ത് അമ്മു വൈഡൂര്യങ്ങളും രത്നങ്ങളും കണ്ടു. കുറേ കൂമ്പാരമ്പോലെ കൂട്ടിയിട്ടിരിക്കുന്ന അവയുടെ മുകളിലൂടെ അമ്മു പാറിക്കളിച്ചു. പിന്നെ അമ്മു സദ്യയുണ്ണുവനായി കൊട്ടാരത്തിന്റെ വിരുന്നു മുറിയിലേക്ക് പറക്കുവാന്‍ തുടങ്ങി. പറക്കുന്നതിനിടയില്‍ അമ്മു ഒരു കാര്യം ശ്രദ്ധിച്ചു. കൊട്ടാരവാതില്‍ മുതല്‍ സിംഹാസനം വരെ നീണ്ടു മനോഹരമായ ഒരു പരവാതാനി! പട്ടുപോലെ തിളങ്ങുന്ന കണ്ടിട്ടും കണ്ടിട്ടും അമ്മുവിന് മതിയായില്ല. അവള്‍ വിരുന്നുമുറിയിലെത്തി. ഒരു വലിയ മേശ നിറയെ പഴങ്ങളും മധുരപലഹാരങ്ങളും! അമ്മുവിന് ഇതില്‍കൂടുതല്‍ സന്തോഷിക്കുവാന്‍ വേറെയൊന്നുമില്ല. അമ്മു ആര്‍ത്തിയോടുക്കൂടി അതെല്ലാം തിന്നുതീര്‍ത്തു.
“നേരം പ്രഭാതമാവാറായി ഞാന്‍ നിന്നെ വീട്ടിലേയ്ക്ക് പറഞ്ഞയയ്ക്കട്ടെ”? ചന്ദ്രന്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ അമ്മു സന്തോഷത്തോടെ തലയാട്ടി. അമ്മു പറക്കുവാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് പറക്കുവാന്‍ കഴിയുന്നില്ല. അമ്മു തന്റെ ചിറകുകളിലേക്ക് നോക്കി. അതാ! ചിറകുകള്‍ക്കു പകരം തന്റെ കൈകള്‍ വികലമായ കൈകളുടെയും , കാലുകളുടെയും സ്ഥാനത്ത് അതാ നല്ല ചന്തമേറി കൈകളും കാലുകളും. അമ്മു ചന്ദ്രനെ നോക്കി കണ്ണുനീരോടൊപ്പം നന്ദിയും അമ്മുവിന്റെ മിഴികളില്‍ നിറഞ്ഞുനില്‍ക്കുന്നത് ചന്ദ്രന്‍ കണ്ടു. അമ്മു ചന്ദ്രനോടു പറഞ്ഞു. “അമ്മാവാ, വളരെ നന്ദി! എന്റെ കാലുകള്‍ക്കും കൈകള്‍ക്കും ഇപ്പോള്‍ ഒരു കുഴപ്പവുമില്ല! ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കുകയില്ല. ചന്ദ്രന്‍ അമ്മുവിനെ നോക്കി പുഞ്ചിരിച്ചു. ഒരമ്മയുടെ സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു ചിരിയായി അമ്മുവിന് തോന്നി. പിന്നെ ചന്ദ്രന്‍ പറഞ്ഞു, “ ങാ എന്നാല്‍ നിനക്ക് ഇനി നിന്റെ കൂരയിലേയ്ക്ക് തിരിച്ചുപോകാം. അതാ ആ പരവതാനിയില്‍ കിടക്കുന്ന രണ്ട് തൂവലുകള്‍ നീകണ്ടില്ലേ? അതിനടുത്ത് നീ നിന്റെ കൈകള്‍ ചിറകുപോലെ വീശയാല്‍ നിനക്ക് വീണ്ടും ചിറകുണ്ടാകു. “ അമ്മു അക്ഷരം പ്രതി അതനുസരിച്ചു. അവള്‍ ചന്ദ്രനോട് യാത്ര പറഞ്ഞ് കൂരയിലേക്ക് പോകുവാനൊരുങ്ങി. ദൂരെ വച്ചുതന്നെ അവള്‍ തന്റെ കൂരകണ്ടു. സന്തോഷത്തോടെ അവള്‍ മുന്നോട്ടു കുതിച്ചു. പക്ഷേ അവളുടെ ചിറകുകള്‍ അപ്രത്യക്ഷമായി. അവള്‍ നേരെ ഒരു പാറമേല്‍ ചെന്നു വീണു അമ്മേ..............അവള്‍ നിലവിളിച്ചു. പെട്ടെന്ന് അമ്മു ഒരു പാത്രം നിലത്തേയ്ക്ക് വീഴുന്ന ഒരു ശബ്ദം കേട്ടു. അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി കണ്ണുകള്‍ തുറന്നു. അവള്‍ തിടുക്കത്തില്‍ അവളുടെ കൈകളും കാലുകളും കാണിച്ചുകൊണ്ട് അമ്മൂമ്മയോട് പറഞ്ഞു.” അമ്മൂമ്മേ എന്റെ കൈകളും കാലുകളുമൊക്കെ ചന്ദ്രന്‍ നേരയാക്കി” തിരിഞ്ഞുനോക്കിയ അമ്മൂമ്മ അമ്മുവിനോട് പറഞ്ഞു “ നുണ പറയാതെടി കൊച്ചേ; നീ ഇത്രയും നേരം സുഖമായി ഉറങ്ങുകയായിരുന്നല്ലോ. ഇപ്പോള്‍ നിനക്കെന്തുപറ്റി? നീ വല്ല സ്വപ്നവും കണ്ടതായിരിക്കും” എന്നാല്‍ അമ്മു പറഞ്ഞു” സത്യമാണ് അമ്മൂമ്മേ ദേ, എന്റെ കൈകളും കാലുകളും....... അമ്മൂവിന്റെ വാക്കുകള്‍ മുറിഞ്ഞു, അമ്മുമ്മ പറഞ്ഞത് ശരിതന്നെയാണ് എന്ന് അമ്മുവിന് മനസ്സിലായി. കാരണം അവളുടെ കൈകളും കാലുകളും ഇപ്പോഴു വികലമാണ്. അത് ഒരു കിനാവായിരുന്നു എന്ന് വിശ്വസിക്കുവാന്‍ അമ്മുവിന് പ്രയാസമായി ഒരു പക്ഷേ ഇനിയും ചന്ദ്രന്‍ എന്റെ വികലമായ കൈകളും കാലുകളും സുഖപ്പെടുത്തിയേക്കാം എന്ന് വിചാരിച്ച അമ്മു ആശ്വസിച്ചു.
അനീറ്റ ജോസഫ്.