മൂര്‍ച്ചയുടെ രസതന്ത്രം

രണ്ടുതുളളി വെളളം കൊടുത്ത്‌ ബിസ്‌മി ചൊല്ലി കഴുത്ത്‌ അല്‍പം ചെരിച്ച്‌ പിടിച്ച്‌ ഒരു വര. പിന്നീട്‌ വലിയ നീല പ്ലാസ്‌റ്റിക്‌ ബക്കറ്റിലേക്ക്‌, ശബ്‌ദം നിലക്കുന്നതുവരേയും... പിടിച്ചിലിന്റെ അവസാനശ്രമങ്ങളും അടഞ്ഞെന്ന്‌ ഉറപ്പ്‌ വരുത്തിയേയെ തിരിച്ചെടുക്കാന്‍ പറ്റൂ. പിന്നെ ഒരു പഴത്തൊലി പൊളിച്ചെടുക്കുന്ന ലാഘവത്തോടെ.

ഉപ്പൂപ്പയുടെ കാലം മുതല്‍ക്കെ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ച പണിയാണ്‌. പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്‌ടര്‍ക്ക്‌ ശവത്തോട്‌ തോന്നുന്ന അതെ ബഹുമാനത്തോടെ മാത്രമെ ബാപ്പു ഓരോ കോഴിയെയും സമീപിച്ചിരുന്നുളളൂ. ഒരു അറവുകാരന്റെ ആദ്യഗുണമായ ചോരയോടുളള അറപ്പില്ലായ്‌മ ചെറുപ്പം മുതല്‍ക്കേ മുഖത്തു തെറിച്ചുവീണ രക്തത്തുളളികള്‍. മായ്‌ച്ചു കളഞ്ഞിരുന്നു. മണമില്ലാത്ത ചോരയുടെ നനവ്‌ ഒരു ആര്‍ത്തവ രക്തത്തിന്റെ അദൃശ്യസാന്നിധ്യം പോലെ അയാളിലുടനീളം നനഞ്ഞു കിടന്നു. തൊലിയുരിഞ്ഞിട്ട കബന്ധങ്ങളായി മലര്‍ന്നു കിടക്കുന്ന കോഴിയിറച്ചിയെ ഒരു നവജാത ശിശുവിനെപോലെ ബാപ്പു ദിനംപ്രതി ലാളിച്ചുകൊണ്ടിരുന്നു.

ജനിപ്പിന്റെയും മരിപ്പിന്റെയും കോഴിബിരിയാണികള്‍ക്ക്‌ ഒരേ രുചിയായിരുന്നു. കഴുത്തിനോടും വയറിനോടും കൂടി ചേര്‍ത്തു കെട്ടുന്ന മേലുടുപ്പിന്‌ രണ്ട്‌ തലമുറയുടെ ചോരനിറം നനഞ്ഞ പാരമ്പര്യമാണുളളതെന്ന്‌ ബാപ്പു ഓര്‍ത്തുപോയി. നാളെ ഒരുപക്ഷെ തന്റെ മക്കളിതണിയും അല്ലെങ്കില്‍ അവര്‍ പുതിയത്‌ തയ്‌പിക്കും.

ഒരു ജനനമരണചക്രങ്ങള്‍ പോലെ പഴയത്‌ മാഞ്ഞ്‌ പോകുമ്പോഴും പുതിയതിനെ ജനിപ്പിക്കാനുളള പ്രാചീനമായ ഒരു ശ്രമം.

ബാപ്പുവിന്റെ ഓര്‍മ്മകള്‍ കോഴികഴുത്തിലെ ചോര ഞെരമ്പിനെ പോലെ പിന്നെയും പിടഞ്ഞുണര്‍ന്നു. അടുത്ത മാസത്തെ മകളുടെ കല്ല്യാണവും വിപണിയിലെ പക്ഷിപനിയും ബാപ്പുവിന്റെ ഉളളിലിരുന്ന്‌ വിങ്ങാന്‍ തുടങ്ങി. വിലപേശലിന്റെ കമ്പോളത്തില്‍ മുന്‍കൂറായി വിറ്റതാണ്‌. ഒരു നല്ല കച്ചവടക്കാരന്‌ അയാളുടെ വാക്കാണ്‌ വലുതെന്ന്‌ വാപ്പ ബാപ്പുവിനെ പഠിപ്പിച്ചിട്ടുണ്ട്‌.

വാപ്പ ഉളളകാലത്ത്‌ പോത്ത്‌ കച്ചവടവും ഉണ്ടായിരുന്നു. പല വീടുകളിലും കയറിയിറങ്ങി പോത്തിനെ വില പറഞ്ഞുറപ്പിച്ചശേഷം വെട്ടി ഇറച്ചിയാക്കി വില്‍ക്കാറാണു പതിവ്‌. പിന്നീടെപ്പോഴോ അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രശ്‌നമാക്കിയതോടെ ആ പണി പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മാര്‍ക്കറ്റില്‍ പുതിയ ഇറച്ചികട നഗരസഭ അനുവദിച്ചതോടെ അതുപേക്ഷിക്കേണ്ടിവന്നു എന്നതാണു സത്യം.

വാപ്പ ഉമ്മയെ കെട്ടിയ കഥ ബാപ്പു കേട്ടിട്ടുണ്ട്‌. അന്ന്‌ അങ്ങാടിയിലെ ഉശിരുളള ആണൊരുത്തനായിരുന്നു അന്ത്രുമാന്‍-ബാപ്പുവിന്റെ വാപ്പ. ഒരു 'ആരെടാ'ക്ക്‌ പത്ത്‌ 'ഞാനെടാ' പറയാനുളള തന്റേടം. അഞ്ചുനേരം നിസ്‌കാരവും, അന്തിയാകുന്നതിന്‌ മുമ്പേ രണ്ട്‌ അടിപിടി കേസും. അതില്ലാത്ത ഒരു ദിവസം പോലും അന്ത്രുമാനുണ്ടായിരുന്നില്ല. ഇപ്പോഴുളള ഇറച്ചികടക്ക്‌ തൊട്ടടുത്ത്‌ ഇടതുവശത്തുമാറിയായിരുന്നു അന്നാ പഴയകട.

എന്നും വെളളിയാഴ്‌ച രണ്ടു കിലോ ആട്ടിറച്ചി പോക്കര്‍ ഹാജിയുടെ വീട്ടിലെത്തിക്കണം. പോക്കര്‍ഹാജി നാട്ടിലെ അറിയപ്പെടുന്ന വ്യക്തി-പ്രമാണി. പളളി കമ്മിറ്റി പ്രസിഡന്റ്‌. അതിലുപരി ഹജ്ജിന്‌ പോയതിന്റെ ആധികാരികമായ ഒരാഢ്യത്ത്വം എല്ലാ വെളളിയാഴ്‌ചകളിലും ജുമുഅ നമസ്‌കാരം കഴിഞ്ഞ്‌ സൈക്കിളില്‍ ഇറച്ചിയുമായി അന്ത്രുമാന്‍ പോക്കര്‍ ഹാജിയുടെ അടുക്കള പുറത്തെത്തും. ഇറച്ചി പതിവായി കൊടുത്തു കൊണ്ടിരുന്നത്‌ പോക്കര്‍ഹാജിയുടെ ഒറ്റമകള്‍ ആയിഷയുടെ കയ്യിലും! ഒരുദിവസം ഇറച്ചി കൊടുത്ത്‌ അന്ത്രുമാന്‍ തിരിച്ചു വരുമ്പോള്‍ സൈക്കിളിന്റെ പിന്നിലിരുന്നു അയിഷ ഇങ്ങുപോന്നു. വിവരമറിഞ്ഞ്‌ കലിതുളളിയ അയിഷയുടെ രണ്ടാങ്ങളമാരും പാഞ്ഞുവന്നു. അറവുകത്തിയെടുത്ത്‌ വീശി തൂക്കിയിട്ട മാട്ടിറച്ചി ചൂണ്ടി അന്ത്രുമാന്‍ പറഞ്ഞു.

"ഇങ്ങള്‌ ചെല്ല്‌ മക്കളെ ഞമ്മക്ക്‌ എല്ലാ ചോരേം ഒരേ പോല്യാ.. ഒരേ നെറാ മാത്രാ.. അല്ലേങ്കില്‌ കൊടലെട്‌ത്ത്‌ തോലുരിച്ച്‌ ദാ ബ്‌ടെ ഇങ്ങനെ പച്ചക്ക്‌ തൂക്കും "

അന്ത്രുമാന്റെ സ്വഭാവം ശരിക്കറിയാവുന്ന പോക്കര്‍ഹാജി മക്കളെ വിളിച്ചുകൊണ്ട്‌ ഗത്യന്തരമില്ലാതെ സ്ഥലം വിടുകയായിരുന്നു. അങ്ങനെ ആയി അന്ത്രുമാന്റെ ബീവിയും. ബാപ്പുവിന്റെ ഉമ്മയുമായി.

വാപ്പ മരിച്ചതിനുശേഷം ബാപ്പു കോഴികച്ചവടം ഒന്നുകൂടി വിപുലീകരിച്ചു. ഗള്‍ഫ്‌ പണത്തിന്റെ വരവും മറ്റും ബാപ്പുവിന്റെ കച്ചവടത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കി അതിനിടയില്‍ വന്ന പക്ഷിപനി ബാപ്പുവിന്റെ കച്ചവടത്തെ സാരമായി ബാധിച്ചു.

തൊട്ടുമുന്നിലുളള കടക്കാരന്‍ ജോസൂട്ടിയാണ്‌ അത്‌ വിളിച്ചുപറഞ്ഞത്‌.

"ഇക്ക ഷട്ടറിട്ടോളൂ ഒരുത്തനെ കൂടി തട്ടി" ആയിടെയായുളള രാഷ്‌ട്രീയ കൊലപാതകത്തിന്റെ ഒരു തുടര്‍ച്ച. പിന്നീട്‌ തുടരെ തുടരെ ഇടത്തും വലത്തുമായി കടകള്‍ അടഞ്ഞുകൊണ്ടിരുന്നു. ബാപ്പുവിന്‌ രാഷ്‌ട്രീയത്തിലൊന്നും വലിയ പരിജ്ഞാനം ഉണ്ടായിരുന്നില്ല വോട്ട്‌ മുടങ്ങാതെ ചെയ്യാറുണ്ട്‌. അത്രതന്നെ. അതില്‍ കവിഞ്ഞ്‌ ഒരു രാഷ്‌ട്രീയബന്ധവും ബാപ്പുവിനില്ല. പിറ്റേന്ന്‌ പത്രത്തിലുളള കബന്ധങ്ങള്‍ ബാപ്പുവിനെ മാത്രം പിടിച്ചുലച്ചില്ല. ഒരു അറവുകാരന്റെ ഗൂഢമായ മനസാക്ഷി രഹസ്യമാണത്‌.

വൈകുന്നേരം വീട്ടുവരാന്തയില്‍ 'സുലൈമാനി' കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അയാള്‍ ബാപ്പുവിനെ സമീപിക്കുന്നത്‌.

കറുത്ത ഒരജാനുബാഹു.

മുമ്പിവിടെയെങ്ങും കണ്ടിട്ടുളളതായി ബാപ്പുവിന്‌ തോന്നിയില്ല. അല്ലെങ്കിലും ഓര്‍ത്തിരിക്കാന്‍ മാത്രം ഒരറവുകാരന്‌ ശിരസ്സിലെന്തുകാര്യം? അറുത്ത്‌ മാറ്റലിന്റെ കര്‍മ്മവും അവയവങ്ങളുടെ നിര്‍ജ്ജീവതയും ഓര്‍ത്തു വെക്കാനാഗ്രഹിമില്ലാത്ത ഓര്‍മ്മകളുടെ ശിരച്ഛേദമായി ബാപ്പുവിന്‌ അനുഭവപ്പെട്ടു.

"ബാപ്പുക്കാ നാളെ ഒരറവുണ്ട്‌. ആഗതന്‍ പറയാന്‍ തുടങ്ങി. "സമയം നാളെ ഞാനറിയിക്കാം.'

ഏതോ ഗുഹാന്തരങ്ങളില്‍ നിന്നെന്നപോലെ പരുക്കന്‍ ശബ്‌ദം. ബാപ്പുവിന്‌ എതിരൊന്നും പറയാനുണ്ടായിരുന്നില്ല. ചെറിയ കൂരയിലെ മൂന്നുനാലു ജീവിതങ്ങള്‍ വെട്ടാനൊരുക്കിയിട്ട ഇറച്ചി കോഴികളെപോലെ... ബാപ്പുവിന്റെ തലക്കുളളിലാകെ അലസമായ 'ബ്രോയിലര്‍' ചിന്തകള്‍ ഒഴുകി നടക്കാന്‍ തുടങ്ങി.

നാളെ വീണ്ടും അയാള്‍ വരും. കടമുടക്കമായതിനാല്‍ കിട്ടിയ അറവാണ്‌. പോകാതിരിക്കാനാവില്ല. ബാപ്പു കത്തിയുമായി ചാണക്കരികിലെത്തി. പിറ്റേന്ന്‌ കൃത്യസമയത്ത്‌ അയാളെത്തി. കടഞ്ഞ്‌ വെച്ചിരുന്ന കഞ്ഞിയും മറ്റു സാധനങ്ങളുമായി ബാപ്പു അയാളെ അനുഗമിച്ചു. റോഡരികില്‍ കാത്തു കിടന്ന കറുത്ത കാറില്‍ മറ്റുരണ്ടുപേരും കൂടി ഉണ്ടായിരുന്നു. കാറിന്‌ വേഗം കൂടുന്നതിനോടൊപ്പം പുറത്തെ ഇരുണ്ട കാഴ്‌ചകളും പുറകോട്ടു ചലിച്ചു തുടങ്ങി. തലേന്ന്‌ കടമുടക്കമായതിനാല്‍ പിറ്റേന്ന്‌ ആളുകള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു. ഒന്നും സംഭവിക്കാത്ത ദിവസങ്ങളുടെ ആവര്‍ത്തനം പോലെ ഇരുണ്ട നിഴലുകള്‍ കാറിന്റെ ചില്ലുജാലകങ്ങള്‍ക്കു പുറത്തുകൂടി ദ്രുതഗതിയില്‍ പാഞ്ഞു പോയികൊണ്ടിരുന്നു.

സീറ്റില്‍ ബാപ്പുവിന്‌ വലതുവശത്തിരിക്കുന്ന താടിക്കാരന്റെ മുഖത്തുനിന്ന്‌ വരുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം ബാപ്പുവിന്‌ ഓക്കാനമുണ്ടാക്കി. ഒരറവിന്റെ പേരിലല്ല, മറിച്ച്‌ ഒരായിരം പ്രശ്‌നങ്ങള്‍ക്ക്‌ നടുവില്‍ ഒരിത്തിരി മദ്യത്തിന്റെ മണം എത്രസമയം വേണമെങ്കിലും സഹിക്കാന്‍ ബാപ്പു തയ്യാറായിരുന്നു.

കാറിന്റെ ഇരമ്പവും ഇരുട്ടില്‍ കനപ്പെട്ട മൗനവും ആരും തമ്മില്‍ തമ്മില്‍ സംസാരിക്കുന്നില്ല. എതിരെ വരുന്ന വാഹനങ്ങളുടെ ഉളളിലേക്ക്‌ പാളിവീഴുന്ന വെളിച്ചകീറുകള്‍.. ബാപ്പു പതുക്കെ ഉറക്കത്തിലേക്ക്‌ വഴുതിവീണു. ആരുടെയൊക്കെ സംസാരം ബാപ്പുവിനെ മയക്കത്തില്‍ നിന്നുണര്‍ത്തി അപ്പോഴേക്കും കാറുനിന്നിരുന്നു സമീപത്ത്‌ നാലഞ്ചാള്‍ക്കാര്‍ വേറെയും. അവരെന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്‌. ശബ്‌ദം കേള്‍ക്കാമെങ്കിലും സംസാരം വ്യക്തമല്ല. പുറത്ത്‌ വെളിച്ചത്തിന്റെ മഞ്ഞവിഷാദങ്ങളായി അങ്ങിങ്ങ്‌ തെരുവ്‌ വിളക്കുകള്‍ അറവിനെപ്പറ്റിമാത്രം ആരും ബാപ്പുവിനോടൊന്നും പറയുന്നില്ല. കത്തിവെക്കാന്‍ പോകുന്നതിനെ പറ്റിയുളള ഒരറവുകാരന്റെ ഉത്‌കണ്‌ഠ അന്നാദ്യമായി ബാപ്പു അറിഞ്ഞു.

"സമയമായി ബാപ്പുക്ക' അയാള്‍ ഡോര്‍ തുറന്നു പറഞ്ഞു. സഞ്ചിയും പണിയായുധങ്ങളുമെടുത്ത്‌ ബാപ്പു പുറത്തിറങ്ങി. 'അതാ ആ തെരുവിനപ്പുറം' അയാള്‍ കൈചൂണ്ടി. കട്ടപിടിച്ച ഇരുട്ടിലെ ചിതറിയ മഞ്ഞവെളിച്ചത്തിലൂടെ ഒരാള്‍ നടന്നടുക്കുന്നു. ആരൊക്കെയൊ ചാടിവീണു. അയാളുടെ കൈകള്‍ പിന്നോക്കം പിണച്ചു. 'വെട്ടിക്കോ' ഒരലര്‍ച്ചയുടെ നടുവില്‍ ബാപ്പുവിന്റെ കൈകള്‍ അയാളുടെ കഴുത്തിലെ ചോര ഞരമ്പുകള്‍ക്കു വേണ്ടി പരതി നടന്നു. കോഴിയേക്കാളും എളുപ്പമെന്ന്‌ ബാപ്പുവിന്‌ തോന്നി. ഒരു വര. മുഖത്തേക്ക്‌ തെറിച്ച്‌ വീണ നനവിന്റെ പ്രാചീനമായ ഗന്ധം അന്നാദ്യമായി ബാപ്പു അറിഞ്ഞു.

അതിന്റെ ചൂട്‌, നിറം, രുചി എല്ലാം...

രണ്‍ജിത്‌


-, ആര്‍ റ്റി നഗര്‍,



Your response will be e-Mailed to the poster.