വര്‍ത്തമാന ദുരിതത്തിന്റെ വരണ്ടകാറ്റ്. ചുട്ടുപൊളളുന്ന പ്രകൃതി. ആകാശപഥങ്ങളിലേക്കോ കാരുണ്യത്തിന്റെ നനവായി പെയ്‌തിറങ്ങാന്‍ വെമ്പുന്ന മഴയുടെ മുന്നോടിയായി കാറ്റിന് പതുക്കെ തണുപ്പിന്റെ പുതപ്പ്. മേഘകീറിനുളളില്‍ മുഖം താഴ്‌ത്താന്‍ തുടങ്ങുന്ന നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ പൂര്‍വ്വരേഖ തേടി അയാളിരുന്നു; അഭിശപ്‌ത ജന്മത്തിന്റെ ദുര്‍വ്വിധിയുടെ ഭാരവും പേറി. കാര്യങ്ങള്‍ക്ക് ഇനിയും തീരുമാനമായില്ല. രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ശവമുറിയുടെ മുന്നില്‍ സ്വപ്‌നങ്ങളുടെ തേരിലേറി ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ അടുത്തുവന്ന പാദപതനം കേട്ട് അയാള്‍ ഉണര്‍ന്നു. പരിചയമുളള ശബ്‌ദമല്ല. അത് ശവമുറിയുടെ കാവല്‍ക്കാരന്റേതാണ്. സഞ്ചാരപഥങ്ങളിലെ സമാനതകളില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ആ ശബ്‌ദവും അയാള്‍ നെഞ്ചേറ്റ് വാങ്ങിയിരിക്കുന്നു.
സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി ഗള്‍ഫിന്റെ ഭാഗ്യാന്വേഷണങ്ങളില്‍ അലഞ്ഞ് ഒടുവില്‍ ഒരിക്കലും ആഗ്രഹിക്കാത്ത പോലീസുകാരന്റെ കുപ്പായം സ്വന്തമായപ്പോള്‍ പിന്നിട്ട ഓര്‍മ്മകളുടെ ദുരിതത്തിന് കണ്ണുനീരിന്റെ ഉപ്പ്. വീണ്ടും അടുത്തുവരുന്നു ബൂട്ട്‌സിന്റെ ശബ്‌ദം. ഭീതിയുടെ മുള്‍മുനകള്‍ മനസില്‍ നിറഞ്ഞു. കുട്ടിക്കാലത്തെ ഒരു പേടിത്തൊണ്ടനായിരുന്ന ഹരീന്ദ്രന്‍ ഇപ്പോള്‍ ശവങ്ങളെ ശീതികരിച്ചു സൂക്ഷിച്ചിരിക്കുന്ന മുറിയുടെ മുന്നില്‍ രാത്രികളില്‍ നിന്നും രാത്രികളിലേക്ക്... എവിടെയെങ്കിലും ആരെങ്കിലും തൂങ്ങിച്ചത്തെന്ന് കേട്ടാള്‍ കാണാന്‍ പോകാന്‍ പോലും പേടിയായിരുന്നു. അയലത്തെ നാണപ്പന്‍ തൂങ്ങിയത് കാണാന്‍ പോയ നടുക്കം സിരകളില്‍ ഇപ്പോഴും ഭീതിപടര്‍ത്തുന്നു.
ഒട്ടിയവയറിന്റെ ദയനീയതയില്‍.. കഴുത്തില്‍ മുറുകിയ കയറിന്റെ ശക്തിയില്‍ നാവു തുറിച്ച് തൂങ്ങിയാടിയ രൂപം ഒരു പേക്കിനാവായി ഇന്നും ഉറക്കം കെടുത്തുന്നു. കുറെനാള്‍ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ മടിയായിരുന്നു. എവിടെ നോക്കിയാലും നാണപ്പന്റെ തൂങ്ങിയാടുന്ന രൂപം. ഏതോ മന്ത്രവാദിയുടെ അടുത്തുകൊണ്ടുപോയി അച്‌ഛന്‍ കെട്ടിച്ച മന്ത്രച്ചരട് ഇന്നലെയെന്നോണം കയ്യിലുണ്ടായിരുന്നു. 'ഹരീന്ദ്രാ, ഇനിയും തീരുമാനമായില്ല..' ആശ്വാസമായി, എസ്.ഐ. ആണ്. നിരാശ നിറഞ്ഞ നിശബ്ദത. കുറെക്കഴിഞ്ഞ് എസ്.ഐ. തിരിച്ചുപോയപ്പോള്‍ കാവല്‍ക്കാരന്റെ ചോദ്യം. 'ഇനിയും തീരുമാനമായില്ല അല്ലേ?'
ഇല്ല, അങ്ങനെ തീരുമാനമാകുന്നതല്ല ഒന്നും, ഈ അഭിശപ്‌തജന്‌മവും. ജന്മാന്തരങ്ങളിലെവിടെയോ തീരുമാനമാകാതെ കിടന്ന ഒരു ശാപജന്മത്തിന്റെ ജാതകം എഴുതുമ്പോള്‍ അത് ഹരീന്ദ്രന്റെ ജീവിതമായി. അജ്ഞാത ജഡത്തിന് കാവലായി ഇനി എത്രനാള്‍?.. ഓര്‍മ്മയുടെ കവാടങ്ങളില്‍ വിജാഗിരിയുടെ ശബ്‌ദം. തുറക്കുന്ന കിളിവാതിലില്‍ യൗവ്വനനൊമ്പരങ്ങളുടെ പെണ്‍മൊഴി. അച്ഛനെ വിളിച്ചു കരയുന്ന നിഷ്‌ക്കളങ്കതയുടെ നൊമ്പരം... 'ജന്മശാപങ്ങളുടെ ശിരോലിഖിതമൊടുങ്ങുമ്പോള്‍ കാര്യങ്ങള്‍ തീരുമാനമാകും. ലോകത്ത് എവിടെയെങ്കിലും സമത്വമുണ്ടെങ്കില്‍ ഇവിടെ ഈ മരവിപ്പിലാണ്... ഇന്നലെവരെ അഹങ്കാരത്തിന്റെ ആള്‍രൂപമായവര്‍ ഇന്ന് ശാശ്വത മരണത്തിന്റെ മരവിപ്പിലുറങ്ങുന്നു.
ഓര്‍മ്മകളില്‍ വീണ്ടും പാദസരം.. മെയിലാഞ്ചി ചുവപ്പിച്ച കിന്നാരം.. ശാഠ്യത്തിന്റെ നിലവിളി. വീണ്ടും ബൂട്‌സിന്റെ ശബ്‌ദം നിശബ്‌ദത തകര്‍ക്കുന്നു. കാര്യങ്ങള്‍ ഉടനെ തീരുമാനമായേക്കും, മരിച്ചവനാണ് ഭാഗ്യവാന്‍. സംസ്‌ക്കാരച്ചിലവ് ആര് വഹിക്കണമെന്ന തര്‍ക്കം തീരുമാനമാകുംവരെ കുളിരുളള മുറിയില്‍ ഒന്നുമറിയാതെ കിടക്കാം. ശവം കണ്ടെത്തിയത് പഞ്ചായത്തിന്റെ അതിരിലാണോ മുനിസിപ്പാലിറ്റിയുടെ അതിരിലാണോ എന്ന് തീരുമാനമാകാന്‍ ഇനിയും സമയമെടുക്കും.
കാത്തിരിപ്പിന്റെ മടുപ്പ്.. മരവിപ്പ്.. ഒന്നിന് പുറകെ ഒന്നായെത്തുന്ന ശവങ്ങള്‍.. അതിനിടയില്‍ അജ്ഞാതനായി കിടക്കുന്നവന്‍ ഒന്നും അറിയുന്നില്ല. മരിക്കുന്നവന്റെ ജോലി അതിന്റെ വഴി തിരഞ്ഞെടുക്കുന്നതോടെ തീര്‍ന്നു. പിന്നെ ജോലി ജീവിച്ചിരിക്കുന്നവന്റെതാണ്. അതിര്‍ത്തി നിര്‍ണയിച്ച്, സംസ്‌കാരം ആരു നടത്തണമെന്ന് തീരുമാനിച്ചു വരുമ്പോഴേക്ക് ദിവസങ്ങള്‍ ഇനിയും കഴിയും. മരവിച്ച മനസ്സുമായി ഹരീന്ദ്രന്‍ കാത്തിരുന്നു... കാര്യങ്ങള്‍ക്ക് ഇനിയും ഒരു തീരുമാനമായില്ല.
നൈന മണ്ണഞ്ചേരി