ആ ദിവസത്തെ പ്രഭാതം അതിമനോഹരമായി തോന്നി. വീട്ടില്‍ എല്ലാവരും ഉത്സവത്തിമര്‍പ്പില്‍ ആയിരുന്നു. തന്നെപ്പറ്റി ഇത്രയും ബഹുമാനം കൊളളുന്നതിന്റെ അഭിമാനത്തില്‍ ആയിരുന്നു അയാള്‍! ഇനിയുളള ജീവിതം എങ്കിലും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാക്കാതെ ജീവിക്കുവാന്‍ അയാള്‍ തീരുമാനിച്ചു. മുന്‍പും സംഭവിച്ചിട്ടുളളത് എല്ലാം തന്റെ നേട്ടത്തിനുവേണ്ടിയായിരുന്നില്ല. നീതിക്കു നിരക്കാത്തതു കാണുമ്പോള്‍ ചിലപ്പോഴൊക്കെ പ്രതികരിച്ചു പോയി എന്നതല്ലാതെ വേറെ ഒരു കുറ്റവും താന്‍ മനഃപൂര്‍വ്വം ചെയ്‌തിട്ടില്ല. അതുകൂടാതെ പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ ഭാഗമായും കുറെ കേസുകളില്‍ പെട്ടുപോയിട്ടുണ്ട്. എല്ലാകേസുകളും പാര്‍ട്ടി തന്നെ ഉന്നതങ്ങളില്‍ ഇടപെട്ട് ഒഴിവാക്കിയും തന്നിട്ടുണ്ട്. അതിനുദാഹരണമാണല്ലോ ഇപ്പോഴത്തെ തന്റെ ഈ പോസ്‌റ്റിങ്ങ് ഓര്‍ഡര്‍. എന്നോ എഴുതിയ റാങ്ക് ലിസ്‌റ്റില്‍ നിന്നും പി.ഡബ്യൂ.ഡിയില്‍ ഓവര്‍സിയര്‍ ആയി നിയമനം കിട്ടുമെന്ന് കുടിച്ചവെളളത്തില്‍പോലും ചിന്തിച്ചിരുന്നില്ല. ജോലി ലഭിക്കുന്നതിനുളള പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ വളരെ മോശമായ പ്രതികരണമാണ് എഴുതിയിട്ടുളളത്. യഥാര്‍ത്ഥത്തില്‍ തന്റെ ജീവിതത്തില്‍ താന്‍ ഒരു ക്രിമിനല്‍ ആയിരുന്നില്ല. അങ്ങിനെ അറിയപ്പെടാന്‍ താന്‍ ഒട്ടുംതന്നെ ആഗ്രഹിച്ചിരുന്നുമില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നിയമനം ഇത്രയും വൈകിയത്. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. ചീഫ് മിനിസ്‌റ്ററുടെ വാക്കാലുളള പ്രത്യേകം നിര്‍ദ്ദേശപ്രകാരമാണ് ഓര്‍ഡര്‍ ലഭിച്ചത്. ഭരണം മാറി സ്വന്തം പാര്‍ട്ടി അധികാരത്തില്‍വന്നപ്പോള്‍ തനിക്കുകിട്ടിയ പ്രത്യുപകാരം... കഴിഞ്ഞതെല്ലാം ഒന്നിനുപുറകെ ഒന്നായി ഓളങ്ങള്‍ കണക്കെ ഒഴുകിവന്നു അയാളുടെ മനസില്‍.
ഇന്നു താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ പോകുകയാണ്. ആ സന്തോഷം പങ്കുവെക്കുവാന്‍ കൂടിയാണ് കുടുംബാംഗങ്ങള്‍ എല്ലാവരും ഇവിടെ എത്തിയിരിക്കുന്നത്. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അയാള്‍ അതിരാവിലെ തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയിവന്നു. പാര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അതിനൊന്നും ഒരു തടസവും ഇല്ലായിരുന്ന എന്നയാള്‍ ഓര്‍ത്തു. തന്നെ പുതിയ ഡ്രസ് അണിയിക്കുന്നതിനും മറ്റും എല്ലാവരും മത്സരത്തില്‍ ആണ്. ആ ഒത്തുചേരലിന്റെ സന്തോഷപ്രവാഹത്തില്‍ അയാളുടെ മനവും നീന്തിത്തുടിച്ചു.
"ഇറങ്ങാനുളള സമയമായി എന്ന് അച്‌ഛന്റെ ശബ്‌ദം ഉയര്‍ന്നുകേട്ടു. പിന്നെ അയാള്‍ ഒട്ടും വൈകിയില്ല. ബാഗില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ കൈയ്യില്‍ എടുത്തു. കൂടെ സര്‍ട്ടിഫിക്കറ്റുകളും കരുതിയിരുന്നു. ഇറങ്ങുന്നതു കാണാന്‍ സഹോദരിമാരും കുട്ടികളും അളിയന്‍മാരും മറ്റു എല്ലാവരും നടുത്തളത്തില്‍ സന്നിഹിതരായിരുന്നു. ഇറങ്ങുന്നതിനുമുന്‍പ് അച്‌ഛന്റേയും അമ്മയുടേയും പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ചു. തന്റെ തോളില്‍ അവരുടെ കണ്ണുനീര്‍ത്തുളളികള്‍ പതിക്കുന്നത് അയാളറിഞ്ഞു. എല്ലാവരോടും ഒരിക്കല്‍കൂടി യാത്ര പറഞ്ഞുകൊണ്ട് അയാള്‍ ഓഫീസിലേക്ക് പോയി.
പ്രൗഢഗംഭീരമായ മൂന്നുനില കെട്ടിടം. അങ്ങിങ്ങായി ആളുകള്‍ നില്‍ക്കുന്നുണ്ട്. സന്ദര്‍ശകരും സ്‌റ്റാഫും ആണ് അതെന്ന് അയാള്‍ക്കു മനസിലായി. മുന്‍വശത്തുളള ബോര്‍ഡ് വായിച്ചപ്പോള്‍ ഇതുതന്നെയാണ് തന്റെ ഓഫീസ് എന്നു ബോദ്ധ്യപ്പെട്ടു. ഏറ്റവും മുകളിലത്തെ നിലയില്‍ ആണ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ മുറി എന്നറിയാന്‍ കഴിഞ്ഞു. താന്‍ നേരെ സ്‌റ്റെയര്‍കെയ്‌സിലൂടെ മുകളിലേക്ക് കയറിത്തുടങ്ങി. സ്‌റ്റെപ്പ് കയറുന്ന ശബ്‌ദവും ഹൃദയമിടിപ്പിന്റെ ശബ്‌ദവും ഒരേ താളത്തില്‍ ആയിരുന്നു. അത് വേര്‍തിരിക്കാനാവാതെ അയാള്‍ എങ്ങിനെയോ മുകളില്‍ എത്തി... വരാന്തയില്‍ ഇട്ടിരിക്കുന്ന രണ്ടു ബഞ്ചുകള്‍, അതില്‍ മൂന്നുനാലുപേര്‍ ഇരിക്കുന്നുണ്ട്. പിന്നെ രണ്ടു വലിയ ഹാളുകള്‍. ഒന്നില്‍ ഡ്രോയിങ് ബ്രാഞ്ച് എന്നും മേറ്റ്തില്‍ അഡ്‌മിനിസ്‌ട്രേറ്റ് ബ്രാഞ്ച് എന്നെഴുതിയിട്ടുണ്ട്. കസേരകളും മേശകളും ഭംഗിയായി നിരത്തി ഇട്ടിരിക്കുന്നു. ഓരോന്നിനു മുകളിലും സ്പീഡില്‍ കറങ്ങുന്ന ഫാനുകളും. താന്‍ ഓരോരുത്തരെയും മാറിമാറി ഒന്നു വീക്ഷിച്ചു. എല്ലാവരുടെ മുഖത്ത് ഒരുതരം ഗൗരവഭാവം നിഴലിക്കുന്നത് അയാള്‍ കണ്ടു. എന്തായാലും താന്‍ അവിടെ വന്നതുകൊണ്ടല്ല ആ ഭാവം എന്നയാള്‍ തിരിച്ചറിഞ്ഞിരുന്നു.
അയാള്‍ അവിടെനിന്നും ചുറ്റും നോക്കുന്നതുകണ്ട് ബഞ്ചില്‍ ഇരുന്ന രണ്ടുപേര്‍ അടുത്തേക്ക് ചെന്നു. ഓഫീസിലെ പ്യൂണ്‍മാരാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്നും അയാള്‍ക്കു മനസിലായി. ഉടനെ തന്റെ കയ്യിലുളള ഓര്‍ഡര്‍ അവര്‍ക്കു കാണിച്ചുകൊടുത്തു. വളരെ ഉത്സാഹത്തോടെ അവരതു വായിച്ചുനോക്കി. അതിനുശേഷം അവരിലൊരാള്‍ ചോദിച്ചു. "സാറിന്റെ വീടെവിടെയാണ്?" താന്‍ അറിയാതെ പുറകോട്ടുതിരിഞ്ഞുനോക്കി. പുറകുവശത്ത് ആരും തന്നെയില്ലായിരുന്നു. 'സര്‍' എന്നു തന്നെത്തന്നെയായിരിക്കും വിളിച്ചതെന്നു തോന്നുന്നു താന്‍ തന്റെ വീടും സ്ഥലവും ഒക്കെ അവരോടു വിശദീകരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. "സര്‍ ആദ്യം നിങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ കാണണം. എന്നിട്ട് ജോയിനിങ്ങ് റിപ്പോര്‍ട്ട് എഴുതി ഇന്നുതന്നെ ജോയിന്‍ ചെയ്യാവുന്നതാണ്. ആ കാണുന്ന ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്ന മുറിയാണ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടേത്. അദ്ദേഹം ഇപ്പോള്‍ അവിടെയുണ്ട്. സര്‍ അങ്ങോട്ടുചെന്നോളൂ!" അവരുടെ നിര്‍ദ്ദേശപ്രകാരം അങ്ങോട്ടു നടന്ന തന്നെ വീണ്ടും തടഞ്ഞുനിര്‍ത്തിക്കൊണ്ട് വളരെ താഴ്‌ന്ന ശബ്‌ദത്തില്‍ അവര്‍ രണ്ടുപേരും ഇങ്ങനെ പറഞ്ഞു. "സര്‍ അകത്തുകയറി വളരെ ഭവ്യതയോടെ ഒക്കെ നിന്നുകൊളളണം. ആള് വളരെ മുന്‍കോപിയാണ്. ഉന്നതങ്ങളില്‍ വേണ്ട പിടിയുളള ആളാണ്. അദ്ദേഹത്തിനെതിരായി പ്രവൃത്തിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ല. ഈ കഴിഞ്ഞ മാസം ഒരാളെ സസ്‌പെന്റ് ചെയ്യുകയുണ്ടായി. കാരണം വേറെ ഒന്നുമില്ല. അദ്ദേഹത്തിന്റെ ഇംഗിതത്തിനെതിരായി നിന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്. ആ പാവം ഇവിടെ വന്ന് കൈയ്യും കാലും പിടിച്ചു കരഞ്ഞിട്ടും അയാള്‍ കേട്ടതായി ഭാവിച്ചില്ല." സാറിനോട് ഇതു പറയേണ്ട കാര്യമൊന്നും ഞങ്ങള്‍ക്കില്ല. എങ്കിലും സാറിന്റെ നിഷ്‌ക്കളങ്കത ഞങ്ങള്‍ക്ക് കുറച്ചുനേരം കൊണ്ട് ബോദ്ധ്യമായി. അതുകൊണ്ട് സാറിനൊരു മുന്‍ധാരണ ഉണ്ടാകുമല്ലോ എന്നു കരുതിയാണ്. ഇത്രയും പറഞ്ഞുകൊണ്ട് അവര്‍ അവരുടെ ഇരുപ്പിടങ്ങളിലേക്ക് മടങ്ങി.
അവരുടെ നിര്‍ദ്ദേശപ്രകാരം അയാള്‍ മുറിയുടെ മുന്‍പില്‍ എത്തി. കൈകാലുകള്‍ക്കൊന്നും ഒരു ബലവുമില്ലാത്തതുപോലെ തോന്നി. താന്‍ ഇതിനുമുന്‍പൊന്നും ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നത് എന്ന് അയാള്‍ ഓര്‍ത്തു. ഡോറിന്റെ മുകളില്‍ ഉളള നെയിം ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശിശുപാലന്‍, സന്ദര്‍ശനസമയം മൂന്നു മണിമുതല്‍ അഞ്ചുമണിവരെ എന്നെഴുതിക്കണ്ടു. സംശയം തീര്‍ക്കുവാനായി അയാള്‍ തിരിച്ച് പ്യൂണ്‍മാരുടെ അടുത്തെത്തി. "ആ സമയം പുറമെ നിന്നുളള ആളുകള്‍ക്കും മറ്റുമാണ്. നമുക്ക് അതു ബാധകമല്ല എന്നവര്‍ പറഞ്ഞു. സകല ദൈവങ്ങളെയും ഉളളില്‍ വിചാരിച്ച് വളരെ ഭവ്യതയോടെ അയാള്‍ ഡോര്‍ തുറന്ന് വലതുകാല് വെച്ച് അകത്ത് പ്രവേശിച്ചു. വലിയ വിശാലമായ മുറി. ടേബിളിന്റെ മുകള്‍ വശത്ത് കട്ടിയുളള ചില്ലിട്ടിരിക്കുന്നു. അതിനുചുറ്റും ധാരാളം കസേരകള്‍, മുറി മുഴുവന്‍ പച്ച കാര്‍പ്പെറ്റ് ഇട്ടിട്ടുണ്ട്. ടേബിളില്‍ ധാരാളം ഫയലുകള്‍ അതില്‍ ഏതോ ഒരു ഫയല്‍ നോക്കിക്കൊണ്ടിരിക്കുകയാണ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശിശുപാലന്‍. പേരിന്റേതുപോലുളള സാമ്യം ഉളളതായി എന്തുകൊണ്ടോ തോന്നിയില്ല. തടിച്ച പ്രകൃതം ഗൗരവമുളള മുഖം. ഏകദേശം അന്‍പത്തിരണ്ടിനോടടുത്ത പ്രായം..
താന്‍ വളരെ പതുക്കെ പതുക്കെ താഴെ ഇട്ടിരിക്കുന്ന കാര്‍പ്പെറ്റിനുപോലും നോവാത്ത രീതിയില്‍ നടന്ന് ടേബിളിന്റെ അരികില്‍ എത്തി. വളരെ സൂക്ഷ്‌മമായി ഫയല്‍ നോക്കിക്കൊണ്ടിരിക്കുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. ആ ഉയര്‍ന്ന ഉദ്യോഗസ്ഥനെ അയാള്‍ രണ്ടുകൈയ്യും കൂപ്പിക്കൊണ്ട് "ഗുഡ്‌മോണിംങ്ങ് സര്‍" എന്ന് സംബോദന ചെയ്‌തു. ശബ്‌ദം കേട്ട് ശിരസനക്കാതെ കണ്ണടയുടെ മുകള്‍വശത്തുകൂടി എക്‌സിക്യൂട്ടീവ് എന്‍ജിനയര്‍ തന്നെ നോക്കുന്നതായി അയാള്‍ കണ്ടു.
"ഉം. എന്തുവേണം" എന്ന ഗംഭീരസ്വരത്തോടെ നോക്കി ചോദിച്ചു.
"സര്‍, എന്റെ പേര് ശിവാനന്ദന്‍." തന്റെ കയ്യിലുളള പോസ്‌റ്റിങ്ങ് ഓര്‍ഡര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. "സര്‍ ഓവര്‍സിയര്‍ ആയി പോസ്‌റ്റ് ചെയ്‌തിട്ടുളള ഓര്‍ഡര്‍ ആണ്! ഞാന്‍ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ വന്നതാണ്. വളരെ ഗൗരവത്തില്‍ അതുവാങ്ങി കൈയ്യില്‍ വച്ചുകൊണ്ട് ശിശുപാലന്‍സര്‍ അയാളുടെ വീടും സ്ഥലവും മറ്റുളള വിവരങ്ങളും ചോദിച്ചറിഞ്ഞു. അതിനുശേഷം കവര്‍ തുറന്ന് ഓര്‍ഡര്‍ വിശദമായി വായിച്ചുനോക്കി. വീണ്ടും സൂക്ഷ്‌മമായി ഓരോ പേജും വായിച്ചു നോക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്ക് തന്നെയും ശ്രദ്ധിക്കുന്നതായി അയാള്‍ക്കുതോന്നി. ഓര്‍ഡറിലെ ഫോം നമ്പര്‍ -3 പേജ് ആയ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ ആണ് സൂക്ഷ്‌മമായി പരിശോധിക്കുന്നത് എന്നു തനിക്കു മനസ്സിലായി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ മുഖം ഗൗരവം കൊണ്ട് ചുവന്നിരിക്കുന്നതായി തോന്നി. വളരെ ദേഷ്യത്തോടെ അയാള്‍ തന്റെ നേരെ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു. "മിസ്‌റ്റര്‍ ശിവാനന്ദന്‍.. തന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പ്രകാരം എനിക്ക് തന്നെ ഇവിടെ ജോലിയില്‍ ജോയിന്‍ ചെയ്യിക്കുവാന്‍ സാധ്യമല്ല. റിപ്പോര്‍ട്ടില്‍ താന്‍ ക്രിമിനല്‍ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ ഇവിടെ എന്റെ കീഴില്‍ ക്രിമിനലുകളെ ജോയിന്‍ ചെയ്യിക്കാറില്ല. താന്‍ ഒരു പക്കാ ക്രിമിനല്‍ ആണ്."
ഇതെല്ലാം കേട്ടുനിന്ന അയാളുടെ സപ്‌തനാഡികളും തളര്‍ന്ന് കുഴഞ്ഞുവീഴുമെന്ന അവസ്ഥയയല്‍ ആയി. എല്ലാ ധൈര്യവും സംഭരിച്ച് അയാള്‍ അദ്ദേഹത്തിന്റെ കാലുകളില്‍ വീണ് കരഞ്ഞു കേണപേക്ഷിച്ചു. "സര്‍ ഒരു കുറ്റവും അറിഞ്ഞുകൊണ്ട് ചെയ്‌തിട്ടില്ല. ജീവിക്കുവാന്‍ ഉളള എല്ലാ വഴികളും അടഞ്ഞിരിക്കുമ്പോഴാണ് എനിക്കിത് കിട്ടിയിരിക്കുന്നത്. സാറായിട്ട് എന്റെ ജീവിതം നശിപ്പിക്കരുത്. ഇതും കൂടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടിവരും." അയാള്‍ വീണ്ടും വീണ്ടും വിലപിച്ചുകൊണ്ടിരുന്നു. അതൊന്നും ആ ഉയര്‍ന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നവും അല്ലായിരുന്നു. അയാള്‍ താനൊരു ക്രിമിനല്‍ ആണ് എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുകൂടാതെ അദ്ദേഹം വേറൊരു ബ്ലാങ്ക് പേപ്പര്‍ എടുത്തു കൊണ്ട് ഇങ്ങനെ പറഞ്ഞു. "ഞാന്‍ ഇപ്പോള്‍തന്നെ ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുകയാണ്. തന്നെ ഒരു കാരണവശാലും ജോലിയില്‍ ജോയിന്‍ ചെയ്യിക്കുവാന്‍ പാടില്ല എന്നും താനൊരു ക്രിമിനല്‍ ആണ് എന്നും ഇപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുകയാണ്."
എഴുതല്ലെ സാര്‍ എന്നു പറഞ്ഞ് അടുത്തേന്ന് ചെന്ന തന്നെ അയാള്‍ ഉയര്‍ന്ന ശബ്‌ദത്തില്‍ "ഗറ്റ് ഔട്ട് ക്രിമിനല്‍ ബാസ്‌റ്റാര്‍ഡ് എന്ന് വിളിച്ച് അലറി. തന്നെ ജോലിയില്‍ ജോയിന്‍ ചെയ്യിക്കാത്തതിനെക്കാളുപരി ക്രിമിനല്‍... ക്രിമിനല്‍ എന്നുളള പ്രയോഗം തന്റെ ഹൃദയത്തെ പിളര്‍ത്തുന്നതുപോലെ തോന്നി. ഞാന്‍ ക്രിമിനലല്ല.. ക്രിമിനലല്ല... എന്ന് എത്രവട്ടം പറഞ്ഞതാണ്. താന്‍ ഇതുവരെയും അങ്ങനെ ഒരു ജീവിതവും ആഗ്രഹിച്ചിട്ടില്ല. അയാള്‍ ഉളളില്‍ ഓര്‍ത്തു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശിശുപാലന്‍ പിന്നെയും ആക്രോശിച്ചു.
"ഈ ക്രിമിനലിനെ ആരാണ് ഇങ്ങോട്ട് കടത്തിവിട്ടത്" വേഗം പിടിച്ചു പുറത്താക്കുക." ഇതുകൂടിയായപ്പോള്‍ തന്റെ എല്ലാ സമനിലകളും തെറ്റുന്നതായി അയാള്‍ക്കു തോന്നി. ഇനി അയാളുടെ അടുത്ത് മര്യാദകൊണ്ട് കാര്യം ഇല്ലെന്ന് ഉറപ്പായി. എവിടെനിന്നും കിട്ടിയ ധൈര്യം ആണെന്നറില്ല. അയാള്‍ കുതിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേരെ ചാടിവീണ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുകൊണ്ട് മുഖം നോക്കി ശക്തിയായി ഒറ്റ അടിവച്ചു കൊടുത്തു. എന്നിട്ട് ഇങ്ങനെ ഉറക്കെ പറഞ്ഞു.
"താനെന്നെ ക്രിമിനല്‍.. ക്രിമിനല്‍.. എന്ന് കുറെയായല്ലോ വിളിക്കുന്നത്. ഞാന്‍ ക്രിമിനലല്ല എന്ന് എത്രവട്ടം പറഞ്ഞതാണ്. മനസിലായില്ലേ തനിക്ക്". എന്നിട്ട് അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു.
"പിന്നെ ഒരു കാര്യം കൂടി ഞാന്‍ തന്നോടു പറയുന്നു. എന്താണെന്നുവച്ചാല്‍ ഇപ്പോള്‍ ഈ സംഭവിച്ചതെല്ലാം താനെങ്ങാനും ആര്‍ക്കെങ്കിലും റിപ്പോര്‍ട്ട് ചെയ്‌താല്‍... തന്റെ വീട്ടില്‍ കയറിവന്ന് വെട്ടും ഞാന്‍... തീര്‍ച്ച. അടിയുടെ ആഘാതത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ മുഖത്തെ കണ്ണട പൊട്ടിയിരുന്നു. എന്താണ് സംഭവിച്ചത് എന്നു പിടിയില്ലാതെ പൊട്ടിയ കണ്ണടയുമായി അയാള്‍ കസേരയിലേക്ക് തന്നെ മലര്‍ന്നിരുന്നു... അപ്പോഴേക്കും അകത്ത് ശബ്‌ദം കേട്ട് ഓഫീസിലെ മറ്റു സ്‌റ്റാഫുകള്‍ ഡോര്‍ വലിച്ചു തുറന്ന് അകത്തേക്ക് ഓടിവന്നു. "ഞങ്ങളുടെ സാറിനെ താന്‍ തല്ലിയല്ലേ" എന്നു പറഞ്ഞുകൊണ്ട് അയാളുടെ ചുറ്റിനും കൂടിയ അവര്‍ അയാളുടെ നേരെ കയ്യുയര്‍ത്തി. ഉയര്‍ത്തിയ കൈ തടുത്തുനിര്‍ത്തികൊണ്ട് അവരോടായി അയാള്‍ ഉറക്കെ പറഞ്ഞു.
"എന്നെ നിങ്ങളെങ്ങാനും തൊട്ടാല്‍ പണിതീര്‍ക്കും ഞാന്‍... എല്ലാത്തിന്റെയും. " അതുകേട്ട് അവര്‍ ഒരു നിമിഷം പകയ്‌ക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയാതെയുളള ആ നിമിഷത്തെ ഭേദിച്ചുകൊണ്ട് അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു.
"ഞാന്‍ ഇപ്പോള്‍ ഇവിടെനിന്നും പോകുകയാണ്. പിന്നെ ഈ നില്‍ക്കുന്ന നിങ്ങളില്‍ ആരെങ്കിലും എനിക്കെതിരെ സാക്ഷി പറഞ്ഞാല്‍.. അവന്റെ കാര്യം എന്താകുമെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല." ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ അവിടെനിന്നും ഇറങ്ങിപ്പോയി.
പടിപ്പുര കയറിവന്ന തന്നെ സ്വീകരിക്കുന്നതിനായി അമ്മയും അച്‌ഛനും മറ്റു എല്ലാവരും അവിടെയുണ്ടായിരുന്നു. അവരോടൊക്കെ എന്തുപറയണമെന്നറിയാതെ അയാളുടെ ഉളളം തേങ്ങി. ജോലിയില്‍ ജോയിന്‍ ചെയ്‌തു എന്നും നല്ല സ്ഥലമാണ് കിട്ടിയിരിക്കുന്നതെന്നും നുണയാണെങ്കിലും ഒരുവിധം പറഞ്ഞ് ധരിപ്പിച്ച് യാത്രാക്ഷീണം ഉണ്ടെന്നും ഒന്ന് ഉറങ്ങണം എന്നും പറഞ്ഞ് അയാള്‍ മുറിയില്‍ കയറി വാതിലടച്ചു. ഏതു നിമിഷവും പോലീസ് തേടിയെത്തുമെന്നും തന്നെ അറസ്‌റ്റ് ചെയ്യുമെന്നും അയാക്കുറപ്പായിരുന്നു. കളക്‌ടറുടെ റാങ്ക് ഉളള ഉദ്യോഗസ്ഥനെയാണ് താന്‍ കൈവെച്ചിരിക്കുന്നത്. നിസാരകാര്യം അല്ലാ എന്ന് അയാള്‍ക്കറിയാം. എന്തായാലും ആത്മഹത്യ ചെയ്യുവാന്‍ തോന്നിയില്ല. ജീവിതത്തിന്റെ ഗതിമുട്ടിയപ്പോള്‍ ചെയ്‌തുപോയതാണ്. വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. ഇനി തോന്നിയിട്ട് കാര്യം ഇല്ല എന്ന് അയാള്‍ അറിഞ്ഞു. എന്തുവന്നാലും അനുഭവിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. പോലീസ് കേസുകളില്‍പ്പെട്ട് ഉഴലണം എന്ന് തന്റെ ജാതകത്തില്‍ കുറിച്ചതായിരിക്കും എന്നയാള്‍ക്കു തോന്നി. ഏതു നിമിഷവും തന്റെ വാതിലില്‍ മുട്ടുന്ന പോലീസിനെ പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ എപ്പോഴോ മയങ്ങിപ്പോയി. ഇടയ്‌ക്കെപ്പോഴോ അമ്മയോ സഹോദരിയോ മറ്റോ തന്നെ അത്താഴം കഴിക്കുന്നതിനുവേണ്ടി കുറെ വിളിച്ചതായി തോന്നി. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ അയാള്‍ ഉണര്‍ന്നപ്പോള്‍ നേരം നന്നേ വെളുത്തിരുന്നു. എഴുന്നേറ്റ് കുളിക്കുവാനും പ്രാതല്‍ കഴിക്കുവാനും അയാള്‍ക്കു തോന്നിയില്ല. പോലീസ് ജീപ്പിന്റെ ഇരമ്പല്‍ ഏതു നിമിഷവും കാതോര്‍ത്തുകൊണ്ട് മൂടിപുതച്ച് കിടക്കയില്‍ തന്നെ അയാള്‍ കിടന്നു.
വീടിനു മുന്‍വശത്ത് ഏതോ ഒരു ജീപ്പ് വന്നുനിന്ന ശബ്‌ദം അയാള്‍ കേട്ടു. ഹൃദയമിടിപ്പ് ഉയര്‍ന്നത് അവഗണിച്ചുകൊണ്ട് അയാള്‍ പുറത്തെ ശബ്‌ദം കാതോര്‍ത്തു. ആരോ ഒന്നുരണ്ടു പേര്‍ വീട്ടുകാരുമായി എന്തോ സംസാരിക്കുന്നതായി അവ്യക്തമാണെങ്കിലും അയാള്‍ കേട്ടു. പുതച്ചിരുന്ന പുതപ്പ് ഒന്നുകൂടി തലവഴി മൂടി ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് അവിടെത്തന്നെ അയാള്‍ കിടന്നു. പെട്ടെന്ന് തന്റെ ഡോറില്‍ ഉച്ചത്തില്‍ മുട്ടുന്ന ശബ്‌ദം കേട്ട് ഞെട്ടിത്തെറിച്ച് അയാള്‍ എഴുന്നേറ്റു. എന്തു ചെയ്യണമെന്നറിയാതെ വിറച്ചുകൊണ്ട് നിന്ന അയാള്‍ എന്തും വരട്ടെ എന്നു മനസില്‍ കരുതി രണ്ടു കൈയ്യും ചേര്‍ത്ത് മുന്നോട്ടു നീട്ടിപ്പിടിച്ചുകൊണ്ട് വാതില്‍തുറന്ന് അവരുടെ മുന്നിലേക്ക് ചെന്നു. അയാള്‍ക്കൊന്നും പറയാനില്ലായിരുന്നു. തികച്ചും യാന്ത്രികമായി നിന്ന അയാളോട് അവരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു.
"ഞങ്ങള്‍ പി.ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ ഉളള സ്‌റ്റാഫ് ആണ്. സാറിനോട് എത്രയും പെട്ടെന്ന് വന്ന് ജോലിയില്‍ ജോയിന്‍ ചെയ്യുവാന്‍ ശിശുപാലന്‍സാന്‍ പറഞ്ഞുവിട്ടതാണ്. സാര്‍ എത്രയും വേഗം കുളിച്ച് റെഡിയായി വരണം. നമ്മുടെ ഈ വാഹനത്തില്‍തന്നെ നമുക്ക് ഓഫീസിലേക്ക് പോകാം". അതുംപറഞ്ഞ് അവര്‍ വീട്ടിലുളള എല്ലാവരുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു.
എന്താണ് സംഭവിച്ചതെന്ന് തനിക്കൊരു എത്തുംപിടിയും കിട്ടിയില്ല. എന്തായാലും താന്‍ ഇന്നലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ തല്ലരുതായിരുന്നു. അദ്ദേഹത്തിന് വൈകിയാണെങ്കിലും താനൊരു ക്രിമിനല്‍ അല്ല.. എന്നു ബോദ്ധ്യപ്പെട്ടല്ലോ? അതുതന്നെ ജീവിതത്തില്‍ സന്തോഷം.
ഷവറില്‍ നിന്നും കൊടുംതണുപ്പുളള വെളളം ശരീരത്തില്‍ പതിച്ചപ്പോള്‍ അയാളുടെ ഉളളില്‍ നിന്നും അറിയാതെ ചിരി അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
അജിത് കൊട്ടുവളളിക്കാട്