റോസ് നിറമുള്ള ബി.എസ്.എ.യില്‍ കുതിച്ചില്ലെങ്കിലും പരമാവധി വേഗതയില്‍ തന്നെ പോകുന്ന ചന്ദ്രയുടെ മുഖത്ത് ഭയമാണ്. ഇടയ്ക്കിടെ വാച്ചില്‍ നോക്കിയും വിയര്‍പ്പു തുടച്ചുമാറ്റിയും പോകുന്ന ചന്ദ്രയുടെ മനസ്സ് വികാരഭരിതമാണ് സൈക്കിള്‍ ഒതുക്കിവെച്ച് ആ ഇരുനില്‍ കെട്ടിടത്തിലേക്ക കയറിചെല്ലുമ്പോള്‍ അവളുടെ കാല്‍ കുഴഞ്ഞിരുന്നു. അവിടെ നേരം വൈകിയ മറ്റാരേയോ പൊരിച്ചു “ഫ്രൈ” ചെയ്തു കൊണ്ടിരുക്കുകയാണ്. .എന്നെ കണ്ടതും ട്യൂഷന്‍ ടീച്ചറുടെ തീപാറുന്ന കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. “കേറിരിക്ക്യാ” എന്ന് ടീച്ചര്‍ മൊഴിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ സന്തോഷമായി. ക്ലാസ്സ് എടുത്തു തുടങ്ങിയപ്പോഴേക്കും ടീച്ചര്‍ പതുക്കെ തണുത്തു തുടങ്ങിയിരുന്നു. അന്ന് ഒരു ഒഴിവു ദിവസമായിരുന്നു. ‘ ഫുള്‍ടൈ’ ട്യൂഷന്റെ ഇടവേളയില്‍ ഞാന്‍ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ജനാലരികില്‍ ചെന്നു നിന്നു. അവിടെ നിന്നാല്‍ പാടത്തെ ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് കാണാമായിരുന്നു.
ഞങ്ങളുടെ ഗ്രാമം നഗരത്തിന്റെ അതിപ്രസരമേല്‍ക്കാത്ത സ്ഥലമാണെന്ന് പറയാം. ചുറ്റും മലകള്‍, പാന്റ്സണിഞ്ഞ സ്ത്രീകളോ മുടിനീട്ടിയ പുരുഷന്മാരോ കാണുകയില്ല. നികത്തപ്പെടാത്ത വിശാലമായ പാടങ്ങള്‍ പുതുരുത്തി ഗ്രാമത്തിന്റെ പ്രത്യേകതയാണെന്നു വേണമെങ്കില്‍ കരുതാം.
ട്യൂഷന്‍ ക്ലാസ്സിന്റെ ജനാലയിലൂടെ നോക്കിയാല്‍ കുട്ടികള്‍ കൃഷിയിറക്കാത്ത് പാടത്ത് കളിക്കുന്നത് കാണാം,. അറ്റവേനല്‍ക്കാലമല്ലാത്തതിനാല്‍ ചെറിയ നനവുണ്ട് പാടത്ത് . “ആ നനുത്ത മണ്ണില്‍ എന്തു രസായിരിക്കും” ഞാന്‍ ഒരു നിമിഷത്തേക്ക് കൊച്ചൂകുട്ടിയായി മാറിപ്പോയി.
ഞാന്‍ നോക്കുമ്പോള്‍ പലരും കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നുണ്ട്. പക്ഷേ എനിക്കാരും കൂട്ടുകൂടാന്‍ ഉണ്ടായിരുന്നില്ല്. ആരോടെങ്കിലും കമ്പനി കൂടാന്‍ ഒരുപാടു ശ്രമിച്ചതാണ് . പക്ഷേ ഞാനൊരു അന്തര്‍മുഖനായിരുന്നു. തന്നിലേക്കു തന്നെ ഒതുങ്ങാനാണ് ഞാന്‍ ശ്രമിച്ചത്. മലകളെ തഴുകിയ മരുന്ന തെക്കന്‍ കാറ്റ് എന്റെ നരച്ചതും ചെമ്പനുമായ മുടിയിഴകള്‍ ഉഴുതു മറിച്ചു.
ഈ ഒറ്റപ്പെടല്‍ ഇപ്പോല്‍ ശീലമായി പക്ഷേ, എല്ലാവരും ഒരു അദ്ഭുത ജീവിയെപ്പോലെ വീക്ഷിക്കുന്നതാണ് ദുഖം. എന്റെ ഈ വിളറിവെളുത്ത നിറവും നീണ്ട തലമുടിയും ഒരു അസാധാരണ സ്ത്രൈണതയാണല്ലോ വ്യക്തമാക്കുന്നത്.
സ്കൂളില്‍ പോകുമ്പോല്‍ ബണ്ടിന്റെ മുകളില്‍ ചുമ്മാ സൊറ പറഞ്ഞിരിക്കുന്ന ചേട്ടന്മാര്‍ പറയും “നോക്കെടാ നേക്കെടാ, ഇതെന്തു കോലം”, ബസില്‍ കയറുമ്പോള്‍ മിക്കപ്പോഴും തിരക്കായിരിക്കും. സീറ്റ് കിട്ടിയിരുന്നാല്‍ അടുത്തിരിക്കുന്നവര്‍ എന്റെ ഇളം നീലകണ്ണൂകള്‍ കണ്ട് ഒന്നും നടുങ്ങും. കുട്ടികളുമായി അമ്മമാര്‍ കയറിയാല്‍ മടിയിലിരുത്തി കൊള്ളാന്‍ പറഞ്ഞാല്‍ ഭീതി നിഴലിക്കുന്ന സ്വരത്തില്‍ അവര്‍ പറയും “ അവള്‍ക്കു പേടിയാ”. ബസില്‍ നിന്നിറങ്ങിയാലും സ്ക്കൂളിലെത്തിയാലും എല്ലാം മനസ്സില്‍ ആ വാചകമായിരിക്കും. “അവള്‍ക്കു പേടിയാ”. മഠത്തിലെ ക്രൂശിത രൂപത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ചോദിക്കും “ നിനക്കും എന്നെ പേടിയാണോ”? ഈ ലോകത്ത് അസഹ്യമായത് ഒറ്റപ്പെടലാണ് ബന്ധുക്കളും സുഹൃത്തുക്കളും പതിഞ്ഞ സ്വരത്തില്‍ കുറ്റപ്പെടുത്തലിന്റെ ശരങ്ങള്‍ എന്റെ നേര്‍ക്കു വിടുമ്പോള്‍ മനസ്സ് വിതുമ്പുകയായിരിക്കും. അപ്പോള്‍ മനസ്സ് മന്ത്രിക്കും “ദൈവമെ എന്തിന് എന്നെ സൃഷ്ടിച്ചൂ”.
തറവാടിന്റെ ഇടുങ്ങിയ ഇടനാഴികയില്‍ പഠിക്കാനിരിക്കുമ്പോഴും ഞാന്‍ എന്നോടു തന്നെ ചോദിക്കും “ എന്റെ കുറ്റം കൊണ്ടല്ലല്ലോ എന്റെ മുടി ചെമ്പിച്ചത്, കണ്ണുകള്‍ നീലച്ചത്. പിന്നെന്തിനാ എല്ലവരും തന്നെ ഇങ്ങനെ കാണുന്നത്’. ഇങ്ങനെ പറഞ്ഞ് കണ്ണുനനയ്ക്കുമ്പോഴായിരിക്കും സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞ് ഭസ്മം തൊട്ട് മുത്തശ്ശി വരുക. “ എന്തിനാ മോള് കരയുന്നത് മോള്‍ക്ക് ഞാനുണ്ടല്ലോ”? അത് കേള്‍ക്കുമ്പോള്‍ മനസ്സ് ഒന്നും തണുക്കും പിന്നെ പഠിച്ചു തുടങ്ങും. മുത്തശ്ശിയുടെ ആഗ്രഹം പോലെ വല്യ ആളാകാന്‍.
വല്ലപ്പോഴുമൊക്കെ പത്താം ക്ലാസ്സിനെ പഠിപ്പിന്റെ ചൂടൊഴിഞ്ഞാല്‍ അമ്പലത്തിലേക്ക് പോകും, പാടവരമ്പത്തു കൂടെ മുത്തശ്ശിയുടെ ബോഡിഗാഡായി ഞാന്‍ നടക്കും. പാടവരമ്പത്ത് നില്‍ക്കുന്ന് മുക്കുറ്റിയും പിച്ചകവും എന്നെ നോക്കി പുഞ്ചിരിക്കും അപ്പോള്‍ ഞാന്‍ മനസ്സില്‍ പറയും “ഇവരെങ്കിലുമുണ്ടല്ലോ എനിക്ക് എന്ന്”.
പൂക്കളും ചെടികളും മാത്രമാണ് എനിക്ക് സംസാരിക്കാനുണ്ടായിരുന്നത്. പാടവരമ്പ് ചെന്ന് കേറുന്ന വഴിയില്‍ ഒരു വലിയ പാലമരമുണ്ട്. അത് പൂക്കുന്നത് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു. ആ പാലച്ചോട്ടില്‍ മുത്തശ്ശി നടന്ന് തളര്‍ന്നതിന്റെ ക്ഷീണം മാറ്റാന്‍ നിന്നിരുന്നു. ആ നിര്‍ത്തം എനിക്ക് വല്ലാത്തൊരു സന്തോഷം തന്നിരുന്നു.
ആയിടയ്ക്കാണ് ട്യൂഷന്‍ ക്ലാസ്സില്‍ പുതിയൊരു കുട്ടി വന്നു ചേര്‍ന്നത്. ആള്‍ ഞാന്‍ പഠിക്കുന്ന സ്ക്കൂളില്‍ തന്നെ ഒമ്പതാം ക്ലാസ്സില്‍ മൂന്നുകൊല്ലം തോറ്റ വിരുതത്തിയാണ്. ഒരു ദിവസം ടീച്ചര്‍ സോണിയയോട് ചോദിച്ചു. നിന്റെ ജനനതിയതി എത്രയാണെന്ന്? ആയിരത്തി എണ്ണൂറ്റി................ എന്ന് സോണിയ പറഞ്ഞു തുടങ്ങുമ്പോഴേക്കു ക്ലാസ്സില്‍ ചിരി പടര്‍ന്നിരുന്നു. പഠിക്കുന്ന കാര്യം ബാക്കിയെല്ലാത്തിലും അവള്‍ പെര്‍ഫെക്ട് ആയിരുന്നില്ല. എന്താ പറയികാ, എല്ലാത്തിലും ഒരു സ്പെല്ലിംങ് മിസ്റ്റേയ്ക്ക്. അരപ്പിരി എന്നൊക്കെ പറയില്ലെ അതു തന്നെ.
അവളും എന്നെപ്പോലെ ഒറ്റപ്പെടലിന്റെ മാധുര്യം അറിഞ്ഞവളായിരുന്നു. വീട്ടുകാരും നാട്ടുകാരും മന്ദബുദ്ധി എന്ന് മുദ്രകുത്തിയവള്‍ അതുകൊണ്ടുതന്നെ ഞങ്ങള്‍ വളരെപ്പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി. രണ്ട് ഒറ്റക്കാലന്‍ കാക്കകളുടെ സുഹൃദ്ബന്ധം.
ഞാന്‍ ഈലോകത്ത് വെച്ച് കണ്ടിട്ടുള്ളവരില്‍ ഏറ്റവും സുന്ദരി അവളാണ് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണെന്നു മാത്രം. ആരോടും അവള്‍ സംസാരിക്കും. പ്രകൃതിയോടു പോലും. നിഷ്കളങ്കതയുടെ തിളക്കമുള്ള കഥാപത്രം.
പാടവരമ്പത്തുള്ള പാലചുവട്ടില്‍ അവള്‍ വരുമായിരുന്നു. ഞാന്‍ ഒരു ദിവസം സോണിയയെ അവിടെവച്ച് കണ്ടുമുട്ടി ഞങ്ങള്‍ പലതിനെക്കുറിച്ചും സംസാരിച്ചു. ഏതോ ഒരു സുന്ദര ലോകത്തിലേക്കുള്ള യാത്രയെടുപ്പിലാണ് അവളെന്ന് എനിക്കു തോന്നി. അവള്‍ യാത്ര പറഞ്ഞ് പോകാനൊരുങ്ങി. അവള്‍ പോകുന്നതും നോക്കി ഞാന്‍ അവിടെ തന്നെ നിന്നു. അവള്‍ ചൂടിയിരുന്ന പിച്ചകമണം കാറ്റില്‍ തളം കെട്ടിനിന്നു.
ഒരു ദിവസം അമ്പലത്തില്‍ പോകുന്ന വഴിക്ക് ഒരാള്‍കൂട്ടം അന്വേഷിച്ചപ്പോള്‍ മരണറിയിപ്പാണെന്ന് മനസ്സിലായി. അമ്പലത്തില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ശവമഞ്ചമേന്തി വരിവരിയായി ആളുകള്‍ പോകുന്ന കാഴ്ച . ശ്രദ്ധിച്ചപ്പോള്‍ അതില്‍ സോണിയായുടെ അമ്മയും അവളുടെ പേരു വിളിച്ച് പലരും അലമുറയിടുകയും ചെയ്യുന്നു.
കുറച്ചു നിമിഷങ്ങള്‍ക്കകം ഞാന്‍ ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി സോണിയ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. എനിക്ക് ഹൃദയം പിളരുന്നതുപോലെ തോന്നി. ആ പാടവരമ്പിലൂടെ അവളുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര പോയി മറഞ്ഞു,. ഞാന്‍ സ്തംഭിച്ച് ഒരേയൊരു നില്‍പ്പാണ്. പെട്ടെന്ന് ഒരു പിച്ചകമണം കാറ്റില്‍ എന്നെ തഴുകി ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു. മുത്തശ്ശിയുടെ കൈ പിടിച്ച് ഞാന്‍ വീട്ടിലേക്കു നടന്നു. അത് ജീവിതത്തീലേക്കുള്ള യാത്രയായിരുന്നു.
അഭയ.എ.ജെ.