മഴയിലെത്തിയവള്‍

ഒന്നുകില്‍ പഠനം നിര്‍ത്തി തിരിച്ച്‌ പോകണം അല്ലെങ്കില്‍ ഇവരെ അനുസരിച്ച്‌ ഇവിടെ തുടരാം. ഇരുമാര്‍ഗ്ഗത്തിലൊന്ന്‌ സജ്‌ന നിശ്ചയിച്ചേ തീരൂ. ഉടനെ നിശ്ശബ്‌ദയായി വെയിലിലേക്കിറങ്ങുന്ന സജ്‌നയേയും നോക്കി തന്റെ കസേരയിലിരുന്ന്‌ ആശാമേഡം നെറ്റിയിലൂടെ പേനത്തുമ്പോടിച്ചു.

ഇതാണ്‌ മകള്‍ സജ്‌ന എന്ന്‌ പറഞ്ഞ്‌ അവളുടെ അച്‌ഛന്‍ അവളെ ആശാമേഡത്തിന്‌ പരിചയപ്പെടുത്തുന്നത്‌ രണ്ട്‌ വര്‍ഷം മുന്‍പാണ്‌. ഒരു മഴയുളള പ്രഭാത്തില്‍ അവളുമായി അവര്‍ വീട്ടിലെത്തി. ഒരു പാവമാണവള്‍ അന്നും ഇന്നും. എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ കോഴ്‌സ്‌ ആരംഭിച്ച്‌ അധികം വൈകാതെ മനഃസമാധാനക്കേടുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു അവള്‍. ഇടയ്‌ക്കിടെ വീട്ടിലേക്കുളള പോക്കുവരവ്‌ അവസാനിപ്പിച്ചു. മാതാപിതാക്കളുടെ വിവാഹവാര്‍ഷികം. അവളുടേയും അനുജന്റേയും ജന്‌മദിനങ്ങള്‍ അങ്ങനെ ആ വീട്ടിലെ ഇഷ്‌ടങ്ങളായ ആഘോഷങ്ങളെല്ലാം എവടെനിന്നോ കിട്ടിയ ധൈര്യത്തോടെ അവള്‍ ഒഴിവാക്കിക്കൊണ്ടിരുന്നു.

സഹിക്കവയ്യാതെ അവര്‍ ആശാമേഡത്തോട്‌ പറഞ്ഞു. അവള്‍ ഞങ്ങളുടെ മകളല്ല.

നിങ്ങള്‍ക്ക്‌ ഒന്നിനും കൊളളാത്ത ഒരു മകളോ മകനോ ഉണ്ടാവും. പക്ഷേ അവരൊന്നിനും കൊളളാത്തവരാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഏത്‌ മാതാപിതാക്കന്‍മാരാണ്‌ ആഗ്രഹിക്കുക.

ഇഷ്‌ടംപോലെ നിങ്ങള്‍ക്കെന്തും കരുതാം എന്ന്‌ അമ്മയുടെ മുഖത്തടിച്ച്‌ പറഞ്ഞാണ്‌ അവളും ഇറങ്ങി നടന്നത്‌.

കനത്ത ഉഷ്‌ണമായിരുന്നു മേഡത്തിന്റെ മുറിയില്‍. ക്ലാസ്‌ മുറിയില്‍ നിന്നാണ്‌ അവര്‍ ഓടിക്കിതച്ചെത്തിയത്‌. വന്നുനിന്ന്‌ തന്റെ തോളില്‍ കൈത്തലം അമര്‍ത്തിയപ്പഴേ അവളത്‌ തട്ടിമാറ്റി. അത്‌ വകവെക്കാതെ സ്വന്തം കസേരയില്‍ കയറി ഇരുപ്പുറപ്പിച്ച്‌ അഭിമുഖമായിരിക്കുന്ന സജ്‌നയുടെ അച്‌ഛനോടും അമ്മയോടും അവളെ പുകഴ്‌ത്തി സംസാരിക്കുമ്പോള്‍ പ്രണയവാക്കുകളുടെ അപാരത നിറഞ്ഞ വിയര്‍പ്പുതുളളികള്‍ ആശാമേഡത്തിന്റെ മൂക്കിനുതാഴെ നീലച്ച്‌ കിടന്നു.

മാഡത്തിനും തന്നിലൊരു കണ്ണുണ്ടെന്ന്‌ കൂവി ആര്‍ത്താലോ. അവരുടെ രഹസ്യം ഒഴുകുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ക്കതാണ്‌ തോന്നിയത്‌.

ബാക്കിയുളള ഫീസ്‌ തുക കൂടി അവരുടെ പക്കല്‍നിന്നും കെട്ടിപ്പിച്ച്‌ അവരെ മടക്കിവിട്ടിരിക്കണം. രണ്ട്‌ വര്‍ഷത്തിനിപ്പുറം തെളിയുന്ന തിളങ്ങുന്ന വാള്‍മുന നോട്ടം പോലുമുണ്ടായോ അമ്മയില്‍നിന്നും. സംശയമാണ്‌.

മാഡത്തിന്റെ മുറിയില്‍ നിന്നിറങ്ങി നേരെ ബാത്ത്‌റൂമില്‍ കയറി മൂടിയിട്ട യൂറോപ്യന്‍ ക്ലോസറ്റിന്‌ മുകളിലിരുന്ന്‌ മുഖം പൊത്തിപ്പിടിച്ചിരുന്ന്‌ തേങ്ങി. അവളുടെ കൈവിരലുകളില്‍ കണ്ണീരിന്റെ നനവിറങ്ങി.

കരച്ചിലൊടുക്കി മുഖം കഴുകി കലാലയമുറ്റത്തേക്കിറങ്ങുമ്പോള്‍ വര്‍ണ്ണങ്ങളുടെ ഒരുത്സവം തന്നെ പെയ്‌തിറങ്ങുകയാണെന്ന്‌ തോന്നി. ഏതോ ഒരു ചാനലിന്റെ പാട്ടുപരിപാടിയുടെ ഷൂട്ടിംഗ്‌ നടക്കുന്നു. അകന്ന്‌ മാറിയിരിക്കുന്ന കുറച്ച്‌ കൂട്ടുകാരികള്‍ക്കൊപ്പം ചെന്നിരുന്നു. മാര്‍ക്കറ്റിലെ പുത്തന്‍ കോസ്‌മറ്റിക്‌സിനെക്കുറിച്ചും, ഇന്നര്‍വെയറിനെയും, നൈറ്റ്‌വിയറിനെയും കുറിച്ചുളള അവരുടെ ചര്‍ച്ചകളില്‍ അര്‍ദ്ധമനസ്സു നല്‍കി മടുപ്പോടെയിരുന്നു. ഒടുക്കം പുരുഷ ലൈംഗികതയിലേക്ക്‌ കത്രിക നീങ്ങിത്തുടങ്ങുമ്പോഴേക്കും സ്വയം മുറിച്ചിട്ട്‌ എഴുന്നേറ്റു.

ഇടക്ക്‌ ആഷിക്കിനെ കാണണമെന്ന്‌ തോന്നിയിരുന്നു. ബോയ്‌സ്‌ ഹോസ്‌റ്റലിന്റെ തുരുമ്പിച്ച്‌ വശംവീണ ഇരുമ്പ്‌ ബോര്‍ഡും ശ്രദ്ധിച്ച്‌ പൊതുനിരത്തിലൂടെ നടക്കുമ്പോള്‍ തൊണ്ടയില്‍ നനവിറങ്ങി. തീരാത്ത തേങ്ങലിന്റെ പിടപ്പില്‍ മിഴിയൊന്ന്‌ ചിണുങ്ങി.

ലെസ്‌ബിയന്‍സിനെക്കുറിച്ചാണ്‌ അവളുമാരുടെ ഫിലിംറോളുകള്‍ ഓടിത്തുടങ്ങുന്നതെങ്കില്‍ ആഷിക്കിനെ ഓര്‍ക്കാതെ താനവിടെത്തന്നെ ഇരിക്കുമായിരുന്നോ. ആരാണ്‌ ആ വാക്ക്‌ തന്നിലേക്ക്‌ എറിഞ്ഞിട്ടത്‌ അറിഞ്ഞോ അറിയാതെയോ അവര്‍ ആ മേഡം തന്നെയായിരിക്കണം.

കിതച്ച്‌ കൊണ്ട്‌ രണ്ട്‌ മൂന്നാവര്‍ത്തി ആഷിക്കിന്റെ രൂപം മുന്നില്‍ വന്നുനിന്നു. തന്റെ വീര്‍പ്പുമുട്ടല്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അകക്കണ്ണുകളോടെഷ പരിസരം പരതി.

ആരുമറിയാതെ മുറിയിലെത്തി അവന്‍ അധരങ്ങളില്‍ ചുംബിക്കുമ്പോഴാു‍ം, കഴുത്തിലെ ചുളിവൊന്ന്‌ നുളളിയെടുക്കുമ്പോഴും, കണ്‍പീലികളിലൊന്നിനെ പൊട്ടിച്ചെടുക്കുമ്പോഴും താന്‍ പരവശതയോടെ തെന്നിമാറി ഓട്ടക്കണ്ണിട്ട്‌ ദീര്‍ഘനിശ്വാസം പകരുമ്പോള്‍ അവനോര്‍മപ്പെടുത്തും. ആരും കാണുന്നില്ല.

ഉള്‍ഭയം വിട്ടൊഴിഞ്ഞ്‌ വീണ്ടും ആ തടിച്ച്‌ സിഗരറ്റുമണമുളള ചുണ്ടിനുതാഴെ വലിവുളള തരിക്കുന്ന തന്റെ അധരമൃദുലത ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന സ്‌നേഹം, സംരക്ഷണം, ഒന്നും ആരും കാണുന്നില്ല. അപ്പോള്‍ ഒരു കാട്‌ നിന്ന്‌ കത്തുകയായിരുന്നു. ചാരെ മഞ്ഞനിറമുളള ജലാശയത്തിലൂടെ ഒരു തോണിയും തുഴഞ്ഞ്‌ അകലെ കാണുന്ന പുരാതനകോട്ട പര്‍വ്വതത്തിലേക്ക്‌ ഞങ്ങളൊരുമിച്ച്‌ കയറിപ്പോയി. പിറകെ കറുത്തമേഘത്തില്‍ നീളന്‍ചിറകുകള്‍ നിവര്‍ത്തി വിരിച്ച്‌ ഒരു മലമുഴക്കി വേഴാമ്പല്‍ ഉത്തുംഗകോട്ട കവാടത്തില്‍ ഗോപുരമുനമ്പില്‍ വന്നിരുന്ന്‌ അംഗരക്ഷകയെപോലെ അലറി. രാത്രി പുലരുമ്പോള്‍ കാട്ടുതീ വന്‍മരങ്ങള്‍ക്കൊപ്പം ഉയര്‍ന്ന്‌ കഴിഞ്ഞിരുന്നു.

ഹോസ്‌റ്റലിലെ ആഷിക്കിന്റെ വാതില്‍ പാതി തുറക്കപ്പെട്ടു. കൈകാലുകള്‍ കുഴഞ്ഞത്‌ പോലെ കൃഷ്‌ണമണികള്‍ മേല്‍പ്പോട്ട്‌ മറിഞ്ഞ്‌ കാലിടറുന്നെന്ന തോന്നല്‍ കണ്ണീര്‍തുളളികള്‍ ഗോവണിപ്പടികളില്‍ ഇറ്റിച്ച്‌ അവള്‍ ഇറങ്ങി ഓടുകയായിരുന്നു.

ഇരുണ്ട്‌ കിടക്കുന്ന ആ നഗരത്തിന്റെ അങ്ങേ തലയ്‌ക്കല്‍ നിന്നും ആര്‍ത്തലച്ചൊരു മഴ പെയ്‌തു വരുന്നെന്ന്‌ തോന്നി. പ്രളയം നഗരഗോപുരങ്ങളെ മുഴുവന്‍ കീഴ്‌പ്പെടുത്തുമെന്നും പൊതുനിരത്തില്‍ അസ്‌തമയ നിഴലിലെ തുറിച്ച കണ്ണുകളുടെ ഒരു നിര ബാക്കി കിടക്കുന്നു. വാഹനക്കാറിച്ചകള്‍ സഹിക്കവയ്യാതെ ഭയത്തോടെ അവള്‍ റോഡ്‌ വശത്തേക്ക്‌ ചാഞ്ഞ്‌ നടന്നു.

അരയില്‍ അഴച്ച്‌ കുത്തിയ ലുങ്കിയില്‍ പിടിച്ച്‌ വാതില്‍പാളി തുറന്നുനോക്കിയ എന്റെ ആഷിക്ക്‌ ലഹരി തിമിര്‍ക്കുന്ന കണ്ണുകളാല്‍ അഴിച്ചിട്ട ഷര്‍ട്ടിന്റെ കുടുക്കുകള്‍ കൂട്ടിപ്പിടിച്ച്‌ അവന്റെ തോളുരുമ്മി നിന്ന്‌ എത്തിനോക്കി അകത്തേക്കോടിയ റിയ. അവളുടെ വെളുത്ത തുടകള്‍ നഗ്‌നമായിരുന്നു. അവന്റെ വെളുത്ത നെഞ്ചില്‍ തൂങ്ങിക്കിടന്നിരുന്ന റിയയുടെ ചെമ്പന്‍ തലമുടിനാര്‌. ഏങ്ങിക്കറങ്ങുന്ന ഫാന്‍ കാറ്റില്‍ കീഴ്‌പ്പോട്ട്‌ ഉരസിവീണു. കവിളിലെ കുറ്റിരോമങ്ങളില്‍ ഉണങ്ങിയ ഉമിനീരൊട്ടിപ്പിടിച്ച വെളുത്ത പാണ്ട്‌. ഇരവിഴുങ്ങിയ പെരുമ്പാമ്പിന്റെ ഉടലുപോലെ അവന്റെ വയര്‍ തിളച്ച്‌ മറിയുന്നു. ഇത്തിരി ശ്വാസമെടുക്കാന്‍ നന്നേ വിയര്‍ക്കുന്നു.

റിയ. അവള്‍ക്കതിന്‌ കഴിഞ്ഞുവോ. റിയേ അത്രക്ക്‌ ക്രൂരമായിരുന്നോ നമ്മള്‍ തമ്മിലുളള സുഹൃത്ത്‌ ബന്ധം.

പെയ്യാതെ തീര്‍ന്ന മേഘങ്ങളുടെ നോവു തീര്‍ക്കുന്ന ആകാശം. ആ പെയ്‌ത്തില്‍ ജലം ഭൂമിയില്‍ ഉയര്‍ന്നെങ്കില്‍ ഞാനതില്‍ മു‍ങ്ങിപ്പോയെങ്കില്‍.

എന്നില്‍ അവസാന ആശ്രയം ആശാമേഡം തന്നെയാണ്‌. താനറിയാതെ അവരറിഞ്ഞ്‌ കൊണ്ടുളള ആ നോട്ടത്തിലും സ്‌പര്‍ശനങ്ങളിലും ഒത്തിരി ഇഷ്‌ടക്കേടുകളുണ്ടെങ്കിലും.

"ഇഷ്‌ടക്കേട്‌ അവര്‍ക്കല്ലല്ലോ തനിക്കല്ലേ."

ഇഴഞ്ഞിഴഞ്ഞ്‌ റാന്തല്‍വെട്ടം കാണിച്ച്‌ വരുന്ന ഒരു ഓട്ടോക്ക്‌ കൈകാണിച്ചു. കയറി മൂലയില്‍ ഒതുങ്ങിയിരുന്നു പറഞ്ഞു വിക്‌ടോറിയ ഗാര്‍ഡന്‍സ്‌.

അവരൊറ്റക്കാണ്‌ അവിടെ. എത്രതവണ മേഡം പറഞ്ഞിട്ടുണ്ട്‌ താമസം അങ്ങോട്ടേക്ക്‌ മാറ്റാന്‍. ആഷിക്കാണ്‌ പിന്‍തിരിപ്പിച്ചത്‌. അവര്‍ അങ്ങനെയുളെളാരു സ്‌ത്രീയാണെങ്കില്‍ എന്തിനാ വെറുതെ. ആഷിക്കിനെ പരിചയപ്പെട്ടത്‌ അവിടെവച്ചാണ്‌. ഒരു കമ്പ്യൂട്ടര്‍ മെക്കാനിക്കിന്റെ രൂപത്തില്‍.

മേഡത്തിന്റെ വീടിന്റെ അല്‍പം അകലെവച്ച്‌ വണ്ടിവിട്ടു. എന്തോ അബോധമായ ഒരവസ്ഥയില്‍ കയറിച്ചെന്ന്‌ കോളിംഗ്‌ ബെല്ലമര്‍ത്താതെ കതകില്‍ നിര്‍ത്താതെ തട്ടിക്കൊണ്ടിരുന്നു. മേഡം കതക്‌ തുറന്നു അവളിലൊന്ന്‌ ഉഴിഞ്ഞിറങ്ങി. മഴച്ചാറല്‍ കൊണ്ട വേഷം ഈറന്‍ മുഖം.. കണ്‍മഷി പരന്ന കണ്‍തടങ്ങള്‍.

മേഡം അച്‌ഛന്റെ ഒരകന്ന ബന്ധുകൂടിയാണ്‌. അതിലും കവിഞ്ഞൊരു സ്വാതന്ത്ര്യമാണ്‌ അവര്‍ക്കെപ്പോഴും തന്നോട്‌. എന്ത്‌ പറയും എല്ലാം പറഞ്ഞാലോ വരുന്നതുവരട്ടെ എന്തിനൊളിക്കണം സകലരും അറിയട്ടെ ആ വൃത്തികെട്ട മുഖങ്ങള്‍ നാളെ ക്ലാസ്‌ മുറികളുടെ ചുവരുകളില്‍ ചിന്നിച്ചിതറട്ടെ.

അകത്ത്‌ കടന്നതും അവളറിയാതെ മേഡത്തിന്റെ നെഞ്ചിലേക്ക്‌ സജ്‌ന കരച്ചിലോടെ വീണു. അവരുടെ സാന്ത്വനിപ്പിക്കലെല്ലാം അവള്‍ക്ക്‌ വെറുമൊരു മുരളലായി മാത്രം തോന്നി.

ഒരു മുറിയില്‍ എന്റെ പുസ്‌തകങ്ങള്‍ മാത്രമായി ആരേയും അനുസരിക്കാതെ, അംഗീകരിക്കാതെ ആരുടേയും സ്‌നേഹവും സാന്ത്വനവുമില്ലാതെ ആര്‍ക്കുവേണ്ടിയാണ്‌ ഞാനിത്രയും കാലം ജീവിച്ചത്‌.

അവളുടെ കവിളുകള്‍ കൈത്തലത്തിലാക്കി ഇറുക്കിപ്പിടിച്ച്‌ മേഡം അവളെ അറിഞ്ഞുകൊണ്ടിരുന്നു. നോക്കൂ സജ്‌ന ഞാന്‍ നിന്നെ കുറെയായി ശ്രദ്ധിക്കുന്നു. എന്തിനെയാണ്‌ നീ ഭയക്കുന്നത്‌. നിനക്കൊന്നും വരില്ല. എന്റെ മകളെപ്പോലെ ഞാന്‍ നിന്നെ സംരക്ഷിക്കും.

മേഡത്തിന്റെ കൈത്തലം ബലത്തില്‍ പിടിച്ച്‌ മാറ്റി അകന്നുനിന്ന്‌ അവളുടെ കൃഷ്‌ണമണികള്‍ ആശയുടെ ശരീരം ചൂഴ്‌ന്നെടുത്തു.

വെളളനിറത്തില്‍ ചെറിയ മഞ്ഞപ്പൂക്കള്‍ വിതറിയ സില്‍ക്ക്‌ നൈറ്റിക്കുളളില്‍ നിഴലടിച്ച്‌ കാണുന്ന തുടുത്ത മുലകളും താഴെ വിടര്‍ന്ന പൊക്കിളും നോക്കി അവള്‍ അവജ്ഞയോടെ പല്ല്‌ കടിച്ചു. നഖങ്ങളിലും നക്കിത്തുടച്ച്‌ മാംസരുചി നുണയുന്ന ഒരു വേട്ടപ്പട്ടിയാണ്‌ മുന്നിലെന്ന്‌ അവളുടെ തുറിച്ച കണ്ണുകള്‍ പറയുന്നു. വീണ്ടും വീണ്ടും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇനി എന്നെയൊന്ന്‌ സ്പര്‍ശിച്ചാല്‍ ഞാനിവളെ...

വൈകിയും അണയ്‌ക്കാതെ കിടന്നിരുന്ന വിളക്കുകളും അലമുറവിളികളും കേട്ടാണ്‌ അയല്‍പ്പക്കത്തെ രണ്ടുപേര്‍ കാര്യം തിരക്കാനെത്തിയത്‌. ഉടനെ വിക്‌ടോറിയ ഡാര്‍ഡനിലെ സകലവിളക്കുകളും തെളിഞ്ഞു. ആരോ വിളിച്ചതനുസരിച്ച്‌ പോലീസെത്തി. അകത്തെ ഹാളിലെ സെറ്റിയില്‍ എല്ലാവരും കാണ്‍കെ ചോരയിറ്റുന്ന നീണ്ട കത്തിയൊരെണ്ണം കയ്യില്‍ വിറപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കണ്ട്‌ പലരും അന്ധാളിച്ച്‌ നിന്നെങ്കിലും അവള്‍ യാതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

താഴെ തറയില്‍ ചോരയില്‍ കുതിര്‍ന്ന്‌ ചെരിഞ്ഞ്‌ കിടക്കുമ്പോഴും ആ മൃതദ്ദേഹത്തിലേക്ക്‌ നോക്കി ഒച്ചയുണ്ടാക്കാതെ അവള്‍ സംസാരിച്ചുകൊണ്ടിരുന്നു. വെളുത്ത മാര്‍ബിള്‍ പാളികളില്‍ രക്തം അലക്ഷ്യമായി വാര്‍ന്നുകൊണ്ടിരുന്നു.
രാജേഷ് മുണ്ടൂര്‍-, തൃശ്ശൂര്‍,Your response will be e-Mailed to the poster.