മകള്‍


ലോലഹൃദയരും സ്നേഹ നിധികളുമായ അച്ഛനമ്മമാര്‍ ഈ കഥ വായിക്കരുത്. അരുമക്കിടാങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവരെ, മാപ്പ്. ലൂസിയെപറ്റി എനിക്ക് പറയാതെ വയ്യ.

അവള്‍ ഒരു കടലാണ്. പറയപ്പെടാത്ത സംഘര്‍ഷങ്ങള്‍ അലയടിക്കുന്ന കടല്. ‍ഇതാ, ആ തിരകള്‍ നിങ്ങളിലേക്ക് ആഞ്ഞടിച്ചെത്തുകയാണ്. അങ്ങനെയൊരു കോളിളക്കത്തില്‍ ഒരുപാടൊരുപാട് ലൂസിമാരില്‍ ഒരാളെങ്കിലും ശാപവിമുക്തി നേടുമെന്ന് ഞാന്‍ ആശിക്കുന്നു.

ലൂസിയുടെ കഥ കേട്ട ഒരു സുഹൃത്ത് അതിശയിച്ചു. എന്തൊരു ദുരന്തം! ഇങ്ങനെയൊക്കെ സംഭവിക്കുമൊ! പാവനമായ ബന്ധങ്ങളുടെ നൂലിഴകളെ താലോലിക്കുന്നവര്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രയാസംതന്നെ. എന്നാല്‍ ചില വീടുകള്‍ കടലുകളായ് മാറുന്നത് കാഴ്ചക്കപ്പുറമാണ്.
ചെറു മീനുകളെ കാര്‍ന്നു തിന്നുന്ന വന്മീനുകളുടെ കടല്‍! അഗാധതയില് മുങ്ങിത്തപ്പിയാല് പവിഴപ്പുറ്റുകളും മുത്തുച്ചിപ്പികളും കാണാം. ഓര്‍മകളുടെ വേലിയേറ്റങ്ങള്‍ക്ക് സാക്ഷിയാവാം. നീരാവിയായ് മറയുന്ന നനവുകളും പെയ്തൊഴിയുന്ന മേഘങ്ങളും കാണാം.

ദാ… ആമുഖം വലിച്ചുനീട്ടാതെ ലൂസിയുടെ കഥ പറയൂ എന്നു നിങ്ങള്‍ ചിന്തിച്ചില്ലെ? ആമുഖം സമാനമെങ്കിലും കഥാതന്തുവിലെത്തുമ്പോള്‍ വൈപരീത്യം നിറയുന്ന നീണ്ട കഥയല്ലെ ജീവിതം! ഒരു കരച്ചിലില്‍ ഒന്നുപോലല്‍ തുടക്കം. മുന്നേറുന്ന വഴികള്‍ തീര്‍ത്തും വിഭിന്നം.

വഴിയോരത്തെങ്ങോ നിങ്ങള്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടികളില്‍ ലൂസിയുമുണ്ടാവാം. അറിയപ്പെടാതെ…… ഒരു പിടി കരിയിലകള്‍ക്കിടയില്‍ മൂടിക്കിടക്കുന്ന കാട്ടുപൂ പോലെ… അവളുടെ നാട് ഏതുമാകാം. അവളുടെ കഥയില് സ്ഥലകാലങ്ങള്‍ അപ്രസക്തമാണ്.

നമുക്കിപ്പോള്‍ അവളെ തേടി ഒരു ഉള്‍നാടന്‍ കാട്ടുപ്രദേശത്തേക്കു പോകാം. പാതിര കഴിഞ്ഞ നേരം. ലൂസി ഒരു പുഴക്കടവിലാണ്. വെള്ളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഏതോ കാട്ടുമരത്തിന്റ്റെ കൊമ്പില്‍ പിടിച്ച് ഈ അസമയത്തൊരു പെണ്‍കുട്ടി!

ഇത് ഒരു ചലച്ചിത്രത്തിലെ രംഗമാണെങ്കില്‍ ഇലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അരണ്ട നിലാവെളിച്ചത്തില്‍ പകുതി ഇരുണ്ടും പകുതി തെളിഞ്ഞും മുഖത്തിന്റ്റെ ക്ലോസപ് കാണാം. മനസ്സിലെ ഒടുങ്ങാത്ത പ്രകംബനങ്ങള്‍ അതില്‍ വായിച്ചെടുക്കാം. കരിമ്പാറയില്‍ പൊട്ടിച്ചിതറുന്ന പുഴയുടെ ശബ്ദവും ചീവീടിന്റ്റെ കരച്ചിലും പശ്ചാത്തല സംഗീതം. അകലെ നിന്ന് കുറുക്കന്റ്റെ ഓരിയിടല്‍. പട്ടികളുടെ കുര. പിന്നെ ഏറുമാടത്തില്‍ നിന്ന് ആനയെ തുരത്താന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം. അതിനിടയില് പണിയരുടെ കാക്കപ്പുലയുടെ തുടിയൊച്ചകളും കേള്‍ക്കാം.

ഈ രംഗം കാണുന്നത് ഒരു കാവ്യാസ്വാ‍ദകനാണെങ്കില്‍
“ ലോകമൊക്കെയുറങ്ങി കൂരിരു-
ട്ടാകെ മൂടി യമമൂര്‍ത്തി ഭീകരം
ഏകയായവിടെ നിന്നു....”
എന്നു തുടങ്ങുന്ന കാവ്യശകലം നീട്ടിപ്പാടിയെന്നും വരാം. *1

നിങ്ങള്‍ക്കറിയുമൊ, ഉള്ളിലെ അന്ധകാരത്തില്‍ സത്യമായും അവള്‍ ഒരു ദിവാകരസാമീപ്യം കൊതിക്കുന്നുണ്ട്. എല്ലാം തുറന്നൊന്നു പറയാന്‍ അപ്പുവെങ്കിലും അരികിലുണ്ടായിരുന്നെങ്കില്‍…… അപ്പു ആരാണെന്നല്ലെ? നമുക്കു കുറച്ച് പിന്നിലേക്ക് പോകാം. ദാ… ഈ പഴയ ദൃശ്യങ്ങള്‍ കാണൂ…..

ബസിന്റ്റെ ചവിട്ടുപടിയിലേക്ക് കാലെടുത്തുവക്കുന്‍പോള്‍ അപ്പു തിരിഞ്ഞു നോക്കി; അവളുടെ ഹൃദയത്തിലേക്ക്…… ബസ് കാട്ടിനുള്ളില്‍ മറയുന്നതു വരെ അവള്‍ ബൊഗൈന്‍വില്ലയുടെ ചോട്ടില്‍തന്നെ നിന്നു. മെല്ലെ മെല്ലെ ഒരു പൊട്ടു മാത്രമായ് കൂട്ടുകാരി അപ്രത്യക്ഷയാവുന്നത് അപ്പുവും നോക്കിയിരുന്നു.

മാര്‍ച്ചിലെ ചുടുകാറ്റ് നിഷ്കരുണം വീശിയടിച്ചു. കറങ്ങി നടക്കുമ്പോള്‍ എത്രയെത്ര വേര്‍പാടുകള്‍ക്ക് അത് സാക്ഷിയാവുന്നു! കടലാസുപൂക്കള്‍ പറന്നു പറന്ന്……. പൊയ്പോയ ഏതോ സന്ധ്യയില്‍നിന്ന് അപ്പുവിന്റ്റെ ശബ്ദം..
“ലൂസീ, ഈ പൂക്കളെ തല്ലിക്കൊഴിച്ചത് ആരാന്നറിയുവൊ? അത് കാറ്റല്ലാട്ടൊ. ഈ ചെടിതന്നെയാ. പാവം പൂക്കള്‍! ഈ തള്ളച്ചെടി ഇലകളില്‍ പൊതിഞ്ഞ് അവയെ ചേറ്ത്തുപിടിച്ചില്ലല്ലൊ.”
“മതിയപ്പൂ നിന്റ്റൊരു വേദാന്തം.” അറിയാതവള്‍ പറഞ്ഞുപോയ്. അതു കേള്‍ക്കാന്‍ അപ്പുവെവിടെ!

“മ്പേ… മ്പേ……” പൂവാലിയുടെ കരച്ചില്‍ അവളെ വിളിച്ചുണര്‍ത്തി. പൂവാലിക്കും വിഷമമുണ്ടാകും. അപ്പു അവളോടും യാത്ര പറയണത് ലൂസി കേട്ടതാ. ഓടിച്ചെന്ന് അതിന്റ്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ വച്ച് ലൂസി വിതുമ്പി. അത് തലകുലുക്കി വാലാട്ടി തോഴിയെ നോക്കി.
“നെനക്ക് വെശക്കണുണ്ടൊ? പുല്‍തുറൂന്ന് ഇത്തിരി വൈക്കോല്‍ ഇപ്പം വലിച്ചോണ്ട് വരാംട്ടൊ.”
അവള് തുറുവിനടുത്തേക്കോടുമ്പോള്‍ പ്രിയമുള്ളൊരു ശബ്ദം…
“ഞാന് ചെയ്യാടാ… നിന്റ്റെ കയ്യൊക്കെ ചുവക്കും.”
ലൂസി തിരിഞ്ഞുനോക്കി. ഇല്ല, ആരുമില്ല.
കഞ്ഞിവെള്ളത്തില്‍ കിടന്ന പിണ്ണാക്ക് വാരി അവള്‍ പൂവാലിയുടെ മുന്നില്‍ പിടിച്ചു. മുത്തിമുത്തി അതു തിന്നുന്നതു നോക്കി ലൂസി പറഞ്ഞു.
“കറവക്കാരന് നീയൊരു ചവിട്ടുകാരിയാ. കുട്ടിക്ക് ഒരു തുള്ളിപോലും ബാക്കിയാക്കാതെ മുഴുവന്‍ ഊറ്റിയെടുത്താല്‍ അയാള്‍ക്ക് നല്ല തൊഴി കൊടുക്കണംട്ടൊ.”
അപ്പോളേക്കും മമ്മയുടെ വിളി വന്നു.
“ലൂസീ….. നീ എവിടെപോയ് കെടക്കുവാ..? അടുത്തയാഴ്ച പരീക്ഷയാ. ഒരു വിചാരോല്ല കുട്ടിക്ക്.” അടുക്കളയില്‍ മമ്മയുടെ ദേഷ്യം നുരഞ്ഞു പതയാന്‍ തുടങ്ങി.
അവള് ഇമ്മിണി നേരം കാറ്റും വെളിച്ചോം കൊള്ളട്ടെടീ. ഏതുനേരോം പൊത്തകം നോക്കിയിരുന്ന് ന്റ്റെ കൊച്ചിന് കൂനു പിടിച്ചു. അവള്‍ടെയൊരു പഠിപ്പീര്.” അമ്മാമ്മയുടെ സ്വരം.

മമ്മയെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കണ്ട. വേഗം പുസ്തകങ്ങളിലേക്ക് മടങ്ങിയേക്കാം. കിണറ്റിലെ തണുത്ത വെള്ളം കോരിയെടുക്കുമ്പോള്‍ എണ്ണയിടാത്ത കപ്പി ഉറക്കെ കരഞ്ഞു. കുളിര്‍ നീര് മുഖത്തൊഴിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് സോഷ്യല് സയന്‍സ് ടീച്ചറുടെ മുഖമാ.

ആഗോളതാപനത്തെക്കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിലാ അന്നൊരു ദിനം ടീച്ചര്‍ ക്ലാസ് തുടങ്ങിയത്. നശിച്ചുകൊണ്ടിരിക്കുന്ന ജലാശയങ്ങളിലൂടെ തുഴഞ്ഞ് അന്നവര്‍ ചെന്നെത്തിയത് ബോട്ടില്‍വെള്ളങ്ങള്‍ക്കായ് ക്യൂ നില്‍ക്കുന്ന ഗ്രാമങ്ങളിലാണ്. ഉരുകുന്ന മഞ്ഞുമലകള്‍…. മറയുന്ന പച്ചപ്പുകള്‍…. വരണ്ടുതുടങ്ങിയ പുഴകളിലേക്കൊഴുകുന്ന അഴുക്കുചാലുകള്‍…. പിന്നെയൊ, ഭൂമിദേവിയുടെ മാറുചുരന്ന തെളിനീര്‍ അവസാന തുള്ളിവരെയും ഊറ്റിക്കുടിച്ച് മദിക്കുന്നവര്‍….. ടീച്ചറുടെ വിവരണങ്ങളില്‍ തെളിഞ്ഞതെല്ലാം ഭയാനക ദൃശ്യങ്ങള്‍!

സ്ത്രീക്കും ഭൂമിക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് പുരാണങ്ങളെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു.
“My dear girls, you are springs… springs of pure water brimming with life & energy. സമൂഹത്തെ നനച്ചുവളര്‍ ത്തേണ്ടവരാ നിങ്ങള്‍.”
അതു പറഞ്ഞപ്പോള്‍ ടീച്ചറുടെ നെറ്റിയില് നിന്നും കുങ്കുമവറ്ണത്തില്‍ ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ നോക്കിയിരിക്കുകയായിരുന്നു ലൂസി.

ആ രാത്രി അവള് മറക്കില്ല. ഇന്നുമവളെ വേട്ടയാടുന്ന ദു:സ്വപ്നം. നമ്മുടെ ജലസമൃദ്ധിയെ വിഴുങ്ങാന്‍ വരുന്ന വന്‍കിട വെള്ളക്കമ്പനിയുടെ ടാങ്കര്‍ ലോറി അവളുടെ സ്വപ്നത്തില്‍ ഓടിക്കയറിയ രാത്രി. തന്നെ തട്ടിയിട്ട് അത് ഓടിച്ചുപോയപ്പോളാണ് അന്ന് ഞെട്ടിയുണര്‍ന്നത്. കാരിരുമ്പുപോലുള്ള കരങ്ങള്‍ മാറില്‍ ഇഴയുന്ന പോലെ…..! അവള്‍ പിടഞ്ഞെണീറ്റ് അലറിക്കരഞ്ഞു. മുറിക്കകത്ത് ഇരുട്ടും മദ്യത്തിന്റ്റെ മണവും. ആര്‍ത്തിമൂത്തു വന്ന കാ‍ട്ടാളനെ അവള്‍ തിരിച്ചറിഞ്ഞു.

മനസ്സില്‍ നൂറു കിളിക്കൂടുകള്‍ കത്തിയമരുന്ന പൊള്ളല്‍....

“എന്നാ ലൂസിക്കുട്ടിയേ, സ്വപ്നം കണ്ടൊ? ന്റ്റെ കൂടെ വന്നു കെടന്നോ… വാ.” അമ്മാമ്മയുടെ മുറിയില്‍ വെളിച്ചം തെളിഞ്ഞു. അമ്മാമ്മയുടെ ചുക്കിച്ചുളിഞ്ഞ നെഞ്ചില് മുഖമമര്‍ത്തി കിടക്കുമ്പോളും അവള്‍ വിറക്കുകയായിരുന്നു. ചുണ്ടില്‍ പൊടിഞ്ഞ ചോര അവള്‍ അമ്മാമ്മയറിയാതെ തുടച്ചു.
“കുരിശു വരക്കാണ്ടു കെടന്നിട്ടാ ഇങ്ങനെയൊക്കെ.” അമ്മാമ്മ കൊന്തമണികള്‍ ഉരുട്ടിക്കൊണ്ട് പറഞ്ഞു.
അന്നുതൊട്ടാണ് ലൂസി രാത്രികളെ ഭയന്നു തുടങ്ങിയത്.

“ലൂസീ… നീയിനിയും കിണറ്റിന്‍ കരേലാ! പുസ്തകമെടുക്കാ‍നായില്ലെ നിനക്ക്.” മമ്മയുടെ വിളി വീണ്ടും.
പിന്നെയും പിന്നെയും മുഖം കഴുകി ഓര്‍മകളെ തുടച്ചു മാറ്റാന്‍ വൃഥാ ശ്രമിച്ചു. പതിയെ അകത്തേക്കു കടക്കുമ്പോള്‍ ഉമ്മറത്തതാ പപ്പ ഏതോ പുസ്തകം വായിക്കുന്നു.
“ലൂസീ, നീ ചുമ്മാ അലഞ്ഞുനടക്കുവാ? മമ്മ എത്ര നേരായ് നിന്നെ വിളിക്കണു. പപ്പയുടെ ആഗ്രഹം നിനക്കറിയാല്ലൊ. ഈ കാട്ടുമൂലേന്ന് ആദ്യായ് മെഡിസിനു ചേരണ കുട്ടി നീയാരിക്കണം. ന്റ്റെ വാശിയാ അത്.”
പപ്പയുടെ ഒരു സ്നേഹം! ലൂസിക്ക് വെറുപ്പ് തോന്നി. കണ്ണില്‍ നോക്കാതെയൊരുപദേശം!

“ലൂസീ, കടവിലേക്കുണ്ടൊ, കുളിക്കാന്‍?” വടക്കേതിലെ ശാരദേച്ചിയതാ ജനാലക്കല്‍. ഭാഗ്യം! പപ്പയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ലയവസരം. തുളസിയിലയിട്ട എണ്ണ തലയില്‍ തേച്ച് സോപ്പും തോര്‍ത്തുമായ് ചാടിയിറങ്ങുമ്പോള്‍ മമ്മ മുഖം വീറ്പ്പിച്ചു.
“നീയിനി കടവില്‍ പോയ് കുളിക്കണ്ട. കൊച്ചു കുട്ട്യാന്നാ വിചാരം!”

പുഴയില്‍ കുളിക്കാന്‍ പാടില്ല. പാടത്തിറങ്ങി പോക്കുവെയിലിന്റ്റെ തലോടലേറ്റ് നടക്കാന്‍ പാടില്ല. മാവിന്റ്റെ താണകൊമ്പില്‍പോലും ഒന്നു കയറിയിരിക്കാന്‍ പാടില്ല. ഓണം വരുമ്പോള്‍ പൂ നുള്ളാന്‍ കുന്നും കാടും കയറി പോകാന്‍ പാടില്ല. പാടില്ല..പാടില്ല… പാടില്ല! എവിടെയും ഈ മന്ത്രങ്ങള്‍ മാത്രം!
ഈശോയെ… എന്തിനാ ഞാന്‍ വല്യകുട്ടിയായെ. എന്നുമൊരു കുഞ്ഞായിരുന്നെങ്കില്‍! അവളുടെ മനസ്സിലെ കിളി കരഞ്ഞു.

ശാരദേച്ചിയുടെ കൈ പിടിച്ചു നടന്നപ്പോള്‍ മമ്മയെ ധിക്കരിച്ചതില്‍ അവള്‍ക്കു സന്തോഷം തോന്നി.
“ഇന്നിത്തിരി വൈകി ലൂസിക്കുട്ടീ. കവലേന്ന് മൂന്നാലു പൂവാലന്മാര്‍ കടവിലേക്കു വരണ കണ്ടു. അവരൊന്ന് തിരികെ പോകാന്‍ നോക്കിയിരുന്നതാ.” ശാരദേച്ചി പറഞ്ഞു.

നീന്തിത്തുടിക്കുമ്പോള്‍ പുഴ അവളില്‍ നിറഞ്ഞു. ഈ പുഴ എന്റ്റെ മാത്രം….
എന്നെ സ്നേഹിക്കുന്ന പുഴ… എന്നെ കുളിരണിയിക്കുന്ന പുഴ… പാറക്കെട്ടില്‍ തട്ടിത്തകര്‍ന്നിട്ടും ഇവള്‍ പിന്നെയും ഒഴുകി ഒഴുകി പോകുന്ന കണ്ടില്ലെ! തളരാതെ…!
“കടലിലെത്തിച്ചേരും മുന്നെ വറ്റിപ്പോണ പുഴകളുണ്ടാവില്ലെ, ശാരദേച്ചി?”

പാറയില്‍ തുണികുത്തിപ്പിഴിയുന്ന ശാരദേച്ചി അവളെ നോക്കി.
“അതൊന്നും എനിക്കറിയില്ല കുട്ട്യേ. അപ്പൂനെ ദൂരേക്ക് ജോലിക്കയച്ചത് ഒട്ടും ഇഷ്ടത്തോടെയല്ല മോളെ. പാവം.. ന്റ്റെ അനിയന്‍. എത്ര വല്യ ചുമടാ ചുമക്കണെ! നിനക്കറിയ്‌വൊ, എന്ട്രന്‍സ് എഴുതണംന്നൊക്കെ അവനും കൊതിച്ചതാ. മിടുക്കനാര്‍ന്നു പഠിക്കാന്‍. വിധിയില്ല മോളെ ഞങ്ങള്‍ക്ക്.”
ശാരദേച്ചിയുടെ രണ്ടു തുള്ളി കണ്ണുനീര്‍ പുഴ ഏറ്റു വാങ്ങി.

മുങ്ങിക്കുളിച്ചു വന്ന ഒരു കുസൃതിക്കാരന്‍ പണ്ട് പകര്‍ന്ന ചന്ദനസോപ്പിന്റ്റെ സുഗന്ധം എങ്ങുനിന്നോ ഒഴുകി വന്ന് ലൂസിയെ പൊതിഞ്ഞു.
“കരയണ്ട ലൂസീ. ഈ പേടിസ്വപ്നങ്ങളൊക്കെ വെറും തോന്നലാ. ദാ.. ഇനി സ്വപ്നം കാണുമ്പം അപ്പൂ..ന്ന് ഒറക്കെ വിളിച്ചാ മതി. അപ്പം പേടിയങ്ങ് പറപറക്കുംട്ടൊ.” അപ്പുവിന്റ്റെ സ്വരത്തിനും ചന്ദനത്തിന്റ്റെ കുളിര്‍മയായിരുന്നു. കാട്ടാളന്‍ വിഴുങ്ങിയ രാത്രിയുടെ പൊള്ളുന്ന ഓര്‍മയെ തണുപ്പിക്കാന്‍ അന്ന് ആ കുളിരിനുമായില്ല. മുറിവേറ്റു പിടയുന്ന അവളുടെ മനസ്സ് അപ്പുവും കണ്ടില്ല. അതു സ്വപ്നമായിരുന്നില്ല എന്നു പറയാന്‍ പോലും ലൂസിക്കായില്ല!

കുളി കഴിഞ്ഞെത്തിയപ്പോള്‍ അമ്മ വെള്ള യൂണിഫോമില്‍ കയറിക്കഴിഞ്ഞു. പപ്പ ക്ലബില്‍ പോയി.
“വേഗം സന്ധ്യാപ്രാര്‍ത്ധന ചൊല്ലി പഠിക്കാനിരിക്ക്. പപ്പ വരുമ്പം ചോറ് വിളമ്പിക്കൊടുക്കണംട്ടൊ. സമയം തെറ്റിയാല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നെ തിന്നാന്‍ വരും. ഞാന്‍ പോണൂ.” മമ്മ തിടുക്കത്തില്‍ നടന്നകന്നു.
മമ്മ തന്നെയൊന്ന് ഉമ്മ വച്ചിരുന്നെങ്കില്‍…. എന്നാ മോളെ നിനക്കു പറ്റിയേന്ന് ഒന്നു ചോദിച്ചെങ്കില്‍…. മമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ അവള്‍ കൊതിച്ചു.

പപ്പ വായിചുകൊണ്ടിരുന്ന പുസ്തകം മേശപ്പുറത്ത് കിടക്കുന്നു. അവള്‍ അതെടുത്തു മറിച്ചു നോക്കി. ലാറ്റിനമേരിക്കന്‍ സാഹിത്യമാണ്.
“In Praise of the Stepmother” *2
“ ഈ പുസ്തകമൊന്നും കുട്ടിയെ കാണിക്കരുത്ട്ടൊ.” കഴിഞ്ഞ ദിവസം പപ്പയോട് മമ്മ പറയുന്നതു കേട്ടതാ. ആകാംക്ഷയോടെ ലൂസി പേജുകള്‍ മറിച്ചു. ഒന്നാമദ്ധ്യായത്തില്‍ ചിറ്റമ്മക്ക് അല്ഫോന്‍സൊയുടെ പിറന്നാളാശംസകള്‍… “എനിക്കറിയാവുന്നവരില്‍ ഏറ്റവും സുന്ദരിയും നല്ലവളുമായ എന്റ്റെ ചിറ്റമ്മയെ ഞാന്‍ എല്ലാ രാത്രികളിലും സ്വപ്നം കാണുന്നു.” അവന്റ്റെയൊരു സ്വപ്നം! ലൂസി ദേഷ്യത്തില്‍ പുസ്തകം മേശയിലിട്ടു. മനസ്സ് അപ്പുവിനെ തേടി പറക്കുവാ… അപ്പൂ, നീയും സ്വപ്നം കാണാറുണ്ടൊ? ആരെയാ നീ സ്വപ്നം കാണുന്നെ?

വ്യാകുല മാതാവിന്റ്റെ മുന്നില്‍ എരിയുന്ന തിരികള്‍ക്കൊപ്പം അവളുടെ തേങ്ങലുകളും……
അമ്മാമ്മ പ്രാര്‍ത്ധന തുടങ്ങിക്കഴിഞ്ഞു.
“നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്‍ത്താവ് നിന്നോടുകൂടെ. സ്ത്രീകളില്‍ നീ അനുഗ്രഹീത. അങ്ങയുടെ ഉദരത്തിന്‍ ഫലമായവനും അനുഗ്രഹിക്കപ്പെട്ടവന്‍.” അമ്മാമ്മയുടെ ചുണ്ടുകള്‍ മാത്രം പ്രാര്‍ത്ധനയില്‍. ചിന്തകളൊ കാല്‍വരി കയറുകയായിരുന്നു.

അനുഗ്രഹിക്കപ്പെട്ട സ്ത്രീ ആര്? കന്യകയായ് ഗര്‍ഭം ധരിച്ച് അപമാനം പേറേണ്ടി വന്നവളൊ! പോന്നോമനയെ അക്രമികള്‍ വലിച്ചിഴക്കുമ്പോള്‍, കുരിശില്‍ തറക്കുമ്പോള്‍ മൂകസാക്ഷിയായ് നില്‍ക്കേണ്ടി വന്നവളോ! കര്‍ത്താവിന് ഒരു കുരിശുമരണം മാത്രം. സ്ത്രീയെ, നിനക്ക് എത്രയെത്ര കുരിശുമരണങ്ങള്‍!

“അമ്മാമ്മേ, അപ്പം മഗ്ദലനാമറിയവും അനുഗ്രഹിക്കപ്പെട്ടവളല്ലെ?”
ലൂസിയുടെ ചോദ്യത്തില്‍ അമ്മാമ്മയുടെ കാല്വരിയാത്ര വഴിമുട്ടി. ഡാവിഞ്ചികോഡ് കണ്ടപ്പോ മുതല്‍ അവളെ അലട്ടിയിരുന്ന പ്രശ്നമാ.
“കൊച്ചേ.. നീ വേണ്ടാത്തതൊന്നും ചോദിക്കണ്ട. പ്രാര്‍ത്ധനയില് മനസ്സിരുത്ത്.” പ്രാര്‍ത്ധനക്കിടയിലെ അനാവശ്യ ചോദ്യം അമ്മാമ്മയെ ശുണ്ഠി പിടിപ്പിച്ചു.

മഗ്ദലന്യെ എറിയാനെടുത്ത കല്ലുകള്‍ കടലാസുപൂക്കളായ് തന്റ്റെ നേരെ പറന്നു വരുന്നത് ലൂസി കണ്ടു. കല്ലെറിയാന്‍ വന്നവരുടെയിടയില്‍ പപ്പയുടെയും മമ്മയുടെയും മുഖങ്ങള്‍! ലൂസി ഞെട്ടി.

“ലൂസിയെ, ഇരുന്ന് ഒറക്കം തൂങ്ങുവാ? ബൈബിള്‍ എടുത്ത് വായിച്ചെ.”
മെഴുകുതിരി വെട്ടത്തില്‍ അവള്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. സോളമന്റ്റെ ഉത്തമഗീതങ്ങള്‍.
“ഉഷസ്സുപോലെ ശോഭയും ചന്ദ്രനെപോലെ സൌന്ദര്യവും സൂര്യനെപോലെ നിര്‍മ്മലതയും കൊടിയേന്തിയ സൈന്യത്തെപ്പോലെ ഭയങ്കരത്വവുമുള്ള ഇവള്‍ ആര്! പ്രഭുകുമാരീ, നിന്റ്റെ നാഭി വൃത്താകാരമായ പാന്‍പാത്രം പോലെ. അതില്‍ വീഞ്ഞ് ഇല്ലാതിരിക്കില്ല. നിന്റ്റെ ഉദരം ലില്ലിപ്പുഷ്പങ്ങള്‍ അതിരിട്ട ഗോതമ്പുകൂമ്പാരം പോലെ.”
“കൊച്ചേ.. നീ എന്നായീ വായിക്കുന്നെ! ഇതൊന്നും കുട്ടികള്‍ക്ക് വായിക്കാനുള്ളതല്ലാട്ടൊ.”
ലൂസിക്ക് ദേഷ്യം വന്നു. “അതെന്നാ, ബൈബിളിലും കുട്ടികള്‍ക്ക് പറ്റാത്ത കാര്യങ്ങളാ? ഇനി അമ്മാമ്മ തന്നെയങ്ങു വായിച്ചൊ. ഞാനില്ല.”

അവള്‍ മുറിയില്‍ കയറി വാതിലടച്ചു. പൂട്ടിയിടാനാവാതെ ഇളകിക്കിടന്ന കുറ്റി അവളെ കളിയാക്കിച്ചിരിച്ചു.

“ന്റ്റെ വാതിലൊന്നും ശരിയാക്കിത്തരാനും ഇവിടെ അരൂല്ല.” ആ സങ്കടം കേട്ടത് നിലക്കണ്ണാടിയില്‍ അവളെ നോക്കിനിന്ന സ്വന്തം പ്രതിഛായ മാത്രം.
കണ്ണാടിയില്‍ കൌമാരത്തിന്റ്റെ സുന്ദരമായ വെളിപ്പെടലുകള്‍. ഇവയെല്ലാം തനിക്ക് വേദന മാത്രല്ലെ തരുന്നെ! ലില്ലിപ്പുഷ്പങ്ങളെയും ഗോതമ്പുപാടങ്ങളെയും അവള്‍ വെറുത്തു.

ചുമരില്‍ തൂങ്ങുന്ന ഫോട്ടൊയിലേക്ക് അവള്‍ നോക്കി. പതിനഞ്ചു വര്‍ഷങ്ങളുടെ മാറാല! പപ്പയുടെ വിരല്‍തുമ്പില്‍‍ തൂങ്ങി പിച്ചവക്കുന്ന കിലുക്കാമ്പെട്ടിയുടെ കൊഞ്ചലുകള്‍ ഇന്നലെകളില്‍ നിന്ന് പറന്നണഞ്ഞു.

പാദസരം കിലുക്കി കിലുകിലാ ചിരിച്ച് ദാ ഒരു കുസൃതി! അവള്‍ പപ്പയുടെ മടിയിലാ. പപ്പ അവളെ വാരിയെടുത്ത് ഉമ്മവക്കുന്നു. പരിപ്പും നെയ്യും ചേര്‍ത്ത് ചോറുരുട്ടി കുഞ്ഞിവായില്‍ വച്ചുകൊടുക്കുന്നു. സുന്ദരിയായ ജലകന്യകയുടെ കഥ പറഞ്ഞുകൊടുക്കുന്നു. പപ്പയുടെ മാറില്‍ പറ്റിക്കിടന്നുറങ്ങുമ്പോള്‍ അവളും ഒരു രാജകുമാരിയായ്. പവിഴപുറ്റുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന ജലകന്യക!

പുസ്തകങ്ങള്‍ക്കിടയില്‍ ഒഴിഞ്ഞ മന‍സ്സുമായിരുന്നപ്പോള്‍ ജല‍കന്യക എങ്ങോ പോയ്മറഞ്ഞു. പപ്പ ക്ലബില്‍നിന്നും തിരികെയെത്തിയില്ല. ബാങ്ക്മാനേജരല്ലെ. സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയെല്ലാം സല്‍കാരങ്ങള് ഉണ്ടാവും. അതെല്ലാം കഴിഞ്ഞ് ലഹരിയില് മുങ്ങി വീടണയാന്‍ ഒത്തിരി വൈകും.

മമ്മയും എപ്പോളും തിരക്കിലാ. ആശുപത്രിക്കും വീടിനുമിടയില്‍ ഓടിത്തളരുന്ന ജീവിതം! അതിനിടയില്‍ “ലൂസീ അതു ചെയ്യരുത്, ഇതു ചെയ്യരുത്” എന്നു നൂറായിരം വിലക്കുകള്‍. മറ്റൊന്നും മിണ്ടാന്‍ പാവം മമ്മക്കും നേരമില്ല.

പിന്നെ, പഠിച്ചു മിടുക്കിയാവാന്‍ ഒരു കമ്പ്യൂട്ടര്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്റ്റെര്‍നെറ്റില്‍ ചാറ്റ്റൂമില്‍ കയറിയാല്‍ ലോകത്തിന്റ്റെ ഏതറ്റത്തേക്കും പറക്കാം. ഊരുമ്പേറുമറിയാത്ത ഒരുപാടുപേരെ കണ്ടുമുട്ടാം. കൂട്ടുകാര്‍ നെറ്റില്‍ ചെയ്യാറുള്ള വിക്രിയകളെപറ്റി പറയാറുണ്ട്. പക്ഷെ, ഒരു മൌസ്ക്ലിക്കില്‍ എങ്ങോട്ടു പോയാലും പാടവരമ്പത്തെ തുമ്പപ്പൂവും പുഴയോരത്തെ കൈതയും പൂവാലിയുമെല്ലാം അവളെ തിരികെ വിളിക്കും. അമ്മാമ്മയുടെ പ്രാര്‍ത്ധനയുടെ പുണ്യമാകാം!

പുസ്തകത്തിന്റ്റെ വിരസതയില്‍നിന്ന് കണ്ണുകള്‍ ആകാശത്തിലേക്ക് വഴുതിമാറി. ഒരു നക്ഷത്രം അവളെ നോക്കി ചിരിച്ചു. ആ നക്ഷ്ത്രം തന്നെ സ്നേഹിക്കുന്നുണ്ടാവ്വൊ? അപ്പോളാണ് അയലത്തെ ജാലകങ്ങളിലും അതിനെ നോക്കുന്ന കുട്ടികളെ അവള്‍ കണ്ടത്. അമ്പട നക്ഷത്രമെ, നീ അവരെ നോക്കിയും ചിരിക്ക്വ?
കോടാനുകോടി താരകങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന മാനത്ത് തനിക്ക് സ്വന്തമായ് ഒരു താരം പോലുമില്ല.! അണ്ഡകടാഹം തീര്‍ത്ത കര്‍ത്താവിനോട് പിണങ്ങി അവള്‍ ജാലകം വലിച്ചടച്ചു. ഉള്ളില്‍ ഒരു തമോഗര്‍ത്തം വളരുന്നത് അവളറിഞ്ഞു.

“ആ നക്ഷത്രം എന്റ്റെയല്ല. നിലാവും കുളിര്‍കാറ്റും എന്റ്റെയല്ല. സ്വന്തമെന്നു കരുതിയതൊന്നും എന്റ്റെയല്ല… പപ്പ പോലും!”

അന്നും ഉറക്കത്തിനിടയിലെപ്പോളൊ മദ്യത്തിന്റ്റെ ഗന്ധം പരന്നിറങ്ങി. തലയിണക്കിടയില്‍ കരുതിവച്ച വെട്ടുകത്തിയുമായ് അവള്‍ ചാടിയെണീറ്റു. വാതില്പാളികള്‍ വലിച്ചു തുറന്ന് കാട്ടാളന്‍ പോയ്മറഞ്ഞു.
ഇതു സ്വപ്നമല്ല. സത്യമാണ്. മമ്മയോടുപോലും പറയാനാവാത്ത സത്യം!

അവള്‍ പതിയെ ഇരുട്ടിലേക്കിറങ്ങി നടന്നു. അലകളുടെ കൈകള്‍ നീട്ടി പുഴ വിളിക്കുന്ന പോലെ… തന്റ്റെ സ്വന്തം പുഴ…

*3 മാന്‍ കുട്ടിയെപോല്‍ കാടും മലയും ചാടിക്കടന്ന് അപ്പു വരുന്നു! തന്നെ പല്ലക്കിലേറ്റി കൊണ്ടു പോകാന്‍. വേനലിലും കാട് പൂ ചൂടിയിരിക്കുന്നു. കിളികള്‍ പാട്ട് പാടുന്നു. ദൂരെയെങ്ങൊ അത്തിക്കായകള്‍ പഴുക്കുന്നു. മുന്തിരിവള്ളി പൂത്ത സൌരഭ്യം കാറ്റിന്റ്റെ ചിറകേറിയണയുന്നു.
പ്രിയേ… എഴുന്നേല്‍ക്കൂ… എന്റ്റെ സുന്ദരീ നീ വരൂ..പ്രിയമുള്ളവന്റ്റെ ശബ്ദം! പുഴയുടെയൊഴുക്കില്‍ അതലിഞ്ഞുചേര്‍ന്നു....

പപ്പയുടെ പണ്ടത്തെ കഥയിലെ ജലകന്യകയതാ അവള്‍ക്കു മുന്നില്‍! ജലത്തിനടിയില്‍ കഴിഞ്ഞുകൂടാന്‍ ശാപം കിട്ടിയ ആരോരുമില്ലാത്ത രാജകുമാരി. ലൂസിയും അവളോടൊപ്പം… വെള്ളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കാട്ടുമരത്തിന്റ്റെ ചോട്ടില്‍…

പുഴ ഒന്നുമറിയാത്തപോല്‍ പിന്നെയുമൊഴുകി.

ലൂസിയെ കൂരിരുട്ടില്‍ തനിച്ചാക്കി മടങ്ങാന്‍ നിങ്ങള്‍ക്ക് മനസില്ല, അല്ലെ? പ്രിയ വായനക്കാരാ, ഇതാ ഒരു പോംവഴി. ഭ്രാന്താശുപത്രിയിലെ അഴികള്‍ക്കുപിന്നില്‍ കഥയറിയാതെ മിഴിച്ചു നോക്കുന്ന ഏതേതോ പേരറിയാ പെണ്‍കിടാ‍ങ്ങളില്‍ നിങ്ങള്‍ക്കവളെ കാണാം.

കഥകള്‍ക്ക് ഒന്നിലേറെ ക്ലൈമാക്സുകള്‍ പുതുമയല്ലല്ലൊ.
*********************
വാര്‍ത്ത : ഇന്ത്യയില് 50 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരകളാകുന്നുവെന്ന് ഒരു പഠനറിപ്പോര്‍ട്. പീഡിപ്പിക്കുന്നവര്‍ അധികവും ഏറ്റവും അടുത്ത ബന്ധുവലയത്തില്‍പെട്ടവരാണ്.

സൂചനകള്‍
*1. ‘നളിനി‘യില്‍നിന്ന് *2. മരിയൊ വര്‍ഗാസ് യോസെയുടെ പ്രശസ്ത നോവല്‍. രണ്ടാനമ്മ്ക്ക് സ്കൂള്‍‍കുട്ടിയോടും അവനു തിരിച്ചും തോന്നുന്ന അവിശുദ്ധ വികാരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. *3. സോളമന്റ്റെ ഉത്തമഗീതങ്ങളില്‍ നിന്ന്

ഷീല ടോമി
c/o EDT 305, ONSHORE ENGINEERING
QATAR PETROLEUM, P.O BOX 47
DOHA, QATAR. TEL..00974-4424980


-, Doha,



Your response will be e-Mailed to the poster.