ഫോണ്‍ ബെല്ലടിക്കുന്നതുകേട്ടാണ് നന്ദിനി ടീച്ചര്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്.
ഉറക്കച്ചടവോടെ ഫോണ്‍ എടുക്കുമ്പോള്‍ മറ്റേതലക്കല്‍ വിനോദിന്റെ ശബ്ദം
.
" ടീച്ചര്‍ ഞാന്‍ വെറുതെ വിളിച്ചതാണ്.എനിക്ക് ടീച്ചറിന്റെ ശബ്ദം കേള്‍ക്കണമെന്നുതോന്നി".
നന്ദിനി ടീച്ചര്‍ക്ക് ശരിക്കും അരിശം വന്നു.ഈ കുട്ടി എന്തിനാണ് തന്നെ ഇങ്ങനെ ഇടക്കിടെ വിളിക്കുന്നത്.
ഏതൊരുബന്ധത്തെയും തെറ്റായി ചിത്രീകരിക്കുന്ന ഈ കാലത്ത് +2 വിദ്യാര്‍ത്ഥിയായ ഇവന്‍ തന്നെ ഇങ്ങനെ വിളിക്കുന്നത് എന്തിനാണ്?."എനിക്കിപ്പോള്‍ സംസാരിക്കാന്‍ ഒരു മൂഢില്ല വിനോദേ".
"ടീച്ചര്‍,സംസാരിക്കണ്ട വെറുതെ മൂളിയാല്‍ തന്നെ ഒരു ആശ്വാസമാണ് എനിക്ക്".
"നീ പിന്നെ വിളിക്കൂ" എന്നു പറഞ്ഞ് ടീച്ചര്‍ ഫോണ്‍ ക്രേഡലില്‍ വെച്ചു.
വെറുതെ എപ്പോഴുമുള്ള ഇവന്റെ ഫോണ്‍ വിളി നാളത്തോടെ അവസാനിപ്പിക്കണം എന്നുറച്ച് ടീച്ചര്‍ പ്രിന്‍സിപ്പലിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു.
പിറ്റേ ദിവസം ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ പ്യൂണ്‍ വന്ന് ഒാഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു.
ടീച്ചര്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ ചെല്ലുമ്പോള്‍ വിനോദും അവിടെ ഉണ്ടായിരുന്നു.
അവന്റെ മുഖത്തെ ഭാവവും കണ്ണുകളിലെ നീര്‍ ചാലുകളും ടീച്ചറെ ഒന്നു അമ്പരിപ്പിച്ചു.
പ്രിന്‍സിപ്പലിന്റെ മേശപ്പുറത്തിരിക്കുന്ന ഫോണെടുത്ത് ഒരു നമ്പര്‍ കുത്തിയിട്ട് അവന്‍ പറഞ്ഞു-
"അമ്മയാണ്, ടീച്ചര്‍ സംസാരിക്ക്"-
അവരോട് അവന്റെ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ടീച്ചര്‍ക്ക് മനസ്സിലായി-
അവന്റെ അമ്മ മറ്റൊരാളുടെ ഭാര്യയായെന്നും അവന്‍ ഒരു ബാദ്ധ്യതയായെന്നും.
ടീച്ചര്‍ ഒന്നും മിണ്ടാതെ ഫോണ്‍ ക്രേഡലില്‍ വെച്ചു.
മറ്റൊരു നമ്പര്‍ കൂടി കുത്തിയിട്ട് അവന്‍ പറഞ്ഞു-"അച്ഛനാണ്, ടീച്ചര്‍ സംസാരിക്ക്"-
അച്ഛനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി അച്ഛന്‍ മറ്റൊരു സ്തീയുടെ ഭര്‍ത്താവാണെന്നും അവന്‍ ഒരു ബാദ്ധ്യതയാണെന്നും.
ഫോണ്‍ ക്രേഡലില്‍ വച്ച് ഒന്നും പറയാതെ ടീച്ചര്‍ അവന്റെ മുഖത്തേക്ക് നോക്കി.
അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി- അവന്‍ തന്നില്‍ തേടിയ സ്നേഹത്തിന്റെ നൊമ്പരം ടീച്ചര്‍ അറിഞ്ഞു.
നിറഞ്ഞൊഴുകുന്ന മിഴികളിലേക്ക് നോക്കി ആ മുഖം കൈകളില്‍ കോരിയെടുത്ത് ടീച്ചര്‍ പറഞ്ഞു-
"നിന്നെ ഞാനെന്റെ ഹൃദയത്തോട് ചേര്‍ക്കുന്നു കുഞ്ഞേ".ടീച്ചറിന്റെ കണ്ണുകളും നിറഞ്ഞു.
നിറഞ്ഞ മിഴിയിലെ കണ്ണുനീരില്‍ കൂടി പ്രിന്‍സിപ്പലിന്റെ
മുറിയില്‍ ഇരുന്ന വാചകങ്ങള്‍ ടീച്ചര്‍ വായിച്ചു
"കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിവരുന്നവനാണ് യഥാര്‍ത്ഥ അദ്ധ്യാപകന്‍".
രാധിക
11-ബി
കേന്ദ്രീയ വിദ്യാലയം
പാലക്കാട് 678623