ഡയറിയില്‍ രേഖപ്പെടുത്താത്ത ദേവപ്രിയയുടെ ദിവസം
-------------------------------------------
"യു എന്‍ജോ....?"
റിയാസിന്റെ ചുണ്ടില്‍ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് മുദ്രവെച്ച് ദേവി എന്ന ദേവപ്രിയ ആ ചോദ്യത്തെ പാതി വഴിയില്‍ കൊലചെയ്തു. പുതപ്പെടുത്ത് കഴുത്ത് വരെ മൂടി അവള്‍ അവനു നേരെ തിരിഞ്ഞുകിടന്നു.
"അരുത്.. അത് മാത്രം നീയെന്നോട് ചോദിക്കരുത്. ഓരോ ആക്രമണത്തിന് ശേഷവും തളര്‍ന്നു കിടക്കുന്ന എന്നോട് അയാള്‍ അങ്ങിനെ ചോദിക്കുമായിരുന്നു. കുത്തി തുളക്കുന്ന വേദനയും അരിച്ചു കയറുന്ന വിറയലും മറന്ന്, തേങ്ങലുകളെ അടക്കിവെച്ച്, ഞാന്‍ ഉത്തരം നല്‍കും .. ഉംoooo....."
മൂളലിന് ശക്തി കുറവാണെന്ന് തോന്നുമ്പോള്‍ അയാള്‍ വീണ്ടും ചോദിക്കും ... "പറയ്.... നിനക്കെന്താ തോന്നിയത്.. പറയ്.. കൃത്യമായി പറയ്...
" കുതറിച്ചാടുന്ന കരച്ചില്‍ കുഞ്ഞുങ്ങള്‍ പുറത്ത് കടക്കാതിരിക്കാന്‍ കടിച്ചുപിടിച്ച്, ഒരു ടര്‍ക്കിടവലില്‍ പൊതിഞ്ഞ് ഞാന്‍ എന്നെ തന്നെ ബാത്ത്റൂമില്‍ തള്ളി വാതില്‍ അടക്കുമ്പോഴെക്കും, അപ്പുറത്ത് കൂര്‍ക്കംവലി ഉയരാന്‍ തുടങ്ങിയിരിക്കും. ഒരു ദിനത്തിന്റെ അന്ത്യവും പുതുദിനത്തിന്റെ പിറവിയും ഞാന്‍ ആ ഷവറിന്റെ ചുവട്ടില്‍ ആഘോഷിക്കും. എത്ര തേച്ചുകുളിച്ചാലും പോവാതെ, അഴുക്കുകള്‍ ശരീരം മുഴുവന്‍ പറ്റിപിടിച്ചിരിക്കുന്നെന്ന്, അന്നൊക്കെ എനിക്ക് തോന്നുമായിരുന്നു. പിന്നെ തലപോലും തുവര്‍ത്താതെ, ബാക്കിവന്ന രാത്രിയെ ഉറങ്ങി തീര്‍ക്കാന്‍ ഒരു വിഫലശ്രമം."
"മതി നിര്‍ത്ത്.. നീ വന്നത് ആ ഓര്‍മ്മകളില്‍ നിന്ന് രക്ഷപെടാനല്ലെ.. വേണ്ടാ.. തല്‍ക്കാലം അതൊന്നും ഓര്‍ക്കണ്ട"
അവളുടെ മുടിയില്‍ വിരലോടിച്ച്, ആ കണ്ണുകളില്‍ ഉറ്റുനോക്കി, അവന്‍ വീണ്ടും ചോദിച്ചു..."
"എന്നാലും പറയ്.. നീ എന്റെ അടുത്ത് തോറ്റു പോയിട്ടില്ലെന്ന്.. ഇങ്ങിനെ ഒരു ദിവസം, അതെന്റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.. വിശ്വസിക്കാന്‍ ഇപ്പൊഴും കഴിയുന്നില്ല..."
അവന്റെ നോട്ടം താങ്ങാനാവാതെ ദേവി കണ്ണുകള്‍ ഇറുക്കിയടച്ചു.. അവര്‍ക്കിടയില്‍ പിറന്നുവീണ നിശബ്ദത പതുക്കെ പതുക്കെ കനം വെച്ച് ആ മുറി മുഴുവന്‍ നിറയുന്നതായി അവനു തോന്നി. അതില്‍ രാത്രിയുടെ കറുപ്പു കലരുന്നതായും. വിങ്ങല്‍ സഹിക്കാനാവാതെ അവളുടെ കണ്ണുകള്‍ തുറന്നുപോയി. അവളുടെ നോട്ടം ഉടക്കി നിന്നത് അവളെ തന്നെ നോക്കി നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവന്റെ കണ്ണുകളിലായിരുന്നു. അപ്പോള്‍ വര്‍ഷങ്ങളായി അവന്‍ ചോദിച്ചുകൊണ്ടിരുന്ന ആ സമ്മാനം അവള്‍ അവന് കൊടുത്തു. താഴോട്ടുള്ള യാത്രയില്‍ ഒരു മാത്ര സംശയിച്ചു നിന്ന ആ കണ്ണീര്‍തുള്ളികളെ റിയാസിന്റെ കവിളില്‍ നിന്ന് ദേവിയുടെ ചുണ്ടുകള്‍ ഒപ്പിയെടുത്തു. വിശ്വസിക്കാനാവാതെ ഒരു നിമിഷം. അവന്‍ അവളെ തന്റെ കൈകള്‍ക്കുള്ളിലാക്കി തന്നോട് ചേര്‍ത്തു. അവള്‍ ഭൂതകാലത്തിലേക്ക് കുതറിയോടാന്‍ ശ്രമിക്കുന്ന തന്റെ ഓര്‍മ്മകളെ, ഇന്നില്‍ തടഞ്ഞുനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അവന്റെ നെഞ്ചില്‍ തലവെച്ച്, ആ കൈകളുടെ സുരക്ഷിതത്വത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
നടന്നതത്രയും സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ അവന്‍ സ്വയം നുള്ളിനോക്കി. പിന്നെ ഒരു ചിരിയോടെ അവളുടെ ചുണ്ടുകളില്‍ തൊട്ടു, കവിളില്‍ തലോടി, പതുക്കെ കഴുത്തില്‍ ചിതറിക്കിടന്ന മുടിയിഴകള്‍ വകഞ്ഞുമാറ്റി. അപ്പോള്‍ തീരെ നേര്‍ത്ത അവളുടെ സ്വര്‍ണ്ണമാലയില്‍ അവന്റെ വിരലുകള്‍ ഉടക്കി. ഒരു ഞെട്ടലോടെ അവന്‍ കൈവലിച്ചു. തന്റെ കൈവിരലുകള്‍ നോക്കി പൊള്ളിയ പാടുകള്‍ കണ്ടെത്താനാവാതെ കുഴങ്ങി. നേര്‍ത്ത വിറയലോടെ അവന്‍ ആ മാല വീണ്ടും കയ്യിലെടുത്തു. അവളെ ഉണര്‍ത്താതെ അവന്‍ അത് കയ്യിലൂടെ കറക്കിവിട്ടു. പക്ഷെ ഒരു പ്രദക്ഷിണം കഴിഞ്ഞിട്ടും അവന്റെ കയ്യില്‍ തടഞ്ഞത് ആ മുത്ത് പതിച്ച ലോക്കറ്റ് മാത്രം. ശൂന്യമായ മോതിരവിരലും ചുവപ്പുമാഞ്ഞ സീമന്തരേഖയും അപ്പോഴാണ്` അവന്‍ ശ്രദ്ധിച്ചത്.
ഞായറാഴ്ച പ്രഭാതത്തിലെ ഉറക്കം കെടുത്താനായി ഫോണ്‍ അടിച്ചപ്പോള്‍ ദേഷ്യത്തോടെയാണ് എടുത്തത്. ഏതോ ബഹളത്തിന് നടുവില്‍ നിന്നാണ് അവളുടെ ശബ്ദം വന്നത്.
"ഞാനാണ്..."
"നിനക്ക് ഉറക്കമൊന്നുമില്ലെ.. രാവിലെ.. ഉം .. പറയ്..."
"നീ വേഗം വായോ.. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നത്.."
"ദൈവമേ.. ഇവിടെന്നോ..?"
ഒരു രാത്രിയുടെ യാത്രയില്‍ അവള്‍ എനിക്കരികില്‍ .. ആദ്യമായി അവള്‍ ഈ നഗരത്തില്‍, അതും എന്നെ തേടി...ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ തത്തികളിക്കുന്ന മനസ്സ്, അവളുടെ ഹലോ വിളികളില്‍ സന്തോഷത്തിനും അമ്പരപ്പിനുമായി പകുത്തുകൊടുക്കപ്പെട്ടു..
"ഞാന്‍ വരില്ല .. നിനക്ക് പറഞ്ഞിട്ടുവരാമായിരുന്നില്ലെ"
"അര മണിക്കൂര്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തുനില്‍ക്കും .. വരണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം "
എന്നും അതായിരുന്നു അവളുടെ അവസാനത്തെ ഉത്തരം . "നിന്റെ ഇഷ്ടം".. പുറത്ത് നേരിയ പ്രകാശം മാത്രം. അവള്‍ തനിച്ച് റെയില്‍വെസ്റ്റേഷനില്‍ .. ഭയം റിയാസിന്റെ വേഗതകൂട്ടി.. ആദ്യം കിട്ടിയ ഓട്ടോയില്‍ ചാടികേറി റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോഴും മനസ്സില്‍ പേടിയായിരുന്നു. പിന്നെ അവളെയും കൊണ്ട് എവിടെപോവുമെന്ന ചിന്തയും . മണിക്കൂറുകള്‍ തിരക്കുപിടിച്ച റെയില്‍വേസ്റ്റേഷനും, പാര്‍ക്കിനും പങ്കുവെച്ച് കൊടുത്തിട്ടും സൂര്യന്‍ പടിഞ്ഞാറെത്താന്‍ മണിക്കൂറുകള്‍ ബാക്കി. സമയം തള്ളാന്‍ റെസ്റ്റോറന്റുകളില്‍ കയറി കുടിച്ചു നിറച്ച കാപ്പി വിശപ്പിനെ കൊന്നിരിക്കുന്നു. റൂംമേറ്റ്സിന്റെ തുടരെയുള്ള ഫോണ്‍ വിളികള്‍ .. പറയാതെ എവിടെപോയെന്ന ചോദ്യം ...
പാര്‍ക്കിലെ പേരറിയാത്ത പൂമരത്തിന്റെ ചുവട്ടില്‍ കാല്‍ മുട്ടുകളില്‍ തല താങ്ങിയിരിക്കുമ്പോള്‍, അവന്റെ കണ്ണില്‍ നനവ് പടരാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കപ്പുറം അവളുടെ കൈവിരലുകള്‍ അവന്റെ ചുമലില്‍ തൊട്ടു. അവന്റെ മുഖത്ത് നോക്കാതെ ബാഗില്‍ എന്തോ തിരയും പോലെ അവള്‍ പറഞ്ഞു.
"എനിക്കൊന്നു കുളിക്കണം.. ഇന്നലെ രാവിലെ ഇട്ട ഡ്രെസ്സാണ്`... ഇരിക്കാന്‍ പോലും സീറ്റില്ലാരുന്നു ട്രെയിനില്‍ ..വിയര്‍ത്തൊഴുകി, ആകെ നാശായി.. വാ.. നമുക്ക് പോവാം .. വൈകീട്ട് ഏഴിനാണ് തിരിച്ചുള്ള ട്രെയിന്‍ .. നാളെ രാവിലെ ഓഫീസില്‍ എത്തണ്ടതാ..."
കുറച്ച് വാചകങ്ങളില്‍ അവള്‍ കൃത്യമായി ഒരു കാര്യം പറഞ്ഞിരിക്കുന്നു. നിനക്ക് ഞാന്‍ ഒരു ശല്യമാവില്ല. ഈ പകല്‍ കൊഴിയുമ്പോള്‍ ഞാനിവിടം വിടും. പാറിപറന്ന മുടിയിഴകള്‍ കൈകൊണ്ട് മാടിയൊതുക്കി, ചുരിദാറില്‍ പറ്റിയ മണ്‍തരികളെ തട്ടികളഞ്ഞ് അവള്‍ എഴുന്നേറ്റു. പിന്നെ നിറഞ്ഞു കവിഞ്ഞ അവന്റെ കണ്‍കളെ അവഗണിച്ചുകൊണ്ട്.. എഴുന്നേല്‍ക്കാനായി കൈനീട്ടി.
പുറത്തേക്ക് നടക്കുമ്പോഴാണ് അവന്‍ പറഞ്ഞത്.
"സണ്‍ഡെ അല്ലെ .. റൂമില്‍ എല്ലാരും ഉണ്ട്. നീ വന്നത് അവര്‍ക്കാര്‍ക്കും അറിയില്ല. നിന്നെ കൊണ്ട്. അവിടെ. എങ്ങിനെയാ ചെല്ലാ..."
ശബ്ദം ഇടറാതിരിക്കാന്‍ ആവതും ശ്രമിച്ചുകൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു...
"അയ്യേ .. നീ ഒരു ബുദ്ദൂസ്സ് തന്നെ.. അല്ലെങ്കില്‍ ഞാനങ്ങോട്ട് വരാനിരിക്കല്ലെ.. ആരാടാ നിങ്ങടെ ബാച്ചലേഴ്സ് ഡെന്നില്‍ വരാ.."
ഹോട്ടല്‍ റെജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ അവന്റെ കൈവിറക്കുന്നത് അവള്‍ അറിഞ്ഞു... റൂം തുറന്നു കൊടുത്ത മീശമുളക്കാത്ത പയ്യന്റെ ചെരിഞ്ഞു പോയ ചിരിയുടെ അര്‍ത്ഥം അവളുടെ ഉള്ളില്‍ ഉണങ്ങാത്ത ഒരു ചോദ്യത്തിന്റെ ഓര്‍മ്മയുണര്‍ത്തി.
ആദ്യരാത്രിയിലെ എണ്ണം മറന്നുപോയ താണ്ഡവങ്ങള്‍ക്കൊടുവിലാണ് അയാള്‍ അത് ചോദിച്ചത്..
"ആര്‍ യു എ വെര്‍ജിന്‍ ..?"
അവളിലെ ധിക്കാരി അടിപതറിയ നിമിഷം .. നുണയാണെങ്കിലും നോ എന്ന ഒരുത്തരം കൊണ്ട് ഒരു ജന്മം മുഴുവന്‍ അയാളെ വേദനിപ്പിക്കാമായിരുന്നു.. പക്ഷെ... ആ ദിവസത്തില്‍ ആദ്യമായി ദേവി അവളെ കുറിച്ച് ഓര്‍ത്തു. അവള്‍ എന്തിനാണ് വന്നതെന്നും... എല്ലാവരുടെ മുന്നിലും അഭിനയിച്ച്, ജീവിതവും അഭിനയവും തിരിച്ചറിയാതായപ്പോഴത്തെ ഒരു ഒളിച്ചോട്ടം. തന്നെ മനസ്സിലാക്കാനാവുന്ന ഒരാളുടെ അരികില്‍, എല്ലം മറന്നൊന്ന് പൊട്ടികരയാന്‍ , എന്നിട്ടിപ്പോള്‍ ...സൌഹൃദമോ പ്രണയമോ എന്തു പേരിട്ടു വിളിച്ചാലും .. അതൊരുവിശ്വാസമായിരുന്നു... എല്ലാം തകരുന്നെന്നു തോന്നുമ്പോള്‍, ഒരു വിളിക്കപ്പുറം, തനിക്കൊരാള്‍ ഉണ്ടെന്ന വിശ്വാസം. അല്ലെങ്കില്‍ നുണകള്‍ക്കുമീതെ നുണകള്‍ നിരത്തി ഇന്നലെ വണ്ടി കയറുമ്പോള്‍ അതിനപ്പുറം മറ്റൊന്നും ഓര്‍ത്തതുകൂടിയില്ല.
ഉറക്കത്തില്‍ ദേവി ഒന്നുകൂടി റിയാസിനോട് ചേര്‍ന്നുകിടന്നു. അവന്റെ മനസ്സില്‍ ഒരു സ്ലൈഡ്ഷോ നടക്കുകയായിരുന്നു. ദേവിയുടെ ഈറന്‍ മുടിയില്‍ നിന്നും അവന്റെ മുഖത്ത് വീണ വെള്ളതുള്ളികള്‍.. അവളുടെ കൈവിരലുകള്‍ തലോടിയ അവന്റെ നിറഞ്ഞ കണ്ണൂകള്‍ ...ഒരു നിശ്ചലദൃശ്യം പോലെ അവനരികില്‍ ഇരിക്കുന്ന ദേവി. .. പിന്നെ..
ഒരു ഞെട്ടലോടെ ദേവി ചാടിയെഴുനേറ്റു..
"എന്റെ ട്രെയിന്‍ ..."
സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനിലെത്തുമ്പോള്‍ അവള്‍ക്കുവേണ്ടി കാത്തുകിടക്കുന്നതെന്നപോലെ വണ്ടി സ്റ്റേഷന്‍ വിടാന്‍ തുടങ്ങുന്നു. യാത്രാമൊഴികളില്ലാതെ, ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.. അവളും ആ തിരക്കിന്റെ ഭാഗമായി...
ഇന്ന് തിങ്കള്‍ ... ഓഫീസിന്റെ മടുപ്പിക്കുന്ന ഏകതാനതയിലേക്ക് അവള്‍ ആഴ്ന്നിറങ്ങും. കഴുത്തില്‍ താലിയും സീമന്തരേഖയില്‍ കുങ്കുമവും, മോതിരവിരലില്‍ കല്യാണമോതിരവുമായി. രാത്രിയില്‍ ഹോസ്റ്റല്‍ മുറിയുടെ അരണ്ടവെളിച്ചത്തില്‍ അവള്‍ ഡയറിയുടെ താളുകള്‍ മറിക്കും...
ഇന്ന്......
വര്‍ഷങ്ങളുടെ മൌനത്തിന്` ശേഷം എന്റെ മിത്തു വിളിച്ചു.. അവളുടെ കിഷോറില്‍ നിന്നും കിട്ടിയ ഒരു ഫോണ്‍കാളിന്റെ സന്തോഷം പങ്കുവെക്കാന്‍ ...സുജിത് ഇന്ന് ഗായത്രിയെ കണ്ടു.. അവന് ഏറ്റവും ഇഷ്ടപ്പെട്ട ഓറഞ്ച് മിഡിയിലായിരുന്നു അവള്‍....ഉണ്യേട്ടന് വീണ്ടും ഹാര്‍ട്ട് അറ്റാക്ക്.. ശ്രീചിത്രയിലേക്ക് കൊണ്ടുപോവുന്നു... ഇന്ന് ഡാവിഞ്ചികോഡ് വായിച്ചു തീര്‍ക്കണം... after all Christ also a human .. a man of flesh and blood.. and also of feelings...
പിന്നെ അവള്‍ ഒരു താള്‍ പുറകോട്ട് മറിച്ചു.. തലേന്നാളത്തെ ദിനകുറിപ്പ് എഴുതാന്‍ ...
അവള്ക്ക് വേണ്ടി മറ്റുള്ളവര്‍ അത് ഇങ്ങിനെയായിരിക്കും എഴുതിയിരുന്നത്.
ദേവിയുടെ കഴുത്തില്‍ താലികെട്ടിയതിനാല്‍ അവളുടെ ഭര്‍ത്താവായി തീര്‍ന്ന 'അ'യാളുടെ കണക്കില്‍ അവള്‍ ഇന്നലെ ഹോസ്റ്റലിലാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍ റെജിസ്റ്ററില്‍ എഴുതിയത് പ്രകാരം അവള്‍ ഇന്നലെ ദൂരെ നഗരത്തില്‍ ഏതോ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുകയായിരുന്നു. അവളുടെ വീട്ടുകാരുടെ അഭിപ്രായത്തില്‍ വിവാഹിതയായ അവള്‍ എവിടെയെന്നത് അവര്ക്ക് അപ്രസക്തം. കൂട്ടുകാര്‍ക്ക്, ദേവിയുടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി കംപ്ലൈന്റ് കാരണം അണ്‍റീച്ചബിള്‍ ആയിരുന്നു.
അത് ഓഫ് ആയിരുന്നെന്ന് അവര്‍ അറിയുന്നില്ലല്ലോ... വഴിവക്കിലെ കടലവില്‍പ്പനക്കാരന്‍ അവള്‍ വരാത്തതും രണ്ട് രൂപയ്ക് കടലവാങ്ങാത്തതും ശ്രദ്ധിച്ചുകാണുമോ.. സാധ്യതയില്ല..
ഇത്രയും ചിന്തിക്കുന്നതിനിടയില്‍ അവള്‍ ഒരേ താള്‍ പലതവണ മുമ്പോട്ടും പുറകോട്ടും മറിച്ചു. ശനിയാഴ്ച്ചക്കുശേഷം തിങ്കളാഴ്ച. ഇടയില്‍ ഒരു താള്‍ കാണുന്നില്ല.. പ്രിന്റിംഗ് മിസ്റ്റേക്ക് അല്ലെങ്കില്‍ ബയന്റിംഗ് മിസ്റ്റേക്ക്.. ഡയറിയില്‍ ഒരു താള്‍ നഷ്ടമായിരിക്കുന്നു..
അവള്‍ ഒരു ചെറുചിരിയോടെ ഡയറിയടച്ചു വെച്ചു. കിടക്കവിരിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടുകിടന്നു.. മൊബൈലിലെ ഫോണ്‍ ബുക്കില്‍ നിന്നും 666 എടുത്തു..
പിന്നെ ഒരു മന്ത്രണം പോലെ അവനോട് ഇങ്ങനെ പറഞ്ഞു... You my devil.. Good Night.."
---------------------------------------------------------
ഇട്ടിമാളു