ചേരിയിലെ മഴ

നാട്ടിലും നഗരത്തിലും മഴപെയ്തുകൊണ്ടിരുന്നു. കൂട്ടത്തില്‍ ചേരിയിലും.
“പണ്ടാറടങ്ങിയ മഴ”
ചേരിയിലെ കല്പണിക്കാരന്‍ ബാലന്റെ ഭാര്യ മഴയെ പ്രാകി. മഴ എന്നിട്ടും അലംഭാവമില്ലാതെ ധിക്കാരാപൂര്‍വ്വം പെയ്തുകൊണ്ടിരുന്നു.ചേരിയില്‍ മഴയെങ്കിലും പെയ്യാതിരിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള സൌഭാഗ്യങ്ങളും കൊണ്ടല്ലാല്ലൊ ചേരിയിലേക്കുള്ള മഴയുടെ വരവ് ചേരിയിലുള്ളവര്‍ക്ക് സ്വന്തമായി വയലുകളോ ഫാക്ടറികളോ ഇല്ല. സ്വന്തമായി ഒരു കിണറുപോലുമില്ല.

സദാ അഴുക്കുവെള്ളം കെട്ടികിടക്കുന്ന ചതുപ്പുനടുത്തൂള്ള ഒരു പൊതു പൈപ്പില്‍നിന്നാണ് ചേരിയിലുള്ളവര്‍ വെള്ളമെടുക്കുന്നത്. കുടിക്കാനും ഭക്ഷണമുണ്ടാക്കാനുമൊഴിച്ചാല്‍ വെള്ളം കൊണ്ടുള്ള മറ്റു കാര്യങ്ങള്‍ക്ക് ആ പൈപ്പില്‍ നിന്ന് വരുന്ന് വെള്ളം തികയില്ല അതുകൊണുതന്നെയാവാം ആ വകകാര്യങ്ങളില്‍അ വര്‍ക്ക് അത്ര നിഷ്കര്‍ഷയുമില്ല. എന്തായാലും യാതൊരു തത്വദീക്ഷയുമില്ലാതെ ഇങ്ങനെ കോരിചൊരിയുന്നമഴയും പൈപ്പില്‍ നിന്ന് വരുന്ന ഇത്തിരിവെള്ളവും തമ്മില്‍ ബന്ധപ്പെടുത്തുക വയ്യ.

മഴ ചേരിക്ക് ഒരു പഞ്ഞകാലവും കൊണ്ടാണ് വരുന്നത്. എന്നിട്ടും മഴയുടെ ആഘോഷം ചേരിയിലും നിര്‍ബാ‍ധം തുടരുന്നു

അല്ലെങ്കില്‍തന്നെ സമൂഹത്തിലെ ഏതുകാര്യമാണ് ചേരിയുടെ ക്ഷേമത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യുന്നത്. മഴയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മഴ പ്രകൃതിയില്‍നിന്നാണ് വരുന്നതെന്നും നിലനില്‍പ്പിന് ആവശ്യമാണെന്നും വാദത്തിനുവേണ്ടി പറയാം. പക്ഷെ ചേരിയിലുള്ളവരെ സംബന്ധിച്ച് ദോഷങ്ങളെ ഉത്സര്‍ജ്ജിക്കുന്ന ഒരു സാമൂഹ്യവ്യവഹാരം മാത്രമാണ് മഴ.

റെയില്‍ പാളത്തിനടുത്ത് ചെങ്കുത്തായി, നീളനെ ഉയര്‍ന്നുനില്‍ക്കുന്ന വീതികുറഞ്ഞ വെട്ടുകല്‍ത്തിട്ടയില്‍ ചേരി നില്‍ക്കുന്നു. ചേരിയിലെ കുടിലുകളുടെ എണ്ണവും അവിടത്തെ സ്ഥലസൌകര്യവും തമ്മിലുള്ള അനുപാതത്തെ പരിശോധിച്ചാല്‍, നഗരത്തിലെ താമസസംവിധാരംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന എല്ലാ പുതുമകളും അര്‍ഥശൂന്യമാണെന്ന് തോന്നാം. നഗരത്തിലെ മറ്റിടങ്ങളില്‍ പലതും, നഗരഹൃദയം സാംസ്കാരിക സമുച്ചയം എന്നിങ്ങനെ നിരന്തരം വിശേഷിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ചേരിയെ നഗരത്തിന്റെ കുപ്പത്തൊട്ടിയായി എല്ലാവരും കരുതി. എങ്കിലു, ചേരിയില്‍ ജീവിതങ്ങള്‍ പുലര്‍ന്നുകൊണ്ടിരുന്നു.

മഴ ഇങ്ങനെ തുടങ്ങിയിട്ട് ഒരാഴ്ചയോളമേ ആയിട്ടുള്ളു. ചേരിക്കാരുടെ വയറുകളില്‍ ശൂന്യത പരക്കാന്‍ ആ കാലയളവുതന്നെ ധാരാളം .കുപ്പിപാട്ടകളും, ചപ്പുചവറുകളും പെറുക്കുന്നവര്‍ തുടങ്ങി അല്ലറ ചില്ലറ മോഷണങ്ങള്‍ നടത്തി ജീവിക്കുന്നവര്‍ വരെ ചേരിയിലുണ്ട്. ഒരു മഴക്ക് നിഷ്പ്രയാസം തകര്‍ക്കാവുന്നതായിരുന്നു. അ വരുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍. എന്നിട്ടും ചേരിയില്‍ മഴയിങ്ങനെ കോരിചൊരിയുന്നത് ആരുടെയും സവിശേഷശ്രദ്ധയെ ആകര്‍ഷിച്ചില്ല.

നാടും നഗരവും മഴയെ എതിരേല്‍ക്കുകയും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്തു. ജലസംഭരണികളിലെ ജലനിരപ്പ് ഉയരുന്നതുകണ്ട് അധികാരികള്‍ ആശ്വസിച്ചു. മലയിലെമരം വെട്ടിയതുകൊണ്ട് മഴപെയ്തില്ലെന്ന് ഇനിയാരും പറയില്ല. കവികള്‍ക്കും കലാകാരന്മാര്‍ക്കും മഴയെനോക്കി ഭാവനകൊള്ളാം, സൃഷ്ടിനടത്താം. പക്ഷെ ചേരിനിവാസികള്‍ക്ക് അങ്ങനെയല്ലല്ലോ.

മഴ ആവരുടെ ജീവിതങ്ങളെ കുത്തിയൊലിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നതുപോലെ വാശികാണിച്ചു. ചേരിയിലെ കുട്ടികളുടെ വക്ക്പൊട്ടിയ കവിടിപിഞ്ഞാണങ്ങളില്‍ കഞ്ഞിയുടെ അളവ് കുറഞ്ഞു. കൂടാതെ ഉള്ളതു തന്നെ കഴിക്കാന്‍ സാധിക്കാത്തതരത്തിലുള്ള അസുഖങ്ങളും പിടിപ്പെട്ടുതുടങ്ങി.

“കുട്ടിക്ക് വയറെളക്കാണല്ലോ , കയ്യിലാണെങ്ങെ ഒരുപത്ത് കാശുപോലുല്ല്യാല്ലൊ ദൈവമേ” ബാലന്റെ ഭാര്യ ദൈവത്തിനോട് ആവലാതിപറഞ്ഞുനോക്കി.

റെയില്‍ പാളത്തിന്റെ അപ്പുറത്തെ ഓരത്തുക്കൂടി കുറച്ചുപോയാല്‍ കാണുന്ന കോവിലില്‍ മഞ്ഞള്‍പൊടിയിലും കുങ്കുമത്തിലും മുങ്ങി ചേരിയുടെ ദൈവം ഉറങ്ങി. അവരെപോലെ തന്നെ പരാധീനതകളുടെ ഭാണ്ഡംഅഴിക്കാതെ അതിനുമുകളില്‍ തലവെച്ചാണ് ആ ദൈവത്തിന്റെ കിടപ്പ്.

പക്ഷെ വേറെ ക്ഷേത്രങ്ങളിലേക്കൊന്നും മുക്തിതേടി ചേരിയിലുള്ളവര്‍ പോയില്ല. സംഭാവനകളും വഴിപാടുകളും പൊന്നില്‍ തുലാഭാരങ്ങളും ലഭിച്ച് കനകശരീരികളായി സസുഖം വാഴുന്ന മറ്റ് ദൈവങ്ങളെ കുറിച്ചോ അവര്‍ക്കുകിട്ടുന്നതിലൊരോഹരി പിച്ചചോറ് കൊടുക്കാനായി നീക്കിവയ്ക്കുന്ന അവരുടെ വാസസ്ഥാനങ്ങളെക്കുറിച്ചോ അവര്‍ക്കറിയാത്തതാവാം കാരണം. അല്ലെങ്കില്‍ കനമുള്ള മടിശീലകളുമായി അവിടേക്കുപോകാന്‍ കഴിവില്ലാത്തതാകാം.

കറിക്കൂ ചേര്‍ക്കാന്‍ കൊണ്ടുവരുന്ന മഞ്ഞള്‍പൊടിയില്‍ ഓരോഹരിയോ അല്പം വിളക്കെണ്ണയോ കൊടുത്ത് അവരുടെ സ്വന്തം ദൈവത്തിന്റെ പ്രീതിനേടാന്‍ ചേരിയിലുള്ളവര്‍ ശ്രമിച്ചു. പക്ഷെ ശക്തി പോരാഞ്ഞിട്ടാകാം അവരുടെ ചിരന്തനമായ ജീവിതങ്ങളുടെ ഗതിവിഗതികളില്‍ ഗുണപരമായ ഒരുമാറ്റവും വരുത്താന്‍ ആ ദൈവത്തിനായില്ല.

കുടിലിന്റെ മേല്‍ക്കൂരയില്‍ മഴ പുതിയൊരുദ്വാരം കൂടി കണ്ടെത്തിയപ്പോള്‍ ബാലന്‍ അല്പം കൂടി നീങ്ങിയിരുന്നു. ഇറ്റുവീണ മഴത്തുള്ളികള്‍ മണ്ണുപൊത്തിയുണ്ടാകിയ തറയില്‍ വ്രണങ്ങളെപോലെയുള്ള കുഴികള്‍ സൃഷ്ടിച്ചു രസിച്ചു. ചേരിയിലെ ഓരോ കുടിലിന്റെയും ഇടയിലുള്ള ഇടുങ്ങിയ നടവഴികളെ കുതിര്‍ത്ത് ചെളിയാക്കികൊണ്ട് മഴ പുതിയൊരു താളക്രമം ആവിഷ്കരിച്ചു. തൊട്ടപ്പുറത്തെ അഴുക്കുകൂനയിലെ വസ്ത്തുക്കളെ കൂടി അലിയിച്ചെടുത്ത മഴവെള്ളം വല്ലാത്ത ദുര്‍ഗന്ധം പരത്തി കൊഴുത്തൊഴുകി. ചേരിയില്‍ മഴ അഴുക്കുകളെയാണ് പെയ്യിക്കുന്നത്

വാക്കുകളച്ചടിച്ച പഴയൊരു കടലാസുകഷണം തിരിച്ചും മറിച്ചും നോക്കുകയായിരുന്നു ഇതേവരെ ബാലന്‍. കഴിഞ്ഞ ദിവസങ്ങളിലെന്നോ നാലച്ചു ശര്‍ക്കരയോ കുറച്ച് കാപ്പിപൊടിയോ പൊതിഞ്ഞുകൊണ്ട് വരപ്പെട്ടതായിരുന്നു ആ കടലാസ് കഷ്ണം. അതയാള്‍ വായിക്കുകയായിരുന്നു എന്ന് പറയുക വയ്യ. അക്ഷരങ്ങള്‍ കഷ്ടി കൂട്ടിവായിക്കനയാള്‍ക്കറിയാം. എന്നാലും വായന അയാള്‍ക്കു ശീലമുള്ള കാര്യമല്ല. യാദൃശ്ചയാ കാണുന്ന വര്‍ത്തമാന പത്രങ്ങള്‍ ഇതേപോലെ ഒന്നു നോക്കാറുണ്ടെങ്കിലും അവയിലൊക്കെ അച്ചടിച്ചുവരുന്ന കാര്യങ്ങള്‍ തങ്ങള്‍ക്കുള്ളവയല്ല എന്ന് സാമാന്യജ്ഞാനം ബാലനുണ്ട്. അതിലുപരി, അറിയാനോ മനസ്സിലാക്കനോ ക്ഷുദ്രമായിട്ടുപോലും രസനകളെ ഉണര്‍ത്താനോ ഉതകുന്ന ഒരു പ്രക്രിയയായി വായന അയാളില്‍ പരിണമിച്ചില്ല.

വേനലിലൊന്നു വന്നുപോകുന്ന മാരിയമ്മന്‍ കോവിലിലെ”കരകാട്ടം” രാത്രിയാമങ്ങളുടെ നിത്യമായ പോക്കുവരവുകളിലെപ്പോഴോ സംഭവിക്കുന്ന ചില അര്‍ദ്ധമൂര്‍ഛകള്‍ ഇവയില്‍ തീര്‍ന്നു അയാളുടെയും ഭാര്യയുടെയും രസങ്ങള്‍. ഈ രണ്ടു കാര്യങ്ങളെയും സമയത്തിന്റെ അനുസ്യൂതമായ ഒഴുക്കിനെ കുറിച്ചോര്‍ക്കാതെ അവര്‍ എപ്പോഴുംകാത്തിരുന്നു. ഒരു പക്ഷേ സമയത്തോടുള്ള ഈ അവഗണനയാവാം എല്ലാ ദുഃഖ ദുരിതങ്ങളില്‍ നിന്നും അവരെ അതിജീവിപ്പിച്ചുനിര്‍ത്തുന്നത്.

ബാലനെത്ര വയസ്സായെന്നയാള്‍ക്കറിയില്ല. അയാളുടെ അമ്മ മരിക്കുന്നതിനുമുമ്പ് പറയുന്നതു കേട്ടിട്ടുണ്ട് “ഒരു കൊല്ലം കരകാട്ടത്തിന്റന്നാണ് ഓനെ പെറ്റത്.” ആ കൊല്ലം തന്നെ അയാളുടെ അച്ഛന്‍ ചേരിയില്‍ തന്നെയുണ്ടായിരുന്നു വോറൊരു പെണ്ണിനെയുംകൊണ്ട് കടന്നുകളഞ്ഞെന്നും പറയും.

ഭാര്യ അയാളെ എന്തിനോ വിളിച്ചു. ഇരുന്ന ഇരുപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ അയാള്‍ക്കു മടിതോന്നി. മഞ്ഞള്‍ തേച്ച ഒരു താലിചരട് അവളുടെകഴുത്തില്‍ കെട്ടുന്നതിനു മുമ്പ് തന്നെ മനസ്സും ശരീരവും അറിഞ്ഞതാണയാള്‍. കല്ല്യാണത്തിന് നാലുമാസങ്ങള്‍ക്കുശേഷം ആദ്യകുഞ്ഞും ജനിച്ചു അത്, പക്ഷെ പ്രസവത്തിലേ മരിച്ചുപോയി. ചേരിയില്‍ തന്നെയുള്ള അയാളുടെയും അവളുടെയും ബന്ധുക്കള്‍ പറഞ്ഞു.

“മാരിയമ്മന്റെ കോപാ, തെറ്റി നടന്നതിന്”

രക്ഷിക്കാറില്ലെങ്കിലും ശിക്ഷിച്ചുകൊണ്ട് ദൈവം തന്റെ സാന്നിദ്ധ്യമിങ്ങനെ ഇടക്കറിയിക്കാറുണ്ട്.

അയാള്‍ ഭാര്യയെനോക്കി. കല്ല്യാണത്തിനുമുമ്പും, ശേഷം ആദ്യദിനങ്ങളിലും അവള്‍ക്കൊരു കൊതിപ്പിക്കുന്ന മണമുണ്ടായിരുന്നു. പിന്നെപ്പിന്നെ അതെങ്ങിനെ ഇല്ലാതായെന്ന് അയാള്‍ക്കറിയില്ല. നല്ല ഭക്ഷണത്തിന്റെ ഗന്ധത്തെ സങ്കല്‍പ്പിച്ച് ഉള്ളത് കഴിച്ച് വിശപ്പടക്കുന്ന ദരിദ്രരായ കുട്ടികളെപോലെയാണ് അവര്‍.

ഭാര്യ വീണ്ടുമയാളെ വിളിച്ചപ്പോള്‍ നോക്കികൊണ്ടിരുന്ന കടലാസുകഷ്ണം ചുരുട്ടി മഴവെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ എഴുന്നേറ്റുപോയി. വയറിളക്കം ബാധിച്ച രണ്ടാമത്തെ കുഞ്ഞിനെ താങ്ങിയെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ ഭാര്യയെ സഹായിച്ചു. ശീലയുടെ തടസ്സത്തെക്കാള്‍ കീറലുകളുടെ തുറസ്സുകളുള്ള ഒരു കുടയുടെ കീഴില്‍ ഭാര്യ കുഞ്ഞിനെ വെളിക്കിരുത്താന്‍ നടത്തികൊണ്ടുപോയി. അയാള്‍ വീണ്ടും പഴയസ്ഥലത്തുപോയി കൂനികൂടിയിരുന്നു.

വാടിയൊരു ചേമ്പിന്‍ തണ്ടുപോലെ തളര്‍ന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്ന് കിടത്തുമ്പോള്‍ ഭാര്യ അയാളെയും പ്രാകി.

കുട്ടിക്ക് ദീനം കൂടി നശിച്ച മനുഷ്യന് ഒരുകുലുക്കോല്ല്യ”

അതും അയാളെ അനക്കാന്‍ പ്രാപ്തമായിരുന്നില്ല. അയാള്‍ നിര്‍വ്വികാരമായൊരു അവധാനതയോടെ മഴയെ തന്നെ നോക്കിയിരുന്നു. മഴയാകട്ടെ എല്ലാ താളക്രമങ്ങളും വിട്ട വെളിവുകെട്ട ഒരട്ടഹാസമായി അയാളുടെ മുന്നില്‍ പരിണമിച്ചു.

അനില്‍കുമാര്‍, കോലാഴി.


-, തൃശ്ശുര്‍,



Your response will be e-Mailed to the poster.