യാത്രപറഞ്ഞ് വാതില്‍ക്കലേക്ക് നടന്നപ്പോള്‍ ചിഞ്ചു രാജീവിനെ അനുഗമിച്ചു.
അവനിലെ ഭാവമാറ്റം അവളുടെ ശ്രദ്ധയില്‍പെട്ടു. എങ്കിലും അത് സൂചിപ്പിക്കാതെ
അവന്റെ മനസ്സ് വായിക്കാന്‍പോലും തനിക്കാവുമെന്ന് ബോധ്യപ്പെടുത്താനായി അവള്‍
തെളിഞ്ഞ പുഞ്ചിരിയോടെ അവനോട് മൊഴിഞ്ഞു. `അധികം താമസിയാതെതന്നെ വീണ്ടുമൊരു കൂടിക്കാഴ്‌ചയ്‌ക്ക് അവസരമുണ്ടാകും.` അല്‌പം മുന്‍പ് പെയ്‌തൊഴിഞ്ഞ പെരുമഴയുടെ തണുപ്പ് തറയിലെ മാര്‍ബിള്‍ ഏറ്റുവാങ്ങിയത് അസ്വസ്ഥമായി അവന്‍ കാല്‍ചുവട്ടില്‍ അറിഞ്ഞു. ധരിച്ചിരുന്ന കോട്ടണ്‍ ഷര്‍ട്ടും പാന്റ്‌സും അവിടവിടെ വിയര്‍പ്പുകൊണ്ട് നനഞ്ഞിരുന്നു. അത് മഴയുടെ ഏറ്റവും തീക്ഷ്‌ണമായ ദിവസങ്ങളിലൊന്നായിരുന്നു. എത്രയും പെട്ടെന്ന് അവിടെനിന്ന് പോകണമെന്ന് അവന്‍ ആഗ്രഹിച്ചു. വാതില്‍ തുറക്കാന്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തി പ്രണയപൂര്‍വം അവള്‍ അവന്റെ മാറില്‍ ചുംബിച്ചു. അത്തരം സ്‌്‌നേഹപ്രകടനങ്ങള്‍ക്ക് സന്നദ്ധമായ മനസ്സായിരുന്നില്ല രാജീവിനപ്പോള്‍. അവളോട് വീണ്ടുമൊരു യാത്രപറച്ചിലിനു നില്‌ക്കാതെ പെട്ടെന്നുതന്നെ അവിടെനിന്ന് രാജീവ് പുറത്തേക്കിറങ്ങി.
നേര്‍ത്ത ചാറ്റല്‍മഴയെ അവഗണിച്ച് തിരക്കേറിയ നടപ്പാതയിലൂടെ ലക്ഷ്യമില്ലാതെ
നടന്നു. വിയര്‍ത്തുനനഞ്ഞ ശരീരത്തില്‍ തണുത്ത കാറ്റടിച്ചപ്പോള്‍ വല്ലാത്ത
കുളിരനുഭവപ്പെട്ടു. ചൂടുള്ള ഒരു കപ്പ് കാപ്പി കഴിക്കാന്‍ തോന്നി അവനപ്പോള്‍.
ചിഞ്ചുവും താനും പതിവായി കാപ്പി കഴിക്കുന്ന ഭോജനശാല അധികം
അകലെയല്ലായിരുന്നുവെങ്കിലും അവിടേക്ക് പോകാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. തന്റെ
ഇപ്പോഴത്തെ അവസ്ഥയില്‍ അല്‌പനേരം ചെലവഴിക്കാന്‍പറ്റിയ ഇടമായിരിക്കില്ല അതെന്ന് അവന് തോന്നി. ആഹ്ലാദകരമായ നിമിഷങ്ങള്‍ മാത്രമാണ് ചിഞ്ചുവുമായി താനവിടെ ചെലവഴിച്ചിട്ടുള്ളതെന്ന് അവനോര്‍ത്തു. വഴിയരികില്‍ കണ്ട തിരക്കു കുറഞ്ഞ ഒരു ചായപ്പീടികയില്‍ കയറി. തകരപ്പാട്ടകൊണ്ടുണ്ടാക്കിയതെങ്കിലും വൃത്തിയും വെടിപ്പുമുണ്ടായിരുന്നു അവിടെ. രാജീവ് ഒരു കപ്പ് കാപ്പിക്ക് നിര്‍ദേശം
നല്‌കി. ചിഞ്ചുവിനോടൊപ്പമാണെങ്കില്‍ അവനുമേല്‍ തന്റെയൊരു
അവകാശപ്രഖ്യാപനമെന്നനിലയില്‍ എല്ലായ്‌പോഴും വിഭവങ്ങള്‍ നിര്‍ദേശിക്കുന്നത്
അവളായിരുന്നു. എതിര്‍ത്തൊന്നും പറയാതെ അവളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കാറുണ്ട് രാജീവ്. അപ്പോള്‍ അവളില്‍ തെളിയുന്ന പ്രണയം കലര്‍ന്ന ഗൗരവം കാണാനായി പലപ്പോഴും അവന് ഇഷ്ടമല്ലാത്ത പാലക് പനീറും തന്തൂരി റൊട്ടിയും കഴിക്കേണ്ടിവന്നിട്ടുണ്ട്. തന്റെ നിഗമനങ്ങള്‍ എല്ലായ്‌പ്പോഴും ശരിയാണെന്ന വിശ്വാസത്തെ തിരുത്തിയ, തന്നെ അധികാരപൂര്‍വം കവര്‍ന്നെടുത്ത സംഭവം ഓര്‍മപ്പെടുത്തി അവളെ ലജ്ജയാല്‍ മൂടിയാലോ എന്ന് രാജീവ് പലപ്പോഴും വിചാരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഔചിത്യമില്ലായ്‌മയുടെ തീര്‍ച്ചപ്പെടലുകളില്‍ പിന്മാറുകയായിരുന്നു.
അത്തരമൊരു ഓര്‍മപ്പെടുത്തല്‍ അന്നത്തെ ദിവസങ്ങളിലെന്നെങ്കിലും
നടത്തിയിരുന്നെങ്കില്‍.
മേശപ്പുറത്തു കൊണ്ടുവെച്ച ആവിയുയരുന്ന കാപ്പി അവന്‍ അല്‌പാല്‌പമായി കുടിച്ചു. മനസ്സിലെ നിലയ്‌ക്കാത്ത ദൃശ്യങ്ങളില്‍ അവന്‍ അസ്വസ്ഥനായി. ഒരിക്കലും കഴുകി വൃത്തിയാക്കാനാവാത്തവിധം ചളിപറ്റിയ ശരീരവുമായാണ് താനിരിക്കുന്നതെന്ന ശുദ്ധമായ അസംബന്ധം തികഞ്ഞ യാഥാര്‍ഥ്യമായി അനുഭവിക്കുകയായിരുന്നു അവന്‍. എത്രയും പെട്ടെന്ന് ഫ്‌ളാറ്റിലെത്തി വൃത്തിയായി കുളിക്കണമെന്ന ആഗ്രഹം അവനില്‍ ശക്തമായി. അവന്‍ ചായപ്പീടികയില്‍നിന്നിറങ്ങി. പുറത്ത് മഴപെയ്‌തൊഴിഞ്ഞിരുന്നു.
ബാഗുകള്‍ തോളില്‍ തൂക്കിയ, യൂണിഫോമണിഞ്ഞ കൗമാരക്കാരികളായ സ്‌കൂള്‍കുട്ടികളുടെ ഒരു സംഘം പരസ്‌പരം കലഹിച്ചുകൊണ്ട് നടപ്പാതയില്‍ അവനെ കടന്നുപോയതും അതിലൊരുവള്‍ അവനെ നോക്കി ചൂളമടിച്ചതും കൊച്ചുകൊച്ചു വീട്ടുപകരണങ്ങള്‍ വില്‌ക്കാനിരിക്കുന്ന കച്ചവടക്കാര്‍ അവനെ ക്ഷണിച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറയുന്നതും പാത മുറിച്ചുകടക്കവെ ഒരു ടാക്‌സി ഡ്രൈവര്‍ വണ്ടി നിര്‍ത്തി ചീത്തവിളിച്ചതും അവന്റെ ശ്രദ്ധയില്‍ പതിഞ്ഞില്ല. നടപ്പാതയില്‍നിന്ന് റോഡിലേക്ക് പരന്നുനില്‌ക്കുന്ന വാകമരത്തിന്റെ ചുവട്ടില്‍വെച്ച് അവന്റെ തോളില്‍ പതിച്ച പക്ഷിക്കാഷ്‌ഠം പിന്നീട് ഷര്‍ട്ടില്‍ ഉണങ്ങി പറ്റിപ്പിടിച്ചിരുന്നു.
പാതയില്‍ അവന്‍ ഒരു ഓട്ടോറിക്ഷയ്‌ക്ക് കൈകാണിച്ച്, അതില്‍ കയറി
ഫ്‌ളാറ്റിലേക്ക് തിരിച്ചു. മറൈന്‍ ഡ്രൈവെത്തിയപ്പോള്‍ ഡ്രൈവറോട് വണ്ടി
നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റിലേക്ക് ഇനിയുമേറെ ദൂരമുണ്ട്.
അവനപ്പോള്‍ കായലിനരികിലേക്ക് നടക്കാനാണ് തോന്നിയത്.
രാവിലെയായിരുന്നതുകൊണ്ടും മഴപെയ്‌തിരുന്നതുകൊണ്ടുമാവണം വിജനമായിരുന്നു അവിടം. ഇരിക്കാനുള്ള കരിങ്കല്‍പാളികളില്‍ മഴനനഞ്ഞുകിടന്നിരുന്നത് അവഗണിച്ച്
കടലിനഭിമുഖമായി അവനിരുന്നു. സൈറണ്‍ മുഴക്കിക്കൊണ്ട് അധികം അകലെയല്ലാത്ത ജെട്ടികളില്‍ ബോട്ടുകള്‍ വന്നുംപോയുമിരുന്നു. കായലിന്റെ അങ്ങേക്കരയില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍. അരികെ തലയുയര്‍ത്തിനില്‌ക്കുന്ന ക്രെയ്‌നുകള്‍. അഴിമുഖത്തിലൂടെ കടലിന്റെ വിദൂരദര്‍ശനം. ഒരു പത്രപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട മാനസികസന്തുലനം തനിക്ക് പലപ്പോഴും നിലനിര്‍ത്താന്‍ സാധിക്കാതെവന്നിട്ടുണ്ടെന്ന യാഥാര്‍ഥ്യം അവന്‍ ഉള്‍ക്കൊണ്ടിരുന്നു. അനുഭവങ്ങള്‍ തികച്ചും വ്യക്തിപരമാകുമ്പോള്‍, അപ്പോള്‍ മാത്രമാണ് അതിന്റെ ശരിയായ ആഴങ്ങളിലൂടെ ഒരാള്‍ക്ക്‌കടന്നുപോകേണ്ടിവരുന്നതെന്ന് ഇതിനു മുന്‍പ് ഇത്രയും തീവ്രമായി അവന്‌ബോധ്യപ്പെട്ടിട്ടില്ല. മനസ്സില്‍നിന്ന് ജാഹ്നവിയുടെ മുഖം മായുന്നില്ല.
**** **** **** ****
ജാഹ്നവിയുടെ നാട്ടിലേക്കുള്ള യാത്രയുടെ പ്രത്യേകത, അതവളുടെ, നാട്ടിലേക്കുള്ള ആദ്യ യാത്രയാണെന്നതു മാത്രമല്ല. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന്റെ
മഞ്ഞുരുകലിന്റെ ആഹ്‌ളാദമുണ്ടായിരുന്നു ആ വരവിന്.
വേനല്‍ക്കാലത്തിന്റെ ആരംഭമായിരുന്നു അത്. ഊഷ്‌മളമായ പ്രഭാതം. റെയില്‍വേ
സ്റ്റേഷനില്‍ ഇളംവെയില്‍ വീണുപരന്നിരുന്നു. നേരിട്ടു കാണുകയോ അടുത്തിടെയുള്ള ഫോട്ടോ കാണുകയോ ചെയ്‌തിട്ടില്ലാതിരുന്നതുകൊണ്ട് ജാഹ്നവിയെ
തിരിച്ചറിയാന്‍കഴിയാതെവന്നേക്കാമെന്ന് രാജീവ് നേരത്തേ കരുതിയത് ശരിയായി.
ട്രെയ്‌ന്‍ വന്നുനിന്നപ്പോള്‍, ആളുകള്‍ ഇറങ്ങാനും കയറാനും
തിരക്കുകൂട്ടുന്നതിനിടയില്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മുന്‍പെങ്ങോ കണ്ട ഫോട്ടോയിലെ മുഖവുമായി സാമ്യമുള്ള ഒരു ഇരുപതുകാരിയെ തിരയുന്ന രാജീവിന്റെ അരികില്‍ വന്ന് ജാഹ്നവി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ തന്റെ പരാജയത്തില്‍ നേര്‍ത്ത ലജ്ജതോന്നി അവന്. താനൊരിക്കലും സങ്കല്‌പിക്കാനിടയില്ലാത്ത രൂപമായിരുന്നു അവളുടെത്. ഇറുകിയ ഡെനിം ജീന്‍സും വെളുത്ത ഷോര്‍ട്ട് ഷര്‍ട്ടുമാണവള്‍ ധരിച്ചിരുന്നത്. തോളില്‍ വാനിറ്റി ബാഗ്. കൈകളില്‍ അധികം വലുപ്പമില്ലാത്ത രണ്ട് പെട്ടികള്‍. ഒരു മലയാളി പെണ്‍കുട്ടിയുടെ മുഖച്ഛായ തീരെയില്ലായിരുന്നു അവള്‍ക്ക്. വെള്ളിയുടെതെന്നു തോന്നിച്ച ചെറിയ റിങ് മൂക്കുത്തി, അവളുടെ മുഖത്തിന്
സവിശേഷമായൊരു ആകര്‍ഷണം നല്‌കിയിരുന്നു. കാതിലെ രണ്ട് ചെറിയ കമ്മലുകളുമൊഴികെ മറ്റ് ആഭരണങ്ങളൊന്നും അവള്‍ അണിഞ്ഞിരുന്നില്ല. അവള്‍ പെട്ടികള്‍ നിലത്തുവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: `രാജീവ് എന്നെ തിരിച്ചറിയില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.''
വീട്ടിലേക്കുള്ള യാത്രയ്‌ക്കിടയില്‍ കാറില്‍വെച്ചവള്‍ പറഞ്ഞു: ''യു ആര്‍ സൊ
ഹാന്‍ഡ്‌സം, സൊ ക്യൂട്ട്. ചിഞ്ചു എനിക്ക് മെയില്‍ചെയ്യാറുണ്ട്, നിങ്ങളുടെയൊക്കെ ഫോട്ടോകളും അയച്ചുതരാറുണ്ട്.` നെറ്റിയിലേക്ക് വീണ മുടിയിഴകള്‍ അവള്‍ കൈകൊണ്ട് ഇടയ്‌ക്കിടെ മാടിയൊതുക്കി. ചുമലുവരെ നീണ്ട ചെമ്പിച്ച തലമുടി.
രാജീവ് യാത്രാവിശേഷങ്ങള്‍ തിരക്കി. ചെറിയച്ഛന്റെയും ചെറിയമ്മയുടെയും വിശേഷങ്ങളും ചോദിച്ചു. ഹിന്ദിയിലെതുപോലെ നീട്ടിയും കുറുക്കിയുമുള്ളതായിരുന്നു അവളുടെ സംസാരം. ഇംഗ്ലീഷ് വാക്കുകള്‍, വര്‍ത്തമാനത്തിനിടെ ഒരു സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറുടെ നിലവാരത്തിനനുസരിച്ച അമേരിക്കന്‍ ശൈലിയില്‍ അവള്‍ സമൃദ്ധമായി ഉപയോഗിച്ചിരുന്നു.
കറുപ്പുനിറം കുറഞ്ഞ്‌് പൂച്ചക്കണ്ണെന്നു തോന്നിപ്പിക്കുന്ന വിടര്‍ന്ന കണ്ണുകള്‍
ചെറിയമ്മയുടെതുപോലെത്തന്നെ. കനത്ത ശബ്ദത്തിനുമുണ്ട് സാമ്യം. കാറിനകത്തെ
ശീതീകരിച്ച വായുവില്‍ യൂഡി കൊളോണിന്റെ സുഗന്ധം നിറഞ്ഞുനിന്നു. എത്രയോ നാളുകളായി അടുത്തറിയാവുന്ന ഒരാളോടെന്നപോലെ അപരിചിതത്വം തീരെയില്ലാത്തതായിരുന്നു അവളുടെ പെരുമാറ്റം. വീട്ടില്‍ അച്ഛനും അമ്മയും അവളോടു കാണിച്ച സ്‌നേഹവാത്സല്യത്തിനു പിന്നിലെ രസതന്ത്രം അവനു മനസ്സിലായില്ല. വരുന്ന വിവരമറിയിച്ചുകൊണ്ടുള്ള ജാഹ്നവിയുടെ
കത്ത് കിട്ടിയപ്പോള്‍തന്നെ തങ്ങള്‍ക്കുള്ള ഇഷ്ടക്കേട് അച്ഛനും അമ്മയും
പ്രകടിപ്പിച്ചിരുന്നു. ഭാര്യയുടെ കാല്‍ച്ചുവട്ടില്‍ വിനീതവിധേയനായ ഒരു
കാവല്‍നായയെപ്പോലെ കഴിഞ്ഞ് ബന്ധങ്ങള്‍ക്കു നേരെ തികഞ്ഞ സ്വാര്‍ഥതയോടെ
കുരയ്‌ക്കുകയാണ് ചെറിയച്ഛന്‍ എന്നായിരുന്നു മാമന്റെ അഭിപ്രായം. പക്ഷേ,
എല്ലായ്‌പ്പോഴും വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറായിരുന്നുവല്ലോ. അച്ഛനും
അമ്മയും.
ഡെല്‍ഹിയില്‍ കുറെക്കൂടി സൗകര്യങ്ങളുള്ള ഒരു ഫ്‌ളാറ്റ് വാങ്ങുന്നതിനായി
നാട്ടിലെ തറവാട്ടുവകയായി കിട്ടിയ ഇരുപത്തഞ്ച് സെന്റ് സ്ഥലം വില്‌ക്കാന്‍
തീരുമാനിച്ചപ്പോള്‍, പതിനെട്ടുവര്‍ഷം അറേബ്യയിലെ മരുഭൂമിയില്‍ ഉതിര്‍ന്നുവീണ
വിയര്‍പ്പിന്റെ വിലയായ അവസാന ശേഷിപ്പും നല്‌കി അച്ഛനത് വാങ്ങി. സ്ഥലം വാങ്ങുക എന്നതിനെക്കാള്‍ അനുജനോടുള്ള സ്‌നേഹാതിരേകത്താലായിരുന്നു അത്
ചെയ്‌തതെന്ന് അമ്മയ്‌ക്കും അവനുമറിയാം. പക്ഷേ, ആ കൈമാറ്റത്തിനു മേല്‍
സംശയത്തിന്റെ നിഴല്‍ വീഴാനുള്ള കാരണം മാത്രം അവര്‍ക്ക് ഇന്നും അജ്ഞാതം.
മറ്റുള്ളവര്‍ക്ക് നന്മചെയ്യാനുള്ള അച്ഛന്റെ ഓരോ പ്രവൃത്തിയും പിന്നീട്,
എല്ലായ്‌പ്പോഴും മനസ്സില്‍ ഒരു കനലായി കനംതൂങ്ങാന്‍വിധം തലകീഴ്‌മറിയുന്നതിന്
അമ്മയും അവനും സാക്ഷിയായിട്ടുണ്ട്. ഇത്തരം കുടുംബവഴക്കുകളുടെ
യുക്തിയില്ലായ്‌മയുടെ കുരുക്കുകളഴിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്
എല്ലായ്‌പ്പോഴും ഒഴിഞ്ഞുമാറിനിന്നിട്ടുണ്ട് അവന്‍.
കാലത്തുണര്‍ന്നെഴുന്നേല്‌ക്കുന്നതുമുതലുള്ള അവളുടെ ഓരോ പ്രവൃത്തിയിലും അമ്മ അതീവ ശ്രദ്ധവെച്ചു. അതിഥികള്‍ക്കായി എല്ലായ്‌പ്പോഴും അമ്മ, സ്വാഭാവികമായി
പുലര്‍ത്താറുള്ള ശ്രദ്ധയ്‌ക്കു പുറമെയായിരുന്നു അത്. വെളിച്ചവും കാറ്റും
സമൃദ്ധമായി കിട്ടുന്ന കിഴക്കുഭാഗത്തുള്ള കിടപ്പുമുറി അവള്‍ക്കായി അമ്മ ഒരുക്കി.
അപൂര്‍വമായി മാത്രം പുറത്തെടുക്കാറുള്ള, അച്ഛന്‍ ആദ്യമായി ഗള്‍ഫില്‍നിന്ന്
കൊണ്ടുവന്ന നനുനനുത്ത കശ്‌മീരി കിടക്കവിരി അവള്‍ക്കായി കിടക്കയില്‍ വിരിച്ചു.
രാജീവ് കോളേജ് പഠനം ആരംഭിക്കുന്നതുവരെ ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്. മുകളിലെ തെക്കുപടിഞ്ഞാറെ മൂലയിലെ കിടപ്പുമുറിയിലേക്ക് പിന്നീട് അവന്‍ മാറിയത് അതിന് കൂടുതല്‍ സ്വകാര്യത ഉണ്ടെന്നതുകൊണ്ടു മാത്രമല്ല. ജനല്‍ തുറന്നിട്ടാല്‍ അതിരില്‍ പൂത്തുകൊഴിയുന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം ഇളംകാറ്റിനൊപ്പം രാത്രിയില്‍ മുറിയില്‍ ഒഴുകിനിറയും. അപ്പോള്‍ മറവിയുടെ ഇരുളിന്റെ തിരിച്ചറിയപ്പെടാത്ത കോണുകളില്‍നിന്ന് മധുരമായ ഓര്‍മകള്‍ ദീപ്‌തമാകാന്‍തുടങ്ങും. അത് പലപ്പോഴും അവന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയുമായോ സിരകളില്‍ നിലയ്‌ക്കാത്ത വികാരാവേഗമുണര്‍ത്തിയ ഒരു സ്‌ത്രീയുമായോ ബന്ധപ്പെട്ടതായിരിക്കും. വേനലില്‍ പാലയും ഇടവപ്പാതിയിലെ മഴയോടൊപ്പം ചെമ്പകവും പൂക്കും, തെക്കേ അതിരില്‍തന്നെ.
ജാഹ്നവി തനിക്കു കിട്ടിയ സ്വാതന്ത്ര്യം വേണ്ടപോലെയൊക്കെ ഉപയോഗിക്കുകയും ചെയ്‌തു. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുണ്ടാക്കി അവളെ പ്രീതിപ്പെടുത്താന്‍ അമ്മ പ്രത്യേകം താത്‌പര്യമെടുത്തു. അവയില്‍ പലതും ജാഹ്നവിക്ക് കേട്ടുമാത്രം
പരിചയമുള്ളവയായിരുന്നു. അമ്മയെ സഹായിക്കാന്‍ ഇടയ്‌ക്ക് അമ്മായിയും മകള്‍
ചിഞ്ചുവും കൂടി. പ്‌ളസ്‌ടുവിനു പഠിക്കുന്ന ചിഞ്ചു ഒഴിവുകാലമായതിനാല്‍
എല്ലായ്‌പ്പോഴും ജാഹ്നവിയോടൊപ്പമുണ്ടായിരുന്നു. ചിഞ്ചുവും താനും തമ്മിലുള്ള
വിവാഹത്തിന് മാമന് താത്‌പര്യമുണ്ടെന്നും അച്ഛന്‍ അതിന് അനുകൂലമാണെന്നും അമ്മയില്‍നിന്ന് ചില സൂചനകള്‍ അവന് നേരത്തേ കിട്ടിയിരുന്നെങ്കിലും അനുജത്തിയായല്ലാതെ അവളെ മറ്റാരെങ്കിലുമായി കാണാന്‍ കഴിയില്ലെന്നതുകൊണ്ട് അത്തരമൊരു സങ്കീര്‍ണ ഘട്ടത്തെ നേരിടേണ്ടിവരുമെന്ന നേര്‍ത്ത ആശങ്കപോലും അവനില്‍ അവശേഷിച്ചിരുന്നില്ല. ചിഞ്ചുവിന്റെയുള്ളിലും അനുകൂലമായെന്തോ
കടന്നുകൂടിയെന്നതു മാത്രമാണ് അവനെ ഇടയ്‌ക്ക് അസ്വസ്ഥനാക്കിയത്. അനുകൂലമായൊരു വാക്കോ നോക്കോ സ്‌പര്‍ശമോ അവനില്‍നിന്നുണ്ടാവാതിരിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നിട്ടും വിശേഷദിവസങ്ങളില്‍ അവളയയ്‌ക്കാറുള്ള
ആശംസാകാര്‍ഡുകളിലെ ആശംസാവചനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രണയിനിയെ അവന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അവളുടെ മുന്‍പില്‍ അവന്‍ എല്ലായ്‌പ്പോഴും അജ്ഞത നടിച്ചു.
ഒഴിവാക്കാനാവാത്തവയായി അവന്റെ ജീവിതത്തിലുള്ള ചിലതുകളില്‍ ഒന്നായിരുന്നു രാവിലെ എട്ടുമണിവരെയുള്ള ഉറക്കം. ജാഹ്നവിക്കും ചിഞ്ചുവിനുമൊപ്പം അമ്പലങ്ങളില്‍ പോകാന്‍ മിക്കവാറും ദിവസങ്ങളില്‍ അവന് രാവിലെ നേരത്തേ എഴുന്നേല്‌ക്കേണ്ടിവന്നു. അതുകഴിഞ്ഞ് ബന്ധുവീടുകളിലേക്കോ പുഴയോരത്തേക്കോ കടപ്പുറത്തേക്കോ അതുമല്ലെങ്കില്‍ ഒരു ഷോപ്പിങ്ങിനായോ അവരോടൊപ്പം പോകാന്‍ അവന്‍ നിര്‍ബന്ധിതനായി. ഉച്ചയുറക്കത്തിനുശേഷമുള്ള കാപ്പികഴിഞ്ഞ് അവര്‍ ജാഹ്നവിയുടെ ലാപ് ടോപ്പില്‍ ചെസ് കളിച്ചു. ചെസ്സുകളിയില്‍ അവരേക്കാള്‍ ഏറെ മുന്നിലായിരുന്നുവെങ്കിലും കളിയുടെ രസത്തിനുവേണ്ടി ഇടയ്‌ക്ക് തോറ്റുകൊടുത്തു അവന്‍. രാത്രി ടി.വി.യില്‍ സിനിമ കണ്ടിരുന്നു, ഏറെ വൈകുന്നതുവരെ.
ചെറിയമ്മയോ ചെറിയച്ഛനോ ഒരിക്കല്‍പോലും ഫോണില്‍ വിളിച്ചില്ലെങ്കിലും ജാഹ്നവി
ഇടയ്‌ക്കിടെ വിളിച്ച് നാട്ടിലെ വിശേഷങ്ങള്‍ അവരെ അറിയിച്ചു. ജാഹ്നവി
മടങ്ങിപ്പോകുന്നതിന്റെ തലേന്ന് രാത്രി ചെറിയച്ഛന്‍ വിളിച്ചു. അച്ഛനോടും അമ്മയോടും സംസാരിച്ചു. അറ്റുപോയ സ്‌നേഹത്തിന്റെ ഇഴകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിന്റെ പ്രസന്നതയുണ്ടായിരുന്നു, ചെറിയച്ഛനുമായി സംസാരിച്ചതിനുശേഷം അവരില്‍.
വലിയ മൂന്നു പെട്ടി നിറയെ സാധനങ്ങളുമായാണ് ജാഹ്നവി മടങ്ങിയത് നാളികേരവും
ഉണക്കമീനും വെളിച്ചെണ്ണയും കുടംപുളിയും വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍ക്കു പുറമെ കൊണ്ടുപോകുന്നവയിലുണ്ടായിരുന്നു. അമ്മ തന്നെ പ്രത്യേകം പറഞ്ഞ് ഒരുക്കിയവയും വാങ്ങിച്ചവയുമാണ് എല്ലാം. ഇത്രയും സാധനങ്ങളുമായി യാത്രചെയ്യാന്‍ ജാഹ്നവി തയ്യാറാകുമായിരുന്നില്ലെങ്കിലും അമ്മയുടെ നിര്‍ബന്ധത്തെ നിരസിക്കാന്‍ അവള്‍ക്കാവില്ലായിരുന്നു.
മാമന്‍ ചെന്നൈയില്‍നിന്നു വന്നത് ജാഹ്നവി ഡെല്‍ഹിക്കു മടങ്ങുന്നതിന്റെ തലേന്നാണ.
ഹോട്ടല്‍ ബിസിനസ്സിന്റെ തിരക്കുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുമ്പോള്‍ മാമന്‍
പറക്കും, ഇങ്ങോട്ട്. അച്ഛന്റെയടുത്തേക്ക്. എന്നത്തെയുംപോലെ, വൈകുന്നേരം
അടുക്കളയില്‍ അമ്മയും അമ്മായിയും ജാഹ്നവിയും ചിഞ്ചുവും വിഭവങ്ങളൊരുക്കാന്‍ തിരക്കുകൂട്ടുമ്പോള്‍ പുറത്ത് മുറ്റത്ത് ടീപ്പോയിയും കസേരകളുമൊരുക്കി വോഡ്‌ക കഴിക്കാനാരംഭിച്ച അച്ഛനും മാമനും അതിരുകളില്ലാത്ത വിഷയങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു
രാജീവ് സ്‌കൂളില്‍ പഠിക്കുന്നകാലത്ത് മാമന്‍ കൊണ്ടുവന്നിരുന്ന സ്വീറ്റ്‌സും
ചോക്ലേറ്റുകളും മറ്റും ബിയറിലേക്കോ വൈനിലേക്കോ വഴിമാറിയിരുന്നു, മുതിര്‍ന്നപ്പോള്‍. വൈനാണെങ്കിലും ബിയറാണെങ്കിലും അമ്മയും അമ്മായിയും അറിയാതെ അല്‌പം കഴിക്കാന്‍ ചിഞ്ചു തയ്യാറാവുന്നത് അവനോടൊത്ത് ഒരു രഹസ്യം പങ്കുവെക്കുന്നതിന്റെ സുഖമനുഭവിക്കാനാണെന്ന് അവ കഴിച്ചുകഴിഞ്ഞുള്ള അവളുടെ പ്രതികരണങ്ങളില്‍നിന്ന് അവന് ബോധ്യപ്പെട്ടിട്ടുണ്ട്.
അടുക്കളയില്‍ പാചകത്തിന്റെ തിരക്കുകള്‍. ഫ്രിഡ്‌ജില്‍ തണുപ്പിക്കാന്‍വെച്ചിരുന്ന
ബിയറിന്റെ കുപ്പികളെടുത്ത്, മുകളിലെ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു രാജീവ്. ബിയറിന് തങ്ങളും അവകാശികളാണെന്ന്, ജാഹ്നവിയും ചിഞ്ചുവും അവനെ പിടികൂടി വാശിപിടിച്ചപ്പോള്‍ അമ്മയും അമ്മായിയും അറിയുമോ എന്ന ഭയമായിരുന്നു രാജീവിന്. മുന്‍പ് പലതവണ കഴിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ചിഞ്ചു ബിയര്‍ കഴിക്കാന്‍തുടങ്ങിയതെങ്കിലും ആദ്യത്തെ വലിക്കുതന്നെ അവള്‍ ഓക്കാനിച്ചു. പാര്‍ട്ടികളില്‍ ഇടയ്‌ക്ക് ഫ്രന്‍ഡ്‌സുമൊന്നിച്ച് കഴിക്കാറുണ്ടെന്ന് ജാഹ്നവി. രണ്ട് കുപ്പി ബിയര്‍ തീരാന്‍ ഏറെനേരം വേണ്ടിവന്നില്ല.
ജാഹ്നവി ഡെല്‍ഹി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെ മാമന്‍ താഴെനിന്ന് അവനെ വിളിച്ചു. ``അധികമുണ്ട് മുഴുവനും കഴിക്കണ്ട.'' അവശേഷിച്ചിരുന്ന വോഡ്‌ക രഹസ്യമായി ഏല്‌പിക്കുമ്പോള്‍ മാമന്‍ അവനോട് പറഞ്ഞു. ഒന്ന് ടെയ്‌സ്റ്റ് ചെയ്‌തുനോക്കട്ടെ എന്ന് ജാഹ്നവിയും ചിഞ്ചുവും. ഈരണ്ട് പെഗ്ഗ് അകത്താക്കിക്കഴിഞ്ഞതിനുശേഷവും തുടരാന്‍ഭാവിച്ചപ്പോള്‍ അവന്‍ തടഞ്ഞു. അവരപ്പോള്‍തന്നെ ലഹരിയുടെ സ്വാതന്ത്ര്യപ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ദീര്‍ഘമായ ചിരികള്‍ ഉച്ചത്തിലാവുകയും ചിഞ്ചു ഇംഗ്ലീഷില്‍ കാല്‌പനികഭാവനകളിലേക്ക് പറക്കാന്‍തുടങ്ങുകയും ചെയ്‌തപ്പോള്‍ അവന് അവരെ താക്കീതുചെയ്യേണ്ടിവന്നു. അവരിരുവരും ഊണുകഴിക്കാന്‍ താഴേക്കിറങ്ങിയപ്പോള്‍ അവശേഷിച്ച വോഡ്‌ക രാജീവ് തീര്‍ത്തു. പിന്നെ ഊണുകഴിക്കാനായി
താഴേക്കു ചെന്നു. ചിഞ്ചുവും ജാഹ്നവിയും ഉണ്ണാതിരിക്കുമ്പോള്‍ നിശ്ശബ്‌ദരായിരുന്നു. അച്ഛന്റെയും മാമന്റെയും മുന്‍പില്‍ അവന്‍ ഭക്ഷണം കുറച്ച് കഴിച്ചുവെന്നു വരുത്തി.കോണിപ്പടികള്‍ കയറുമ്പോള്‍, അലകളായി വന്ന് ലഹരി, ബോധത്തെ കീഴടക്കുന്നത് അവനറിഞ്ഞു. കിടക്കയില്‍ പാതിബോധത്തിലായിരുന്നു അവന്‍. തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥമായി കുറെ സമയം കിടന്നു. ഇതിനിടെ മൃദുലസ്‌പര്‍ശനങ്ങളേല്‍ക്കാന്‍ തുടങ്ങിയത് എപ്പോള്‍മുതലെന്നവനറിഞ്ഞിട്ടില്ല. തന്റെ മുഖവും ചുണ്ടുകളും മറ്റാരുടെയോ മുഖത്താല്‍ മൂടുന്നതും അല്‌പാല്‌പമായി താന്‍ വിവസ്‌ത്രിതനാവുന്നതും അപ്രതിരോധ്യമായ അവസ്ഥയില്‍ കിടന്നുകൊണ്ട് പിന്നീട് അവനറിഞ്ഞു. ഉയര്‍ന്നു വളര്‍ന്ന് താനെവിടേക്കോ ഞെരുങ്ങിയമരുന്നതിന്റെ, ചുരുങ്ങിപ്പോകുന്നതിന്റെ വേവലാതികള്‍, വലിഞ്ഞുമുറുകലുകള്‍,
വീര്‍പ്പുമുട്ടലുകള്‍. ഒരു ദേഹം തന്നിലമരുന്നതും ശൂന്യമായ കുറച്ചു നിമിഷങ്ങളുടെ
അനുഭൂതിയില്‍ ലയിച്ചുതളരുന്നതും നിസ്സഹായനായി അവനറിഞ്ഞു. നിശ്ചലനായ അവന്‍ പിന്നീട് ഗാഢമായ ഉറക്കത്തിലേക്ക് അലിഞ്ഞുപോയി.
കിടക്കയില്‍ പൂര്‍ണ നഗ്നനായിട്ടില്ലായിരുന്നു ഉണര്‍ന്നിരുന്നതെങ്കില്‍ കഴിഞ്ഞ
രാത്രി ഒരു സ്വപ്‌നമായിരുന്നില്ലെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല
രാജീവിന്. ലഹരിയുടെ പാതിബോധത്തിലാണെങ്കില്‍പോലും ഒരു വേഴ്‌ചയോളം പോകാനുള്ള ഉറപ്പ് കൗമാരത്തിന്റെ ലജ്ജാഭാവങ്ങള്‍ ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ചിഞ്ചുവിന്റെ മനസ്സിനുണ്ടാവുമെന്നത് അവന് എളുപ്പം വിശ്വസിക്കാവുന്ന ഒന്നല്ല.
പെണ്‍കുട്ടികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ തിരുത്തേണ്ടിവന്ന അപൂര്‍വം
ചിലതുകളിലൊന്നായി കരുതി അവന്‍ അതിനെ.
ജാഹ്നവിയെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാന്‍പോകാന്‍ മാമനും ചിഞ്ചുവും
കൂടെയുണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ചിഞ്ചുവിനോടൊട്ടിയിരിക്കുമ്പോള്‍
മുന്‍പൊരിക്കലും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത അസ്വസ്ഥത തോന്നി അവന്.
വണ്ടി പുറപ്പെടാന്‍ വിസിലടിച്ചപ്പോള്‍ ജാഹ്നവി ചിഞ്ചുവിന്റെയും അവന്റെയും കൈകളില്‍ പിടിച്ചു. താനിനിയും വരുമെന്നും അതിനുമുന്‍പ് രണ്ടുപേരും ഡെല്‍ഹിക്ക് വരണമെന്നും പറഞ്ഞു. പിന്നെ മാമനോട് യാത്രപറഞ്ഞ് ചലിക്കാന്‍തുടങ്ങിയ ബോഗിയില്‍ കയറിനിന്ന് കൈവീശി. അവര്‍ തിരികെ കൈവീശിക്കാണിച്ചു. മടക്കയാത്രയില്‍ കാറില്‍വെച്ച് അവരൊന്നും
മിണ്ടിയില്ല. അവള്‍ വല്ലാതെ വിഷാദയായിരുന്നു. മാമന്‍ കാരണമന്വേഷിച്ചെങ്കിലും
ജാഹ്നവിയുടെ വേര്‍പാടിന്റെ സ്വാഭാവികമായ പ്രതികരണമെന്നു കരുതിയായിരിക്കാം
പിന്നീടൊന്നും ചോദിക്കുകയുണ്ടായില്ല.
**** **** **** *****
ചിഞ്ചു ഇംഗ്ലീഷ് സാഹിത്യബിരുദപഠനത്തിനായി നഗരത്തിലെത്തുന്നത് തികച്ചും
യാദൃച്ഛികമായല്ല. അതിനേറെ മുന്‍പുതന്നെ പത്രപ്രവര്‍ത്തകനായി അവിടെയെത്തി രാജീവ് ആ നഗരത്തിന്റെ ചില ഇടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പത്രമോഫീസിലെ ശീതീകരിച്ച മുറിയിലെ ഉപപത്രാധിപരുടെ ഇരിപ്പിടം, നഗരത്തിന്റെ വടക്കന്‍പ്രദേശത്ത് ഒരിടത്തരം ഫ്‌ളാറ്റ്. ചില ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിനും ഏഴിനുമിടയില്‍ മറൈന്‍ ഡ്രൈവിലെ വാകമരത്തിന്റെ ചുവട്, സിനിമാ തിയേറ്ററുകള്‍, പബ്ലിക് ലൈബ്രറി, ഒഴിവുദിനങ്ങളില്‍ ബീച്ച്, പിന്നെ ശിവക്ഷേത്രത്തിനടുത്തുള്ള സ്വാമീസ് ഹോട്ടലും.
ചിഞ്ചു മൂന്ന് സഹപാഠികളുമായി ചേര്‍ന്ന് കോളേജിന് ഏറെ അകെലെയല്ലാതെ ഒരു
ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു. ഒഴിവുസമയങ്ങള്‍ മുഴുവന്‍ രാജീവും ചിഞ്ചുവും
ഒരുമിച്ചുകഴിയാന്‍ ചെലവഴിച്ചു. കൊച്ചുകുട്ടികളുടെതുപോലെ പിണക്കവും പരിഭവങ്ങളും വാശിയുമൊക്കെയായിരുന്നു അവള്‍ക്ക്.
തൊട്ടടുത്ത ഫ്‌ളാറ്റുകളില്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ കുടുംബമായി
താമസിക്കുന്നതുകൊണ്ട് ചിഞ്ചു അവിടേക്കു വരുന്നത് രാജീവ് വിലക്കിയിരുന്നു. അതില്‍ അവള്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. പിറന്നാള്‍ദിവസം സഹപാഠികളെ മറ്റെവിടെക്കോ പറഞ്ഞയച്ച് തനിക്കും രാജീവിനും മാത്രമായി ഫ്‌ളാറ്റ്, ചിഞ്ചു ഒരിക്കുവെച്ചത് അതുകൊണ്ടുകൂടിയാണ്.
കോളിങ് ബെല്‍ സ്വിച്ചില്‍ രാജീവ് വിരല്‍ അമര്‍ത്തിയപ്പോള്‍ അകത്ത് കിളി ചിലച്ചു.
വാതില്‍ തുറന്ന് ചിഞ്ചു അവനെ സ്വീകരിക്കാനായി നിന്നു. അവളുടെ ഉദിക്കുന്ന മുഖം നോക്കി രാജീവ് അല്‌പനേരം നിന്നു. തന്റെ സൗന്ദര്യത്തിന്റെ ആസ്വാദ്യതയെക്കുറിച്ചുള്ള ബോധത്തില്‍ ചിഞ്ചു അവനെ നോക്കി മന്ദഹസിച്ചു. കടുത്ത പച്ചയില്‍ ചുവന്ന ചിത്രപ്പണികളുള്ള ചുരിദാറായിരുന്നു അവളുടെ വേഷം. തോളിലേക്കു ഊര്‍ന്നുകിടക്കുന്ന മുടിച്ചുരുളുകള്‍ക്ക് ഷാംപൂവിന്റെ തിളക്കം. വെളുത്ത കല്ലുകള്‍ പതിച്ച ചെറിയ കമ്മലുകളും കഴുത്തില്‍ വെളുത്ത ഫാന്‍സി മാലയും അവള്‍ അണിഞ്ഞിരുന്നു. രണ്ടുപേരും അകത്തേക്ക് നടന്നു. അവളുടെ വെളുത്തു മെലിഞ്ഞ നീണ്ട കൈവിരലില്‍ പിറന്നാള്‍ സമ്മാനമായി, ചുവന്ന കല്ലുകള്‍ പതിച്ച മോതിരം അവന്‍ അണിയിച്ചു. അപ്പോള്‍ അവളുടെ
കണ്ണുകളില്‍ കണ്ണീരിന്റെ തിളക്കം അവന്‍ കണ്ടു. അവള്‍ മന്ദഹസിക്കുകയായിരുന്നു. അവനിലേക്ക് അവള്‍ ചേര്‍ന്നുനിന്നപ്പോള്‍ അവളെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ചുംബിച്ചു അവന്‍.
മേശപ്പുറത്ത് വിവിധ നിറങ്ങളാല്‍ അലങ്കരിച്ച കേക്കില്‍, നിറമുള്ള ചെറിയ
പത്തൊന്‍പത് മെഴുകുതിരികള്‍ അവള്‍ കത്തിച്ചു. മുറിച്ച കേക്ക് രണ്ടുപേരും
കഴിച്ചതിനുശേഷമാണ് അത് സംഭവിച്ചത്. അവളുടെ ചുണ്ടില്‍ പറ്റിയിരുന്ന ക്രീം
അപ്രതീക്ഷിതമായ ഒരു മുന്നേറ്റത്താല്‍ അവന്‍ നുണഞ്ഞെടുക്കുകയായിരുന്നു. അവള്‍
അപ്പോള്‍ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയായി മാറി. അവള്‍ക്ക് നേര്‍ത്ത ലജ്ജ തോന്നി. എങ്കിലും അവന്റെ കൈപിടിച്ച് കിടപ്പുമുറിയിലേക്ക് അവള്‍ അവനെ കൂട്ടിക്കൊണ്ടുപോയി.
കിടക്കയില്‍ വികാരാവേഗങ്ങളുടെ നിമിഷങ്ങളില്‍ അവര്‍ വസ്‌ത്രങ്ങളൊന്നൊന്നായി
ഈരിയെറിഞ്ഞു. കൗമാരഭാവം ഇനിയും വിട്ടുമാറാത്ത അവളുടെ കൊച്ചുമുലകളില്‍ അവന്‍ ഉമ്മവെച്ചു. അവള്‍ അവന്റെ മുഖം തന്റെ മുലകളോട് ചേര്‍ത്തമര്‍ത്തി. അവന്‍ അവളെ മുഴുവനായി കണ്ടെത്താന്‍തുടങ്ങിയതോടെ വേദനയുടെതെന്നോ ആനന്ദത്തിന്റെതെന്നോ തിരിച്ചറിയാനാവാത്ത ശബ്‌ദങ്ങള്‍ അവളില്‍നിന്നുയര്‍ന്നു. അവളുടെ ശരീരം ഇടവിട്ട് വിറയ്‌ക്കാന്‍തുടങ്ങി. അവളില്‍നിന്ന് മുറിഞ്ഞുവീണ സ്വരങ്ങള്‍ക്ക് പിന്നീട് ഒരു വിലാപഗീതത്തിന്റെ ഛായയുണ്ടായിരുന്നു. മുറുകി അയഞ്ഞ നിമിഷങ്ങളില്‍ അവളുടെ കണ്ണുകള്‍ പാതിയടഞ്ഞ് നിശ്ചലമായിരുന്നു. അവന്‍ അവളുടെ ചുണ്ടില്‍ മൃദുവായി ചുംബിച്ചു. കിതപ്പടങ്ങിയപ്പോള്‍ അവന്റെ കഴുത്തില്‍ ചുംബിച്ച് മാറില്‍ വിരലോടിച്ചുകൊണ്ട് അവള്‍ മൃദുവായി മൊഴിഞ്ഞു:
``കിടക്കയില്‍ വീണുപരന്ന ഈ ചോരത്തുള്ളികള്‍ക്ക് നമുക്കിടയില്‍ എന്തെങ്കിലും
പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. യാദൃച്ഛികമായാണെങ്കിലും രാജീവേട്ടന്
ചുവന്ന പൂക്കളുടെയൊരു പാരിതോഷികമായിത്തീരാനായി പതിച്ചവയാണവ എന്ന് ഞാന്‍ കരുതുന്നു.''
അവളുടെ സംഭാഷണചാതുരിയില്‍ ലയിച്ചുപോയ രാജീവ് നിമിഷങ്ങള്‍ക്കുള്ളില്‍
യാഥാര്‍ഥ്യത്തിലേക്കെത്തുകയും ശരീരത്തിലൂടെ മിന്നലുകള്‍ പ്രവഹിക്കുന്ന
അനുഭവത്തിലേക്ക് വലിച്ചെറിയപ്പെടുകയുംചെയ്‌തു. അവന്‍ കിടക്കയില്‍നിന്നെഴുന്നേറ്റ് വസ്‌ത്രം ധരിച്ച് സ്വീകരണമുറിയിലേക്കു ചെന്നു. മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് കുറെ വെള്ളം കുടിച്ചു. ജാഹ്നവിയുടെ മുഖം വിവിധ ഭാവങ്ങളില്‍ മനസ്സില്‍ തെളിഞ്ഞുമായുന്നത് നിലയ്‌ക്കാതായപ്പോള്‍ അവന്‍ കൈചുരുട്ടി ചുവരില്‍ ഇടിച്ചു. ചിഞ്ചു വസ്‌ത്രം ധരിച്ച് അവിടേക്കു വന്നു. ഫ്രിഡ്‌ജില്‍നിന്ന് പഴച്ചാറെടുത്ത് അവന് നല്‍കിയെങ്കിലും അവനത് നിരസിച്ചു. `എനിക്കുടനെ പോണം.`
**** ***** **** ****
ഒരു കപ്പല്‍ സൈറണ്‍ മുഴക്കിക്കൊണ്ട് തുറമുഖത്തുനിന്ന് യാത്രയാകുന്നു. മഴ
പെയ്‌തൊഴിഞ്ഞ ആകാശത്ത് കാര്‍മേഘങ്ങള്‍ നങ്കൂരമിട്ടു കിടന്നിരുന്നു. മറൈന്‍
ഡ്രൈവിലെ കായല്‍ക്കരയെ കെട്ടി സംരക്ഷിച്ച കരിങ്കല്‍പ്പാളികളില്‍ വന്നലയ്‌ക്കുന്ന
ഓളങ്ങളില്‍ അവന്‍ കുറെ ചത്തുചീര്‍ത്ത മത്സ്യങ്ങളെ കണ്ടു. അവയുടെ നിര്‍വികാരമായ ചോരച്ച കണ്ണുകളിലേക്ക് അവന്‍ വെറുതെ നോക്കിയിരുന്നു.
സല്‍സു സെന്‍
കാരയില്‍
തളിക്കുളം .പി.ഒ.
തൃശ്ശൂര്‍