മുംബായ് കമ്പാലാഹില്ലിലെ അംബരചുംബികളുടെ അടിവാരത്തിലുള്ള എളിമയുടെ അവസാനവാക്കായ കൂട്ടില്‍ നിന്ന്, ഉപനാഗരികവണ്ടികളിലൊന്നില്‍ കയറിപ്പറ്റി ജോഗേശ്വരിയിലെത്തുമ്പോള്‍, മനസ്സില്‍ സൂന്യതസൃഷ്ടിക്കാനുള്ള അധ്വാനം തുടരുകയായിരുന്നു ഞാന്‍. എനിക്കിവിടത്തെ ജീവിതം മതിയായി. ഒരു ശ്രമം കൂടി നടത്താമെന്നോര്‍ത്താണ് ഈ കമ്പനിയില്‍ ഇന്റര്‍വ്യൂവിനെത്തുന്നത്. എന്നാല്‍ നാഗരികത മടുത്തു കഴിഞ്ഞെന്നിരിക്കെ, ചാണകവും കെട്ടിനില്‍ക്കുന്ന മലിനജലവും ചേര്‍ന്നുള്ള ഗന്ധവിശേഷം, അതില്‍കൂടുതല്‍ അസഹനീയത സൃഷ്ടിയ്ക്കുകയായി. സ്റ്റേഷനില്‍ നിന്ന് , സ്വാമിവിവേകാനന്ദ്സരണിപിടിച്ച് കുറച്ചു നടന്നാല്‍ ഫാക്ടറിയിലെത്തും. പക്ഷെ, അതുകൊണ്ടെന്താവാന്‍? ഈ തൊഴുത്തുകളുടെ ചുറ്റുവട്ടത്തെവിടയെങ്കിലും സംഘടിപ്പിക്കേണ്ടിവരാവുന്ന രാത്രിത്താവളത്തെക്കുറിച്ച് ചിന്തിക്കാനെ കഴിയുന്നില്ല. അതിലും ഭേദം റെയില്‍യാത്രയിലെ തിരക്കും വൃത്തികേടുകളും ഇഷ്ടപ്പെടാന്‍ പഠിക്കുകയാണ്. നില്‍ക്കട്ടെ, എന്താവും അഭിമുഖത്തിന്റെ ഫലമെന്നറിഞ്ഞിട്ടല്ലേ? കാക്കാം.
സ്റ്റേഷന്‍ അപ്രോച്ച് കഴിഞ്ഞുള്ള കമ്പാനിരത്ത് ഹൈവേയിലേക്കുള്ള ഒരു ബൈപ്പാസ്സിന്റെ ഫലം ചെയ്യുന്നുണ്ട്. ഇതിന്റെ വശങ്ങളില്‍ ചെറുകിടവ്യവസായങ്ങള്‍ നിറയെ. എന്നിട്ടും വഴിയില്‍ നിന്നൊലിച്ചിറങ്ങുന്ന തുരുത്തുകളിലെല്ലാം, കാലിത്തൊഴുത്തുകളുടെ കൂട്ടായ്മ എന്തൊരു വിചിത്രസങ്കരം. നിരത്തിലേക്കാവട്ടെ, തൂരുത്തുകളുടെ ഉത്പാദനമായതും പച്ചപ്പിന്റെ വിവിധചേരുവകളിലുള്ളതുമായ ചാണകയൌഗികത്തിന്റെ അര്‍ച്ചന. അതില്‍ നിന്നെല്ലാം ഈച്ചയാര്‍പ്പും. ഈവഴിയില്‍ക്കൂടിത്തന്നെയാണോ ഞാന്‍ നിത്യയാത്ര ചെയ്യേണ്ടിവരിക.
കുടത്തില്‍ വെച്ച വിളക്കാവട്ടെ താന്‍ എന്നൊരു ശാപം ഒരദ്ധ്യാപകനില്‍ നിന്നെനിക്ക് ശിരസാവഹിക്കേണ്ടിവന്നിട്ടൂണ്ട്. പക്ഷെ, ഇപ്പോഴത് മനസ്സിലേക്ക് തള്ളിക്കയറിവരാന്‍ കാരണം?
അങ്ങിനെ ഹൈവേയിലെത്തി. ഇവിടെയേതായാലും മടുപ്പിക്കുന്ന ഗന്ധവും, വഴിമുടക്കുന്ന തുരുത്തില്‍ ഉത്പന്നങ്ങളുമില്ല. രണ്ടു കിലോമീറ്ററോളം ദൂരം കാണുമെങ്കിലും, നേര്‍വഴി, അങ്ങകലെ ഫാക്ടറികളുടെ സഞ്ചയം ദൃശ്യവേദ്യമാകുന്നു
ഇരച്ചുപായുന്ന വാഹനങ്ങളുടെ ബഹളവും കാല്‍നടക്കാരുടെ ബോധപൂര്‍വ്വമല്ലാത്ത വഴിമാറ്റങ്ങളും അവഗണിക്കാന്‍ പാകത്തിന്, ഞാന്‍
റോഡരികില്‍ നിന്ന് സഞ്ചാരയേഗ്യമല്ലാത്ത അരികുകളെ വശപ്പെടുത്തിക്കൊണ്ട് നടന്നു. അപ്പോളെനിക്ക് ചിന്താസ്വാന്ത്ര്യം തരപ്പെടുമല്ലോ. സമയം ധാരാളം കിടക്കുന്നു..
വീണ്ടും ഓര്‍മകളുടെ തള്ളിക്കയറ്റം അതെങ്കില്‍ അത്, ഏതായാലും ജീവസന്ധാരണം നിര്‍ണയിക്കുന്ന് അഭിമുഖത്തിനു പോവുകയല്ലേ? വിദ്യാലയസ്മരണകളേ നന്ദി സ്വാഗതം.
അരയടിസ്കെയില്‍ വെച്ച്, ഇഷ്ടമുള്ള നീളം അടയാളപ്പെടുത്തിക്കൊണ്ട്, ഉത്തരമെഴുതിയ്ക്കുകയായിരുന്നു, കണക്കുമാഷ്, എന്റേയും ഊഴമായി. വിലങ്ങനെ രണ്ടു വരവരച്ച്, ‘ഠ’വട്ടം പൂജ്യം സമ്മാനിച്ച്, അദ്ദേഹം അടുത്തയാളിന്റെ ഉത്തരം നോക്കുന്നു, പുസ്തകം മുഖത്തോടടുപ്പിച്ച് ഉയര്‍ത്തിനോക്കുമ്പോള്‍ ബുദ്ധിയുദിക്കുന്നു. ഞാന്‍ സ്കെയിലിന്റെ മൊത്തം അളവ് കോറിക്കൊണ്ട്, ആറിഞ്ച് എന്ന ഉത്തരം കണ്ടെത്തിയിരുന്നു. ആറാം ക്ലാസ്സില്‍, ഇന്‍സ്പെക്ഷനു വന്ന് മാന്യദ്ദേഹത്തോട്, ഇംഗ്ലീഷില്‍ എത്രയക്ഷരമുണ്ടെന്ന് ചോദ്യത്തിന്, ഇരുപത്തെട്ട് എന്ന് നിര്‍വിശങ്കം മറുപടി നല്‍കിയതിന്റെ പുറകില്‍ വേറെ. അങ്ങിനെ സംഭവസംഹിതയുടെ മുഴുപ്പും പരപ്പും കൂട്ടി നടക്കുന്നതിനിടയില്‍, ഒരു കാല്‍ തെന്നിവീഴാന്‍ പോക്കും, ഒരു ചെളിവെള്ളത്തിലുള്ള കാലലമ്പലും നടന്നു. അപ്പോഴേക്ക്, കമ്പനി സവിധ മണഞ്ഞു.
എന്നേക്കള്‍ പതിന്മടങ്ങ് ആകര്‍ഷകമായി വേഷം കെട്ടിയ അഞ്ചുപേര്‍, ലോഞ്ചിലെ ഇരിപ്പിടങ്ങളിലിരുന്ന് ആത്മവിശ്വാസം സംഭരിക്കുന്നുണ്ടായിരുന്നു. അവരെ അവഗണിക്കാന്‍ ശ്രമിച്ച്, പരാജയപ്പെട്ട്, ഞാനും ഒരിരിപ്പിടത്തിലമര്‍ന്നു. എന്നിട്ട്, പ്രത്യുത്പാദന പരതയില്ലാത്ത വിചാരങ്ങളെ കൂട്ടു പിടിച്ചു.
എങ്ങിനേയോ എന്റെ ഊഴമെത്തുമ്പോള്‍, ഒരിന്റര്‍വ്യൂവിനൊഴിച്ച് ഏതു വ്യായാമത്തിനും ഞാന്‍ പ്രാപ്തനായിക്കഴിഞ്ഞിരുന്നു. പേരിടാന്‍ കഴിയാത്ത് എന്തോ ഉന്തിത്തള്ളി വിടുമ്പോലെ, കൈകളല്ലാത്ത ശരീരഭാഗങ്ങല്‍ക്കൊണ്ട് അടഞ്ഞ വാതിലിനെ നിവര്‍ത്തി, ഞാനെന്റെ വിധികര്‍ത്താക്കളെ അഭിമുഖീകരിക്കുകയായി.
ചോദ്യങ്ങള്‍ ഞാന്‍ കേട്ടെന്നതു ശരി. പക്ഷെ അത് വഴിതുറക്കുന്നത്, വിദ്യാലയകാലത്തേക്കാവുമ്പോഴോ? ഇപ്പോള്‍ തെളിയുന്നത് ഫലിത ശിരോമണിയും വിദ്യാര്‍ത്ഥികളില്‍, ഇടവേളകളിലെല്ലാം രാഷ്ട്രീയാവബോധം സന്നിവേശിപ്പിക്കാന്‍ മടിക്കാത്തയാളുമായ സീനിയര്‍ മോസ്റ്റ് മാഷാണ്. മേശപ്പുറത്താണ് അധികനേരവും അദ്ദേഹത്തിന്റെ ഇരിപ്പ്. ഇരിക്കുന്നതിനു മുന്‍പ്പ്, മുട്ടോളം ഞാന്നുകിടന്ന ഷര്‍ട്ടിന്റെ പിന്നാമ്പുറം വിരല്‍ത്തുമ്പുകള്‍കൊണ്ട് മാടിയൊതുക്കുമ്പോള്‍ , ഏതാണ്ട് സുതാര്യമായ ധോത്തിയില്‍ക്കൂടി, കൌപീനത്തുമ്പ് ദൃശ്യമാവുന്നു. സ്ഥിരം കാഴ്ചയായതുകൊണ്ട് ഞങ്ങള്‍ക്കത് കൌതുകം ജനിപ്പിക്കാതായി. അറിച്ചതു കണ്ടില്ലെങ്കിലായി തൃപ്തിവരായക. അങ്ങിനെ സ്മരണകള്‍ കാടുകയറുന്നതിനെ, അഭിമുഖകര്‍ത്താവ്, ഒച്ചയുയര്‍ത്തി ചോദ്യമാവര്‍ത്തിക്കുമ്പോഴാണ്, ഞാന്‍ പ്രജ്ഞവലംബിയാവുന്നത്. പരിഭ്രമം കലശലായ ആ വേളയില്‍, കോണകം’ എന്ന വാക്കാണു തൊണ്ടയില്‍ നിന്നു തെറിച്ച്, നാവില്‍തുമ്പില്‍ തട്ടിമറിഞ്ഞ്, പുറത്തേക്കുവമിക്കുന്നത്. “വാട്ട്”? എന്ന് പ്രതികരണത്തില്‍ ചഞ്ചലപ്പെട്ട്, “നോ, ഐമീന്‍.........ഐമീന്‍ ............കൌപീന്‍”, എന്ന് തിരുത്താനുള്ള മനഃസാന്നിദ്ധ്യമായി. എന്നിട്ടും സഹൃദയരായ എന്റെ വിധികര്‍ത്താക്കള്‍ക്ക്, എന്നെ തൂക്കി വെളിയില്‍ തള്ളാന്‍ തോന്നാഞ്ഞ്, എന്റെ ഭാഷാന്തരത്തിലെ ഫലിതമുള്‍ക്കൊണ്ടോ, മുഖമാസകലം കയറിപ്പടര്‍ന്ന കലര്‍പ്പു ചേരാത്ത ദൈന്യഭാവത്താലോ, ആവാം. “കൂള്‍ഡണ്‍, ബി കംഫര്‍ട്ടബിള്‍” എന്ന് രണ്ടുപേര്‍ ചേര്‍ന്ന് എന്നില്‍ സ്വാന്തനം ചൊരിഞ്ഞു. അഞ്ചുനിമിഷം എനിക്കുവേണ്ടി നഷ്ടപ്പെടാന്‍ അനുവദിക്കുകവഴി, അവര്‍ മാനേജ് മെന്റിലെ മാനുഷികസ്പര്‍ശമറിഞ്ഞവരാണെന്ന് തോന്നിപ്പോയി.
കണക്കിട്ടുകൊടുത്ത്, വിദ്യാര്‍ത്ഥികളെ സ്ഥിതപ്രജ്ഞാരക്കിക്കൊണ്ട്, കണിശക്കാരനായ വാദ്ധ്യാര്‍ കസേരയില്‍ വിശ്രമിക്കുകയാണ്. ഒന്നുകില്‍ ഒരര്‍ദ്ധമയക്കം, അല്ലെങ്കില്‍ കര്‍ണാന്തരഭാഗത്ത്, മുണ്ടില്‍ കോന്തല വലിച്ചു നീട്ടിച്ചൊരുക്കിയുള്ളൊരിടയിളക്കല്‍ അതാണ് പതിവ്. അന്ന് നാസാര്‍ന്ധ്രങ്ങളിലായി പ്രയോഗം അതൊ അദ്ദേഹം അതുപുറത്തേടുക്കാന്‍ മടിക്കുന്നില്ല. ചൂണ്ടുവിരലും തള്ളവിരലുമായി ദ്രവ്യം കൈകാര്യം ചെയ്തുകൊണ്ട് അദ്ദേഹമതിന്റെ ഇലാസ്റ്റിസിറ്റി പരിശോധിക്കുകയാണ്. ആ നിര്‍ണായക നിമിഷത്തില്‍ എന്റെ പ്രജ്ഞയുണരുന്നു. കാരണം മുമ്പിലിരുന്ന മാന്യദ്ദേഹം, കൈകള്‍ കസേരകൈകളിലൂന്നി, മുന്നോട്ടാഞ്ഞാണ് ഇപ്പോഴത്തെ ചോദ്യം ആളുടെ ക്ഷമയുടെ നെല്ലിപ്പടി തകര്‍ന്നെന്നു സാരം വീണ്ടും മതാ, അര്‍ത്ഥപ്രജ്ഞയില്‍ തെറിച്ചുവീഴുന്ന എന്റെ വാക്കുകള്‍ - “നോ, ഡേര്‍....മൂക്കള.......ഐമീന്‍ ഫ്രം നോസ് ഇന്റീരിയര്‍......നോ, നോ..........ഐമീന്‍............ഐമീന്‍............”
ഞാനെന്താണര്‍ത്ഥമാക്കുന്നതെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നൂ പേര്‍ക്കും നന്നായി മനസ്സിലായി,. മറ്റുള്ളവര്‍ക്കൊന്നും കിട്ടാനിടയില്ലാത്ത ഹസ്തദാനം, മൂന്നുപേരില്‍ നിന്നുമായി ഞാന്‍ കൈപ്പറ്റി.
മടക്കയാത്രയില്‍, ഒരു വലിയ ഭാരംകൈയൊഴിഞ്ഞപോലെ. ഇനിയെനിക്ക്, ഈ മഹാനഗരത്തോട് വിടപറയാമല്ലോ.
എം.നാരായണന്‍ കുട്ടി.