തൊട്ടപ്പുറത്തെ പള്ളിയിലെ കുഞ്ഞമ്മദ് മൊല്ലയുടെ ഈണത്തിലുള്ള വാങ്കുവിളി..ഇപ്പുറത്തെ പറമ്പിലെ ഓടിട്ട വലിയ വീട്ടിലെ ഒരു മുറിയില്‍ ക്ഷീണിച്ച് മേശമേല്‍ തലചായ്ച്ച് മയങ്ങുന്ന സഫറുള്ള എന്ന യുവാവിന്റെ കാതുകളിലും വന്നെത്തി. അയാള്‍ പതിയെ കണ്‍തുറന്നു. മേശപ്പുറത്ത് പാതിവായിച്ചുവെച്ച 'മരണാനന്തരജീവിതം' എന്ന പുസ്തകത്തിന്റെ താളുകള്‍ കാറ്റിലിളകി.
മേശപ്പുറത്ത് അടുക്കിവെച്ച ഖുറ്‌ആന്‍ പരിഭാഷയും മറ്റുഗ്രന്ഥങ്ങളും സഫറുള്ള കണ്‍നിറയെ നോക്കികൊണ്ട് വാങ്കുവിളി ശ്രദ്ധിച്ചു. വാങ്കിലെ വരികള്‍ പതിയെ ഏറ്റുചൊല്ലിക്കൊണ്ട് അയാളിരുന്നു. മുറിയിലെ ചുമര്‍ചിത്രത്തില്‍ കുരിശില്‍ കിടക്കുന്ന യേശുകൃസ്തുവും സമീപം കന്യാമറിയവും കൂടെ മാലാഖകളും. അവരുടെ അരികില്‍ മണ്‍മറഞ്ഞുപോയ ചുറുചുറുക്കുള്ള ഒരു യുവാവും പുഞ്ചിരിയോടെ ഫ്രയിമിട്ട ഒരു ഫൊട്ടോയിലുണ്ട്. അവരെല്ലാം തന്നെ നോക്കിക്കൊണ്ട് ആശ്വസിപ്പിക്കുന്നതായിട്ട് അയാള്‍ക്ക് തോന്നി. വാങ്കുവിളി അവസാനിച്ചപ്പോള്‍ അയാള്‍ തന്റെ ഭൂതകാലത്തിലേക്ക് മനസ്സിനെ വെറുതെവിട്ടു. ആ മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ തന്റെ ഭുതകാലവിഹായസ്സില്‍ തത്തിക്കളിച്ച് പൊങ്ങിയും താഴ്ന്നും എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുവാന്‍ തുടങ്ങി..
ഭൂതകാലം ഇനിയൊരിക്കലും തിരുത്തുവാന്‍ കഴിയില്ലെന്ന് അയാളോര്‍ത്തു. അതിലേക്ക് ഊളിയിട്ട് പറന്നുകൊണ്ട് മനസ്സ് ചിലതൊക്കെ ചികഞ്ഞെടുത്ത് സഫറുള്ളയ്ക്ക് കാണിച്ചുകൊടുത്തു. അതയാള്‍ക്ക് അസഹനീയമായിരുന്നു. താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരികവേദനയേക്കാളും വേദനാജനകമായി അയാളുടെ അന്ത:രംഗം. ക്ഷീണിച്ച കണ്ണുകളും ശോഷിച്ച കൈകളും അയാള്‍ മേലോട്ടുയര്‍ത്തി യാചിച്ചു. ചുണ്ടുകള്‍ തെന്നലില്‍ ആടുന്ന തളിരിലപോലെ ഏറ്റുപറഞ്ഞ് മാപ്പിരന്നു. കണ്ണുനീരൊഴുകി അയാളുടെ താടിരോമങ്ങളിലൂടെ താഴോട്ട് തുള്ളിയിട്ടു..
സഫറുള്ള താമസിക്കുന്ന ഈ വലിയ വീടും ഒത്തിരി ഫലവൃക്ഷങ്ങളുള്ള പറമ്പും ഒന്നും അയാളുടേതല്ല. ഉറ്റസുഹൃത്തായ ജോസഫിന്റേതാണ്. എസ്റ്റേറ്റുകളും തോട്ടങ്ങളും ഫാം ഹൗസുകളുമുള്ള ജോസഫ്,
ടൗണില്‍ നിന്നും അല്പം മാറി സ്ഥിതിചെയ്യുന്ന ഓടിട്ട വലിയവീട് അങ്ങിനെ ഉപയോഗിക്കാറില്ല. ജോസഫും അനുജന്‍ ജോസും പിന്നെ ആറ് സഹോദരികളും അമ്മയും അടങ്ങിയ വലിയ കുടുംബം ഏറെക്കാലം ഇവിടെ താമസിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ജോസ് ഒരവധിക്കാലത്ത് വളരെ ചെറുപ്രായത്തില്‍ ഹൃദയസ്തംഭനമായി മരിക്കുകയായിരുന്നു. അതൊരു വലിയ ഷോക്കായി. സഹോദരിമാരുടെ കോളേജ് പഠനമൊക്കെ കഴിഞ്ഞപ്പോള്‍ അവരെയെല്ലാം നല്ലകുടുംബങ്ങളിലേക്ക് കെട്ടിച്ചയച്ച ജോസഫ് ഒടുവില്‍ വിവാഹിതനായി ഈ വലിയവീട് വിട്ട് കൃഷിയില്‍ ശ്രദ്ധിച്ച് ഒരു ഫാം ഹൗസിലേക്ക് ചേക്കേറി.
വലിയവീടും ഔട്ടുഹൗസും ചിതലുപിടിച്ച് നശിച്ചുപോകരുതെന്നുകരുതി ജോസഫ് പണിക്കാരെ കൊണ്ടുവന്ന് ഇടയ്ക്കിടെ തട്ടിക്കൊട്ടി വൃത്തിയാക്കി പോകും. ആരുമില്ലെങ്കിലും യേശുനാഥനും കന്യാമറിയവും മാലാഖമാരും അവിടെ കാവലായിട്ട് പലമുറികളിലും ചുമരിലുമുണ്ട്, ഒപ്പം മരിച്ചുപോയ അനുജന്‍ ജോസും..
നിര്‍ണായകഘട്ടത്തില്‍ ജോസഫ് ഈ വീട് സഫറുള്ളയ്ക്ക് വേണ്ടി തുറന്നുകൊടുത്തിട്ട് അധികനാളായിട്ടില്ല. പൂര്‍ണ്ണസ്വാതന്ത്യം ഉണ്ടായിട്ടും സഫറുള്ള ഔട്ട്‌ഹൗസിലെ ഒരു മുറിമാത്രമാണ് ഉപയോഗിക്കുന്നത്. ജോസഫും താനും മറ്റുസുഹൃത്തുക്കളും മിക്കപ്പോഴും ചീട്ടുകളിയ്ക്കും മദ്യസേവയ്ക്കും വല്ലപ്പോഴും ബ്ലൂഫിലിം കാസറ്റുകള്‍ കാണാനും പണ്ടുപയോഗിച്ചിരുന്ന അതേമുറിയില്‍ ഇന്ന് തനിച്ച് ഓര്‍ക്കുവാനിഷ്ടമില്ലാത്ത ഭൂതകാലത്തെ തിരുത്തുവാന്‍ വൃഥാ ആശിച്ചുകൊണ്ട് ജീവിതത്തിലെ എണ്ണപ്പെട്ട ദിനങ്ങളുമായി സഫറുള്ള കഴിഞ്ഞുകൂടി..
ചുമരിലെ ജോസിന്റെ പടത്തില്‍ ഒന്നൂടെ നോക്കിയിട്ട് അയാള്‍ വിതുമ്പി. താനും ജോസിനെപ്പോലെ വെറുമൊരു ഓര്‍മയായിമാറും എന്നൊര്‍ത്തപ്പോള്‍ അയാള്‍ വിറച്ചു. മേശമേല്‍ ഇരുകൈകളും പിണച്ചുവെച്ച് അതില്‍ മുഖം മറച്ചുകൊണ്ടയാള്‍ ഇരുന്നു തേങ്ങി. വീടിന്റെ മച്ചില്‍ കൂടുകൂട്ടി അടയിരിക്കുന്ന പ്രാവിന്റെ കുറുകല്‍ മൂകതയെ പലപ്പോഴും മുറുച്ചുകൊണ്ടിരുന്നു..
സഫറുള്ള ഭൂതകാലത്തിലൂളിയിട്ടു..
നാട്ടിലെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനും എന്നാല്‍ നാട്ടുകാരുടേയും വീട്ടുകാരുടേയും അറിവില്‍ ദുര്‍നടപ്പുകാരനും പോക്കിരിയുമായിരുന്നല്ലോ ഞാന്‍. ഏതു തല്ലുപിടിയിലും പോലീസ് ആദ്യം തേടിയിരുന്ന പ്രതി. ബന്ധുവായ രാഷ്‌ട്രീയനേതാവിന്റെ ബലത്തില്‍ വിലസിയിരുന്ന ഞാന്‍ ഇന്ന്.. ദിനങ്ങളെണ്ണിക്കൊണ്ട്, ഇവിടെ സ്വയം എല്ലാവരില്‍ നിന്നുമകന്ന് ഏകാന്തവാസത്തില്‍..താന്‍ വേണ്ടെന്ന് പറഞ്ഞിട്ടും ഉറ്റസുഹൃത്ത് ജോസഫും രാമനും എന്നും ഭക്ഷണപ്പൊതിയുമായി വരും, കാര്യങ്ങള്‍ നോക്കും. ഏറെ നിര്‍ബന്ധിച്ച് കയര്‍ത്തുകൊണ്ട് അവരോട് പോകുവാന്‍ പറയുമ്പോള്‍ താന്‍ വീണ്ടും തനിച്ചാകും. അന്നേരം കൂട്ടിന് പുണ്യഗ്രന്ഥങ്ങളും പുണ്യവാന്മാരും പിന്നെ, കുറുകുന്ന പ്രാവുകളും മാത്രം. അതില്‍ വല്ലാത്തൊരു ആത്മീയശാന്തിയും വേദനാശമനവും ലഭിക്കുന്നപോലെ..
പതിയെ എഴുന്നേറ്റ സഫറുള്ള വേദനസഹിച്ച് വേച്ചുവേച്ച് നടന്നു. ഒരുകാലത്ത് മതം അനുഷ്‌ടിക്കുന്ന ചര്യകളൊന്നും പിന്‍പറ്റാതെ പരിഹസിക്കുമായിരുന്ന അയാള്‍ക്ക് അതെല്ലാം ഇന്ന് മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കുന്നവയാണ്. അംഗശുദ്ധി വരുത്തി തിരിച്ചെത്തി അയാള്‍ പായവിരിച്ച് നമസ്കരിച്ചു. സദാസമയവും മരണഭയം അയാളെ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു..
അയാള്‍ അടഞ്ഞുകിടന്ന ജാലകങ്ങള്‍ തുറന്ന് റോഡിലേക്ക് നോക്കിനിന്നു. റോഡിനപ്പുറം പഴയൊരു കെട്ടിടത്തിലെ മാളികയിലെ പൂട്ടിക്കിടക്കുന്ന ഒറ്റമുറി റോയല്‍ ക്ലബും ആളൊഴിഞ്ഞ വരാന്തയും.. അതിന്റെ ബോര്‍ഡ് പൊടിപിടിച്ച് വൃത്തികേടായി ചെരിഞ്ഞുതൂങ്ങി കിടപ്പുണ്ട്. തന്റെ ആയുസ്സില്‍ ഏറിയസമയവും ചിലവഴിച്ച അവിടെ ഇന്നാരുമില്ല. അവിടെയിരുന്ന് എത്രവട്ടം ചീട്ടുകളിയും മദ്യസേവയും നടത്തിയെന്ന് സഫറുള്ളയ്ക്ക് നിശ്ചയമില്ല. അതുകൊണ്ടുതന്നെ ഉപ്പയുമായി പിണങ്ങി അകലേണ്ടിവന്നു. വീട്ടില്‍ പോകാതെയായി. പലരാത്രികളിലും റോയല്‍ ക്ലബിലെ ബെഞ്ചുകള്‍ കൂട്ടിയിട്ട് മൂട്ടകടിയും അഹിച്ച് കിടന്നിട്ടുണ്ട്. ചിലരാത്രികളില്‍ മുല്ലപ്പൂ ചൂടിയ തേവിടിശ്ശികളും കൂട്ടിനുണ്ടായിരുന്നു. സഫറുള്ള പതുക്കെ വീട്ടില്‍ നിന്നകന്നു.
സഫറുള്ള റോയല്‍ ക്ലബില്‍ നിന്നും കണ്ണെടുത്ത് ജാലകങ്ങള്‍ വലിച്ചടച്ച് വേദന സഹിച്ച് കിടക്കയില്‍ വന്ന് ഇരുന്നു. പിന്നെ കിടന്നുകൊണ്ട് മച്ചിലെ കൊത്തുപണികളില്‍ നോക്കി കണ്ണടച്ചു. യുവത്വം അതിന്റെ പാരമ്യത്തില്‍ ആഘോഷിച്ചുതീര്‍ത്ത അയാളിപ്പോള്‍ ജോസഫിന്റെ ഔദാര്യത്തില്‍ വലിയവീട്ടിലെ ഔട്ട് ഹൗസിലെ ഈ മുറിയില്‍ ജീവിതം തുടരുന്നത്..?
സഫറുള്ള വീണ്ടും ഭൂതകാലത്തിലൂളിയിട്ടു..
ഒരിക്കല്‍ ബൈക്ക് വാങ്ങാന്‍ പണമാവശ്യപ്പെട്ട് ഉപ്പയെ സമീപിച്ചു. പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഉപ്പ അന്ന് കൈമലര്‍ത്തി. അതൊരു ശബരിമലസീസണായിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹിയായ ഉപ്പ ഒരു വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ച് മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യനായി റോയല്‍ ക്ലബില്‍ ഓടിയെത്തി..
സിഗരറ്റും കത്തിച്ച് പുകയൂതി പൊട്ടിച്ചുവെച്ച മദ്യക്കുപ്പികളുമായി കൂട്ടുകാരോടൊപ്പം റമ്മി കളിക്കുകയായിരുന്ന സഫറുള്ളയെ ഉപ്പ ആദ്യം തിരിച്ചറിഞ്ഞില്ല. നെറ്റിയില്‍ ഭസ്മം വാരിത്തേച്ച് അയ്യപ്പസ്വാമികളുടെ ലോക്കറ്റുള്ള മാലയുമിട്ട് കറുത്ത തുണിയും ധരിച്ച് മോശം ചുറ്റുപാടിലിരിക്കുന്നത് മകനാണെന്ന് മനസ്സിലാക്കാന്‍ ഉപ്പ ബുദ്ധിമുട്ടി.
'എന്റെ പൊന്നുമോനേ.. നീ ഉപ്പയെ നാണക്കേടാക്കല്ലേ. നീയാ മാലയൂര്, ഭസ്‌മം തുടച്ചുകളയ്, കറുപ്പ് തുണി മാറ്റ്. നിന്റെ ഉപ്പയല്ലേടാ ഞാന്‍. പറയുന്നത് കേള്‍ക്ക്..'
സിഗരറ്റ് ഒന്നാഞ്ഞ് വലിച്ചൂതി പൊട്ടിച്ചിരിച്ച സഫറുള്ള മദ്യക്കുപ്പിയിലെ ശേഷിച്ചതും കൂടി ഉപ്പയുടെ മുന്നിലിരുന്ന് കുടിച്ചുതീര്‍ത്തു.
'ഞാനിന്നലെ പറഞ്ഞ ബൈക്ക് വാങ്ങിത്തരുന്ന കാര്യം എന്തായി?'
'മോനേ, നിനക്ക് ബൈക്കല്ല കാറ് തന്നെവാങ്ങാനുള്ള പണം ഈ ഉപ്പ തരാം.'
'എനിക്ക് പണം ഇവിടെ ഇന്ന് കൊണ്ടുത്തരണം. എന്നാലേ ഞാനീ ശബരിമലവേഷം ഒഴിവാക്കൂ. ഇല്ലെങ്കില്‍ ഉപ്പയുടെ മോന്‍ ശബരിമലേല്‍ പോകും അയ്യപ്പനെ കാണും സ്വാമിയാകും. പറഞ്ഞാപറഞ്ഞതു ചെയ്യുന്ന മോനാ ഉപ്പാ ഈ മോന്‍!'
കൂട്ടുകാര്‍ ഇരുവരേയും നോക്കി. ഉപ്പ വ്യസനത്തോടെ സമ്മതം മൂളി പടിയിറങ്ങി. പറഞ്ഞപോലെ വൈകിട്ട് പണവുമായി ഉപ്പ വന്നു. സഫറുള്ള അക്കാലത്തെ മുന്തിയ ബൈക്കിലായി പിന്നെ സവാരി. മകന്റെ പോക്ക് കണ്ട് വഴിയില്‍ ഒതുങ്ങിനിന്നു പലവട്ടം ആ പാവം ഉപ്പ..
'ഉപ്പാ.. മാപ്പ്.. മാപ്പ്..'
ഓര്‍മയുടെ തീച്ചൂളയില്‍ നിന്നുമുണര്‍ന്ന സഫറുള്ള ശരീരത്തില്‍ പടര്‍ന്നുകയറിയ വേദനയില്‍ പുളഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു. മച്ചിലെ കൂട്ടില്‍ വിരിഞ്ഞ് പുറത്തുവരാന്‍ പോകുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന പ്രാവ് കുറുകിക്കൊണ്ട് മുട്ടകള്‍ക്ക് അടയിരിക്കുന്നത് തുടര്‍ന്നു..
ആ ബൈക്ക് പൊടിപിടിച്ച് ഈ വീട്ടുപറമ്പിലൊരിടത്ത് തന്നെപ്പോലെ തനിച്ചായി കിടപ്പുണ്ട്. താന്‍ അസുഖമായി കിടപ്പായപ്പോള്‍ അതുവിറ്റ് കിട്ടുന്ന പണം ഉപ്പയെ ഏല്‍പ്പിക്കാന്‍ വേണ്ടി ജോസഫിനോടും രാമനോടും പറഞ്ഞേല്പിച്ചിട്ട് ദിവസങ്ങളായി. അങ്ങിനെയെങ്കിലും എന്റെ ഉപ്പയോട് എനിക്ക്....
ആറുമാസങ്ങള്‍ക്ക് മുന്‍പൊരു വൈകുന്നേരം. ഒരിക്കലും ഡോക്‌ടറേയോ ആശുപത്രിയോ സന്ദര്‍ശിക്കാത്ത സഫറുള്ള ഒടുവില്‍ ഒരു പരിശോധനയ്ക്ക് വിധേയനായി. കൂടെ പന്തുകളിക്കാറുള്ള ഡോക്‌ടര്‍ ഈശൊ വെറുതെയൊരു ചെക്കപ്പ് ചെയ്തതാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ചെക്കപ്പും രക്തപരിശോധനയും കഴിഞ്ഞ് ഡോക്‌ടര്‍ ഈശൊ തന്നെ അനുനയത്തില്‍ അറിയിച്ച രോഗവിവരം ഒരിക്കലും തന്നെ ഞെട്ടിച്ചില്ല. ഈശൊ അതറിയിക്കുമ്പോള്‍ നിര്‍ജീവമായി നിന്നുകൊണ്ട് കേട്ടു. ഒരുനിമിഷം ചുറ്റുപാടും മങ്ങിമാഞ്ഞുപോയ പോലെ.. തന്റെ കണ്ണുകള്‍ ആരാണ് മറച്ചുപിടിക്കുന്നത്? ശബ്‌ദമുഖരിതമായ അന്തരീക്ഷം മൂകതയിലായി. അതോ തന്റെ കാതുകള്‍ ആരോ പൊത്തിപ്പിടിച്ചതാണോ? ഈശൊയുടെ ക്ലിനിക്കില്‍ നിന്നും സഫറുള്ള ഒന്നും മിണ്ടാതെ തിരികെനടന്നു. ആ രാത്രിയില്‍ റോയല്‍ ക്ലബിന്റെ മുറിയില്‍ കയറി കതകടച്ച് ആരും കാണാതെ, കേള്‍ക്കാതെ തേങ്ങിക്കരഞ്ഞു..
താനും മരണത്തിലേക്കൊരു ടിക്കറ്റ് എടുത്തുകാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു! രക്താര്‍ബുദം എന്ന വിലയേറിയ ടിക്കറ്റുമായി ആരേയുമറിയിക്കാതെ സഫറുള്ള സ്വയം ഉള്‍വലിഞ്ഞു ജീവിക്കാന്‍ തുടങ്ങി. വീട്ടുകാരെ ഒരിക്കലും ഇതറിയിച്ചില്ല. അവര്‍ തന്നെക്കൊണ്ട് ഒരുപാട് കണ്ണീരൊഴുക്കുന്നുണ്ടല്ലോ. ഇനിയിതും കൂടി അറിയിച്ചിട്ടെന്തിന്? ഉറ്റസുഹൃത്തായ ജോസഫും രാമനും മാത്രമറിഞ്ഞു.
ദൈവം തനിക്ക് അല്‍പനാളുകള്‍ ബാക്കിയാക്കിയതില്‍ സഫറുള്ള ചെറുതായി ആശ്വസിച്ചു. മുപ്പത്തിയഞ്ചു വയസ്സിനിടയില്‍ ചെയ്തുകൂട്ടിയ തെറ്റുകളുടെ വിഴുപ്പുകെട്ടഴിച്ച് അലക്കി വൃത്തിയാക്കിയെടുക്കാനും അതിനും കൊള്ളാത്തവ കളയാനും പടച്ചവന്‍ കനിഞ്ഞനുഗ്രഹിച്ച് കിട്ടിയതാണീ എണ്ണപ്പെട്ട ദിനങ്ങളെന്ന് അയാള്‍ വിശ്വസിച്ചു. മരണത്തോടടുക്കുന്ന അല്‍പദിനരാത്രങ്ങള്‍ പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും നിത്യവും പള്ളിയില്‍ നിന്നും ഉയരുന്ന അഞ്ചുനേരത്തെ വാങ്കുവിളിയും കേട്ടുകഴിയാനും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജോസഫ് ഈ അടച്ചിട്ട വീട് തുറന്നുതരികയും നിസ്കാരപ്പായയും പുണ്യഗ്രന്ഥങ്ങളും എത്തിച്ചുതരികയും ചെയ്തു..
ഇവിടെ കഴിയുവാന്‍ തുടങ്ങിയപ്പോള്‍ ഡോക്‌ടര്‍ ഈശൊ വന്നുപരിശോധിക്കാറുണ്ടായിരുന്നു. തന്റെ അര്‍ബുദം പാരമ്യത്തിലെത്തിയ വേളയിലാണ് കണ്ടെത്തിയതെന്ന് ഒരിക്കല്‍ ഈശൊ പറഞ്ഞു ഖേദിച്ചു. പിന്നീടൊരിക്കലും ഡോക്‌ടര്‍ ഈശൊ എന്ന സുഹൃത്തിനെ ആ വഴികണ്ടില്ല. ഒരുനാള്‍ വ്യസനത്തോടെ ജോസഫ് അതറിയിച്ചപ്പോള്‍ ഒരിക്കലും വിശ്വസിക്കാനാവാതെ സഫറുള്ള ദൈവത്തെപ്പോലും ശകാരിച്ച് ഒരുപാടുനേരം തേങ്ങിക്കരഞ്ഞു. ഈശൊ ഇനിയൊരിക്കലും വരില്ല! ഒരുരാത്രി ഉറക്കത്തില്‍ ഹൃദഹ്യം നിലച്ച് എന്നെന്നേക്കുമായി ഈശൊ തന്റെ അച്‌ഛന്‍ യാത്രപോയ വഴിയേ പോയ്‌മറഞ്ഞു!
'മരണം മരണം അന്തമില്ലാത്ത നിത്യസത്യം മരണം!' സഫറുള്ള പുലമ്പിക്കൊണ്ട് കിടക്കും. ചിലപ്പോള്‍ മേശയില്‍ വിരലിനാല്‍ താളമിട്ട് ഇരിക്കും. ചിലപ്പോള്‍ മുറിയില്‍ ഉലാത്തും. റോയല്‍ ക്ലബ് സ്ഥിതിചെയ്യുന്ന ഭാഗത്തെ ജാലകങ്ങള്‍ അയാള്‍ എപ്പോഴും അടച്ചിട്ടു. പ്രാവിന്റെ കുറുകല്‍ തന്നോടാണെന്ന് അയാള്‍ കരുതി. അഞ്ചുനേരം പടച്ചത്തമ്പുരാനെ പ്രകീര്‍ത്തിച്ചുകൊണ്ട് വാങ്കുവിളി ഈണത്തില്‍ ശ്രവിച്ച് അയാള്‍ ആശ്വസിച്ചു.
മരണം അടുത്തിട്ടും ഉമ്മയേയും ഉപ്പയേയും സഹോദരികളേയും ഒന്നും കാണുവാന്‍ ആഗ്രഹമില്ലേയെന്ന് ജോസഫ് ചോദിച്ചതാണ്. ആഗ്രഹമുണ്ടെങ്കിലും അവരൊരിക്കലും തന്റെ ദുരവസ്ഥ അറിയാനിടയാവരുത് എന്നേ താന്‍ ചിന്തിക്കുന്നുള്ളൂ. തന്റെ മെലിഞ്ഞുണങ്ങിയ ശരീരവും വളര്‍ന്ന താടിരോമങ്ങളുമൊക്കെ അവര്‍ കാണുമ്പോള്‍.. വേണ്ട. തന്റെ ചുറുചുറുക്കുള്ള മുഖവും ശരീരവും അങ്ങിനെത്തന്നെ അവരുടെ ചിന്തകളില്‍ ഭംഗമില്ലാതെ തുടര്‍ന്നോട്ടെ. താന്‍ ദൂരെയേതോ ദിക്കിലേക്ക് യാത്രപോയെന്ന് അറിയിക്കുവാന്‍ ജോസഫിനോട് സഫറുള്ള ആവശ്യപ്പെട്ടു. ശരിയാണ്, ദൂരെ ദൂരെ ഒരു ദിക്കിലേക്ക് താനൊരു യാത്ര പുറപ്പെട്ടുകഴിഞ്ഞല്ലോ എന്നയാള്‍ നടുക്കത്തോടെ ചിന്തിച്ചുകിടന്നു.
ഒരുവേള ഓര്‍മസ്‌ഫുലിംഗങ്ങള്‍ പടര്‍ന്നു വ്യാപിച്ച തലച്ചോറ് ക്ഷീണിച്ച് അവശനായപ്പോള്‍ വേദന കാര്‍ന്നുതിന്നുന്ന ദേഹം തളര്‍ന്ന അയാളുടെ കണ്ണുകള്‍ മറിഞ്ഞടഞ്ഞു. നാവുകള്‍ പുണ്യവചനങ്ങള്‍ ഉരുവിടാന്‍ വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു. കാല്‍വിരലുകള്‍ കോച്ചിവലിയുന്നു. ശരീരം പതിയെ നിശ്ചലമായികൊണ്ടിരുന്നു.. കൈകാലുകള്‍ ചലിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും.. പാദം മുതല്‍ ഉച്ചിവരെ വര്‍ദ്ധിച്ച വേദനയില്‍ അലറുവാന്‍ വായ തുറന്നെങ്കിലും.. പലരേയും വേദനിപ്പിക്കുന്ന വാക്കുകള്‍ മൊഴിഞ്ഞ നാവ് താഴേക്ക് വലിഞ്ഞ് ഒട്ടിപ്പിടിച്ചുകിടന്നു.. ഒരുനിമിഷം ഒരേയൊരു നിമിഷം താന്‍ ചെയ്തുകൂട്ടിയ ഓരോന്നും ഞൊടിയിട അകധാരില്‍ മിന്നിമറഞ്ഞു.. ഒടുക്കം സഫറുള്ള നിത്യനിദ്രയിലേക്ക് വഴുതിവീണു.
എല്ലാത്തിനും മൂകസാക്ഷിയായ് മുറിയിലെ ചുമരില്‍ മണ്‍മറഞ്ഞുപോയ ജോസും ക്രൂശിതനായ യേശുനാഥനും സമീപം കന്യാമറിയവും പിന്നെ പുഞ്ചിരിയോടെ മാലാഖമാരും.. മേല്‍ക്കൂരയില്‍ വിശ്രമിക്കുകയായിരുന്ന പ്രാവുകള്‍ പെട്ടെന്ന് പലദിക്കുകളിലേക്കും ചിറകിട്ടടിച്ച് പറന്നുപോയി. മച്ചിലെ കൂട്ടില്‍ മുട്ടവിരിഞ്ഞ് വെളിയിലെത്തിയ കുഞ്ഞുങ്ങളുടേയും അമ്മപ്രാവിന്റേയും കുറുകലുകള്‍ മൂകതെയെ ഇല്ലാതാക്കി..
ഏറനാടന്‍
(salih kallada)