സൂര്യതാഴ്വാരത്തെ ദേശാടനക്കിളി

പച്ച നിറമുള്ള സ്റ്റിക്കര്‍ ഒട്ടിച്ച്, ബുക്സ് എന്നു ലേബല്‍ ചെയ്ത അവസാന പെട്ടിയും താഴെയിറക്കി യുണൈറ്റഡ് വാന്‍ ലൈന്‍സിന്റെ വലിയ ട്രക്ക് പതുക്കെ ഡ്രൈവേ വിടുന്നതും നോക്കി നിന്നു അനിത.മറ്റൊരു വീടു മാറ്റം. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ വീടാണിത്.

കല്യാണം കഴിഞ്ഞ് വിനോദിനൊപ്പം കാനഡ എന്ന വിദേശ രാജ്യത്തേക്കു പറക്കുമ്പോള്‍ ഒരു കുടുംബ ജീവിതം തുടങ്ങുന്ന സ്വപ്നത്തേക്കള്‍ മുമ്പിട്ടു നിന്നതു ജനിച്ച നാടും വീടും, പപ്പയെയും മമ്മയേയും പിരിയുന്നതിലുള്ള വിഷമമായിരുന്നു.പതിനെട്ടു നിലയില്‍ തലയുയര്‍ത്തി നില്ക്കുന്ന കെട്ടിടത്തില്‍ ഒരു ബെഡ്​റൂം അപാര്‍ട്മെന്റ്-ആദ്യത്തെ വീട്.ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ച വീട്.അച്ചു ഉണ്ടായപ്പോള്‍ വീടിനു വലിപ്പം പൊരെന്നു തോന്നി അതെ കെട്ടിടത്തില്‍ രണ്ടു ബെഡ്​റൂം വീട്ടിലേക്കു മാറി.അന്നു മനസു ഒത്തിരി നൊമ്പരപ്പെട്ടു.ഭിത്തികളോടു വരെ അനിത യാത്ര ചോദിച്ചു.പിന്നെ സാധനങ്ങളുടെ എണ്ണം കൂടിയപ്പോഴും, വിനോദിന്റെ ജോലി സൗകര്യാര്‍ത്ഥവും ടൊറോന്റോയില്‍ തന്നെ രണ്ടു മാറ്റങ്ങള്‍ കൂടി.

ഇതിപ്പോള്‍ കാനഡയോടു തന്നെ യാത്ര പറഞ്ഞു അമേരിക്കന്‍ സാമ്രാജ്യത്തിലെ ന്യു ജേഴ്സി എന്ന പട്ടണത്തിലേക്ക്."ഇന്‍ഡ്യാക്കാര്‍ ധാരാളം ഉള്ള സ്ഥലമാണു" വിനോദിന്റെ ആശ്വാസ വചനം.

അനിത പുതിയ വീടിനുള്ളില്‍ക്കൂടി നടന്നു. നല്ല ഒരു ചെറിയ റ്റൗണ്‍ ഹൗസ്.വലിയ ജനലുകള്‍.സൂര്യ പ്രകാശം ധാരാളം അകത്തേക്കു വരുന്നു. ഈ ഹൗസിങ് കൊമ്പ്ലെക്സിന്റെ പേരു കേട്ടപ്പോള്‍ തന്നെ അനിതക്കു ഇഷ്ടമായിരുന്നു-സണ്‍ വാലി.കണ്ടപ്പോള്‍ പേരു പോലെ തന്നെ.ചെറിയൊരു കുന്നിന്‍ താഴ്വാരം നിറയെ റ്റൗണ്‍ ഹൗസുകള്‍.ധാരാളം പൈന്‍ മരങ്ങള്‍.സൂര്യപ്രകാശത്തില്‍ കുളിര്‍ന്നു നില്ക്കുന്ന ചെടികള്‍.പ്രകൃതിയെയും സൂര്യനേയും സ്നേഹിക്കുന്ന അനിതയ്ക്കായി ന്യു ജേഴ്സി കരുതി വച്ചിരുന്ന പുതിയ പാര്‍പ്പിടം-സൂര്യ താഴ്വാരം.

ബെഡ്​റൂമില്‍ നിലത്തുവിരിച്ച സ്ലീപ്പിങ് ബാഗില്‍ കിടന്നു മോള്‍ തളര്‍ന്നുറങ്ങുന്നു.സ്ലീപിങ് ബാഗ് കൈയില്‍ കരുതിയിരുന്നതു നന്നായി. എല്ലാ കാര്യങ്ങളും ഒരു മുഴം മുമ്പെ കണ്ടു പ്ലാന്‍ ചെയ്യുക എന്നതു അനിതക്കു മമ്മയുടെ കൈയില്‍ നിന്നും കിട്ടിയ ശീലമാണ്.

ചിന്ത മമ്മയിലേക്കു പറന്നു.മമ്മ എത്ര ഭാഗ്യവതിയാണ്, കല്യാണം കഴിച്ചപ്പോള്‍ മുതല്‍ ഇന്നു വരെ ഒരേ വീട്ടില്‍!
അനിതക്കു ഇപ്പോഴും വീട് എന്നു പറയുമ്പോള്‍ മനസിലേക്കു വരുന്നതു നാട്ടിലെ വീടാണ്.കണ്ണടച്ചാല്‍ ഇപ്പോഴും വീടിന്റെ മുക്കും മൂലയും വരെ കാണാം.ഗേറ്റ്,മുറ്റം,മമ്മയുടെ ഗാര്‍ഡന്‍,സിറ്റൗട്ട്,മുറികള്‍ എല്ലാം അനിതക്കു കാണാപ്പാഠമാണ്.കഴിഞ്ഞ യാത്രയില്‍ അനിത കണ്ട ഏക വ്യത്യാസം മമ്മ കര്‍ട്ടന്‍ മാറ്റിയിരിക്കുന്നു.മമ്മയുടെ ഗാര്‍ഡനിലെ വെള്ള റോസ പോലും അതേ സ്ഥാനത്തുണ്ട്.മമ്മ വര്‍ക്കേരിയയില്‍ നിന്നു മീന്‍ വെട്ടിയപ്പോള്‍ കാക്കകള്‍ വന്നിരുന്ന സ്ഥലം അനിത അമ്പരപ്പോടെ ശ്രദ്ധിച്ചു.എല്ലാം പഴയതു പോലെ തന്നെ.

അപ്രതീക്ഷിതമായി വന്ന പപ്പയുടെ മരണത്തില്‍ പോലും മമ്മക്കു തണലായത് ആ വീടാണ്, അവിടെ നിറഞ്ഞു നില്‍ക്കുന്ന പപ്പയുടെ ഓര്‍മ്മകളാണ്.മമ്മയോട് ആ വീടു വിട്ട്, അയല്‍വക്കം സുഹൃത്തുക്കള്‍ ഒക്കെ വിട്ട് വേറെയൊരു സ്ഥലത്തേക്കു പോകണമെന്നു പറഞ്ഞാല്‍...ആ ചിന്ത പൂര്‍ത്തിയാക്കാന്‍ പോലും അനിതക്കു കഴിഞ്ഞില്ല.

മമ്മയുടെ വേരുകള്‍ പറിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാഞ്ഞ പപ്പയോടു അനിതക്കു എന്തെന്നില്ലാത്ത ബഹുമാനം തോന്നി.ഒരിക്കലും ട്രാന്‍സ്ഫറില്ലാത്ത ഗവണ്മെന്റ് കോളേജിലെ പപ്പയുടെ ലക്ചറുദ്യോഗവും,എകണോമിയും കോമ്പെറ്റിഷനും അമ്മാനമാടുന്ന വിനോദിന്റെ പ്രൈവറ്റ് കമ്പനിയുദ്യോഗവും താരതമ്യം ചെയ്യുന്നതിലെ ബുദ്ധിശൂന്യത അനിതയുടെ ചിന്തകള്‍ക്ക് തത്ക്കാല വിരാമമിട്ടു.

ബാക്ക് യാര്‍ഡില്‍ നിന്ന് വിനോദിന്റെ ശബ്ദം കേള്‍ക്കാം.പുതിയ അയല്‍ക്കാരെ പരിചയപ്പെടുകയാണ്.വിനോദിനു സ്ഥലം മാറ്റങ്ങള്‍ ഒരു വിഷയമായിരുന്നില്ല.അപ്പയുടെ ട്രാന്സ്ഫറുകള്‍ക്കൊത്ത് അവന്‍ കറങ്ങി നടന്നു. ആറു സ്കൂളുകളിലായി സ്കൂള്‍ വിദ്യഭ്യാസം. അതു കൊണ്ടു തന്നെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആരും തന്നെയില്ല.

അനിത കൂട്ടുകാരുടെ കൂടെ വളരുകയായിരുന്നു,നഴ്സറി തൊട്ട് പന്ത്രണ്ടാം ക്ലാസ് വരെ ഒരേ സുഹൃത്തുക്കള്‍.കോളേജിലും പഴയ സുഹൃത്തുക്കള്‍ കുറെയുണ്ടായിരിന്നു.ഇപ്പോഴും മിക്കവരുമായി അനിത ഫോണ്‍ വഴിയും ഇമെയിലു വഴിയും അടുപ്പം കാത്തു സൂക്ഷിക്കുന്നു.ഓരൊ പുതിയ സ്ഥലത്തും വിനോദ് പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുന്ന വേഗത അനിതയെ അമ്പരിപ്പിച്ചു.

ഊഷ്മളതയില്ലാത്ത കൃത്രിമത്വം നിറഞ്ഞു നില്‍ക്കുന്ന ബന്ധങ്ങള്‍.പഴയ സുഹൃത് ബന്ധങ്ങളുടെ ആത്മാര്‍ത്ഥത, നിഷ്കളന്കത ഒക്കെ അനിതയുടെ മനസിലേക്ക് ഓടിയെത്തും. അനിതാ,താന്‍ ഇന്നലെകളിലാണു ജീവിക്കുന്നത്,ഇന്നില്‍ ജീവിക്കാന്‍ ശ്രമിക്കു,വിനൊദിന്റെ ഉപദേശം. ഇന്നലെകള്‍ സമ്മാനിച്ച നല്ല ഓര്‍മ്മകളാണു അനിതയുടെ ഇന്നുകളെ ഊര്‍ജ്ജസ്വലമാക്കുന്നത്,ഇന്നുകളാണു ഇന്നലെകളായി കൊഴിഞ്ഞു വീഴുന്നതു എന്ന തിരിച്ചറിവാണു പൊള്ളയായ ഇന്നുകളെ സൃഷ്ടിക്കാതിരിക്കാന്‍ അനിതയെ പ്രേരിപ്പിക്കുന്നത്.

പക്ഷെ വിനോദിനു വേണ്ടി ,വിവാഹം എന്ന ഉടമ്പടിക്കു വേണ്ടി അവള്‍ എല്ലം മറക്കും.നോര്‍ത്തമേരിക്കന്‍ ജീവിതത്തിലെ സുഹൃത് സമ്പാദനത്തിന്റെ ആദ്യപടിയായ വിരുന്നൊരുക്കലുകളിലേക്കു കടക്കും.

ഓരൊ ഡിന്നര്‍ കഴിയുമ്പോഴും അതിനുവേണ്ടി ഉള്ളി വഴറ്റി നഷ്ടമായ സമയത്തേക്കുറിച്ചോര്‍ത്തു അവള്‍ പശ്ചാത്തപിച്ചു.ഒരു മലയാളി സ്ത്രീയുടെ സമയത്തെ ഇത്ര അപഹരിക്കുന്ന ഉള്ളിയോടവള്‍ക്കു കടുത്ത ദേഷ്യം തോന്നും.

വിനോദിനൊടു വഴക്കിട്ട അവസരങ്ങളിലൊക്കെ കടുകു പൊട്ടിക്കാതെ ഉള്ളി വഴറ്റാതെ ഈസ്റ്റേണ്‍ മസാലപ്പൊടി കുടഞ്ഞിട്ടു ചിക്കന്‍ കറിയുണ്ടാക്കി അവള്‍ പ്രതിഷേധം അറിയിച്ചു.നല്ല കറിയെന്നു പറഞ്ഞു വിരല്‍ നക്കി ചോറുണ്ണുന്ന വിനോദിനെ കൊല്ലാനുള ദേഷ്യം അവള്‍ക്ക് വന്നു.എന്കിലും അനിത തന്റെ ഉള്ളിരഹിത സമരങ്ങള്‍ രഹസ്യമായി തുടര്‍ന്നു.അവളുടെ വിരസമായ ദിനങ്ങളെ അവ വ്യത്യസ്തമാക്കി.

എട്ടു വര്ഷം ഉള്ളി വഴറ്റി ഉണ്ടാക്കിയ സുഹ്രുത്തുക്കളേയാണു ഈയൊരു വീടുമാറ്റം കൊണ്ടു നഷടമായിരിക്കുന്നത്.നെല്ലും പതിരും തിരിച്ചു കുറച്ചു നല്ല സുഹൃത്തുക്കളെ അനിതയും സമ്പാദിച്ചു വരികയായിരുന്നു.

പുതിയ വീട്ടിലെ എല്ല മുറിയിലും ബോക്സുകള്‍ നിരന്നിരിക്കുന്നു.ഇത്തവണ പാക്കിങ് എന്ന ദുരിതം പിടിച്ച ജോലിയില്‍ നിന്നും അനിതക്കു മോചനം കിട്ടി.കമ്പനി തന്നെ പാക്ക് ചെയ്യാന്‍ ആളെ ഏര്‍പ്പാടാക്കിയിരിന്നു.

ഏന്നാല്‍ അതിലും വേദനാജനകമായ മറ്റൊരു ജോലി അനിതക്കു ചെയ്യേണ്ടി വന്നു.വിനോദിന്റെ ഭാഷയില്‍ ജങ്ക് റിമൂവല്‍.പുതിയ സ്ഥലത്തു റെന്റ് കൂടുതലാണ്, കഴിയുന്നത്ര പഴയ സാധനങ്ങള്‍ കളയണം.വിനോദ് എത്ര നിര്‍ദ്ദാക്ഷിണ്യമാണ് ഓരോ സാധനങ്ങളും ജങ്ക് പൈലിലേക്ക് ഇടുന്നത്.

അനിതക്കു വീട് നിറയെ ഓര്‍മ്മകളാണ്.എട്ടു വര്‍ഷത്തെ ജീവിതം സമ്മാനിച്ച ഓര്‍മ്മകള്‍.മമ്മ വാങ്ങിത്തന്ന പാത്രങ്ങള്‍,പപ്പയുടെ കരവിരുതു തെളിയിക്കുന്ന പെയിന്റിങുകള്‍,അച്ചുവിന്റെ കളിപ്പാട്ടങ്ങള്‍,ഓരൊ യാത്രയിലും സമ്പാദിച്ച സുവനിറുകള്‍....ഓരൊ ബഡ്ഷീറ്റിനു പോലും ഒരായിരം കഥകള്‍ പറയാനുണ്ട്, പ്രണയത്തിന്റെ,പിണക്കത്തിന്റെ,കൂട്ടുകൂടലിന്റെ അങ്ങിനെ അങ്ങിനെ.

വിനോദിനു വസ്തുക്കളോടോന്നും അറ്റാച്മെന്റില്ല.-അവനു ഓര്‍മ്മകള്‍ മനസില്‍ മാത്രമാണ്.ഒരു ഡിമന്‍ഷ്യക്കു തൂത്തു മാറ്റാവുന്നതേയുള്ളു മനസിലെ സമ്പാദ്യമെന്നും വസ്തുക്കള്‍ സമ്മാനിക്കുന്ന ഓര്‍മ്മകള്‍ അനശ്വരമാണെന്നുമൊക്കെ വിളിച്ചു കൂവാന്‍ മനസു വെമ്പി.മറ്റുള്ളവര്‍ക്ക് അപ്രിയങ്ങളായ സത്യങ്ങളെ മനസിന്റെ തടവറയില്‍ തളച്ചിടുക എന്നതും മമ്മയുടെ കൈയില്‍ നിന്നും പഠിച്ച കാര്യമാണ്.

ടൊറോന്റൊ വിട്ടു പോരുന്ന ദിവസം ശൂന്യമായ വീട്ടിലേക്കു നോക്കി എത്ര നേരം നിന്നു എന്നു അനിതക്കറിയില്ല.വളരെ ലാഘവത്തോടെ വാതില്‍ അടച്ചു പൂട്ടി വിനോദ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.അനിതയുടെ കണ്ണുകള്‍ ഓടി നടന്നു യാത്ര ചോദിച്ചു...വീട്,അയല്ക്കാര്‍,അച്ചുവിന്റെ പാര്‍ക്ക്,ടൊറോന്റൊ നഗരം,കാനഡാ രാജ്യം എല്ലം അതിര്‍ത്തികല്ക്കപ്പുരം മറഞ്ഞു.

"അമ്മ പ്ലേറ്റൈം". അച്ചു പാര്‍ക്കില്‍ പോവാന്‍ റെഡിയായി വിളിക്കുന്നു.രണ്ടാഴ്ചയേയായുള്ളു, കുട്ടി പുതിയ സ്ഥലവുമായിണങ്ങിക്കഴിഞ്ഞിരിക്കുന്നു.അപ്പന്റെ മോള്‍ തന്നെ.പ്ലേ ഗ്രൗണ്ടില്‍ അപ്പനമ്മമാര്‍ കുട്ടികളേയും കൊണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.കാനഡായിലെ കാലാവസ്ഥയേക്കുറിച്ചും,മൂവിങ്ങിന്റെ സ്ട്രെസിനേക്കുറിച്ചും ഒക്കെ അനിത അവരൊടു സംസാരിച്ചു.വിഷയങ്ങള്‍ തീര്‍ന്നു പോയപ്പോള്‍ ഇഷ്ടമില്ലാത്ത പുതിയ വിഷയങ്ങള്‍ അവള്‍ തന്നെ എടുത്തിട്ടു.മനസില്‍ നിന്നു വരുന്ന ചിന്തകള്‍ വാക്കുകളായി രൂപപ്പെട്ട് അവ സ്വരങ്ങളായി ഉടലെടുത്ത പഴയ സംഭാഷണങ്ങളെ മനസില്‍ കുഴിച്ചിട്ട് കുരിശു നാട്ടി പകരം ഒബാമയേയും ബുഷിനെയും പുറത്തേക്കു വിട്ടു.

വിനോദ് ഓഫീസില്‍ നിന്നും എത്തിയിരിക്കുന്നു.ഇന്നു വെള്ളിയാഴ്ചയാണെന്നു അനിത ഓര്‍ത്തതപ്പോഴാണ്. "അനിതാ, എന്റെ കൂടെ വര്‍ക് ചെയ്യുന്ന ഒരു സുനിലിനേക്കുറിച്ചു ഞാന്‍ പറഞ്ഞിരുന്നില്ലേ,വൈഫ് രേണു, അച്ചുവിന്റെ പ്രായത്തില്‍ ഒരു മോനുമുണ്ടവര്‍ക്ക്.നമുക്ക് പറ്റിയ കമ്പനിയാണ്. നാളെ ഞാനവരെ ഡിന്നറിനു വിളിച്ചിട്ടുണ്ട്.നീയൊരു ലിസ്റ്റ് എഴുത്, നമുക്കു മലയാളിക്കടയില്‍ പോയി ഗ്രോസറി വാങ്ങി വരാം.

അനിത ഫ്രിഡ്ജ് തുറന്നു.എല്ലാം തന്നെ തീര്‍ന്നിരിക്കുന്നു.അവള്‍ പേപ്പറും പേനയും കയില്‍ എടുത്തു.പതുക്കെ എഴുതിത്തുടങ്ങി.കരിവേപ്പില,ഇഞ്ചി,ചെറിയ ഉള്ളി,വലിയ ഉള്ളി...പുതിയ സ്ഥലത്തെ പുതിയ ബന്ധങ്ങളുടെ രാസവാക്യം ആ വെള്ളക്കടലാസില്‍ അനിതക്കു മുമ്പില്‍ തെളിഞ്ഞു വന്നു.

Jane Joseph
510 Sun Valley Way
Florham Park
New Jersey-07932
U.S.A
Email:janejoseph.123@gmail.com


-, New Jersey,



Your response will be e-Mailed to the poster.