വിവാദപാഠപുസ്തകം
.എടാ മോനേ നീ പഠിക്കെടാ.ന്ന് പറഞ്ഞ് സിസിലിയാമ്മ കുറേനേരമായി ജോണിക്കുട്ടന്റെ പുറകെ പാഠപുസ്തകവുമായി നടക്കൂന്നു .ഞാന്‍ പഠിക്കില്ല പഠിക്കില്ല പഠിക്കില്ല വിവാദ പാഠപുസ്തകം ഞാന്‍ പഠിക്കില്ല. അസന്നിഗ്ധ്മായി ജോണിക്കുട്ടന്‍ പ്രസ്താവിച്ചു. മോനേ ഏഴാം ക്ലാസ്സിലെ പാഠപുസ്തകമാല്ലെ വിവാദമായത്, നീ അതിന് നാലാം ക്ലാസ്സിലെ പുസ്തകം പഠിക്കില്ലെന്ന് പറയുന്നതെന്താ. സിസിലിയാമ്മ ന്യായമായ സംശയം ഉന്നയിച്ചു.
.അമ്മേ, ഏതെങ്കിലും വിദഗ്ദസമിതി ഞങ്ങളുടെ പാഠപുസ്തകം വായിച്ചിട്ടുണ്ടോ? അവര്‍ പറയട്ടെ ഇതില്‍ വിവാദവിഷയങ്ങളില്ലെന്ന് അപ്പോള്‍ ഞാന്‍ പഠിക്കുന്ന കാര്യം ആലോചിക്കാം. നാലാം ക്ലാസ്സുകാരന്‍ വലിയ വായില്‍ രാഷ്ട്രീയക്കാരെ പോലെ അനുകരിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ സിസിലിയാമ്മയുടെ കണ്ണ് തള്ളിപ്പോയി.
.എന്റെ പൊട്ടി അമ്മേ, ഞാന്‍ ഈ പുസ്തകമെല്ലാം പഠിച്ചുകഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോള്‍ ഏതെങ്കിലും, വിദ്വാന്‍ ഒരു വിവാദം ഇതില്‍ കണ്ടുപിടിച്ചാല്‍ തീര്‍ന്നില്ലേ കാര്യം.......പിന്നെ ..........സമരമായി.............പൊല്ലാപ്പായി അവസാനം ഗതികെട്ടിട്ടാണെങ്കിലും ഈ പുസ്തകവും പിന്‍ വലിക്കും, അപ്പോള്‍ അതുവരെ പഠിച്ച എന്റെ കാര്യം........ഗോപി അതുകൊണ്ട് കത്തിക്കാന്‍ പുസ്തകം ചോദിച്ച ആരെങ്കിലും വന്നാല്‍ കൊടുക്കാന്‍ തയ്യാറാക്കിവെച്ചിരിക്കുകയാണ്....അത്ര തന്നെ കേട്ടോ എന്റെ പൊട്ടി അമ്മേ. ജോണിക്കുട്ടന്‍ കെട്ടിപ്പിടിച്ചുകൊണ്ട് കാര്യകാരണഹിതം അമ്മയെ അനുനയപ്പെടുത്താന്‍ ശ്രമിച്ചു.
തന്റെ മോന്‍ ഇത്രയും വളര്‍ന്നുവെന്ന് സിസിലിയാമ്മ അന്നാണ് ആദ്യം മനസ്സിലാക്കുന്നത് മോന്റെ വളര്‍ച്ച അളക്കാനായി സിസിലിയാമ്മ ചോദിച്ചു അല്ലാ മോനേ, എന്തറിഞ്ഞിട്ടാ നീ ഈ വിവാദത്തെപ്പറ്റി പറയുന്നത്.? എന്റെ സ്റ്റുപ്പിഡ് അമ്മേ, വിവാദമെന്ന് പറയുന്നത് ഒരു ആഗോളപ്രതിഭാസമാണ്. അത് കേട്ടിരിക്കാന്‍ എന്താ രസം......... ഒരു കത്തിച്ചു വിട്ടാല്‍ പോരേ.. ആളിക്കത്തിക്കോളും ......അമ്മേ എന്നും അടുക്കളയില്‍ കുത്തിയിരുന്നാല്‍ പോരാ.....വല്ലപ്പോഴും ടി.വി. വെച്ച് കാണണം.......അപ്പോള്‍ അതില്‍ പല അങ്കിളുമാരും വിവാദം എങ്ങനാ ഉണ്ടാകുന്നതെന്ന് കാണിച്ചു തരും.
ജോണിക്കുട്ടന്റെ മറുപടിക്ക് മുന്നില്‍ സിസിലിയാമ്മ വീണ്ടും മുട്ടുമടക്കി.
.മോനേ, ഈ വിവാദപാഠപുസ്തകത്തിലെ വിവാദമായ വിഷയമെന്താണ്? .അമ്മേ നമ്മുടെ വിദ്യാഭ്യാസമന്ത്രി അതില്‍ എന്തൊക്കെയോ കുത്തിനിറച്ചിരിക്കുവാ.....അത് പഠിച്ചാല്‍ നമ്മളൊക്കെ കമ്മ്യൂണിസ്റ്റ് കാരായിപ്പോകും..........പിന്നെ നമ്മളെല്ലാം നരകത്തില്‍ പോകും .എന്താ അമ്മേം മോനും കൂടെയൊരു വിവാദചര്‍ച്ച?. ജോസുകുട്ടിയുടെ ചോദ്യം കേട്ടപ്പോഴാ ജോലി കഴിഞ്ഞ് വരാന്‍ സമയമായ കാര്യം സിസിലിയാമ്മ അറിയുന്നത്. .ചേട്ടാ, മോന്‍ പഠനമൊക്കെ നിര്‍ത്തി ഇപ്പോള്‍.വിവാദത്തില്‍. ഗവേഷണം നടത്തുകയാണ്.......ഞാന്‍ കുറേ നേരമായി അവന്റെ പുറകെ നടക്കുന്നു ഇത് വരെ ഹോംവര്‍ക്ക് ചെയ്തിട്ടില്ല സിസിലിയാമ്മ ഭര്‍ത്താവിന്റെ മുന്നില്‍ പരാതിപ്പെട്ടു. .നിനക്ക് രണ്ട് പൊട്ടീര് കൊടുത്തിട്ട് അവനെ പഠിപ്പിക്കാന്‍ മേലായിരുന്നോ. ജോസുകുട്ടി തുണി മാറിയുടുത്തുകൊണ്ട് ചോദിച്ചു.
അവന്‍ പറയുന്നത് പാഠപുസ്തകങ്ങളിലൊക്കെ വിവാദമാണെന്നാ .......എന്താണോ എനിക്കും മനസ്സിലകുന്നില്ല. .അല്ല ചേട്ടാ.... എനിക്കെന്നും അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ........ എന്തിനാ ചേട്ടാ വിവാദപാഠപുസ്തകത്തിന്റെ പേരിലുള്ള ഈ കോലാഹലങ്ങള്‍ ?ഇന്നലെ രണ്ട് സ്കൂള്‍ തീവെച്ചു.......രണ്ട് അദ്ധ്യാപകരെ തല്ലികൊന്നു രണ്ട് പോലീസുകാരെ ഏറ്കൊണ്ട് അത്യാസന്നനിലയില്‍.......നൂറോളം വിദ്യാര്‍ത്ഥികള്‍ ലാത്തിചാര്‍ജ്ജില്‍ ആശുപത്രിയില്‍........ടി.വി....... തുറന്നാല്‍ ഇതേ കേള്‍ക്കാനുള്ളു. ഇന്നും മോന് സ്കൂളില്ലായിരുന്നു. ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ മതനിന്ദയുണ്ടന്നോ, തലക്കെട്ട് ശരിയല്ലന്നോ, ചരിത്രം മാറ്റിയെഴുതിയെന്നോക്കെ പറഞ്ഞാ ഈ ബഹളങ്ങള്‍. ജോസുകുട്ടി ഒറ്റവാക്യത്തില്‍ ഉത്തരം പറഞ്ഞു.
എന്നാല്‍ അതിന് ഈ ബഹളംവെച്ചിട്ടെന്താ കാര്യം? കുഴപ്പമുണ്ടെന്ന് തോന്നുന്ന ഭാഗം അത് ഉണ്ടാക്കിയവരുടെ അടുത്ത് ചൂണ്ടിക്കാണിച്ച് പരിഹരിക്കാവുന്നതേയുള്ളു. അതിനെന്തിനാ ഈ ബഹളങ്ങള്‍. സിസിലിയാമ്മയ്ക്ക് വീണ്ടും സംശയം.
.അതാണ് പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് പറയുന്നത്. ഇതൊക്കെ രാഷ്ട്രീയ തന്ത്രമാണെന്നേ? സമരം ചെയ്യുന്ന എത്രപേര്‍ ആ പുസ്തകം വാങ്ങിച്ചിട്ടുണ്ട്.....ആറാം ക്ലസ്സുപോലും പഠിക്കാത്തവനെയും ഞാന്‍ സമരത്തില്‍ കണ്ടു. ആ പാഠപുസ്തകത്തിലെ ഉള്ളടക്കത്തില്‍ ആര്‍ക്കും വേദനയുണ്ടായിട്ടൊന്നുമല്ല.. പുസ്തകം പഠിച്ച് കുട്ടികള്‍ ചീത്തയാകരുതെന്നുള്ള സദുദ്ദേശവുമില്ല സമരത്തിന് ഒരു വിഷയം കിട്ടി. മതങ്ങളുടെ കൂട്ടുമുണ്ട്. ആ ആയുധം ആഞ്ഞ് പ്രയോഗിക്കുന്നു അതിനപ്പുറമുള്ള ആത്മാര്‍ദ്ധതയൊന്നും ഈ സമരത്തിന് ഇല്ല സമരത്തെ എതിര്‍ത്തികൊണ്ടുള്ള അച്ഛന്റെ മറുപടി ജോണിക്കുട്ടിക്ക് ഇഷ്ടമായില്ല .നമ്മളെ കമ്മ്യുണിസ്റ്റ്കാരനാകാനുള്ള കാര്യങ്ങളാ ആ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്......അത് പിന്‍ വലിക്കാനാ ഈ സമരം . ജോണിക്കുട്ടി തന്റെ അറിവ് തുറന്നടിച്ചു.. നിന്നോട് ആരാടാ ഇത് പറഞ്ഞത്?. തെല്ല് ദേഷ്യത്തില്‍ ജോസുകുട്ടി ജോണിക്കുട്ടിയോട് ആക്രോശിച്ചു.
.പള്ളീലച്ചനാ ഡാഡി. ഭയത്തോടെ ജോണിക്കുട്ടി പറഞ്ഞു. പറഞ്ഞ ആളിന്റെ ഇടത്ത് ചെകിടത്ത് ഒരു അടികൊടുത്ത് നോക്ക്, അപ്പോള്‍ കാണാം വലത് ചെകിടും കാണിച്ചുതരുമോ, എന്ന് ഇല്ല കാണിക്കില്ല ബൈബിളിലും ഖുറാനിലും എന്തെല്ലാം നല്ല കാര്യങ്ങള്‍ എഴുതി വെച്ചിരിക്കുന്നു......ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് വില്‍ക്കും സൌജന്യമായും ജനങ്ങള്‍ക്ക് നല്‍കുന്നു എന്നിട്ടും ആരുമൊന്നും പഠിക്കാത്തത്? ആരുമെന്താ നന്നാകാത്തത് ? വര്‍ഷങ്ങളായി ഇവ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍പോലും അതെല്ലാം ഉള്‍ക്കൊണ്ട് പഠിപ്പിക്കുന്നില്ല പിന്നെ ബാക്കിയുള്ളവരുടെ കാര്യം എന്തിനേറെപ്പറയുന്നു. ലോകത്ത് ഏന്ത് മാത്രം ചീര്‍ത്തപ്പുസ്തകം ദിനം പ്രതി അച്ചടിക്കപ്പെട്ടു......എത്രമാത്രം അശ്ലീല ചാനലുകള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നുകിടക്കൂന്നു ഇന്റെര്‍ നെറ്റില്‍ ഒരു പാഠ്യ വിഷയം തെരയാന്‍ ചെന്നാല്‍ പതിനായിരക്കണക്കിന് അനുബന്ധ വിഷയങ്ങള്‍ - തെറ്റും ശരിയും നല്ലതും ചീത്തയും അവരുടെ മുന്നില്‍ വരും അതിനെയൊക്കെ തടയാന്‍ ഈ സമരക്കാര്‍ക്ക് ആവുമോ? അവരെ അധികവായനയ്ക്ക് ഏതൊക്കെ വായിക്കാന്‍ നിര്‍ബന്ധിച്ചാലും വായിക്കേണ്ടവര്‍ വായിക്കാനുള്ളതൊക്കെ വായിക്കും വായിക്കില്ലാത്തവര്‍ ആവശ്യമുള്ളതൊപോലും വായിക്കുകയുമില്ല, അതുകൊണ്ട് മോനേ ജോണികുട്ടി ആരും ഒരു പുസ്തകത്തിലെ രണ്ട് വാക്ക് വായിക്കുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് കാരായിപ്പോകില്ലെന്നും മതം വേണ്ടെന്ന് വെക്കില്ലെന്നും പറഞ്ഞ ആളിനോട് പോയി പറ.
.ഡാഡി ഒരു കമ്മ്യൂണിസ്റ്റ് കാരനെപ്പോലെയാ സംസാരിക്കുന്നത്. ജോസുകുട്ടീടെ നീണ്ട പ്രസംഗത്തെ ജോണിക്കുട്ടി വിലയിരുത്തി. .പള്ളീലച്ചന്മാരും മതപുരേഹിതരും രാഷ്ട്രീയക്കാരെപ്പോലെ തുടങ്ങിയാല്‍ ഞാന്‍ കമ്മ്യുണിസ്റ്റാകേണ്ടിവരും. ജോസുകുട്ടി മനസ്സില്‍ മുറുമുറുത്തു .അപ്പനും മോനും കൂടിയുള്ള ഗുസ്തി മതിയാക്കി വന്നു വല്ലതും കഴിക്കാന്‍ നോക്ക് സമാധാനം പുനഃസ്ഥാപിച്ചുകൊണ്ട് സിസിലിയാമ പറഞ്ഞു ഒപ്പം ഒരു ,മുന്നറിയിപ്പും. അരിക്ക് വിലക്കൂടുതലായതുകൊണ്ട് ഇനി അത്താഴത്തിനും എന്നും ചപ്പാത്തിയാ. .അവശ്യ സാധനങ്ങളുടെ വിലകൂടിയതും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതും ആര്‍ക്കും ഒരു പ്രശനവുമില്ല. എല്ലാവരുംകൂടെ ഏതോ പാഠപുസ്തകത്തിലെ .മതമില്ലാത്ത ജീവന്‍. എ ന്ന പാഠഭാഗം തലനാരിഴകീറി .വിവാദം . സൃഷ്ടിച്ച് പരസ്പരം പോരടിച്ച് ജീവനെടുക്കുന്നു. .വിലയില്ലാത്ത ജീവന്‍. എന്നൊരു പാഠഭാഗം നമ്മുടെ മോന്‍ ഏഴാം ക്ലാസ്സില്ലെത്തുമ്പോള്‍ ഇനി പഠിക്കേണ്ടി വരും കഷ്ടം .ഉള്ളിലെ അമര്‍ഷത്തില്‍ സര്‍വ്വ ശക്തിയുമുപയോഗിച്ച് കഴുകിയ കൈയിലെ വെള്ളം കുടഞ്ഞുകളഞ്ഞ് ജോസുകുട്ടി ഭക്ഷണത്തിനിരുന്നു.
.അളിയാ, വിവാദ പാഠപുസ്തകം . കൊഴുക്കുകയാ......ഇന്ന് രണ്ട് പേര്‍കൂടെ വടിയാതോടെ സംഭവം മുക്കും. എന്ന് പറഞ്ഞുകൊണ്ട് കെ.സി പബ്ലിക്കേഷന്റെ ഉടമകൂടിയാ അളിയന്‍ സാംകുട്ടി അടക്കനാവാത്ത സന്തോഷത്തില്‍ കൂട്ടുകാരന്‍ രാജന്‍ തോപ്പിലിനോടൊപ്പം ജോസുകുട്ടിയുടെ അടുക്കല്‍ വന്നിരുന്നു. രാജന്‍ തോപ്പില്‍ എഴുത്തുകാരനും അദ്ധ്യാപകനും സാംകുട്ടിയുടെ സന്തത സഹചാരിയുമാണ്
.അളിയാ, വിവാദപാഠപുസ്തത്തിന്റെ 50 ലക്ഷം കോപ്പിയാ രണ്ട് ആഴ്ചകൊണ് അടിച്ച് വിറ്റത് .ക്രിസ്തുവിന്റെ ആറാം തിരുമുറിവിന് ഉണ്ടായിരുന്നതിനേക്കാള്‍ ഡിമാന്‍ഡാ ഇതിന്. ചാകര കിട്ടിയ സന്തോഷത്തില്‍ സാംകുട്ടി സംസാരം തുടര്‍ന്നു. അതെന്താ വിവാദ പാഠപുസ്തകത്തിന് ഇത്ര ഡിമാന്റ്. കഴിക്കാനുള്ള പ്ലെയ്റ്റ് സാംകുട്ടിയുടെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് സിസലിയാമ്മ ചോദിച്ചു.. എന്റെ സിസിലി, വാങ്ങി കത്തിക്കാന്‍ വേണ്ടി ഒരു കൂട്ടര്‍, വാങ്ങി ബോധവത്ക്കരണം നടത്താന്‍ വേറൊരു കൂട്ടര്‍, കോലാഹലത്തിന് ഇതിനകത്ത് എന്ത് കുന്തമാ ഉള്ളതെന്ന് അറിയണമെല്ലോ എന്ന് കരുതി ഇതില്‍ രണ്ടിലും പെടാത്തവര്‍....... അതുകൊണ്ട് നമുക്ക് ഖുശി. സാംകുട്ടി സന്തോഷംഒട്ടും മറച്ചുപിടിച്ചില്ല. .എടാ ഈ വിവാദത്തിലെങ്കിലും കഴമ്പുണ്ടോ
നീ പുസ്തകം വായിച്ചിരുന്നോ ജോസുകുട്ടി ആരാഞ്ഞു. .ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ ഇല്ലേന്ന് ചോദിച്ചാല്‍ ഇല്ല്. എന്റെ അളിയാ ഇതൊരു വിവാദമാക്കിയിന്നയിരുന്നെങ്കില്‍ ഒരു കുട്ടിപോലും ഇത് വലിയ കാര്യമാക്കില്ലായിരുന്നു. അവര്‍ ഇതും പഠിച്ച് എപ്പോഴോ മറന്നേനേ.....ചരിത്രത്തില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ വിഡ്ഡിത്തരങ്ങളായ ഭരണപരിഷ്കാരങ്ങള്‍ കാണാതെ പഠിച്ച് പരീക്ഷ എഴുതി ജയിച്ചവരല്ലെ നമ്മള്‍ എന്നിട്ട് വിഡ്ഡികളായോ? ഇനി വിവാദമായ സ്ഥിതിക്ക് പുസ്തകത്തിലെ ഓരോ വാക്കുകള്‍ക്കും വ്യത്യസ്ത വ്യാഖ്യാനങ്ങളും നാനാര്‍ത്ഥങ്ങളും, അര്‍ത്ഥങ്ങള്‍ക്കും തന്നെ വിവിധ തലങ്ങളും വ്യാപ്തിയും, ഇവയ്ക്കെല്ലാം പുറമെ വരികള്‍ക്കിടയിലൂടെയുള്ള വായനവഴി .കണ്ടുപിടിക്കപ്പെട്ടു. പുതിയ മാനങ്ങളും ഉണ്ടാക്കുകവഴി അത് പിന്‍ വലിക്കുന്നത് തന്നെയാ ബുദ്ധി. എഴുതിയവന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്നത്. ഏഴാം ക്ലാസ്സുകാര്‍ മാത്രമല്ല കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ പാഠഭാഗങ്ങള്‍ ആര്‍ത്തിയേടെ ഇതിനോടകം വായിക്കുകയോ അതിന്റെ ഉള്ളടക്കം മനസ്സിലാക്കുകയോ ചെയ്ത സ്ഥിതിക്ക് ഇനി പിന്‍ വലിച്ചിട്ടും പ്രത്യേക ഗുണമൊന്നുമില്ലായെന്നതും സത്യം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സാംകുട്ടി പ്രതികരിച്ചു.
.കൂടുതല്‍ വേണമെങ്കില്‍ ഈ രാജപ്പന്‍ പറയും. സാംകുട്ടി പന്ത് രാജന്റെ കോര്‍ട്ടിലേക്ക് തട്ടിവിട്ടു. .ഞാന്‍ പൊതുജനത്തിന്റെ കൂടെയാ, നോ കമന്റ്സ് പ്രതികരണശേഷിയില്ലാത്ത പൊതുജനത്തെപ്പോലെ രാജന്‍ പിന്‍ കാല്‍കൊണ്ട് ആ വിഷയം തട്ടിക്കളഞ്ഞു. .വിവരമുള്ളവര്‍ മിണ്ടാതിരുന്നാല്‍ വിവരമില്ലാത്തവര്‍ ചിലച്ചുകൊണ്ടിരിക്കും. ആങ്ങളയ്ക്കിട്ട് ഒരു കൊട്ടുകൊടുത്തുകൊണ്ട് സിസിലിയാമ്മ പറഞ്ഞു. പാഠപുസ്തകങ്ങള്‍ ഇന്ന് പല വിദേശരാജ്യങ്ങളിലുമില്ല അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കരിക്കുലം മാത്രം നല്‍കും. കരിക്കുലത്തെ അടിസ്ഥാനമാക്കി ലോകത്തിലുള്ളതെല്ലാം അവര്‍ പഠിക്കും. പാഠപുസ്തകങ്ങള്‍ ഉള്ളത് വെറും മാര്‍ഗ്ഗരേഖകള്‍ മാത്രമാണ്. ഇപ്പേഴത്തെക്കാലത്തെ കുട്ടികളുടെ അറിവ് ഒരു പാഠപുസ്തകത്തില്‍ ഒതുക്കാനാവില്ല്. സിസിലിയുടെ പൊക്കില്‍ വീണുപോയ രാജന്‍ അറിവിന്റെ കെട്ടിറക്കിവെയ്ക്കാന്‍ തുടങ്ങി.
.ശരിയാണ്......രാജന്‍....... പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച അതില്‍ പറഞ്ഞിരിക്കുന്ന അനുബന്ധകാര്യങ്ങല്‍ മാത്രം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് പണ്ടായിരുന്നു. ഇന്ന് ഒരു നുണയും ആരെയും പഠിപ്പിക്കാനാവില്ല ഒരു ചരിത്രവും വളച്ചൊടിക്കാനുമാവില്ല. അവന്‍ ഇന്റെര്‍നെറ്റില്‍ പരതി സത്യം കണ്ടെത്തൂം സത്യവിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്യും ജേസുകുട്ടി കൂട്ടുപിടിച്ചു. . അതേ പിന്നെന്തിനാ ഇവന്മാര് ഈ കലിപൂണ്ട് നടക്കുന്നതെന്തിനാ എന്ന് എനിക്കറിയില്ല. ഇതൊരു സംസ്ഥാന പ്രശനമൊന്നുമാക്കേണ്ട കാര്യമേ ആയിരുന്നില്ല. പരസ്പരം വിട്ടു വീഴ്ച നടത്തി ഒരു മേശക്കു ചുറ്റുമിരുന്ന് തീര്‍ക്കാവൂന്ന കാര്യമേ ഉണ്ടാഉയിരുന്നുള്ളു. എങ്കിലും വിവാദങ്ങള്‍ കണ്ടെത്തി വലുതാക്കിക്കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് രംഗം വഷളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ട്. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തികാട്ടി ആരും ആരെയും കൊലയ്ക്ക് കൊടുക്കരുതെന്നേ എനിക്കൊള്ളു അതിന് പുസ്തകം പിന്‍ വലിക്കുകയോ പിന്‍ വലിക്കാതിരിക്കുകയോ തോറ്റുകൊടുക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. രാജന്‍ തന്നെ നയം വ്യക്തമാക്കി ശ്ശേ. കറണ്ടു പോയീ പവര്‍കട്ടാ....... ഇനി കറന്റ് വന്നാലായി പെടുന്നനെ കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് സിസിലിയാമ്മ പറഞ്ഞു സംസാരവിഷയം . വിവാദപാഠപുസ്തകത്തില്‍ നിന്ന് പവര്‍കട്ടിലേക്ക്. വഴിമാറി. മാധ്യമങ്ങളെപ്പോലെ ഒരു തീരുമാനവുമാകാതെ എല്ലാവരും അടുത്തവിഷയത്തിലേക്ക് തിരിഞ്ഞു. ജോണികുട്ടന്റെ മനസ്സ് മാത്രം വിവാദപാഠപുസ്തകത്തിലും വരുംദിവസങ്ങളിലുണ്ടായേക്കവുന്ന പഠിപ്പ് മുടക്കിലും കറങ്ങി നടന്നു.
പൂക്കുട്ടന്‍.