
എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷര്‍ട്ട് ഊരിയിടുമ്പോള്‍ അതിന്റെ പോക്കറ്റില്‍ത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോണ്‍ കാര്‍ഡുകളും ടെലിഫോണ്‍ കാര്‍ഡ് വിറ്റ കാശും ഉള്‍പ്പെടെ മൊത്തത്തില്‍ നോക്കിയാല്‍ വലിയൊരു തുകയാണ് മോഷണം പോയത്.
ഈ വിവരം പോലീസില്‍ അറിയിച്ചതും ഞാന്‍ തന്നെയാണ്. പോലീസുകാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ കാര്യം അറിയാനായി വന്നു കൂടി.
രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരന്‍ കൂടെയുള്ളതു നന്നായി. ഞാന്‍ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാര്‍ക്ക് പറഞ്ഞു കൊടുത്തു. അറബിയില്‍ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.
എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവര്‍ ആരോ ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാള്‍ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.
“നിങ്ങള്‍ നാലുപേരല്ലിയോ ഈ റൂമില്‍ താമസിക്കുന്നത്, അതില്‍ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ?” മലയാളിപ്പോലീസുകാരന്‍ ചോദിച്ചു.
“ ഇല്ല എനിക്കാരെയും സംശയം ഇല്ല” മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.
ഞാന്‍ ആരെ സംശയിക്കാനാണ് ?
സപ്ലേ കമ്പനിയില്‍ ഒരു സാതാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവര്‍ക്കും അറിയാം. നാട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂര്‍ത്തിയായ അനുജന്മാര്‍ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേര്‍ന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.
ഒരല്പം അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ കാര്‍ഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരന്‍ സുഹൃത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കാര്‍ഡുകള്‍ കടയില്‍ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ് പണം കൊടുത്താല്‍ മതി. എനിക്ക് സൈറ്റില്‍ ഒത്തിരി പരിചയക്കാര്‍ ഉള്ളതിനാല്‍ ടെലിഫോണ്‍ കാര്‍ഡിന്റെ പാര്‍ട്ട് ടൈം ബിസ്സിനസ്സ് ഒരു വിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്.
നാല്‍പ്പതു ദിനാര്‍ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കള്‍ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോണ്‍ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയാണ്.
ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?
എന്റെ റൂമില്‍ താമസിക്കുന്ന സുനില്‍ ജോലി കഴിഞ്ഞാല്‍ കാറു കഴുകാന്‍ പോയിരുന്നു. വഴിയോരങ്ങളില്‍ കിടന്നിരുന്ന കാറുകള്‍ കഴുകുമ്പോള്‍ നാട്ടുകാര്‍ കാണുമെന്നോ , അവര്‍ കണ്ടാല്‍ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവന്‍ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുന്‍പ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല്‍ മോശമാണല്ലോ എന്ന വിചാരത്തില്‍ ഇപ്പോള്‍ കാറുകള്‍ കഴുകാന്‍ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോള്‍ കൂടുതലും ബംഗാളികള്‍ ഏറ്റെടുത്തു. സുനില്‍ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാര്‍ട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്.
എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവന്‍ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?
പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞാല്‍ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറില്‍ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂര്‍ പാര്‍ട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാര്‍ട്ട് ടൈം ജോലി കൊടുക്കാന്‍ അവര്‍ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവന്‍ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.
പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോര്‍ഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാന്‍ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതല്‍ കണ്ടെത്താനായില്ല.
പിന്നെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്റഫാണ്. അഷ്റഫിനു പാര്‍ട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവന്‍ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗള്‍ഫില്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമരുളുവാന്‍ ഓടിനടക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അവന്‍ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാന്‍ അഷ്റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടില്‍ പോകാന്‍ വഴിയൊരുക്കിയവരുടെ കൂട്ടത്തില്‍ അഷ്റഫാണ് മുന്നിലുണ്ടായിരുന്നത്.
ദൈവമേ ഇനിം അഷ്റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്... അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.
അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെന്‍സിലും തുടങ്ങിയ ചെറിയ സാധനങ്ങള്‍ കൈക്കലാക്കുന്ന ഒരു അസുഖത്തെപ്പറ്റി കഴിഞ്ഞദിവസം റേഡിയോയില്‍ കേട്ടു... ആ അസുഖമെങ്ങാനും അഷ്റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവര്‍ ആരും അഷ്റഫാണ് മോഷ്‌ടാവെന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.
അത്രയ്ക്ക് നല്ലവനാണ് അഷറഫ് . എനിക്ക് റൂമില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ അടുപ്പവും അഷ്റഫിനോടാണ്.
ഞാന്‍ പോലീസിനോടു പറഞ്ഞു
“എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.“
പോലീസുകാര്‍ സമ്മതിച്ചില്ല.
“ ഞങ്ങള്‍ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.“
പോലീസുകാര്‍ അവിടെ കൂടി നിന്നവരില്‍ സംശയമുള്ള വരെയൊക്കെ ചോദ്യം ചെയ്‌തു.
പോലീസുകാര്‍ക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !
മലയാളി പോലീസുകാരന്‍ വീണ്ടും എന്നോടായി ചോദ്യങ്ങള്‍.
“ ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി”
“ഇല്ല , ഞാനെങ്ങും പോയില്ല “ ഞാന്‍ കള്ളം പറയാന്‍ ശ്രമിച്ചു.
“ അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്”
“ഞാന്‍ ഹോസ്‌പിറ്റല്‍ വരെപ്പോയി”
“അവിടെ ആരാ ? ....“
“അവിടെ കാന്റീനില്‍ പോയി ഒരു ജൂസു കുടിച്ചു”
“ഒറ്റയ്ക്കാണോ പോയത്”
“ അതേ..... അല്ല..... അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു”
“നിങ്ങള്‍ ജൂസുകുടിച്ചതേയുള്ളോ ? “
“ അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു”
“പോലീസ്സുകാരായ ഞങ്ങളില്‍ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാണോ ?”
“അല്ല സാര്‍ പ്രേമമൊന്നുമല്ല, അവളുടെ മനസ്സില്‍ അങ്ങനെ വല്ലതും ഉണ്ടോന്നറിയാന്‍ പോയതാ”
“ഇന്നലെ പിന്നീട് എവിടെ പ്പോയി”
“ഇല്ല സാര്‍ വേറെങ്ങും പോയില്ല , റൂമിലേക്ക് തിരിച്ചു പോന്നു”
എന്റെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുന്‍പേ പോലീസുകാരുടെ മുന്‍പില്‍ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാര്‍ക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്.
പെയിന്ററായ ഞാന്‍ പുളിങ്കൊമ്പിലാണ് പിടിക്കാന്‍ നോക്കുന്നതെന്ന് അവര്‍ മനസ്സില്‍ പറഞ്ഞു കാണും.
അഷറഫ് വരരുതേയെന്നും പോലീസുകാര്‍ എത്രയും വേഗം പോകണേയെന്നും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
വിവരങ്ങളൊന്നും അറിയാതെ അഷ്റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സു പിടഞ്ഞും.
ദൈവമേ..... എന്റെ സ്‌നേഹിതന്‍ പിടിക്കപ്പെടരുതേ.
മലയാളിപ്പോലീസുകാരന്‍ അഷ്റഫിനോടായി ചോദ്യങ്ങള്‍
“ഇങ്ങോട്ടു നീങ്ങി നില്‍ക്കെടാ... നീയിവന്റെ പേഴ്‌സ് എടുത്തോ ? “
“ഞാന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങള്‍ക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.”
പോലീസ് അഷ്റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ നിന്ന് എന്റെ പേഴ്‌സും ടെലിഫോണ്‍ കാര്‍ഡുകളും ( തൊണ്ടി മുതല്‍) കണ്ടെടുത്തു.
അഷ്റഫിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവന്‍ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് ഓരോന്നു പറഞ്ഞു
“കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്നു.“
“സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണമാണിവന്റെ പരിപാടി.“
“എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം“
പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനില്‍ പോയി എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാര്‍ അഷറഫിനെ വിട്ടത്.
ഞങ്ങള്‍ റൂമില്‍ വന്നു.
ആര്‍ക്കും ആരുടേയും മുഖത്തു നോക്കാനായില്ല.
ഞങ്ങള്‍ നാലു പേര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പക്ഷേ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു.
അവര്‍ അഷ്റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാന്‍ തൂടങ്ങി.
കള്ളന്‍ അഷ്റഫിന്റെ സേവനം ഇനിയും ആര്‍ക്കു വേണം?
അഷ്റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.
രാത്രിയില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവന്‍ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്റഫ് പിടിക്കപ്പെട്ടപ്പോള്‍ ഞാനത് ഓര്‍ത്തിരുന്നെങ്കിലും പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.
ഞാന്‍ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാന്‍ പോയത് അഷ്റഫിന്റെ പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാല്‍ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാന്‍ ഇട്ടോണ്ടു പോയത്. വന്നപ്പോള്‍ പേഴ്‌സും മറ്റും അതില്‍ നിന്ന് എടുത്തുമാറ്റാന്‍ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.
ഞാന്‍ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്റഫിനെക്കാണണം എല്ലാം അവനോടു തൂറന്നു പറഞ്ഞ് മാപ്പിരക്കണം.
അഷ്റഫിന്റെ റൂമിന്റെ മുന്‍പില്‍ വലിയ ആള്‍ക്കൂട്ടം.
അഷ്റഫ് കഴിഞ്ഞ രാത്രിയിലെപ്പോളോ ആത്മഹത്യ ചെയ്തു.
“ കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ “
ആരോ പറഞ്ഞു.
ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?
എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.
നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഞാന്‍ തിരിഞ്ഞു നടന്നു.
ബാജി ഓടംവേലി, ബഹറിന്‍
bajikzy@yahoo.com