ജീവിതത്തിന്റെ പല കോണുകളിലും അവള്‍ കണ്ടത് നിരാശയുടെ ഇരുള്‍ മാത്രമായിരുന്നു. ഒരിടത്തും സന്തോഷത്തിന്റെ തിളക്കം കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. കാരണം എന്തെന്ന് അവള്‍ക്ക് അറിയില്ല. അവളില്‍ ഒരു നിഴലുണ്ടായിരുന്നു. എവിടെയും അവള്‍ക്കൊപ്പം നിഴലും നടന്നു. ബാല്യത്തില്‍ കളിച്ചു രസിക്കാനും കൌമാരത്തില്‍ മുഖക്കുരുവിന്റെ രഹസ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും കൂടെ നിന്ന് ആ നിഴലിനെ യൌവനത്തില്‍ അവള്‍ തഴഞ്ഞു. അവിടെ അവള്‍ പുതിയൊരു നിഴലിനെ കണ്ടു.
നഗരത്തിന്റെ ഇരുണ്ട കോണിലുള്ള ഒറ്റ മുറിയെ അടുക്കളയും കിടപ്പുമുറിയുമാക്കി മാറ്റാന്‍ അവള്‍ കാണിക്കുന്ന തന്ത്രപ്പാടിലും കൂടെച്ചേരാന്‍ നിഴല്‍ തയ്യാറായിരുന്നു. പക്ഷെ അവള്‍ തഴഞ്ഞു. പുതിയ നിഴല്‍ ദരിദ്രനായിരുന്നു. കൈവശമുണ്ടായിരുന്നത് പൊള്ളയായ വാക്കുകളും നുണയെങ്കിലും സത്യമെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ച സ്നേഹവും മാത്രം.
ഇളം കുളിരും, മന്ദസ്മിതവും, വര്‍ണങ്ങളും അവള്‍ സ്വപ്നം കണ്ടിരുന്നു. പുതിയ നിഴല്‍ യുക്തിവാദിയായിരുന്നു. പുസ്തകങ്ങളും, ക്ഷൌരം ചെയ്യാത്ത നീണ്ട താടിയും, വളര്‍ന്ന് അലസമായി കിടക്കുന്ന നീണ്ട മുടിയും നീളന്‍ ജുബ്ബയും ഉള്ള പുതിയ നിഴല്‍ തന്റെ നിരീശ്വരവാദത്തിന്‍ അവളെയും കൂട്ടു ചേര്‍ത്തു. ആ പരുക്കന്‍ നാളുകള്‍ക്കിടയില്‍ അഞ്ച്, പുതിയ നിഴലുകള്‍ കൂടി അവള്‍ക്ക് സമ്മാനിച്ച് പുതുനിഴല്‍ കടന്നുപോയി. അഞ്ചു നിഴലുകളും പാകമെത്താത്തതിനാല്‍ അവള്‍ നിഴലുകളെ പൂര്‍ണ്ണരൂപത്തിലാക്കാന്‍ നന്നേ ബുദ്ധിമുട്ടി. അഞ്ചു നിഴലുകളും ഒറ്റ മുറിയില്‍ തിങ്ങി ഞെരുങ്ങി. അവളുടെ സങ്കടത്തില്‍ പങ്കുചേരാന്‍ അപ്പോഴും പഴയ നിഴല്‍ തയ്യാറായിരുന്നെങ്കിലും. അവള്‍ അന്ധയായിരുന്നു. അവളുടെ ശുഷ്കിച്ച കൈകളും ഒട്ടിയ കവിളുകളും കുഴിവീണ കണ്ണുകളും ഏതോ ലബോട്ടറിയില്‍ കണ്ട അസ്ഥിക്കൂടത്തെ ഓര്‍മ്മപ്പെടുത്തി.
അഞ്ച് നിഴലുകലും തങ്ങളുടെ പുറംതോടു പൊട്ടിച്ച് പുറത്തുവന്നപ്പോള്‍ അവള്‍ ഏതോ വൃദ്ധസദനത്തിന്റെ ജനലഴികളില്‍ തളക്കപ്പെട്ടു. വാര്‍ദ്ധക്യം അവളെ ജന്മലക്ഷ്യത്തിലെത്തിക്കാനായി ധൃതിക്കൂട്ടി. അപ്പോള്‍ അവള്‍ ആ പഴയ നിഴലിനെ അന്വേഷിച്ചു. അലമുറയിട്ടു. ആത്മാവിലൂടെ, വായുവിലൂടെ ഭ്രാന്തിയെപ്പോലെ അവള്‍ അലഞ്ഞു. .പക്ഷേ അവളുടെതാവാന്‍ കൊതിച്ചു. ആ നിഴല്‍ അപ്പേഴേക്കും മറ്റാരുടെയോ സ്വന്തമായിക്കഴിഞ്ഞിരുന്നു. ഒരിക്കലും മോചിപ്പിക്കാനാവാത്ത സ്നേഹത്തിന്റെയെയോ; ക്രൂരതയുടെയോ തടവിലായിരുന്നിരിക്കണം ആ നിഴല്‍ ; അവളുടെ അലമുറ കേട്ട് ഏതോ തടവറയിലിരുന്ന് ആ നിഴലും വിതുമ്പുമായിരുന്നു. അവളുടേതാവാന്‍ കഴിയാതെ പോയ അവളുടെ സ്വന്തം ‘നിഴല്‍‘.
സുനിത. കെ.ഷാജി,
കൂട്ടത്തികുടിയില്‍ വീട്,
ഈസ്റ്റ് വാഴപ്പിള്ളി.പി.ഒ,
മൂവാറ്റുപുഴ - 686 673.