ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത്.

നാട്ടില്‍ ഒരു പണിയുമില്ലാതിരുന്നപ്പേഴാണ് കാര്‍ത്തികേയന്‍ ആ പണിക്ക് തിരിഞ്ഞത്. എന്നിട്ടിപ്പോള്‍ ആളുകള്‍ അവനെ കുറ്റപ്പെടുത്തുന്നു. കൂലിപ്പണിക്ക് പോയിരുന്ന കാര്‍ത്തികേയന് ആഴ്ചയില്‍ മൂന്നോ, നാലോ പണിയാണ് കിട്ടിയിരുന്നത്. ദിവസ ചെലവ് തന്നെ നടന്ന് പോകാന്‍ ബുദ്ധിമുട്ടായിരുന്നു. എല്ലാത്തിനും വിലക്കയറ്റമല്ലേ......? ഇവിടെ നൂറോ, നൂറ്റമ്പതോ കൂലികിട്ടീട്ട് എന്ത് കാര്യം. അരിയും, പച്ചക്കറിയും വാങ്ങാന്‍ തികയുമോ....? മൂന്നു കുട്ടികളും,നാല് മുതിര്‍ന്നവരുമടക്കം ഏഴംഗങ്ങളുള്ള കുടുംബത്തിലെ ഏക വരുമാന സ്രേതസ്സാണ് കാര്‍ത്തികേയന്‍. അമ്മയാണെങ്കി നിത്യരോഗി, അച്ഛനാണെങ്കില്‍ ഇടക്കിടെ പ്രഷറ് തലേക്കേറും. കുട്ടികള്‍ക്ക് പുസ്തകം, കുട, ബാഗ്, യൂണിഫോം..... അങ്ങനെ നൂറ്റെട്ടു ചിലവുകളാ........ ഇതിനൊക്കെ എവിടെ പോവാനാ.......? പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കുവാന്‍ ഏത് ബാങ്കാ ലോണ്‍ തര്യാ.............പണക്കാരന്റെ മക്കള്‍ക്കാണെങ്കില്‍ ഇവറ്റങ്ങള് വീട്ടിലെത്തിച്ചു കൊടുക്കൂല്ലേ ലോണ്‍...

ആ......ബാങ്ക് മാനേജരുണ്ട് സ്റ്റീഫന്‍.... പാവപ്പെട്ടോരെ നോക്കാന്‍ ഒരു കണ്ണ്...... പണമുള്ളോരെ നോക്കാന്‍ മറ്റൊരു കണ്ണ്......നമ്മളെന്തൊ ഗോപാലന്‍ നായരുടെ ആള്കളോ.......? അവസരം കിട്ട്യാ ഞാനയാളുടെ കോങ്കണ്ണ് നോക്കി ഒരു പൂശ് പൂശും.... ഇവിടെ സാധാരണക്കാരനും ലോണെടുത്ത് ജീവിക്കേണ്ടേ..... ശരിയാണ് അയാള് പറയണ കുന്ത്രാണ്ടങ്ങളൊന്നും മ്മ്ടെ കയ്യിലില്ല... വസ്തുവിന്റെ ആധാരമില്ല... സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റില്ല. പിന്നെ എന്തോ ചെയ്യും... ഇനിയിപ്പോ ഒരു വഴിയേ ഉള്ളൂ.... കിഡ്നിയോ, വൃക്കയോ വില്‍ക്കണം. അയിനിപ്പോ ശ്ടെ കിഡ്നി ഉണ്ടോ ആവോ......?

കുട്ടിയുടെ വിദ്യാഭ്യാസം, അച്ഛനുമമ്മയുടേയും ചികിത്സാ ചിലവ് കുറച്ചു ദിവസമായിട്ട് പണിയുമില്ല...... പണീണ്ടായിട്ട് ജീവിക്കാന്‍ പറ്റണില്ല്യാ.... പണിയില്ലാത്ത കാര്യത്തെക്കുറിച്ചാലോചിക്കാന്‍ പറ്റോ.....? എത്ര ദിവസം പട്ടിണി കിടക്കാന്‍ പറ്റും....ഇതൊന്നുമാലോചിച്ച് ഗത്യന്തരം കിട്ടാതെ കാര്‍ത്തികേയന്‍ വിശന്ന വയറുമായി ഓടി നടന്നു. മുട്ടാത്ത വാതിലുകളില്ല. പിടിയ്ക്കാത്ത കാലുകളില്ല..... ഒരു ഫലവുമില്ല.... പട്ടിണി കിടന്ന് തളര്‍ന്ന കാര്‍ത്തികേയന്‍ ക്ഷേത്രത്തിനരികിലെ ആല്‍ത്തറയിലെത്തിയതും തളര്‍ന്ന് വീണു.....താടിയും,മുടിയും നീട്ടിവളര്‍ത്തിയ കാഴ്ചയില്‍ ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാളെ ആര് ശ്രദ്ധിക്കാന്‍. അന്ന് രാത്രി മുഴുവന്‍ ആരോരും ശ്രദ്ധിക്കതെ തളര്‍ന്ന് കിടന്ന കാര്‍ത്തികേയന് നേരം പുലരുമ്പോഴേക്കൂം സന്നികയറി.....സന്നികയറിയ കാര്‍ത്തികേയന്‍ പിച്ചൂം പേയും പറഞ്ഞുതുടങ്ങി. ക്ഷേത്രനടയില്‍ തൊഴുകാനെത്തിയ സ്തീകളടക്കമുള്ളവര്‍ കാര്‍ത്തികേയന് ചുറ്റും കൂടിനിന്നു. കാര്‍ത്തികേയന്‍ ഒന്നും അറിഞ്ഞില്ല. അത്രയ്ക്ക് അബോധാവസ്ഥയിലായിരുന്നു അയാള്‍. കാര്‍ത്തികേയന് മുന്നില്‍ ഭക്തിയോടെ കൂപ്പു കൈയ്യുമായി നൂറുകണക്കിനാളുകള്‍ കൂടിനിന്നു. ചിലര്‍ നൂറ് രൂപാനോട്ട്...ചിലര്‍ അഞ്ഞൂറ്, ചിലര്‍ അമ്പത്..... അങ്ങനെ അങ്ങനെ ചുറ്റും കൂടിനിന്നവര്‍ കാര്‍ത്തികേയന് മുന്നിലേക്ക് പണമെറിഞ്ഞു.

അബോധത്തിനിടയിലെപോഴോ വീണുകിട്ടിയ ബോധത്തില്‍ തിരിച്ചറിവ് കിട്ടിയ കാര്‍ത്തികേയന്‍ പിന്നീട് ശബ്ദിച്ചില്ല. .....ആരെക്കെയോ ചേര്‍ന്ന് കാര്‍ത്തികേയനെ ശുശ്രൂക്ഷിക്കുന്നുണ്ടായിരുന്നു.

ഇതിനകം തന്നെ നാട്ടിലെ ഭക്തരുടെ കൂട്ടായ്മ കണിയാരെകണ്ട് കാര്‍ത്തികേയന്റെ വെളിപാടുകളെക്കുറിച്ച് പ്രശനം വെച്ചു. നോക്കണേ പുലിവാല്‍..... കാര്‍ത്തികേയന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരമാണത്രേ.....? കണിയാര്‍ ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ ലക്ഷം വീട് കോളനിയില്‍ 3/9‌- നമ്പര്‍ വീട്ടില്‍ രാമന്റെ മകന്‍ വെറും എട്ടാം ക്ലസ്സും ഗുസ്തിയും മാത്രം സ്വന്തമായുള്ള കാര്‍ത്തികേയനങ്ങനെ കാര്‍ത്തികേയാനന്ദ സ്വാമിയായി.......

വെള്ളവു, വെളിച്ചവും, റോഡുമില്ലാത്ത ലക്ഷം വീട് കോളനിയില്‍ ഒരാഴ്ചകൊണ്ട് എല്ലാമെത്തി.......കാര്‍ത്തികേയനു സ്വന്തമായി വീടായി....വീട് എന്ന് പറഞ്ഞാല്‍ പോരാ.......കൊട്ടാരം എന്ന് പറയുന്നതാവും ശരി.......വീടിനുമുന്നില്‍ സെക്ക്യുരിറ്റിഗാര്‍ഡായി,ഓഫീസായി, ഓണ്‍ലൈന്‍ കപ്യൂട്ടറായി.

കാര്‍ത്തികേയനാന്ദ സ്വാമിക്ക് ചുറ്റും ഏത് സമയത്തും രണ്ട് മൂന്ന് പരിചാരകരായി...... കുട്ടികള്‍ നഗരത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ ചേര്‍ന്ന് പഠിക്കുന്നു. അച്ഛനും അമ്മയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സകൊണ്ട് ഉന്മേഷവദനരായിരിക്കുന്നു.... “ എവരി ഡോഗ് ഹാസ് എ ഡേ” എന്ന് പറഞ്ഞത് പോലെ ഇപ്പോള്‍ കാര്‍ത്തികേയന്റെ ദിവസങ്ങളാ....... കാര്‍ത്തികേയന്റെ വെളിപാടുകള്‍ കേള്‍ക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി.

ചുരുങ്ങിയ കാലം കൊണ്ട് കാര്‍ത്തികേയാന്ദ സ്വാമി കോടീശ്വരനായി. ഇതൊക്കെ കണ്ട് നാട്ടുകാരില്‍ പലരും പറഞ്ഞൂ ദൈവമേ....... അവന്റെ തലയില്‍ വരച്ച വരയുടെ മുറി ഞങ്ങളുടെ തലയിലും വരച്ചിരുന്നെങ്കിലോ.........?

അങ്ങനെ കാര്‍ത്തികേയാന്ദ സ്വാമിയെ കണാന്‍ ആജന്മ ശത്രുവായ ബാങ്ക് മാനേജര്‍ മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രഗല്‍ഭരും, പ്രശസ്തരും, സമ്പന്നരും എത്തി. കാര്‍ത്തികേയാനന്ദ സ്വാമിയുടെ ജന്മംകൊണ്ട് ലക്ഷം വീട് കോളനി ഹൈടെക്ക് കോളനിയായി.

നാട്ടിലങ്ങനെ കൃഷ്ണ ഭഗവാനായി സ്വാമി വിലസുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ ഒരു പതിനാലുകാരി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്.
സ്വാമി പീഡിപ്പിച്ചുവെന്നാണ് പരാതി....
നോക്കണേ പുലിവാല്‍......
പിന്നെ അന്വേഷണമായി, റെയ്ഡായി, അറസ്റ്റായി, സ്വാമി റിമാന്റിലുമായി.

തനിക്ക് ചുറ്റും കൂടിയ പത്രക്കാരോടും, ടി.വി പ്രവര്‍ത്തകരോടും നാട്ടുകാരോടും സ്വാമി ചോദിച്ചു..
ഞാന്‍ ചെയതത് ഇത്ര വലിയ തെറ്റാണോ.....?
എങ്കില്‍ ശ്രീകൃഷ്ണന്‍ ചെയ്തതും തെറ്റല്ലേ..........?
ശ്രീകൃഷ്ണനുമുണ്ടായിരുന്നില്ലേ പതിനായിരത്തിഒന്ന് ഭാര്യമാര്‍.......
എന്നെ സ്വാമിയാക്കിയത് നിങ്ങളും നാട്ടുകാരുമല്ലേ........?
ഇത് തെറ്റാണെങ്കില്‍ ആ തെറ്റിനെ നിങ്ങള്‍ക്കും ഉത്തരവാദിത്വമില്ലേ.......?
പത്രക്കാരും, ടി.വിക്കാരും സ്തബ്ധരായി.......

സ്വാമിയെ കയ്യാമം വെച്ച് പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ തലയില്‍ കൈവച്ച് ദൈവത്തിന്‍ സ്തുതി പറഞ്ഞു.

“ഈശ്വരാ..... അവന്റെ തലയില്‍ വരച്ച വര
ഞങ്ങളുടെ തലയില്‍ വരച്ചില്ലല്ലോ............?”

ജയഗോപാല്‍,
യക്കിക്കാവില്‍ വീട്,
കേരളശ്ശേരി,പി.ഒ,
പാലക്കാട് - 678 641.
ഫോണ്‍ - 9495188971..


-, പാലക്കാട്,



Your response will be e-Mailed to the poster.