-ഒന്ന്-
ഓരോരുത്തരായി കടയിലേക്ക് കയറി.. കാഷ് കൌണ്ടറിനരികില്‍ വെച്ച വിളക്കിനു മുന്നില്‍ തലകുനിച്ചു... പിന്നെ തിരക്കു തുടങ്ങിയില്ലെങ്കിലും സ്വസ്ഥാനങ്ങളിലെത്തി.. ഇത്രയും നേരത്തെ ആരും വരില്ലെന്നറിയാം... എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും.. സ്ഥാനം മാറിയിരിക്കുന്നതിനെ കണ്ടുപിടിച്ച് യഥാസ്ഥാനത്തെത്തിക്കല്‍ തന്നെ പ്രധാനം.. അല്ലെങ്കില്‍ ആവശ്യക്കാര്‍ വന്നു ചോദിക്കുമ്പോള്‍ എടുത്തുകൊടുക്കാന്‍ കഷ്ടപ്പെടും ... അവര്‍ തലേന്നാള്‍ പൂര്‍ണ്ണമായില്ലെന്ന് തോന്നിയ തങ്ങളുടെ ജോലികളിലേക്ക് തിരിഞ്ഞു..
"ഇന്ന് പുതിയ പിള്ളേര്‍ വരും .. അവര്‍ക്ക് എല്ലാമൊന്നു പറഞ്ഞു കൊടുക്കണം"
എല്ലാവരോടുമായാണ് ദീദി പറഞ്ഞത്.. കാഷ്കൌണ്ടറിനു മുകളിലെ ഫോട്ടോയില്‍ നോക്കി ഒന്നുകൂടി തൊഴുത് അവര്‍ കസേരയില്‍ ഇരുന്നു..
പക്ഷെ പുതിയവര്‍ എത്തുമെന്ന വാര്‍ത്ത മറ്റുള്ളവര്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി പുരോഗമിച്ചു.. അവരുടെയെല്ലാം ചുണ്ടില്‍ ഒരു ചിരി നിറഞ്ഞു നിന്നിരുന്നു.. ഇപ്പോഴുള്ളവരില്‍ അവസാനം വന്നത് സിയാനാണ്.. അതുകൊണ്ട് തന്നെ അവന് ആ ചിരിയുടെ അര്‍ത്ഥം നന്നായി അറിയാം..
ആദ്യമൊരു അമ്പരപ്പായിരുന്നു.. ഓരൊന്നെടുക്കുമ്പൊഴും ഒരു പകപ്പ്.. ചെറുചലനം പോലും പിടിച്ചെടുക്കാന്‍ തയ്യാറായി നിന്നവരായിരുന്നു മുതിര്‍ന്നവരെല്ലാം.. ഇപ്പോള്‍ ഒന്നും തോന്നാത്ത ഒരു നിരപ്പിലായിരിക്കുന്നു.. ആദ്യത്തെ കസ്റ്റമര്‍ മുന്നിലെത്തും വരെ സിയാന്‍ തന്റെ ചിന്തകളെ മേയാന്‍ വിട്ടു...
--രണ്ട്--
"എങ്ങോട്ടാ?"
ചുമരിലെ ആണിയില്‍ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി വലിഞ്ഞ് നോക്കി റോസ്മിന്‍ നെറ്റിയിലെ പൊട്ട് ഒന്നുകൂടി ശരിയാക്കി.. പക്ഷെ തൊട്ടു താഴെ കട്ടിലില്‍ കിടക്കുന്ന ബേലയുടെ ചോദ്യം അവള്‍ കേട്ടില്ലെന്ന് നടിച്ചു..
"എന്നതാടീ നിനക്ക് ചെവികേള്‍ക്കില്ലെ"
പുറത്തിറങ്ങാനുള്ള തിരക്കില്‍ റോസ്മിന്‍ പറഞ്ഞു
"ഞാന്‍.. വെറുതെ ഒന്നു പുറത്തേക്ക്"
"പിന്നെ ആരുണ്ട്"
"ആരുമില്ല.. "
" അതെന്താ ഇന്ന് ആരുമില്ലാതൊരു പോക്ക്.. അതല്ലലൊ ഇവിടത്തെ പതിവ്.."
വരാന്തയിലെത്തിയ റോസ്മിന്‍ തിരികെ വാതില്‍ ചാരി നിന്നു.. അവളുടെ കയ്യിലിരുന്ന പ്ലാസ്റ്റിക്ക് കവര്‍ പുറകിലേക്ക് മാറ്റി പിടിച്ചു..
ചോദ്യഭാവത്തില്‍ കട്ടിലില്‍ എണീറ്റിരുന്ന ബേലയുടെ നോട്ടം അവളില്‍ തന്നെ തറഞ്ഞിരുന്നു..
"ഞാന്‍ .. ഞാന്‍ ഇവിടം വരെയെ പോവുന്നുള്ളൂ"
"അതല്ലെ ഞാനും ചോദിച്ചെ.. ഈ ഇവിടം എന്നാല്‍ എവിടം ആണെന്ന്"
"അള്‍ട്ടിമേറ്റ്"
കട്ടിലില്‍ കൈ ചുരുട്ടിയിടിച്ച് ബേല തലയറഞ്ഞ് ചിരിച്ചു.. അതങ്ങിനെ ഇടനാഴിയിലൂടെ ചിതറിതെറിച്ച് ഓരോ വാതിലിനെയും തട്ടി തുറക്കാന്‍ തുടങ്ങി.. വാതിലുകള്‍ തുറന്നിറങ്ങുന്നവരുടെ ആക്രമണത്തെ ഭയന്നെന്ന പോലെ റോസ്മിന്‍ അകത്തു കേറി വാതിലടച്ചു..
ചിരിയുടെ നിറവില്‍ തുളുമ്പിനിന്ന കണ്ണുകള്‍ ബേല അമര്‍ത്തി തുടക്കുമ്പോള്‍ അവള്‍ക്കരികില്‍ റോസ്മിന്‍ തലതാഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു..
---മൂന്ന്---
മഹാരാജയിലെ തിരക്കില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ശരീരഭാഗങ്ങള്‍ ഒന്നും പറിഞ്ഞു പോയിട്ടില്ലെന്ന് റോസ്മിന്‍ ഒന്നു കൂടെ ഉറപ്പു വരുത്തി.. പുറകെ ഇറങ്ങിയ ബേല ഇന്നാരുമായും തട്ടിയതിനും മുട്ടിയതിനും ഉടക്കാന്‍ അവസരം കിട്ടാത്തതിന്റെ സന്തോഷത്തിലോ സങ്കടത്തിലോ എന്ന് വേര്‍ത്തിരിക്കാനാവാത്ത ഭാവത്തിലാരുന്നു... എങ്കിലും വാതിലില്‍ വഴിമുടക്കിനിന്ന കിളിയെ ഒന്നു നോക്കാന്‍ അവള്‍ മറന്നില്ല
"ഡേയ്.. "
മുന്നില്‍ നടന്ന റോസ്മിന്‍ പുറകില്‍ നിന്നുള്ള ബേലയുടെ വിളികേട്ടില്ല..
"എങ്ങോട്ടാടീ ഓടുന്നെ.. ഹോസ്റ്റലിലെ തണുത്ത ചായ മോന്താനോ.. നീ വാ.. എനിക്ക് കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ട്"
എന്തു വാങ്ങാന്‍ എന്നു നോട്ടം കൊണ്ട് ചോദിക്കുന്ന റോസ്മിനെ ബേല കണ്ണിറുക്കി കാണിച്ചു..പിന്നെ ചെവിയില്‍ എന്തോ പിറുപിറുത്തു..
"അതിനിവിടെവിടെ...."
"അതൊക്കെ ഉണ്ട്.. ഒരു അള്‍ട്ടിമേറ്റ്പോയിന്റ്.."
റോഡ് മുറിച്ചു കടക്കുമ്പോള്‍ എതിര്‍വശത്തെ ബില്‍ഡിങ്ങിലെ ഓരോ ബോര്‍ഡിലും റോസ്മിന്റെ കണ്ണുകള്‍ പരതികൊണ്ടിരുന്നു.. ഇവിടെ കാണുന്നതെല്ലാം അവള്‍ക്ക് പുതുമയാണ്.. അവളിവിടെ പുതുക്കക്കാരിയല്ലെ.. മുന്‌വശത്തെ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് അവള്‍ ആ ബോര്‍ഡും അതിനു താഴെയുള്ള കടയും കണ്ടത്.. മുന്‍പില്‍ നടക്കുന്ന ബേലയെ ഒട്ടൊരു ശക്തിയോടെ അവള്‍ പുറകോട്ട് വലിച്ചു..
"ഞാനില്ല അങ്ങോട്ട്.."
"ങും .. അതെന്താ?"
ഗ്ലാസ്സ് പാനലുകള്‍ക്ക് പുറകിലെ മാനിക്യുനുകളെ അവള്‍ ഇടം കണ്ണാല്‍ ചൂണ്ടികാട്ടി..
"പിന്നെ ഈ കടയിലെന്താ കന്യാസ്ത്രീകളുടെ കുപ്പായമിടീച്ച് നിര്‍ത്തണോ?.. നീ വന്നെ.. അവളുടൊരു കിന്നാരം"
----നാല്----
കടയിലേക്ക് കയറിയ ഉടന്‍ ഡിസ്പ്ലെ ചെയ്ത വകകളിലേക്ക് ബേല തിരിഞ്ഞു... തൊട്ടുതലോടി നിലവാരമൊന്ന് ഉറപ്പുവരുത്തി.. അധികം തിരക്കില്ലാത്ത കടയില്‍ സേവനത്തിനായ് നിരന്നുനില്‍ക്കുന്നതെല്ലാം ആണുങ്ങള്‍.. ഇളം നീല വരകളുള്ള ഷര്‍ട്ടും കരിനീല പാന്റ്സുമായ് ഓടിനടക്കുന്ന പത്തു പന്ത്രണ്ട് പേര്‍... കണ്ണു പറ്റാതിരിക്കാനാവണം കാഷ്കൌണ്ടറില്‍ മാത്രം ഒരു പെണ്‍സാന്നിധ്യം.. ആദ്യം അവള്‍ക്കരികിലേക്ക് വന്നവരെ നോക്കാതെ ബേല കൌണ്ടറിലേക്ക് നടന്നു.. പിന്നെ കൈചൂണ്ടി കൊണ്ട് അല്പം ഉച്ചത്തില്‍ ചോദിച്ചു..
"ആ റോസ് ലെയ്സ് വെച്ചതിന് എത്രയാ.."
"250"
"അതിന്റെ 34ബി.. വേറെ കളറുകള്‍ ഉണ്ടെങ്കില്‍ അതുകൂടി"
ഷെല്‍ഫില്‍ കയ്യോടിച്ച് തിരയാന്‍ തുടങ്ങിയ പയ്യന്‍ പുറകുതിരിഞ്ഞ് ചോദിച്ചു
"മേഡം.. 32 ബി പോരെ"
നടുചുമരില്‍ വിരിഞ്ഞു നില്‍ക്കുന്ന ഹണിമൂണ്‍ കളക്ഷനില്‍ തെന്നിനീങ്ങിയിരുന്ന അവളുടെ ശ്രദ്ധ ആ ഒറ്റചോദ്യത്തില്‍ തെറ്റിത്തിരിഞ്ഞു പോയി..
"എന്ത്?"
"അല്ല സൈസ്... 32 ബി പോരെ"
തന്നെക്കാള്‍ ഒരു നാലഞ്ച് വയസ്സ് കുറവുള്ള അവന്റെ നോട്ടം അസ്ഥാനങ്ങളിലേക്ക് നീങ്ങുന്നത് കണ്ടു തന്നെ അവന്റെ കണ്ണുകളിലേക്ക് അവള്‍ തുറിച്ചു നോക്കി..
"സിയാന്‍"
അവള്‍ അവന്റെ നെയിം പ്ലേറ്റില്‍ നോക്കി മനസ്സില്‍ വായിച്ചു..
"പോരല്ലൊ മോനെ.. 34 ബി തന്നെ വേണം"
ഉത്തരം കേട്ട് അവന്റെ മുഖം ഒന്നു ചുളിഞ്ഞു പോയെന്ന് ബേലക്ക് തോന്നി.. അതു കാണിച്ചു കൊടുക്കാനായാണ് അവള്‍ റോസ്മിനെ തിരഞ്ഞത്. ദേഷ്യത്തോടെ എവിടെയും നോക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന അവളുടെ നില്പ് ബേലയില്‍ ചിരിയുണര്‍ത്തി..
"നീയെന്താ മോന്തയും വീര്‍പ്പിച്ചിരിക്കണെ"
"നിനക്കെന്താ വേറെ കടയൊന്നും കിട്ടിയില്ലെ.. എടുത്തുകൊടുക്കാന്‍ എല്ലാം ആണുങ്ങള്‍ മാത്രം.. ഓരോന്നിന്റെ നോട്ടം കണ്ടാല്‍ മതി"
"മേഡം.."
കൌണ്ടറില്‍ നിന്നും അവള്‍ക്കായ് ഉയര്‍ന്ന ആ വിളിയില്‍ ഇരുവരും അങ്ങോട്ട് തിരിഞ്ഞു..
ബേല വീണ്ടും വീണ്ടും ആവശ്യങ്ങളുമായി ആ ചെറുക്കനെ കറക്കുന്നതു കണ്ട് റോസ്മിന് ദേഷ്യം വരുന്നുണ്ടായിരുന്നു... എങ്കിലും അരികില്‍ നടക്കുന്ന പ്രകടനത്തിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു..
ഏതൊ വിമണ്‍സ് കോളേജ് താരങ്ങള്‍ ആണ്.. അവര്‍ മൂന്നു പേര്‍ക്കു വേണ്ടി ആ കടയിലെ സാധനങ്ങള്‍ മുഴുവന്‍ നിരത്താന്‍ തയ്യാറായി നാലുപേര്‍ വട്ടമിട്ടു നടക്കുന്നു.. പെണ്‍കുട്ടികളുടെ കണ്ണെത്തുന്ന ഓരോ പീസും അവര്‍ കയ്യിലെടുത്ത് വിവരിക്കുന്നു.. വേണമെങ്കില്‍ അണിയിച്ചു കൊടുക്കാനും തയ്യാറെന്ന് മുഖഭാവം പറയുന്നുണ്ടായിരുന്നു... ഇടക്കെപ്പൊഴൊ ബ്രാക്കറ്റുകളില്‍ തൂക്കിയാട്ടികൊണ്ടിരുന്നത് അവനെടുത്ത് നെഞ്ചത്തു വെച്ച് മോഡലാവുമൊ എന്നവള്‍ ഭയപ്പെട്ടു.. ..
താന്‍ ഇതിലൊന്നും ഭാഗമല്ലെന്ന ഭാവത്തില്‍ നില്‍കുന്ന റോസ്മിനിലും ചില കണ്ണുകള്‍ പാറിവീഴുന്നുണ്ടായിരുന്നു.. അവളെ കണ്ണുകള്‍കൊണ്ട് രണ്ടുതുണ്ടു തുണിയില്‍ അവരോരുത്തരും ഭാവനചെയ്യുകയാവുമെന്ന തോന്നലില്‍ അവള്‍ ഷോള്‍ എടുത്ത് ഒന്നു കൂടെ വിരിച്ചിട്ടു...
പക്ഷെ കണ്ണുകളില്‍ നിന്ന് മനസ്സിലെന്തെന്ന് വായിക്കാനായിരുന്നെങ്കില്‍ എന്ന ചിന്ത കുറച്ചു നേരത്തേക്കെങ്കിലും അവളെയും സ്വപ്നലോകത്തിലെത്തിച്ചു..
ബേലക്കു മുന്നിലെ വില്പനക്കാരന്‍ മോള്‍ഡിങ്‍കൊണ്ട് തുണികള്‍ക്കുള്ളില്‍ നടത്തിയ മായാജാലത്തിന്റെ പ്രഭാഷണത്തിലായിരുന്നു.. ആകൃതിയും മിനുപ്പും ഉറപ്പുമെന്നൊക്കെ വിവരിക്കുന്നത് കേട്ടപ്പോള്‍ അവനൊരു പെണ്ണാണൊ എന്ന് അവള്‍ക്കൊരു സംശയം തോന്നി.. അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഇതെല്ലാം അവന്‍ അണിഞ്ഞു നോക്കിയിരിക്കുമൊ.....
റോസ്മിന്‍ അവനെ തന്നെ സൂക്ഷിച്ചുനോക്കുന്നത് സിയാനിലും നേരിയ അസ്വസ്ഥതയുണര്‍ത്തി.. മുന്നിലെത്തുന്നവരെ അവര്‍ തിരഞ്ഞെടുക്കുന്നതില്‍ കാണാന്‍ ശ്രമിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്ന് അവന് അവളോട് പറയാന്‍ തോന്നി..
"ച്ഛെ.." അവള്‍ തലകുടഞ്ഞത് അല്പം ഉച്ചത്തിലായിരുന്നെങ്കിലും അത് ശ്രദ്ധിച്ചത് അവന്‍ മാത്രമായിരുന്നു..
ബില്ലിങിനും പാക്കിങിനുമായുള്ള സമയം ബേല വീണ്ടും കറങ്ങാനിറങ്ങി..
തന്റ്റെ പെണ്ണിനു വേണ്ടി വാങ്ങാനെത്തിയ ചെറുപ്പക്കാരനെ ചൂണ്ടി അവള്‍ ചിരിക്കാന്‍ തുടങ്ങി..
"കണ്ടോ.. ആ സെയിത്സ്മാനെ കവറു തുറക്കാന്‍ പോലും അയാള്‍ അനുവദിക്കുന്നില്ല.. അതില്‍ മറ്റാരുടെയും കൈവിരല്‍ പതിയുന്നത് പോലും അയാള്‍ക്ക് സഹിക്കില്ല"
അയാളുടെ പരാക്രമം റോസ്മിനു പോലും ചിരിയുയര്‍ത്തുന്നതായിരുന്നു..
ബില്ലും കൊണ്ട് അവരുടെ അടുത്തെത്തിയ സിയാന്‍ റോസ്മിനെ നോക്കി ചോദിച്ചു
"മാഡത്തിനൊന്നും വേണ്ടെ..."
"ഓ.. ഞാനത് മറന്നു.. നിനക്ക് വാങ്ങണ്ടെ "
വേണ്ട എന്ന റോസ്മിന്റെ വിലക്ക് വകവെക്കാതെ ബേല കൌണ്ടരിലേക്ക് നടന്നു.. പിന്നെ പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അവനോട് പറഞ്ഞു..
"ഇപ്പോള്‍ വേണ്ട... സമയം വൈകി"
-----അഞ്ച്-----
തിരക്ക് കുറഞ്ഞപ്പോള്‍ പുതിയ ആളെ പരിചയപ്പെടാന്‍ സിയാന്‍ അകത്തെ മുറിയിലേക്ക് പോയി.. അവിടെ പുതുതായി വന്ന സ്റ്റോക്കിന്റെ തരം തിരിക്കലാണ്..
"ആദ്യം എല്ലാ വകയും ഒന്നു പരിചയപ്പെടട്ടെന്നെ..
'അലക്സിന്റെ ഉച്ചത്തിലുള്ള ചിരിയുടെ അര്‍ത്ഥം പുതിയ ആള്‍ അറിയാനിരിക്കുന്നതല്ലെ ഉള്ളു..
സിയാന്‍ നല്‍കിയ പുഞ്ചിരിക്കൊപ്പം മനസ്സിലോര്‍ത്തത് പുറത്ത് കേട്ടില്ല..ഒറ്റമുറിയില്‍ താഴിട്ട് പൂട്ടിയ ഒരു പെട്ടിയെ ഉള്ളു.. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ അല്ലെങ്കില്‍ ഉറക്കം നടിക്കുമ്പോള്‍ ഒരു പെന്‍റ്റോര്‍ച്ചിന്റെ വെളിച്ചത്തിലാണ് അലക്സ് അത് തുറക്കുക..
"ഞാന്‍ സിയാന്‍.. പുതിയ ആളല്ലെ"
നാടും വീടും കൂടും ചോദിച്ച് അവര്‍ പരിചയക്കാരായി.. അവന്റെ കയ്യിലിരിക്കുന്ന പാക്കറ്റിലേക്ക് അറിയാതെ നോക്കിപോയതും അവന്റെ മുഖത്ത് തെളിഞ്ഞ ഭാവം വളരെ വ്യക്തമായിരുന്നു.. ഒളിവിടങ്ങളിലെ ആനന്ദം ആള്‍ക്കൂട്ടത്തില്‍ ജാള്യതയാവുന്നത് അനുഭവിക്കാനിരിക്കുന്നതല്ലെ ഉള്ളു..
"കൌണ്ടറില്‍ എത്തുമ്പോള്‍ കുറച്ചു നാളത്തെ ബുദ്ധിമുട്ട്.. പിന്നെ ശരിയാവും...
സിയാന്‍ വീണ്ടും കൌണ്ടറിലേക്ക് നീങ്ങി..
------ആറ്------
"എടാ.. ഇന്ന് നിനക്കരികില്‍ ഒരു കിടിലന്‍ പീസ് വന്നിരുന്നില്ലെ.. വെളുത്ത് മെലിഞ്ഞ്... അവളിവിടെ പുതിയതാന്നാ തോന്നുന്നെ.. കൂടെ വന്നവള്‍ നമ്മുടെ സ്ഥിരം കസ്റ്റമര്‍ അല്ലെ.."
അവര്‍ സിയാന്റെ അരികില്‍ ഇരുന്നു.. അടുത്ത് പടിയായി അന്നു വന്ന ഓരോരുത്തരെയും അളന്നു തൂക്കാന്‍ തുടങ്ങി.. പിന്നെ ഏതൊക്കെയോ തുടിപ്പില്‍ സ്വയമൊന്ന് ഞെളിപിരികൊണ്ടു.. ഇതൊരു തുടര്‍ച്ചയാണ്..
"അവളെവിടെന്നാ... മറ്റവളുടെ കൂടെയുള്ളതാണോ?"
ഉത്തരങ്ങള്‍ കിട്ടിയില്ലെങ്കിലും അവര്‍ സംസാരം തുടര്‍ന്നു.. പക്ഷെ കൂട്ടത്തില്‍ ചേരാതിരിക്കാനായ് അവന്‍ മാത്രം ഉറക്കം നടിച്ചു.. വരാത്ത ഉറക്കത്തെയും കാത്തുകിടന്ന അവനെ മറന്ന് മറ്റുള്ളവരെല്ലാം സുഖനിദ്രയിലായി.. എപ്പൊഴൊ കടന്നുവന്ന ഉറക്കത്തില്‍ ഏതൊ തരിശുനിലങ്ങളില്‍ വെള്ളം കിട്ടാതെ അലയുന്നതും സ്വപ്നം കണ്ട് അവന്‍ ഇടക്കിടക്ക് ഞെട്ടിയുണര്‍ന്നു..
ബാത്‌റൂമിന്റെ വാതില്‍ തുറക്കുന്നത് കണ്ട്, ആരുടെയൊ ബിപി ഉയരുന്നെന്ന് അവനറിഞ്ഞു.. പിന്നെ വീണ്ടും വാതിലടയും വരെ തലവഴിയെ മൂടി പുതച്ചു കിടന്നു.. അപ്പൊഴും മനം വിടാത്ത ഒരു മുഖവും അളവൊക്കാത്ത അവയവങ്ങളും അവന്റെ ഉറക്കം കെടുത്തുകയായിരുന്നു...
പുതുതായി വന്ന പയ്യന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങളോരോന്നും അവന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.. അതില്‍ ചിലതിലെല്ലാം തന്റെ തന്നെ മുഖഛായകളെ കണ്ടപ്പോള്‍ അവനും ചിരിവന്നിരുന്നു.. പരിചിതമാവും വരെയുള്ള നെടുവീര്‍പ്പുകള്‍..
"ഇത് അകത്തിടുന്നതൊ പുറത്തിടുന്നതോ"
അവന്റെ ചോദ്യം താനും ചോദിച്ചിട്ടുണ്ടല്ലൊ എന്ന് അവനോര്‍ത്തു.. വിലകളില്‍ തരങ്ങളില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായത് പലതും കാണുമ്പോഴത്തെ അമ്പരപ്പ്..
-------ഏഴ്-------
"ഞാനും വരാം"
ബേല കട്ടിലില്‍ നിന്നിറങ്ങി..
"വേണ്ട.. ഞാന്‍ തനിയെ പോവാം.. ഇത് ഞാന്‍ തനിയെ തീര്‍ക്കാനുള്ളതല്ലെ.. എത്രയൊ തവണ നിനക്കൊപ്പം ഞാന്‍ അവിടെ വന്നിരിക്കുന്നു.. ഇന്ന് എനിക്കായ് ഞാന്‍ അവിടെ പോവാമെന്നെ.. "
"വേണ്ട റോസ്മിന്‍...ഞാനും വരും "
ബേലയുടെ കടും പിടുത്തത്തില്‍ റോസ്മിന് മറുത്തൊന്നും പറയാനില്ലാരുന്നു.. എന്നിട്ടും ബേല ഒരുങ്ങിയെത്തും മുമ്പെ അവള്‍ ഇറങ്ങി നടന്നു...
പലപ്പോഴായി അവളെ സിയാന്റെ കണ്ണുകള്‍ പിന്തുടരുന്നു... പക്ഷെ ഇന്നലെ, ഇന്നലെയാണ് അവന്‍ ആദ്യമായി സംസാരിച്ചത്...
"എന്താ..ഞങ്ങളുടെ കടയില്‍ നിന്ന് ഒന്നും വാങ്ങാത്തത്... എല്ലാര്‍ക്കും കൂട്ടു വരികയെ ഉള്ളോ"
മറ്റു പലരും തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നത് അവള്‍ക്കറിയാമായിരുന്നു..
ബേല തന്നെ കളിയാക്കും പോലെ താനും ഇവര്‍ക്കിടയിലെ ചര്‍ച്ചാവിഷയമാണൊ എന്നൊരു സംശയം..
കടയുടെ ഗ്ലാസ്സ് ഡോര്‍ തുറക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ആരെയൊ തിരയുന്നുണ്ടായിരുന്നു..
അവളെ ഒറ്റക്ക് കണ്ട് സിയാന്‍ അവള്‍ക്കരികിലെക്ക് വന്നു ..
"തനിച്ച്...?"
"തനിച്ച് വന്നൂടെ.."
കനക്കും മുമ്പെ മൌനം ഭേദിച്ചത് സിയാന്‍ തന്നെയായിരുന്നു..
"കൂട്ടുകാരി എത്തിയല്ലൊ.."
അല്പം ദേഷ്യം നിറഞ്ഞ മുഖത്തോടെയാണെങ്കിലും ഗ്ലാസ്സ് ഡോറ് തുറന്ന് ബേല അവള്‍ക്കരികിലെത്തി...
ഒരു നിമിഷം സിയാന്‍ കാത്തുനിന്നു.. പക്ഷെ റോസ്മിന്‍ ബേലയെ നോക്കി പുറകിലോട്ട് തിരിഞ്ഞതിനാല്‍, അവന്‍ സ്വയം ഒരു തീരുമാനത്തിലെത്തി...
ഒരു വിരല്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അവന്റെ വിരലുകളുടെ ചലനം ഷഡ്പദങ്ങളുടെ നൃത്തം പോലെയായേനെ.. ഇടക്കൊക്കെ അവന്‍ തിരിഞ്ഞു നോക്കി.. പിന്നെ ഏതൊക്കെയൊ ചിലത് തിരഞ്ഞെടുത്ത് മേശമേല്‍ നിരത്തി.. പ്ലാസ്റ്റിക് കവര്‍ തുറന്ന് പുറത്തെടുത്തപ്പോഴാണ് ബേല വിഷമത്തോടെ റോസ്മിനെ നോക്കിയത്.. അതുവരെ താനിത് ഓര്‍ത്തില്ലല്ലൊ എന്ന ചിന്ത അവളെ വല്ലാതെയാക്കി.. ഇരുവരും ഒന്നും മിണ്ടാതെ നിന്നപ്പോള്‍ അവന്‍ ചോദിച്ചു..
"വേറെ ഏതെങ്കിലും തരമാണൊ വേണ്ടത്..."
ബേലയുടെ വിളറിയ മുഖം വീണ്ടും റോസ്മിനു നേരെയായി..
"പാഡഡ് ആണ് വേണ്ടത്.. പോസ്റ്റ് സര്‍ജെറി"
റോസ്മിന്‍ അതു പറയുമ്പോള്‍ അരുതാത്തതു കേട്ടപോലെ അവന്‍ അവളെ തന്നെ നോക്കി...
ഒരു പുഞ്ചിരിയോടെ അവള്‍ തുടര്‍ന്നു
"സൈസ് 32"
ഇപ്പോ വരാം എന്നൊരു ആംഗ്യത്തോടെ അകത്തേക്കുള്ള വാതില്‍ തുറന്ന് സിയാന്‍ അപ്രത്യക്ഷനായി.. ബേലക്ക് മുഖം കൊടുക്കാതിരിക്കാന്‍ റോസ്മിന്‍ എതിര്‍ദിശയില്‍ തിരിഞ്ഞു..
അവിടെ ഒരു പുതുമണവാളന്‍ തന്റെ മണവാട്ടിയ്ക്കായ് ഏറ്റവും സുന്ദരമായത് തിരഞ്ഞെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.. തിളങ്ങുന്ന തട്ടം ഇടക്കിടക്ക് നേരെയാക്കി മണവാട്ടിയും ഒപ്പം നിന്ന് നാണം കുണുങ്ങുന്നു..
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അവള്‍ വീണ്ടും കൌണ്ടറിനു നേരെയായി.
"ആവശ്യക്കാര്‍ കുറവായതിനാല്‍ ഇവിടെ വെക്കാറില്ല"
സിയാന്‍ ഒരു ക്ഷമാപണ സ്വരത്തില്‍ അറിയിച്ചു.. ആ ഏറ്റുപറച്ചില്‍ തന്നില്‍ നിന്ന് ഒരു പുഞ്ചിരി അര്‍ഹിക്കുന്നെന്ന് തോന്നിയതിനാല്‍ റോസ്മിന്‍ തന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയിച്ചു.. അപ്പൊഴും അവന്റെ മുഖത്ത് സംശയങ്ങള്‍ ബാക്കിനില്‍കുന്നുണ്ടായിരുന്നു..
തനിക്ക് ഇഷ്ടമായത് തിരഞ്ഞെടുത്ത് ബില്ലും കൊടുത്തതിനു ശേഷമെ റോസ്മിന്‍ ബേലയെ നോക്കിയുള്ളു.. പിന്നെ അന്ന് ഹോസ്റ്റലില്‍ എത്തും വരെ പരസ്പരം അവരൊന്നും മിണ്ടിയില്ല.. കുളിയും തേവാരവുമായി തിരക്കിനിടയില്‍ പതിവുള്ള വാചകമേളയില്‍ എല്ലാം ബേല നിശബ്ദയാവാതിരിക്കാന്‍ ഒരു പാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു..എന്നിട്ടും അവരിരുവരും തനിച്ചായി ഉറങ്ങാന്‍ വാതിലടക്കുമ്പോള്‍, ഉള്ളിലെവിടെയൊ വിങ്ങുന്നത് അവളറിഞ്ഞു.. തന്നോട് മിണ്ടാതിരിക്കാനാണ് റോസ്മിന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നതെന്ന് അവള്‍ക്കറിയാമായിരുന്നു.. പിന്നെയും ആരൊക്കെയൊ അന്നുറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു.. അത് അവര്‍ രണ്ടു പേരുടേതുമാത്രമായിരുന്ന രഹസ്യം പങ്കിട്ടെടുത്തവരായിരുന്നു..
A N SOBHA