എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ?

'അടിവസ്ര്തം മാത്രം ധരിച്ച ശശിധരന്‍ പിള്ള കോണ്‍ക്രീറ്റ്‌ നിലത്തു ചടഞ്ഞിരുന്ന്‌ പോലീസുകാര്‍ തിന്നുന്ന സമൂസകളിലേക്കു അഴികള്‍ക്കിടയിലൂടെ പാളി നോക്കി വെള്ളമിറക്കുകയാണ്‌.'

കഥയുടെ ആദ്യവരി വായിക്കുമ്പോള്‍ത്തന്നെ, പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളുടെ മനസ്സിലേക്ക്‌ ഒട്ടേറെ ചോദ്യങ്ങള്‍ തലനീട്ടുണ്ടല്ലോ. എന്ത്‌ കുറ്റത്തിനാണ്‌ ശശിധരന്‍പിള്ള അകത്തു കിടക്കുന്നത്‌? ഏത്‌ പോലീസ്‌ സ്റ്റേഷനിലാണ്‌ അയാള്‍? സമൂസ കണ്ട്‌ ഇത്ര ആര്‍ത്തി പിടിക്കണമെങ്കില്‍ എത്ര ദിവസമായിക്കാണും അയാള്‍ ആഹാരം കഴിച്ചിട്ട്‌? എന്നൊക്കെയുള്ള ചോദ്യങ്ങള്‍.

അതെല്ലാം വ്യക്തമാക്കാന്‍ കുറച്ചേറെ പറയേണ്ടതായി വരും. പിള്ളയെ മാത്രമല്ല അയാളുടെ ഭാര്യയേയും മകളേയും സുഹൃത്തുക്കളേയുമൊക്കെ പരിചയപ്പെടുത്തേണ്ടതായി വരും. ജോലി, ജീവിത സാഹചര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലേക്കും കണ്ണോടിക്കേണ്ടതായും വരും. ഇത്രയുമൊക്കെ ചെയ്താല്‍ പിന്നെ ഇതൊരു ചെറുകഥയാവില്ല. രണ്ടരക്കിലോ ഹല്‍വാത്തുണ്ട്‌ പൊതിഞ്ഞെടുത്തതു പോലെ രണ്ടായിരം പേജുകളൂള്ള നോവലാവും. അപ്പോള്‍ ഈ ചെറുകഥാ മത്സരത്തിലെ രണ്ടായിരം വാക്കുകളിലൊതുങ്ങുന്ന കഥ എന്ന നിബന്ധന എനിക്കു പാലിക്കാന്‍ കഴിയാതെ വരും. ഈ പാവം കഥാകൃത്ത്‌ ഇപ്പോള്‍ നിബന്ധനകളുടെ തടവിലാണ്‌. അതുകൊണ്ട്‌ പിള്ളയുടെ സംക്ഷിപ്തമായ ബയോഡാറ്റ താഴെ കൊടുക്കുന്നു.

പേര്‌- കണിയാകുളം ശശിധരന്‍ പിള്ള എന്ന കെ. എസ്‌. പിള്ള

വയസ്‌- മുപ്പത്തി ഒമ്പതര.

ജോലി- സ്വകാര്യ സ്ഥാപനത്തില്‍ അഡ്മിനിസ്ര്ടേഷന്‍ ഓഫീസര്‍.

കുടുംബം- ഭാര്യ; ശകുന്തള, വീട്ടമ്മ- മകള്‍; മേനി

ഹേ, ചെറുപ്പക്കാരനായ വായനക്കാരാ. വല്ലാതെ തിരക്കു കൂട്ടരുത്‌. മകള്‍ മേനിയുടെ സംക്ഷിപ്തമല്ലാത്ത വിവരണമല്ലേ നിങ്ങള്‍ക്കു വേണ്ടത്‌?

തരാം. പക്ഷേ വായനക്കാര്‍ നിരാശരാവുമെന്നു കരുതി കഥാകൃത്തിനു സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ. 'മേനി പ്രൈമറി ക്ലാസുകളില്‍ നിന്നും കയറി വരുന്നതേ ഉള്ളൂ'.

ഹോ, അപ്പോഴേക്കും നിങ്ങളുടെ ആവശ്യം മാറിയോ? ശകുന്തളയുടെ ബയോഡാറ്റ, അല്ലേ?

ഖേദപൂര്‍വം പറയട്ടെ, ശകുന്തളക്കൊരു ബയോഡാറ്റ ഇല്ല. അതൊന്ന്‌ എഴുതി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ നമ്മുടെ പിള്ള. ഓഫീസ്‌ നടത്തിപ്പ്‌ വകുപ്പ്‌ മേധാവിയും സ്വീപ്പര്‍, പ്യൂണ്‍, തുടങ്ങിയവരുടെ ബോസും ആണെങ്കിലും, തന്റെ ശമ്പളം ഇച്ചിരി നല്ലോണം കുറവാണെന്ന്‌ പിള്ളയ്ക്കു നന്നായിട്ടറിയാം.

പിള്ളയ്ക്കു അത്രയും അറിഞ്ഞാല്‍ മതി. പക്ഷേ അതിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടത്‌ പാവം ശകുന്തളയാണ്‌. മൂന്നുനേരം കഞ്ഞിയും ചമ്മന്തിയും വെച്ചുവിളമ്പി. പിന്നെ രണ്ടുനേരം പാളച്ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും പരീക്ഷിച്ചു നോക്കി. എന്തൊക്കെ ചെയ്താലും മാസാവസാനം മിച്ചമാകുന്നത്‌ കടം മാത്രം. മര്യാദക്കൊന്ന്‌ പുറത്തിറങ്ങാന്‍ ഒരു സാരി, ചെരിപ്പ്‌, ബാഗ്‌.... ഒന്നും ശകുന്തളയുടെ കൈവശമില്ല. ഉണ്ടാകുമെന്നു പ്രതീക്ഷയുമില്ല. മിസിസ്‌ പിള്ള എന്ന പദവിയുമായി ഡല്‍ഹിയില്‍ എത്തുമ്പോള്‍ എന്തെന്തു മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു ശകുന്തളക്ക്‌!

എങ്കിലും ആ സ്വപ്നങ്ങളെല്ലാം ഒരു വാടകമുറിയുടെ ഉഷ്ണനിശ്വാസങ്ങളില്‍ ഹോമിക്കാന്‍ ശകുന്തള ഒരുക്കമല്ലായിരുന്നു. അങ്ങിനെയാണ്‌ ശകുന്തള അടുത്തു താമസിക്കുന്ന ഒന്നു രണ്ടു പ്രവാസി മലയാളി വീട്ടമ്മമാരുമായി സൗഹൃദത്തിലായത്‌. പിന്നീട്‌ ആ സൗഹൃദവലയം വളര്‍ന്നു കൊണ്ടേയിരുന്നു. അമീബ പോലെ അനുനിമിഷം വളരുകയും പിളരുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഡല്‍ഹി മലയാളി സംഘടനകളും അവയുടെ വര്‍ദ്ധിച്ചു വരുന്ന ആഘോഷപ്രേമവുമൊക്കെ അതിനു സഹായകമാവുകയും ചെയ്തു.

എന്തും അമിതമാകുമ്പോള്‍ സംഭവിക്കുന്നത്‌ ശകുന്തളയുടെ കാര്യത്തിലും സംഭവിച്ചു. ഇന്ന്‌ അവള്‍ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനു മറ്റൊരു കാരണം കൂടെയുണ്ട്‌.

ഡല്‍ഹിയില്‍ ഏറ്റവും സുലഭമായ ആഘോഷം ഓണമാണ്‌. മിക്കവാറും ആഗസ്റ്റിലെ ആദ്യത്തെ ഞായറാഴ്ച്ച തന്നെ ഏതെങ്കിലും സംഘടന ഓണാഘോഷം തുടങ്ങിവെക്കും. പിന്നീടുള്ള എല്ലാ ഞായറാഴ്ച്ചയും ഒന്നിലധികം സംഘടനകള്‍ മാവേലിയെ ഡല്‍ഹിക്ക്‌ ക്ഷണിക്കും, ഓണം ഉണ്ണാന്‍. മാവേലിയാണെങ്കിലും ഇലയൊന്നിനു നൂറോ നൂറ്റന്‍പതോ വാങ്ങിക്കുകയും ചെയ്യും. ഏതാണ്ട്‌ ഒക്ടോബര്‍ അവസാനംവരെ അല്ലെങ്കില്‍ അയ്യപ്പസ്വാമി ഡല്‍ഹിക്ക്‌ വരുന്നതുവരെ അതു തുടരും. എല്ലാ വര്‍ഷവും വേനലവധിക്ക്‌ കുടുംബസമേതം നാട്ടിലൊന്നു പോകാറുള്ള പിള്ള കഴിഞ്ഞവര്‍ഷം പോകാതിരുന്നത്‌ അങ്ങിനെ ഒമ്പതു ഓണം ഉണ്ടതിന്റെ ക്ഷീണം കൊണ്ടുമാത്രമായിരുന്നു. അതുകൊണ്ട്‌ ഈ വര്‍ഷം അവര്‍ ഒരു ഓണാഘോഷത്തിലും പങ്കെടുക്കുന്നില്ല. 'ആ കാശു കൊണ്ട്‌ മേനിയെ നല്ലൊരു സ്ക്കൂളില്‍ ചേര്‍ക്കണം. എന്നിട്ടുവേണം അടുത്ത കൊല്ലത്തെ ഓണാഘോഷങ്ങളില്‍ ഒന്നു വിലസി നടക്കാന്‍.' ശകുന്തള മനസില്‍ ഉറപ്പിച്ചു.

അല്ലയോ ഡല്‍ഹിക്കാരനല്ലാത്ത വായനക്കാരാ, സ്ക്കൂളും ഓണവും തമ്മിലെന്തു ബന്ധം എന്നല്ലേ? അതിനായി കഴിഞ്ഞകൊല്ലത്തെ ഒരു ഞായറോണത്തിലെ പ്രസക്തഭാഗങ്ങള്‍ റീപ്ലേ ചെയ്തു കാണിക്കാം.

വേദി- ഗ്രീന്‍ പാര്‍ക്ക്‌ എന്ന മൊട്ടപ്പറമ്പില്‍ തട്ടിക്കൂട്ടിയ പന്തല്‍.

പശ്ചാത്തല സംഗീതം- പന്തല്‍ക്കാലുകളില്‍ കെട്ടിത്തൂക്കിയ കറുത്ത പെട്ടികള്‍ തൊണ്ട വേണ്ടതിലധികം തുറന്നും അടച്ചും പാടുന്ന 'ഓണം വന്നോണം വന്നോണം വന്നേ...'

കറുത്ത പെട്ടികളില്‍ നിന്നും പറ്റാവുന്നത്രയും മാറിനില്‍ക്കുന്ന കുറച്ചു സ്ര്തീകളും പുരുഷന്മാരും അങ്ങിങ്ങു ഓടിക്കളിക്കുന്ന കുട്ടികളും. പെണ്ണുങ്ങളുടെ ഭാഗത്തേക്ക്‌ ചെല്ലുന്ന ശകുന്തളയെ കുശലപ്രശ്നങ്ങളുമായി സുഹൃത്തുക്കള്‍ വരവേല്‍ക്കുന്നു. സാരി, ബാഗ്‌, ചെരിപ്പ്‌, തുടങ്ങിയ ചര്‍ച്ചാവിഷയങ്ങളുടെ മൂര്‍ച്ചയെ തന്ത്രപൂര്‍വം നേരിടുന്ന ശകുന്തളയെ വിട്ട്‌ ജിന്‍സി മേനിയോട്‌ -

"മേനി മോളേതു ക്ലാസിലാ?"

"തേര്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌"

"ഏതു സ്ക്കൂളിലാ"

"ലിറ്റില്‍ ഫ്ലവര്‍"

"ങേ.. എന്തോന്നാഡീ ശകുന്തളേ ഞാനീ കേക്കണത്‌! ആ അറുപൊളി സ്ക്കൂളിലോ! രണ്ടോ മൂന്നോ ഇല്ലല്ലോ. ആകെ ഒരു കൊച്ച്‌. അതിനെ നല്ലൊരു സ്ക്കൂളില്‍ വിടാന്‍ മേലായോ? എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ?" ജിന്‍സിക്കു ദേഷ്യം മൂക്കുകയാണ്‌. "ഡൊണേഷന്‍ കൊടുക്കാന്‍ ഒക്കത്തില്ലേല്‌ മേരി കിങ്ങ്ഡത്തിലോട്ട്‌ വിട്‌. ആ സ്ക്കൂള്‌ ഇതിനേക്കാ ഭേദമാ. ഞാന്‍ ടോമിച്ചനോട്‌ പറഞ്ഞു ശരിയാക്കാം. ആ സ്ക്കൂളിന്റെ പ്രിന്‍സിപ്പലമ്മേടെ കെട്ടിയോന്‍ ടോമിച്ചന്റെ കീഴെ എന്നാ ഓഫീസറോ ഏതാണ്ടാ. ടോമിച്ചനിപ്പോ ജോയിന്റ്‌ സെക്രട്ടറിയല്ലിയോ. ഒന്നു പറഞ്ഞാലെങ്ങനാ അവരു കേക്കാതിരിക്കുന്നേ...."

അതിന്റെ ബാക്കി മാലപ്പടക്കം സന്ധ്യ എടുത്തിട്ടു പൊട്ടിക്കും. പിന്നെ ജയാ വാര്യര്‍....

ഊണു വിളമ്പുന്നതു വരെ പിന്നെ അതാവും അവര്‍ക്കിടയിലെ പകിട്ടേറിയ ആഘോഷ ഐറ്റം.

ഇവരെയൊക്കെ ഡല്‍ഹിയില്‍ നിന്നും കെട്ടിയെടുത്താലെ പാവം ശകുന്തളമാര്‍ക്ക്‌ തല ഉയര്‍ത്തി നടക്കാന്‍ കഴിയൂ എന്ന്‌ ശകുന്തളക്കും നല്ലപോലെ അറിയാം.

പ്രിയപ്പെട്ട വായനക്കാരാ, നടക്കാന്‍ എന്നു കേള്‍ക്കുമ്പോള്‍ അതേപടി അങ്ങ്‌ എടുത്തേക്കരുത്‌. സ്ക്കൂട്ടറും ബൈക്കും പോയിട്ട്‌ മാരുതി എണ്ണൂറു വരെ ഇവിടെ നടപ്പിനേക്കാള്‍ തറയാണെന്നറിയുക. അതുകൊണ്ടാണ്‌ പിള്ളയുടെ സ്ക്കൂട്ടറിന്റെ പിന്നിലിരുന്ന്‌ സ്ക്കൂളിലേക്കു പോകുമ്പോള്‍ മേനി പറഞ്ഞത്‌ - "എല്ലാരും നയാ നയാ കാറിലാ വരണത്‌. എനിക്കു വയ്യാ പുരാനാ സ്ക്കൂട്ടറിന്റെ ബാക്കില്‍ ഇങ്ങിനെ പാല്‍പ്പാത്രം പോലെ ഇരിക്കാന്‍. ഇവിടെ ഡ്രോപ്പ്‌ ചെയ്താ മതി. ഞാന്‍ നടന്നു പൊയ്ക്കോളാം."

അങ്ങിനെ വാശിപിടിച്ച്‌ മേനി സ്ക്കൂള്‍ ബസ്സിലേക്കു ചേക്കേറി. അപ്പോഴാണ്‌ പിള്ളക്കു മനസ്സിലായത്‌, ഒരു കാര്‍ കടമായി വാങ്ങിയാല്‍ അടക്കേണ്ടി വരുന്ന മാസഗഢുവിനേക്കാള്‍ ഏറെയാണ്‌ സ്ക്കൂള്‍ബസ്സിന്റെ പ്രതിമാസ യാത്രാക്കൂലിയെന്ന്‌.

കാറ്‌ വാങ്ങുക തന്നെ. ഒരു പുതിയ മോഡല്‍ വരുന്നുണ്ട്‌. ഒരു ലക്ഷവും ചില്ലറ നികുതികളും മാത്രം.

"പക്ഷേ ചീഫ്‌ മിനിസ്റ്റര്‍ പറയണത്‌ ആ ഡീസല്‍ കാറ്‌ ഒരുപാട്‌ പൊല്യൂഷന്‍ ഉണ്ടാക്കും ന്നാ. നമുക്ക്‌ വേറെ കാറ്‌ വാങ്ങിക്കാം പപ്പാ"

"പണമുള്ളവന്‌ നാലും അഞ്ചും മുന്തിയ വണ്ടികള്‍ വാങ്ങി റോഡിലിടാം. ഇഷ്ടം പോലെ ചെത്തിയടിച്ചു നടക്കാം. ഒരു മലിനീകരണവുമില്ല. കാര്യം അതല്ല, കണ്ടവനൊക്കെ വണ്ടി വാങ്ങിത്തുടങ്ങിയാല്‍ കോളീസിനും സ്കോര്‍ഡക്കുമൊക്കെ ചീറിപ്പായാന്‍ റോഡിലെവിടെയാ സ്ഥലമുണ്ടാകുക. അതാ ഉള്ളിലിരുപ്പ്‌. എന്തൊക്കെ ചെയ്താലും മാറാത്ത മുടിഞ്ഞ പൊല്യൂഷന്‍ ആ മനസുകളിലാണ്‌." ഇത്രയേറെ രോക്ഷാകുലനായ പിള്ളയെ അവരാദ്യം കാണുകയായിരുന്നു.

"അപ്പോള്‍ ഒരു ലക്ഷത്തിന്റെ കാറു വാങ്ങാന്‍ തന്നെ തീരുമാനിച്ചോ?" ശകുന്തളയുടെ കണ്ണുകളില്‍ തിളക്കം.

ഒരു മൂച്ചിന്‌ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ പിള്ള ഒരു ലക്ഷം എന്നു കേട്ടപ്പോള്‍ പെട്ടെന്നു തണുത്തു. ഒരു ലക്ഷം എന്നാല്‍ ഒന്നോ രണ്ടോ അല്ല, നൂറു ആയിരങ്ങളാണ്‌. മൊത്തമായി വായ്പ്പയെടുത്താല്‍ എത്ര മാസഗഢുക്കള്‍ വരും? അതെങ്ങിനെ അടച്ചു തീര്‍ക്കും?

"സാരമില്ല, എന്റെ കൈയിലും കഴുത്തിലും ഉള്ളതൊക്കെ വില്‍ക്കാം. സ്വര്‍ണ്ണത്തിനിപ്പോള്‍ നല്ല വിലയല്ലേ!" ശകുന്തള ജീവത്യാഗത്തേക്കാള്‍ വലിയ ത്യാഗത്തിനു തയ്യാറായിരിക്കുന്നു.

അതിശയിച്ച പിള്ള ചോദിച്ചു. "അതൊന്നും ഇല്ല്യാണ്ടെ നീയെങ്ങനാ പുറത്തിറങ്ങ്വാ?"

"റോള്‍ഡ്‌ കിട്ടും. അതേ പോലത്തെ ആയാല്‍ ഒരുത്തിക്കും സംശയം തോന്നില്ല."

"എന്നാലും അമ്പതല്ലേ ആവുള്ളു. പിന്നേയും അമ്പതിനായിരം വേണ്ടേ. വായ്പ കിട്ടിയാല്‍ത്തന്നെ എങ്ങിനെ അടച്ചു തീര്‍ക്കും?"

"ഞാനൊരു ജോലിക്കു ശ്രമിച്ചാലോ?" ശകുന്തള വലിയ ഉത്സാഹത്തിലാണ്‌. ഗുസ്തി പിടിച്ചു നേടിയ ഡിഗ്രിയും അണ്ണാമലേന്ന്‌ തപാലില്‍ വരുത്തിയ ബി.എഡും. അവളുടെ കൈവശമുണ്ടെന്ന്‌ പിള്ളയ്ക്കറിയാം. ചെറിയ സ്ക്കൂളുകളില്‍ ടീച്ചര്‍പ്പണിക്ക്‌ അതൊക്കെത്തന്നെ ധാരാളമാണ്‌. അവിടെ വേണ്ടത്‌ രണ്ടായിരം രൂപാ വാങ്ങി പതിനായിരം രൂപയുടെ ശമ്പളരസീതി ഒപ്പിടാനുള്ള വിശാലഹൃദയം മാത്രമാണ്‌.

"അതൊക്കെ ശരി തന്നെ. പക്ഷേ.." പിള്ള അപ്പോഴും സംശയത്തിലാണ്‌.

"എന്തു പക്ഷേ?"

"അതിരാവിലെ എല്ലാരും തയ്യാറായി ഓഫീസിലേക്കും സ്ക്കൂളിലേക്കും പോകുന്നതെങ്ങിനെ? മാത്രമല്ല, കൃത്യം രണ്ടുമണിക്കു മേനിയുടെ സ്ക്കൂള്‍ വിടും. പക്ഷേ ടീച്ചര്‍മാര്‍ക്ക്‌ അതുപോലെ ഇറങ്ങിയോടാന്‍ പറ്റില്ലല്ലോ. അവര്‍ വീട്ടിലെത്തുമ്പോള്‍ നാലുനാലരയാകും. അതുവരെ മേനിയെന്തു ചെയ്യും?"

ശകുന്തളയുടെ പിന്നീടുള്ള ദിവസങ്ങള്‍ പുകഞ്ഞു നീങ്ങിയത്‌ ഈ പ്രശ്നത്തിലൂടെയാണ്‌.

ഒരുദിവസം ഉമ്മറത്തിരുന്ന്‌ ചുടുകാപ്പി മൊത്തുമ്പോള്‍ പ്രശ്നത്തിന്റെ ഉത്തരം അടുത്ത വീട്ടിലെ ഉത്തരേന്ത്യക്കാരന്റെ ടെറസ്സില്‍ പ്രത്യക്ഷപ്പെട്ടു. തുണികള്‍ കഴുകി അയയിലിടുന്ന ബീഹാറി പെണ്‍ക്കുട്ടിയുടെ രൂപത്തില്‍. ആര്‍ക്കമെഡീസിനേക്കാള്‍ ആവേശത്തോടെയാണ്‌ ശകുന്തള അപ്പോള്‍ത്തന്നെ പിള്ളക്കു ഫോണ്‍ ചെയ്തത്‌.

ബോംബെക്കാരനോ ശിവസേനക്കാരനോ ഒന്നുമല്ലെങ്കിലും പിള്ളക്ക്‌ ഉത്തരേന്ത്യക്കാരെ, പ്രത്യേകിച്ച്‌ ബീഹാറികളെ, തീരെ ബോദ്ധ്യമല്ല. അങ്ങിനെയാണ്‌ വേലക്കാരിക്കായുള്ള അന്വേഷണം ഫോണിലൂടെ നാട്ടിലേക്കു നീളുന്നത്‌.

"മോള്‍ക്ക്‌ ഡല്‍ഹീലൊരു ജോലി കിട്ടണ കാര്യല്ലേ..." ശകുന്തളയുടെ അമ്മ പ്രശ്നത്തിനു പരിഹാരം കണ്ടെത്തി. ശകുന്തള ഉടന്‍തന്നെ വാര്‍ത്ത പിള്ളയെ അറിയിച്ചു. "പാവപ്പെട്ട കുടുംബമാ. ചേച്ചിക്കു പതിനാറും അനിയത്തിക്കു പതിമൂന്നും."

"രണ്ടെണ്ണമോ!!" പിള്ളയുടെ കണ്ണുതള്ളി.

"ഒന്നു ജിന്‍സിക്കു വേണ്ടിയാ"

"ഏത്‌? നീ ആജന്മ ശത്രുവായി പ്രഖ്യാപിച്ച ആ അച്ചായത്തിക്കു വേണ്ടിയോ?

"അതേയ്‌, ഒരു സൂത്രപ്പണിയാ. പറയാമോ?"

"ങൂ... ങും" പിള്ളക്ക്‌ ഒരു പിടിയും കിട്ടിയില്ല. "മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെപ്പോലെ ഇപ്പോള്‍ നാട്ടില്‍ വേലക്കാരികളും ഒന്നിനോടൊപ്പം മറ്റൊന്നു ഫ്രീ ആണോ?"

"എക്സാറ്റ്‌ലി അതുതന്നെ. അച്ചനില്ലാത്ത പിള്ളേരാ. വിദ്യാഭ്യാസം സ്ലേറ്റിനപ്പുറത്തേക്കു പോയിട്ടില്ലത്രെ. ശമ്പളം വര്‍ഷാവധിക്കു വരുമ്പോള്‍ ഒന്നിച്ചു തന്നാ മതിയെന്നു പറഞ്ഞിട്ടുണ്ട്‌ അതുങ്ങളുടെ അമ്മ. ഒരു കൊച്ചിനു മാസം നാനൂറു രൂപാ. ജിന്‍സിയോട്‌ ഞാന്‍ പറഞ്ഞത്‌ എണ്ണൂറു രൂപയാന്നാ."

ശകുന്തളയുടെ അണ്ണാമലയില്‍ ആള്‍പ്പാര്‍പ്പുണ്ടെന്ന്‌ ആദ്യമായി പിള്ളക്കു തോന്നി.

നാലു ദിവസത്തെ അവധിയെടുത്ത്‌ പിള്ള നാട്ടിലേക്കു വിട്ടു. വേലക്കാരികളുമായി മടങ്ങുമ്പോള്‍ അവരുടെ പ്രായം മാത്രമല്ല, പ്രായത്തില്‍ക്കവിഞ്ഞ വളര്‍ച്ചയും പിള്ളയുടെ മനസില്‍ ആധിയായി. എല്ലാം ശകുന്തള തന്നെ കൈകാര്യം ചെയ്തോട്ടെ. തന്റെ ജോലി ഇവരെ അവളുടെ കൈയില്‍ ഏല്‍പ്പിക്കുന്നതോടെ തീരുന്നു. പിള്ള ഓരോന്ന്‌ ചിന്തിച്ചുകൊണ്ട്‌ ഒഴിഞ്ഞ ബര്‍ത്തില്‍ മലര്‍ന്നു കിടന്നു.

തീവണ്ടിയില്‍ തീരെ തിരക്കില്ല. എങ്ങിനെ തിരക്കുണ്ടാവാനാണ്‌? സീസണല്ലാത്ത ഇക്കാലത്ത്‌ ആര്‌ ആഴ്ച്ചവണ്ടിയില്‍ കയറാനാണ്‌?

അടുത്തദിവസം മൂത്തവള്‍ക്ക്‌ വയറിലൊരു വേദന. എങ്ങിനെ വേദനിക്കാതിരിക്കും? വണ്ടി പുറപ്പെട്ടപ്പോള്‍ മുതല്‍ ജനലഴികളില്‍ പിടിച്ച്‌ പുറത്തേക്ക്‌ നോക്കി ഇരിക്കുകയാണ്‌ രണ്ടും. ആദ്യമായി തീവണ്ടിയില്‍ കയറിയതിന്റെ കൗതുകമാണ്‌. വാങ്ങിക്കൊടുക്കുന്നതൊക്കെ വെട്ടി വിഴുങ്ങുന്നുമുണ്ട്‌. ജോലിയുമായി ബന്ധപ്പെട്ട്‌ അല്‍പ്പസ്വല്‍പ്പം വൈദ്യം പിടിയുണ്ട്‌ പിള്ളക്ക്‌. ചില്ലറ മരുന്നുകള്‍ കൊണ്ടു നടക്കുന്ന ശീലവും. ഒരു ഗുളിക കൊടുത്ത്‌ അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ജനലഴികളിലെത്തി.

ആഴ്ച്ചവണ്ടി പതിവുപോലെ വൈകിയാണ്‌ ഓടുന്നത്‌. സന്ധ്യ കഴിഞ്ഞാണ്‌ ഭോപ്പാലില്‍ എത്തിയത്‌. പ്ലാറ്റ്ഫോമില്‍ നിന്നും മൂന്ന്‌ ബ്രെഡ്‌ ഓംലൈറ്റ്‌ വാങ്ങി. എണ്ണ ചുവയ്ക്കുന്ന അതു വല്ലവിധേനയും കഴിച്ചു കിടന്നുറങ്ങി.

ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ മൂത്തവള്‍ വയര്‍ അമര്‍ത്തിപ്പിടിച്ച്‌ ഞരങ്ങുകയാണ്‌. ഒരു പക്ഷേ അക്യൂട്ട്‌ അപ്പന്‍ഡിക്സോ മറ്റോ ആയിരിക്കുമോ? എങ്കില്‍... ദൈവമേ, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ സര്‍ജറി വേണ്ടിവരുന്ന അസുഖമാണ്‌. തീവണ്ടിയാണെങ്കില്‍ ഇരുട്ടില്‍നിന്നും ഇരുട്ടിലേക്കു തകര്‍ത്തോടുകയാണ്‌. എന്താണൊരു വഴി? ഈ വയ്യാവേലി തന്റെ തലയിലേറ്റാന്‍ തീരുമാനിച്ച നിമിഷത്തെ പിള്ള ശപിച്ചു.

"വയറിന്റെ ഏതു ഭാഗത്താ വേദന?"

മൂത്തവള്‍ സല്‍വാര്‍ കമ്മീസ്‌ വേണ്ടതിലധികം അകത്തി പൊക്കിളില്‍ തൊട്ടു കാണിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ഉച്ചപ്പടങ്ങള്‍ക്കു പോയതാണ്‌ പിള്ള ഓര്‍മ്മിച്ചത്‌. പെട്ടെന്നു തന്നെ പിള്ളയിലെ രക്ഷകര്‍ത്താവ്‌ ഉണര്‍ന്നു. ഏറ്റെടുത്ത ദൗത്യത്തിന്റെ ആധിയും. പൊക്കിള്‍ ചുഴിയുടെ വലതു വശത്താവരുതേ വേദന എന്ന പ്രാര്‍ത്ഥനയോടെ പിള്ള പതുക്കെ വിരലമര്‍ത്തി. വയറില്‍ എവിടെ ഞെക്കിയാലും അവള്‍ വേദനകൊണ്ട്‌ പുളയുന്നുണ്ട്‌. അപ്പോള്‍ പ്രതി എണ്ണച്ചുവയുള്ള ഓംലൈറ്റ്‌ തന്നെയാണ്‌. പെട്ടെന്നു ആരോ ടോര്‍ച്ച്‌ തെളിച്ചുകൊണ്ട്‌ ചോദിച്ചു. "ക്യാ ഹോ രഹാ ഹായ്‌?"

ഉയര്‍ന്നു തടിച്ച രണ്ടു പോലീസുകാരാണ്‌. ഹിന്ദിക്കാര്‍. ഒന്നു പതറിപ്പോയ പിള്ള ഒരുവിധം കാര്യം പറഞ്ഞൊപ്പിച്ചു.

"നൗക്കറാണി!! കിത്തനാ? ദോ? യാ ഓര്‍ ഭി കോയി?" പോലീസുകാര്‍ കളിയാക്കിച്ചിരിച്ചു കൊണ്ട്‌ ചോദ്യങ്ങള്‍ വര്‍ഷിച്ചു. ചിരി പിന്നീട്‌ കടുത്ത തെറികളിലേക്കും ഭീഷണികളിലേക്കും വഴിമാറി.

ഹിന്ദിയും ഇങ്ക്‌ളീഷും ചൈനീസുമൊക്കെ തുല്യമായി കരുതുന്ന വേലക്കാരികളാവട്ടെ തുറിച്ച കണ്ണും അടച്ച വായും കൊണ്ട്‌ പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടു. ഭീതി മൂത്തവളുടെ വയറുവേദനയെപ്പോലും വിഴുങ്ങിക്കളഞ്ഞിരുന്നു.

കമ്പാര്‍ട്ടുമെന്റില്‍ ആകെയുണ്ടായിരുന്ന പത്തിരുപത്‌ യാത്രക്കാരും അവിടെയെത്തിക്കഴിഞ്ഞിരുന്നു. മിക്കവരും ഉത്തരേന്ത്യക്കാര്‍. അതിലൊരാള്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യക്കടത്തിനെക്കുറിച്ചു വല്ലാതെ ഉല്‍ക്കണ്ഠപ്പെടുന്നുണ്ടായിരുന്നു.

അടുത്ത സ്റ്റേഷനില്‍ പിള്ളയും വേലക്കാരികളും ഇറക്കപ്പെട്ടു. പോലീസുകാര്‍ വിളിച്ചതു കൊണ്ടാവണം ഒരു ജീപ്പ്പ്‌ അവരെ കാത്തുകിടന്നിരുന്നു.

ഓടാന്‍ തുടങ്ങിയ ജീപ്പ്പ്‌ ഒന്നു കുലുങ്ങി നിന്നു. ഒരു പോലീസുകാരന്‍ ഇറങ്ങി വന്ന്‌ പിള്ളയോട്‌ ഹിന്ദിയില്‍ ഗൗരവത്തോടെ പറഞ്ഞു. ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്കണം. ഇവരെ നിങ്ങളുടെ വേലക്കാരികളോ സഹോദരിമാരോ ആയിട്ടു കാണാന്‍ ഞങ്ങള്‍ക്ക്‌ ഒരു വിരോധവും ഇല്ല. പക്ഷേ അല്‍പ്പം ചിലവുണ്ട്‌.

"എത്ര?" ഇരുട്ടിലും പിള്ളയുടെ കണ്ണുകളില്‍ വെളിച്ചം തലനീട്ടി.

ഒന്നാലോചിച്ച ശേഷം പോലീസുകാരന്‍ പറഞ്ഞു. "ദോ ലഡ്കി ഹേ നാ? പച്ഛാസ്‌ ഹജാര്‍"

"അമ്പതിനായിരം!!" പിള്ളയുടെ തൊണ്ട വരണ്ടു.

അത്രയും തുക ലോണെടുത്ത്‌ ഗഢുക്കളായി തിരിച്ചടക്കുന്ന ഒരു പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ്‌ ഈ വയ്യാവേലിക്കു മുതിര്‍ന്നതെന്നു പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ലെന്ന്‌ മനസിലാക്കിയ പിള്ള കൈകൂപ്പിക്കൊണ്ട്‌ അവരോട്‌ മറ്റൊരു സത്യം പറഞ്ഞു. "എന്റെ കൈയില്‍ തികച്ചും ആയിരം രൂപ പോലുമില്ല സാര്‍"

'ഒരു പക്ഷേ ഇപ്പോള്‍ പോക്കറ്റില്‍ ഇല്ലായിരിക്കാം. പക്ഷേ ഈ ബിസിനസ്സില്‍ എത്ര ലാഭമുണ്ടെന്ന്‌ ആരും ഞങ്ങളെ പഠിപ്പിക്കേണ്ട.' പോലീസുകാരന്‍ ക്രുദ്ധനായി.

തെല്ലു നേരം ഓടിയ ജീപ്പ്പ്‌ ഒരു പെട്ടിക്കടയുടെ മുന്നില്‍ നിന്നു. കടയുടെ മുകളില്‍ കിടന്നുറങ്ങുന്നവനെ വിളിച്ചിറക്കി കട തുറപ്പിച്ചു. ഫോണെടുത്ത്‌ നീട്ടിക്കൊണ്ട്‌ പോലീസുകാരന്‍ പറഞ്ഞു. 'ആര്‍ക്കാന്നു വെച്ചാല്‍ വിളിക്ക്‌. എത്രയും പെട്ടെന്നു മുപ്പതിനായിരം രൂപ ക്യാഷ്‌ ആയി ഇരുചെവി അറിയാതെ ഇവിടെ എത്തിക്കാന്‍ പറയണം. എന്തെങ്കിലും കുരുത്തക്കേടിനു തുനിഞ്ഞാല്‍ പല വകുപ്പുകളിലായി ഏറെക്കാലം അകത്ത്‌ കിടക്കേണ്ടി വരും. പണം കൂടുതല്‍ ചിലവാക്കേണ്ടി വരും. നാണക്കേടും മറ്റു പീഡനങ്ങളും വേറേയും വരും. എല്ലാവരും എന്നെപ്പോലെ നല്ല പോലീസുകാരാവണമെന്നില്ല.'

താന്‍ ആവശ്യപ്പെടാതെ തന്നെ തുകയില്‍നിന്നും ഇരുപതിനായിരം രൂപ കുറച്ചു തന്ന ആ മഹാമനസ്ക്കനായ പോലീസുകാരന്‍ പറഞ്ഞതൊക്കെ ശകുന്തളയുടെ തലയില്‍ കയറ്റാന്‍ പത്തു മിനുട്ട്‌ ഫോണില്‍ സംസാരിക്കേണ്ടി വന്നു പിള്ളക്ക്‌. അങ്ങേ തലയ്ക്കല്‍ ശകുന്തളയുടെ തുളുമ്പുന്ന കരച്ചില്‍ കേട്ട്‌ പിള്ള ആശ്വസിപ്പിച്ചു. "പേടിക്കാനൊന്നുമില്ല. നിന്റെ ചങ്ങാതി ആ ജയാ വാര്യരുടെ ആരൊക്കെയോ ആഗ്രയിലും മേഴ്സിയുടെ ഭര്‍ത്താവ്‌ ഇപ്പോള്‍ ഗ്വാളിയോറിലുമൊക്കെ ഉണ്ടല്ലോ. അവരോട്‌ പറഞ്ഞ്‌ ഒരു മുപ്പതിനായിരം രൂപ..."

പിള്ള പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പേ ശകുന്തള ഏങ്ങലടിച്ചു കൊണ്ട്‌ പറഞ്ഞു. "നിങ്ങളെ പോലീസ്‌ പിടിച്ചെന്നു അവരോടൊക്കെ പറയാനോ? അതും പെണ്ണു കേസില്‍! നല്ല കാര്യം. ഞാന്‍ ആലോചിക്കട്ടെ മേറ്റ്ന്തെങ്കിലും വഴിയുണ്ടോന്ന്‌." ക്ഷമകെട്ട പോലീസുകാരന്‍ ഫോണ്‍ കട്ട്‌ ചെയ്തുകൊണ്ട്‌ ചോദിച്ചു. " കബ്‌ ആയേഗാ പൈസാ?"

അപ്പോള്‍ തുടങ്ങിയ ഇരുപ്പാണ്‌ പിള്ളയുടെ. ആഹാരവും വെള്ളവുമില്ലാതെ. രൂപ പെട്ടെന്നെത്തണേ എന്നും വേലക്കാരികള്‍ പെണ്‍സെല്ലില്‍ സുരക്ഷിതരായിരിക്കണേ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട്‌.

പോലീസ്‌ സ്റ്റേഷന്റെ മുന്നിലെ ആ പെട്ടിക്കടയിലെ ചെക്കനല്ലേ ഓടി വരുന്നത്‌? ശകുന്തളയുടെ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തിട്ടാണത്രെ അവന്‍ വന്നത്‌.

പോലീസുകാരന്‍ നീട്ടിയ ഷര്‍ട്ടും ധരിച്ച്‌ ഓടുമ്പോള്‍ പിള്ള മനസില്‍ പറഞ്ഞു. 'ശകുന്തളയുടെ അണ്ണാമലയില്‍ ആള്‍ത്താമസമുണ്ട്‌. വൈകിയാലും ഒരു വഴി കണ്ടെത്തിയല്ലോ'.

ഫോണെടുത്ത ശ്വാസത്തില്‍ത്തന്നെ പിള്ള ചോദിച്ചു. "എപ്പോഴാ രൂപയെത്തുക? ആരാ കൊണ്ടു വരിക?"

ശകുന്തള പറഞ്ഞു. "അതേയ്‌, വേലക്കാരികളെ നേരത്തേ ഇറക്കി വിടുകയാണെങ്കില്‍ ഇങ്ങോട്ടു വിട്ടാല്‍ മതി. ഞാന്‍ മാനേജ്‌ ചെയ്തോളാം. നാട്ടിലേക്കു വിടേണ്ടാ. അവിടെച്ചെന്ന്‌ ഇതൊക്കെ പാട്ടാക്കിയാല്‍ ഞാനെങ്ങിനെ നാട്ടില്‍ച്ചെന്ന്‌ മറ്റുള്ളവരുടെ മുഖത്തു നോക്കും? പിന്നെ എന്തൊക്കെണ്ടായ്‌ ട്ടെന്താ കാര്യം?"

അല്ലയോ വായനക്കാരാ, പിള്ള ഫോണ്‍ കട്ടു ചെയ്യുന്നതിനോടൊപ്പം ഞാന്‍ ഈ കഥയും അവസാനിപ്പിച്ചോട്ടെ? അല്ല, അത്രയും സ്വാതന്ത്ര്യം പോലും കഥാകൃത്തിനില്ലെങ്കില്‍ പിന്നെ എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം?

ജിതേന്ദ്രകുമാര്‍, ഡല്‍ഹി


-, ഡല്‍ഹി,



Your response will be e-Mailed to the poster.