പണ്ട് പണ്ട് പഞ്ചമിക്കാട്ടിലെ വയസ്സന്‍ മരച്ചുവട്ടില്‍ സുന്ദരി ഉറുമ്പും അവളുടെ അമ്മയും ജീവിച്ചിരുന്നു. സുന്ദരിയുടെ അച്ഛന്‍ ഒരിക്കല്‍ ധാന്യം ശേഖരിക്കാന്‍ പോയതാണ്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞു വര്‍ഷം അഞ്ചായി. എന്നിട്ടും ഇതുവരെ മടങ്ങിവന്നില്ല. അച്ഛന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം .അതിനായി നേരാത്ത നേര്‍ച്ചകളില്ല പോകാത്ത പുണ്യസ്ഥലങ്ങളില്ല. അന്യരുടെ സഹായത്തിലും അമ്മയുറുമ്പിന്റെ കഠിനാദ്ധ്വാനത്തിലും ഈ കുടുംബം കഴിയുകയാണ്. സുന്ദരിയുറുമ്പ് സംഗീതത്തിലും നൃത്തത്തിലും വലിയ മിടുക്കിയാണ് റിയാലിറ്റിഷോകളില്‍ ആദ്യറൌണ്ടില്‍ മാത്രമേ പങ്കെടുത്തുള്ളു. പിന്നീട് നിര്‍ത്തേണ്ടിവന്നു. സുന്ദരിക്ക് നല്ല വസ്ത്രങ്ങളില്ല. നല്ല വസ്ത്രമാണെങ്കിലേ കൂടുതല്‍ മാര്‍ക്ക് കിട്ടുകയുള്ളു. അതേ മകളെപ്പറ്റി ചോദിക്കുന്നവരോട് അമ്മയുറുമ്പിന്റെ വിശദീകരണമാണത്. എന്നാല്‍ സുന്ദരിയുറുമ്പിന് ഒരു കൂസലുമില്ല. അവള്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ഈ അവസരത്തില്‍ സുന്ദരനും സുമുഖനും അയല്‍ക്കാരനും താഴ്ന്ന ജാതിക്കാരനുമായ മണിയനുറുമ്പുമായി അവള്‍ സ്നേഹത്തിലായി. ദേശാടനക്കാരനായ മണിയന്‍ സംഗീത ബിരുദം നേടിയവനാണ്. താന്‍ കടംകൊടുത്ത ധാന്യത്തിന്റെ വില മുതലാക്കാന്‍ സുന്ദരിയെ അയാളുടെ അടുത്ത് സംഗീതം പഠിപ്പിക്കാന്‍ അയച്ചു. എന്നാല്‍ സുന്ദരിയുടെയും മണിയന്റെയും സംസാരത്തിലും പ്രവൃത്തിയിലും പന്തികേട് തോന്നിയ സുന്ദരിയുടെ അമ്മ അവരുടെ ഓരോ നീക്കവും ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കല്‍ അമ്മയുറുമ്പ് അവരുടെ സംസാരം കേള്‍ക്കാന്‍ ഇടയായി. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ അമ്മ മക്കളെ ആദ്യം ഉപദേശിച്ചു. അനുസരിക്കാതെയായപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടയില്‍ മണിയന്‍ ആരോടും പറയാതെ എങ്ങോട്ടോപോയി.
ഈ വിവരം കാട്ടിലെങ്ങും പാട്ടായി. പരദൂഷണക്കരികളായ മഹിളാരത്നങ്ങള്‍ക്ക് ഇതൊരു നല്ല വാര്‍ത്തയായി. പെണ്‍ മക്കള്‍ക്കുള്ളവര്‍ക്ക് ആധിയും. ഈ ഇടക്ക് പഞ്ചാരകാട്ടില്‍ നിന്ന് ചെമ്പനാന എന്ന സ്വാമി പഞ്ചമികാട്ടിലെത്തി. ഭാവി പ്രവചിക്കുകയും പ്രശനപരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ദിവ്യതേജസ്സിയായ സ്വാമി. സ്വാമി കാലുകൊണ്ടാണത്രെ അനുഗ്രഹം നല്‍കുന്നത് ഗണപതിസ്വാമിയുടെ തനിസ്വരൂപം എന്നാണ് കണ്ടവരുടെയും അഭിപ്രായം. പലരും അനുഗ്രഹംതേടി സ്വാമിയുടെ അടുത്തേക്ക് എത്തികൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ സുന്ദരിയുടെ അമ്മയും സ്വാമിയുടെ അരികിലെത്തി തന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും വിവരം സ്വാമിയെ ധരിപ്പിച്ചു. ഭര്‍ത്താവ് ഉടന്‍ മടങ്ങിവരുമെന്നും മകള്‍ ദിവസവും തന്നെ വന്ന് വലംവച്ചാല്‍ സ്വന്തം ജാതിയില്‍ നിന്ന് തന്നെ നല്ലൊരു ചെക്കനെ വരനായി ലഭിക്കും എന്നും അറിയിച്ചു. ഇതില്‍ സന്തോഷവതിയായ് അമ്മയുറുമ്പ് മകളെ പൂജാദ്രവ്യങ്ങളുമായി പറഞ്ഞയക്കുമായിരുന്നു. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി ഒരിക്കല്‍ സുന്ദരിവലം വച്ച് മടങ്ങിപോരുന്നതിന് മുമ്പ് സ്വാമിയുടെ ചെവിയില്‍ ഒളിച്ചിരുന്നു. അപ്പോഴല്ലേ ഒരു കാര്യം പിടികിട്ടിയത്. സ്വാമിയുടെ മുടിയുംതാടിയും പൊളിയാണെന്ന്. ഈ വിവരം അമ്മയോട് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് മനസ്സിലാക്കിയ സുന്ദരി ഒരു സൂത്രം ആലോചിച്ചു. തന്റെ പ്രിയതമനായ അദ്ധ്യാപകന്‍ നിഷ്കളങ്കനാണെന്നും സ്വാമിയെപ്പോലെ പരിശുദ്ധന്‍ എന്ന് നടിക്കുന്നവനാണ് യഥാര്‍ത്ഥ കള്ളനെന്നും തെളിയിക്കാന്‍ ഉറുമ്പിന്റെ കുഞ്ഞ്ബുദ്ധിതെളിഞ്ഞു. അവള്‍ക്കന്ന് ഉറക്കം വന്നതേയില്ല.
പിറ്റേന്ന് മകള്‍ സ്വാമിയുടെ അടുത്തേക്ക് പോകാത്തത് തിരികെ വന്ന അമ്മയോട് സുന്ദരി ആ സത്യം തുറന്ന് പറഞ്ഞു. ‘അമ്മേ കഴിഞ്ഞ ഒരു മാസമായി ആ ചെമ്പനാന സ്വാമിയുടെ കുഞ്ഞിനെ ഞാന്‍ എന്റെ വയറ്റില്‍ ചുമക്കുകയാണ്. ഇതു കേട്ടതും അമ്മ മോഹാലസ്യപ്പെട്ടുവീണു. ബോധംതെളിഞ്ഞതും അമ്മ തന്റെ കൂട്ടരുമായി ആലോചിച്ച് സ്വാമിയെ തുരത്താന്‍ പദ്ധതിയിട്ടു. അന്നു രാത്രിയില്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ച് ഒരു വലിയ കുഴിയുണ്ടാക്കി ചപ്പുചവറുകള്‍കൊണ്ട് മൂടിയിട്ടു. രാവിലെ സുന്ദരിയും അമ്മയും ഉണര്‍ന്നത് തന്നെ വലിയ ബഹളം കേട്ടാണ്. കാട്ടിലെ എല്ലാവരും കുഴിക്കു ചുറ്റും കൂടിയിരിക്കുന്നു. സുന്ദരിഉറുമ്പും മറ്റും ചെന്ന്നോക്കുമ്പോള്‍ ദാ കിടക്കുന്നു സ്വാമിയാന. എല്ലാവര്‍ക്കും സന്തേഷമായി. വീട്ടില്‍ മടങ്ങിയെത്തിയ സുന്ദരിക്കും അമ്മയ്ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. സുന്ദരിയുടെ അച്ഛനും പ്രിയതമനും ദാ നില്‍ക്കുന്നു. അച്ഛനെ ചീഞ്ഞ് നാറുന്ന അഴുക്കുനിറഞ്ഞ സ്ഥലത്തെ ഒരു കടയിലെ അരിച്ചാക്കില്‍ നിന്നാണ് കണ്ടെടുത്തത് എന്ന് മണിയന്‍ പറഞ്ഞപ്പോഴേക്കും സുന്ദരിയുടെ അമ്മ പറഞ്ഞു അത് കേരളം തന്നെ.ആ സഥലത്തിനാണത്രെ മാറ്റമില്ലാത്തത്. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിലകൂടിയ അരി തന്നെ കൊണ്ടുവന്നതില്‍ അവര്‍
സന്തോഷിച്ചു. കാട്ടിലെ വിവരങ്ങളറിഞ്ഞ മണിയന്‍ സുന്ദരിയെ വിവാഹം കഴിക്കാന്‍ തയ്യാറായി. മണിയന്റെ സ്നേഹം ഓര്‍ത്ത് അച്ഛനും അമ്മയും നന്ദി പറഞ്ഞു. എന്നാല്‍ സ്വാമിയുടെ കുഞ്ഞിനെപറ്റിപറഞ്ഞത് കള്ളമാണെന്നും സുന്ദരി അവരെ അറിയിച്ചു. ഇത കേട്ട് അച്ഛനും അമ്മയും മണിയനും ഉറക്കെ ചിരിച്ചു. നാട്ടുകാരും അവളെ വാനോളം പുകഴ്ത്തി. സ്വാമിയുടെ തട്ടിപ്പില്‍നിന്ന് കാടിനെ രക്ഷിച്ച സുന്ദരിക്ക് വനരാജന്‍ വനോപഹാരം നല്‍കി ആദരിച്ചു.
താമസിയാതെ അവര്‍ വിവാഹം കഴിച്ച് സുഖമായി വളരെക്കാലം ജീവിച്ചു.
റിയാലിറ്റിഷോകളില്‍ ഓരോ വ്യക്തിയുടെയും കഴിവാണ് മാനദണ്ഡമായി എടുക്കുന്നത്. അവരുടെ വസ്ത്രമോ സമ്പത്തോ അല്ല നമുക്ക് ഏത് ദൈവങ്ങളിലും വിശ്വസിക്കാം. ഇന്നോ ഇന്നലയോ സൃഷ്ടിക്കപ്പെട്ട ആള്‍ ദൈവങ്ങളിലല്ല എന്ന് മാത്രം. മതം മാറണ്ട മനസ്സാണ് ആദ്യം മാറേണ്ടത്. സുന്ദരിയുറുമ്പിനെപ്പോലെ ബുദ്ധിയുപയോഗിച്ചും ധീരതയോടെയും ഓരോ കാര്യങ്ങളെയും നേരിടൂ ഫലം സുനിശ്ചിതം
ജിത്തു ജോര്‍ജ്ജ്,
മണിയേലി വീട്,
തുരുത്തി.പി.ഒ,
തുരുത്തി,കുറുപ്പമ്പടി(വഴി)
പെരുമ്പാവൂര്‍,
എറണാകുളം,
പിന്‍- 683 545..