ഒരു പഴയ പ്രേമക്ഥ
ആടുകളെ തെളിച്ചുകൊണ്ട് അരുന്ധതി നടന്നു. ഗ്രാമം പിന്നിട്ടതവള്‍ അറിഞ്ഞതേയില്ല. ഗ്രാമാതിര്‍ത്തിയും കടന്ന് വന മദ്ധ്യത്തിലൂടെ അവള്‍ നടന്നു. അവളുടെ ആടുകള്‍ വഴിയില്‍ കണ്ട ഇളം നാമ്പുകള്‍ കടിച്ചും അവയുടെ സ്വാത്ത്വീകമായ ശബ്ദത്തില്‍ കരഞ്ഞൊച്ചവച്ചും അവളെ അനുഗമിച്ചു.
വളരെക്കാലം കൂടി അവളുടെ ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു പഴയൊരു പ്രേമഗാനത്തിന്റെ ശീലുകള്‍ മൂളിമൂളി അവള്‍ നടന്നു. ഏഴു കടലുകള്‍ കടന്ന്, ഏഴു പര്‍വ്വതങ്ങള്‍ താണ്ടി അതാ, എന്റെ കാമുകന്‍ വരുന്നു. എന്റെ കാമുകന്‍ വരുന്നു, ഒരുപാടു കാത്തിരിപ്പിനു ശേഷം ഒടുവില്‍ തന്റെ പ്രിയപ്പെട്ടവന്‍ തന്നെ തേടിയെത്തുമ്പോള്‍ സരളഹൃദയയായൊരു പെണ്‍കുട്ടി എല്ലാം മറന്നു പാടുന്നതായുള്ളു ഒരു നാടന്‍ പാട്ടായിരുന്നു അത്. ആ പാട്ടില്‍ ലയിച്ച് അവള്‍ പരിസരം മറന്നു. അനാഥവും സ്നേഹരഹിതവുമായ അവളുടെ ഭൂതകാലം മറന്നു. ക്രൂരയും ദുശ്ശാഠ്യക്കാരിയുമായ ഭുപാലിക എന്ന കിഴവിയെ മറന്നു, ഒരു സ്വപ്നം കണ്ട്, മറ്റൊരു സ്വപ്നത്തില്‍ ലയിച്ച്, വീണ്ടുമൊരു സ്വപ്നത്തിലൂടെ അവള്‍ നന്നുകൊണ്ടിരുന്നു
ഒടുവില്‍ ഒരു വെളിമ്പ്രദേശത്ത് വിശാലമായൊരു പാറക്കല്ലില്‍ അവളിരുന്നു. അരികിലൂടെ തെളിനീരിന്റെ കളകളാരവത്തോടെ ഒരു കൊച്ചരുവി ഒഴുകിയിരുന്നു. നേരം അസ്തമനത്തോടടുത്തു
അവളുടെ ആടുകള്‍ അരുവിയില്‍ നിന്നും തെളിവെള്ളം കുടിച്ചു. പിന്നെ അവള്‍ക്കു ചുറ്റും അയവിറക്കി കിടന്നു.
അസ്തമനത്തിന്റെ ഇളം തുടുപ്പാര്‍ന്ന രശ്മികളില്‍ അവളുടെ കൊച്ചുമുഖം മനേഹരമായൊരു പനിനീര്‍പുഷ്പം പോലെ വിടര്‍ന്നു ശോഭിച്ചു. അവളുടെ നിബിഢമായ മുടി കാറ്റില്‍ പറന്ന് അവള്‍ക്ക് പിറകില്‍ ഒരിരുണ്ട പശ്ചാത്തലം സ്യഷ്ടിച്ചു. ഒരു കൊച്ചുവനദേവതയെപ്പോലെ അവളാ പാറക്കെട്ടില്‍ ഇരുന്നു.
ഇപ്പോള്‍ ഭൂപാലിക തന്നെക്കാണാഞ്ഞ് ആടുകളെക്കണാഞ്ഞ് വേവലാതി പൂണ്ടുകാണും അവളോര്‍ത്തു. ഇല്ല , അവള്‍ പറഞ്ഞു , ഇനി ഞാന്‍ തിരികെ പോകുന്നില്ല. ആടുകളോടൊത്ത് ഞാനീ കാട്ടില്‍ കഴിയും
അരുവിയില്‍ നിന്നും വെള്ളം കുടിച്ച് കാട്ടുകനികള്‍ തിന്ന് അവളുറങ്ങാന്‍ കിടന്നു. തളര്‍ച്ചകൊണ്ട് അവള്‍ വേഗമുറങ്ങിപ്പോയി.
ആരോ പതുക്കെ തട്ടിവിളിക്കുന്നതു കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഭൂപാലിക തന്നെ തേടിപ്പിടിച്ചിരിക്കുന്നു എന്നാണവള്‍ക്ക് ആദ്യം തോന്നിയത്. ദയനീയമായ് ഒരു തേങ്ങലോടെ അവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പക്ഷേ, അപ്പോള്‍ കാണ്ടതോ? അമ്പും വില്ലുമേന്തി, ഇലകള്‍ തുന്നിക്കൂട്ടി നാണം മറച്ച്, കാരിരുമ്പില്‍ കടഞ്ഞെടുത്ത ശരീരഘടനയോടുകൂടിയ,തിളങ്ങുന്ന കണ്ണുകളും പിറകോട്ടു വളര്‍ന്ന മുടിയുള്ള..... അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവളുടെ എല്ലാമായ, അവളുടെ പ്രിയപ്പെട്ട്.....
അരുന്ധതീ, ആര്‍ദ്രമായ മൃദുവായ ശബ്ദത്തില്‍ അവന്‍ വിളിച്ചു
മിഴികള്‍ കൂമ്പി, അവളവന്റെ ശരീരത്തിലേക്ക് ചാഞ്ഞു. എന്റെ .......എന്റെ..........ചാരുദത്തന്‍ ...........അസ്പഷ്ടമായ, വികാരം തുടിച്ചുനില്‍ക്കുന്ന വാക്കുകളില്‍ അവള്‍മൊഴിഞ്ഞു.........
ഈയൊരു ദശാസന്ധിയില്‍ കഥ നിര്‍ത്തിക്കൊണ്ട് വേലുപ്പണിക്കരാശാന്‍ എഴുന്നേറ്റു. ആയിരത്തൊന്നു രാവുകളിലെ കഥാകാരിയേപ്പോലെ ആശാന്‍ ഇനി പിന്നെ.’
എനിക്ക് കുണ്ഠിതമായി ബാക്കികൂടി പറ ആശാനേ. ഞാന്‍ പറഞ്ഞു.
‘പിന്നെ ആശാന്‍ പറഞ്ഞു ഇപ്പം എനിക്കു രണ്ടു രൂപാ താ...
ഞാന്‍ അകത്തുപോയീ കാല്‍പ്പെട്ടി തുറന്ന് രണ്ടു രൂപയെടുത്ത് ആശാനു കൊടുത്തു. അക്കരെയ്ക്കൊന്നു കേറട്ടെ എന്നും പറഞ്ഞു ആശാന്‍ രൂപായും എളിയില്‍ തിരുകി പടികളിറങ്ങി.
അക്കരെ കള്ളുകച്ചവടം നടത്തുന്ന മാധവി തണ്ടാത്തിയുടെ കുടിയിലേയ്ക്കായിരുന്നു. ആശാന്‍ പോയത്. ഞാന്‍ കാത്തിരുന്നു. നേരം വൈകി, ഇരുട്ടി ആശാനെ കണ്ടില്ല പിറ്റേന്നും, പിറ്റേന്നും ആശാനെ ക്ണ്ടില്ല
ഞാന്‍ കടവുവരെ പോയീ.
അവിടെങ്ങും ആശാന്റെ ആ കൊച്ചോടം കണ്ടില്ല ഒരാള്‍ക്കിരിക്കാന്‍ പാകത്തിലുള്ള ആ ഓടം തുഴഞ്ഞായിരുന്നു ആശാന്‍ നദിയില്‍ അക്കരെ ഇക്കരെ കടക്കാറ് പതിവ്. കടത്തുഞ്ചിയില്‍ കയറാറില്ല..
ഞാന്‍ ഹതാശനായി നോക്കിനിന്നു അപരാഹ്നത്തിലെ കനം കുറഞ്ഞ രശ്മികളില്‍ നദി ശാന്തമായൊഴുകുന്നു. ഒരു പറ്റം യാത്രക്കാരുമായി കടത്തുവഞ്ചി കടവടുക്കുന്നത് ഞാന്‍ കണ്ടു. പഥികരത്രയും യാത്രയായപ്പോള്‍ ഞാന്‍ വഞ്ചിക്കാരന്റെടുത്തേക്ക് ചെന്നു.
വഞ്ചിക്കാരാ, വഞ്ചിക്കാരാ’ ഞങ്ങടെ ആശാനെ കണ്ടോ ഞാന്‍ ചോദിച്ചു.
ഇല്ലല്ലോ’ വഞ്ചിക്കാരന്‍ പറഞ്ഞു.
മിനിഞ്ഞാന്ന് ആ കൊച്ചോടം തുഴഞ്ഞ് ആശാന്‍ അക്കരയ്ക്ക് പോയി, വഞ്ചിക്കാരന്‍ പിന്നെ ഓര്‍ത്തുകൊണ്ട് പറഞ്ഞു. ഒരുപാടു വൈകുവോളം ഓടം ആറ്റുവക്കത്ത് ചഞ്ചാടിക്കിടക്കുന്നതുകണ്ടു. രാത്രിയില്‍ കടത്തുപ്പൂട്ടി കാവല്‍മാടത്തില്‍ ഞാനുറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടയ്ക്ക് ഏതോ ഒരു വേളയില്‍ ഞാനുണര്‍ന്നു. അപ്പോള്‍ ആ പഴയ പ്രേമഗാനം പാടിപ്പാടി അകലുന്നത് ഞാന്‍ കേട്ടു. കാതരതയോടെ ഞാന്‍ ചെവിയോര്‍ത്തു.... സ്വപ്നം പോലെ ചുറ്റും നിലാവ് പരന്നൊഴുകി, ഞാനെഴുന്നേറ്റ് കാവല്‍മാടത്തിനു പുറത്തേയ്ക്കിറങ്ങി. അകലെ , ഒരുപാടകലെ അപാരതയിലേക്ക് തുഴഞ്ഞു തുഴഞ്ഞ് ആ കൊച്ചോടം ഇല്ലാതാകുന്നതും, ആ പാട്ട് നേര്‍ത്ത് നേര്‍ത്ത് രാത്രിയുടെ അനാദിയും അര്‍ത്ഥപൂര്‍ണ്ണയുമായ നിശബ്ദതയില്‍ ലയിക്കുന്നതും ഞാന്‍ കണ്ടു.
വഞ്ചിക്കാരന്‍ പറഞ്ഞു നിര്‍ത്തി.
ഇനി ആശാന്‍ വരില്ലേ? അതീവ ദു:ഖത്തോടെ ഞാന്‍ ചോദിച്ചു.
എന്തോ, എതോ ഒരു തിട്ടവുമില്ലാതെ അയാള്‍ കൈമലര്‍ത്തി
ഞാന്‍ കുറച്ചുനേരം കൂടി ആ കടവില്‍ നിന്നും പിന്നെ തിരിച്ചു നടന്നു. ആശാന്‍ വരും ഞാന്‍ സ്വയം സമാധാനിച്ചുകോണ്ട് പറഞ്ഞു. ഇടയ്ക്കു വച്ചു മുറിഞ്ഞുപോയ ആ പ്രണയ കഥയുടെ അവസാനഭാഗം ഹൃദയാവര്‍ജ്ജകമായി പാടിക്കൊണ്ട് ആശാന്‍ വരിക തന്നെ ചെയ്യും.
ഞാന്‍ കാത്തിരുന്നു.
പക്ഷേ ഒരിക്കലും ആശാന്‍ വരികയുണ്ടായില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വല്ലാത്തൊരാ പ്രതിസന്ധിഘട്ടത്തിന് ഒരു തീര്‍പ്പുമില്ലാതെ ആ അപൂര്‍വ്വ സ്നേഹഗാഥ ഇപ്പോഴും വഴിമുട്ടിനില്‍പ്പാണ്. അരുന്ധതിയ്ക്കെന്തു പറ്റി? ചാരുദത്തനവളെ വിവാഹം ചെയ്തോ? എങ്കില്‍ ഭൂപാലിക അവളെ തേടിപ്പിടിച്ച് ആ തീരാത്ത ദുരിതങ്ങളുടെ നടുവിലേയ്ക്ക് വീണ്ടും വിളിച്ചുകൊണ്ടുപോയോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ചുറ്റും അശാന്തിയുടെ മൂടല്‍മഞ്ഞ് വീഴ്ത്തിക്കൊണ്ട് വീണ്ടും വീണ്ടും അവ എന്റെ മനസ്സിലേയ്ക്ക് തിരക്കിക്കയറിവന്നു.
ഒരിക്കല്‍ എന്റെ ഏകാന്തവും വിരസവുമായൊരിടവേളയില്‍ ഞാനാകഥയൊന്നു പൂര്‍ത്തികരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതെത്രയും വിരൂപവും വിഡ്ഢിത്തവുമായി പരിണമിക്കുകയായിരുന്നു. വീണ്ടും ഞാനാ സാഹസത്തിനു മുതിര്‍ന്നില്ല.
അതുകൊണ്ട് അരുന്ധതി ഈ വനമദ്ധ്യത്തില്‍ അവളുടെ കാമുകനോടൊപ്പം വിട്ട് തല്‍ക്കാലം നമുക്ക് പിരിയാം. ഭൂപാലികയുടെ സാത്വികരായ് ആടുകള്‍ അവര്‍ക്ക് കാവല്‍ നില്‍ക്കട്ടെ.
ബേബി കുരിയന്‍,
34/2396അ അനുഗ്രഹ,
താമ്പുരാട്ടിപറമ്പ് റോഡ്,
മാമംഗലം ,പാലാരിവട്ടം,
കൊച്ചി - 25..
.
.
.
.