ചരടുപൊട്ടിയ പട്ടം പോലെ അനന്തവിഹായസ്സിലെ നനുനനുത്ത മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ടുപറന്നു നടന്ന മനസ്സിനെ അരനിമിഷം കൊണ്ട് കൈപ്പിടിയിലൊതുക്കുക എന്നത് അരുന്ധതിയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ് പണിയാണ്. കാരണം, വീട്ടിലെ സകല കൂലിയില്ലാത്ത പണികളും ഭംഗിയായും ത്യപ്തിയായും ചെയതു കഴിയുമ്പോള്‍ , അവള്‍ക്കായി കിട്ടുന്ന സമയം തീരെ ചെറുതായിരുന്നു എന്നതു തന്നെ. ആ ചെറിയ സമയത്തിനുള്ളില്‍ പത്രം വായിക്കണം, പിന്നെ സ്വപ്നവും കാണണമെന്നുവച്ചാല്‍ കുറച്ചു ബുദധിമുട്ടാണ്. പക്ഷേ, പത്രപാരായണത്തിന്റെ ഹാങ്ങ് ഓവര്‍ മാറണമെങ്കില്‍ അരുന്ധതിക്കു സ്വപ്നം കണ്ടേതീരു. എന്നാല്‍ ഇതൊന്നം വായിക്കാതിരിക്കാമെന്നുവച്ചാലോ? “ ലോകകാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കാത്ത മണ്ട് മണക്കൂസേ, നിനക്കിവിടെ വേറെന്താപണി “ യെന്ന സ്വന്തം ഭര്‍ത്താവിന്റെ കളിയാക്കലും കേള്‍ക്കേണ്ടിവരും. ഇതിനുപുറമെ, ഏതൊക്കെ പത്രത്തിന്റെ ഏതൊക്കെ പേജുകള്‍, ഹൈസ്ക്കൂളില്‍ പഠിക്കുന്ന മകള്‍ കാണാതെ ഒളിപ്പിച്ചു വയ്ക്കണമെന്ന് തീരുമാനിക്കണമെങ്കിലും അരുന്ധതിയ്ക്ക് പത്രം വായിച്ചേ മതിയാകൂ.
ഇന്നത്തെ പത്രം വായന കഴിഞ്ഞുള്ള സ്വപ്നസഞ്ചാരത്തിനിടയില്‍ “ അങ്ങനെയിപ്പം നീ സ്വപ്നം കണ്ടു സുഖിക്കേണ്ട് അരുന്ധതീ “ എന്ന് അടുക്കളയിലെ പാത്രങ്ങള്‍ ഒന്നൊന്നായി തട്ടി മാറിച്ചൈട്ടുകൊണ്ട് അടുത്തവീട്ടിലെ കള്ളിപ്പൂച്ച പറഞ്ഞപ്പോള്‍ അരുന്ധതിക്കു പിന്നെ എണീറ്റേമതിയാക്കു എന്നായി. ഒരു ഞെട്ടലോടെ അവള്‍ നോക്കി. മണി നാലാകാന്‍ തുടങ്ങുന്നു. മോളുടനെ എത്തുമല്ലോ എന്ന ആലോചനയില്‍ അരുന്ധതിയുടെ കാലുകള്‍ തല്‍ക്കാലത്തേക്ക് പി.ടി.ഉഷയുടെ വേഗത കടമെടുത്തു. പക്ഷേ, ആ വേഗതയ്ക്ക് അധികം ആയുസ്സുണ്ടായിട്ടില്ല. മിനുമിനുത്ത വെണ്ണക്കല്ലില്‍ കൂടി അടുക്കളയില്‍ നിന്നും പുറത്തേക്ക് ഒരു കുഞ്ഞരുവിയായി ഒഴുകിവന്ന പാലില്‍ കാലവഴുതി കുറെ നേരം ഒലിച്ചുപൊയ അരുന്ധതി, തലചുവരിലിടിച്ച് തറയിലേക്കു വീണു.
ചുവര് കുലുങ്ങിയ ആഘാതത്തില്‍ ഈച്ചയെ വായിലാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പല്ലിതെറിച്ച് താഴെ വീണു. പരിഭ്രമത്തില്‍ നിന്നും പിടഞ്ഞെണീറ്റ പല്ലി അരുന്ധതയെ ശാസിച്ചു. എന്താ അരുന്ധതി, വീഴുന്നതിന് ഒരു മയമൊക്കെ വേണ്ടേ? വെറുതെ ആള്‍ക്കാരെ പേടിപ്പിക്ക്യ? ഒരു സെക്കന്റിന്റെ നാലിലൊരംശത്തിലാണല്ലോ ഇരകൈവിട്ടു പോയത് എന്നോര്‍ത്ത് പല്ലി വല്ലാതെ വ്യസനിച്ചു
പല്ലിയുടെ ശാസന ശ്രദ്ധിക്കാതെ അരുന്ധതി, അവിടവിടെ വേദനിക്കുന്ന കാലുകളെ തഴഞ്ഞിട്ട് അതിലും വേദനിക്കുന്ന തലതടവിയപ്പോള്‍ കൈയ്യില്‍ തടഞ്ഞത് സാമാന്യം മുഴുത്ത ഒരു പേരക്ക. “നിന്റെ കാര്യം പിന്നെ റഡിയാക്കാം. ആദ്യം ഞാനീ തറയൊന്ന് തുടച്ചു വ്യത്തിയാക്കട്ടെ” എന്ന് പേരയ്ക്കയോട് അരുമയോടെ പറഞ്ഞിട്ട് അരുന്ധതി, ടി.വി. പാചത്തിലെ റീക്യാപ്പ് പോലെ, തറ തുടച്ച് പാത്രങ്ങള്‍ അടുക്കിവയ്ക്കാന്‍ തുടങ്ങി.
എല്ലാം ശരിയായെന്ന മട്ടില്‍ അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍, ഈച്ചയ്ക്കു പകരം മറ്റെന്തിനേയോ നൊട്ടിനുണഞ്ഞുകൊണ്ട്, ചുവരിലിരുന്ന പല്ലി പരിഹസിച്ചു. ‘ അരുന്ധതീ, നിന്നെയിപ്പം കാണാന്‍ നല്ല ചേലാണല്ലോ. പാലാഴി മഥനത്തിനുപോയവരുടെ കൂട്ടത്തില്‍ നീയുണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ല കേട്ടോ.” പല്ലിയാണെങ്കിലും പറഞ്ഞതില്‍ കാര്യമുണ്ടാല്ലോയെന്നോര്‍ത്തപ്പോള്‍ അരുന്ധതി ഓടിപ്പോയി പാലില്‍ കുതിര്‍ന്ന വേഷമൊക്കെ മാറ്റി മറ്റൊരു വേഷത്തില്‍ ജില്ലി ജില്ലെന്ന് വന്നു. അതുകണ്ട പല്ലിക്ക് മോഴിമുട്ടി. മറ്റെവിടേയ്കോ നോക്കിയിരുന്നു.
പല്ലിയ്ക്കും ഈയിടെ മനുഷ്യരുടെ സ്വഭാമാണല്ലോ എന്ന് അരുന്ധതി ഒരു നിമിഷം ശങ്കിച്ചു. നല്ലത് കണ്ടാല്‍ പറയില്ല. മോശമാണെന്ന് കണ്ടാലോ വിളിച്ചുകൂവാന്‍ ആയിരം നാവ്. തലയിലെ അസഹ്യമായ വോദനകാരണം അരുന്ധതി പല്ലിയെ അതിന്റെ പാട്ടിനുവിട്ടു.
അപ്പേഴാണ്, നേരത്തെ വായിച്ചുകൊണ്ടിരുന്ന പത്രം അവിടെത്തന്നെ കിടക്കുകയാണല്ലോയെന്ന് അവള്‍ ഓര്‍ത്തത്. മടക്കാനെടുത്ത പത്രത്തില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പതിമൂന്നുകാരിയമ്മ. അവളുടെ കയ്യില്‍ തുടത്തുചുവന്ന അവളുടെ കുഞ്ഞ്. തന്റെ സമപ്രായക്കാരിലാര്‍ക്കും തന്നെ ഇതുപോലൊരു കളിപ്പാട്ടം കിട്ടാനിടയില്ലോ എന്ന സന്തോഷം അവളുടെ മുഖത്ത്. ആ ചിരി കാണ്‍കേ അരുന്ധതിയുടെ ഉള്ളിലെവിടയോ മുളകരച്ചുതേച്ച ഒരു നീറ്റലുണ്ടായി പത്രം മകള്‍ കാണാതിരിക്കാനായി അലമാരയുടെ അടിത്തട്ടില്‍ ഒളിപ്പിച്ചു. ഇതുപോലെ എത്രപത്രങ്ങളാണ് കുട്ടിയില്‍ നിന്നും ഒളിപ്പിച്ചിള്ളതെന്നോര്‍ത്തപ്പോള്‍ അരുന്ധതിയ്ക്ക് വല്ലായ്മ തോന്നി. ഒപ്പം, അതുകൊണ്ടാണല്ലോ തന്റെ മോള്‍ അവളുടെ അച്ചനെ പേടിയോടെയല്ലാതെ കാണുന്നതെന്നും മറ്റൊരു പത്രവാര്‍ത്ത ഓര്‍ത്തുകൊണ്ട് അവള്‍ ആശ്വസിച്ചു. തന്റെ കുട്ടിയെ കാത്തുകൊള്ളണേ ദൈവമേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോഴേക്കും എന്തോ അരുന്ധതിയ്ക്ക് വല്ലാതെ ഓക്കാനം വന്നു. ഒപ്പം കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെയും
വളരെ പണിപ്പെട്ടാണ് അവള്‍ വാഷ് ബേസിനടുത്തെത്തിയത്. ജീവിതത്തില്‍ അന്നേ വരെ കഴിച്ചതൊക്കെ ശര്‍ദ്ദിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ണുകളെ വല്ലാത്തൊരു മയക്കം വന്നുമൂടി. തിരികെ ബെഡ് റൂമിലെത്താനുള്ള സാവകാശം അരുന്ധതിയ്ക്ക് കിട്ടിയിട്ടില്ല. അവള്‍ അവിടെത്തന്നെ കുഴഞ്ഞു വീണു. അപ്പോള്‍ തലയിലെ പേരയ്ക്ക ഒരു മഞ്ഞച്ചിരിയോടെ പറഞ്ഞു.” എത്രനാളായി അരുന്ധതി നീ ഉറങ്ങിയിട്ട്. നീ ഒളിപ്പിച്ചുവച്ച പത്രങ്ങളിലെ വാര്‍ത്താശകലങ്ങളെല്ലാം കൂട്ടി നിന്നെ സുഖമായൊന്നുറങ്ങാന്‍ സമ്മതിച്ചിട്ടുണ്ടോ? ഇനിയിപ്പോ നിനക്ക് ഉറങ്ങിയേ മതിയാക്കൂ. അതിനുള്ള പണിയൊക്കെ ഞാന്‍ ചെയ്തിട്ടുണ്ടേ”. അതുകേട്ട് ചുവരിലിരുന്ന പല്ലിയും സപ്പോര്‍ട്ട് ചെയ്തു. അതേയതെ അരുന്ധതീ, നീയില്ലെന്ന് വച്ച് ഇവിടെ ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല. എല്ലാം അതാതിന്റെ വഴിയേ നടന്നുകൊള്ളും. നീ സുഖമായി സ്വസ്ഥമായി ഉറങ്ങാന്‍ നോക്കിക്കോളു
അത്തരമൊരു ആശ്വാസവാക്കിന്റെ കുളിര്‍മയിലും അരുന്ധതി ഒരു മിന്നായം പോലെ ഓര്‍ത്തു. “ദൈവമേ എന്റെ മോള്‍, അവളുടെ സ്ക്കൂള്‍ ബസ്സിലെ ഡ്രൈവറുടെ ആ വൃത്തികെട്ട നോട്ടം, അതത്ര പന്തിയല്ലല്ലോ എന്ന ആലോചന പാതി വഴിയിലിട്ട് വരുന്നതുപോലെയൊക്കെ വരട്ടെ യെന്ന് ഗതികെട്ട മനസ്സിനെ നിര്‍ബന്ധപൂര്‍വ്വം ആശ്വസിപ്പിച്ച് അരുന്ധതി സുഖമായും ദീര്‍ഘമായും ഉറങ്ങാന്‍ തുടങ്ങി.
ഗീത.എസ്,
എഫ്.ക്യു.സി.എല്‍,
പട്ടാമ്പി,
മേലേപട്ടാമ്പി(പി.ഒ),
പാലക്കാട് -679 306.
ഫോണ്‍. 9387741658..