
ചാക്കോച്ചായന്റെ വാല്
'ഓന്തിനും അരണക്കും വാല് പിന്നോട്ടും, ചാക്കോച്ചായന്റെ വാല് മുന്നോട്ടും' എന്നൊരു വര്‍ത്തമാനം നാട്ടുകാരുടെ ഇടയില്‍ പൊതുവേയുണ്ട്. ആ വാല് ഉറങ്ങുമ്പോളെങ്കിലും ഉപേക്ഷിക്കുമോയെന്ന് നാട്ടുകാര്‍ക്കെല്ലാവര്‍ക്കും സംശയമുണ്ടായിരുന്നെങ്കിലും ആരും അത് ചോദിച്ച് സമയം കളഞ്ഞിരുന്നില്ലന്ന് മാത്രമല്ല, ചിലരെങ്കിലും ആ സമയത്ത് ഒരു കപ്പത്തണ്ട് അധികം നടുകയും ചെയ്തിരുന്നു. കഠിനാദ്ധ്യാനിയായ ചാക്കോച്ചായന്റെ വാല് എന്ന് പറഞ്ഞാല്‍ -'ഒരു തൊപ്പിപ്പാള'. പറമ്പില്‍ കപ്പക്കൂടം വെട്ടുമ്പോഴും വയലില്‍ കാളപൂട്ടുമ്പോഴും ഇഞ്ചിക്കു കള പറക്കുമ്പോഴും ചാക്കോച്ചായന്‍ വാല് കൊണ്ടുനടന്നിരുന്നത് അഭിമാനപൂര്‍വ്വമായിരുന്നു. പിന്നീടത് നാട്ടു കാര്‍ക്കിടയില്‍ ചാക്കോച്ചായന്റെ ഐഡന്റിറ്റി ആയി മാറിയത് വളരെ പെട്ടന്നായിരുന്നു.
ചാക്കോച്ചായന്‍ പണ്ട് രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ തന്നെ അപ്പന്റെയും അമ്മച്ചീടെയും കൂടെ മദ്ധ്യ തിരുവതാംകൂറീന്ന് ബ്രിട്ടീഷ് മലബാറിലേക്ക് കുടിയേറിയവനും, ആയുധങ്ങളൊന്നും കൊണ്ടു പോരാന്‍ പറ്റാത്ത കാലത്ത് മൂന്ന് രാജ്യത്തെ വെട്ടിച്ച് കൊടുവാള്‍, തൂമ്പ, വാക്കത്തി തുടങ്ങിയവ തലയിണക്കുള്ളില്‍ വച്ച് കടത്തിക്കൊണ്ട് പോന്ന ബുദ്ധിമാനുമാകുന്നു. കഠിനാദ്ധ്യാനി, നാട്ടുകാര്‍ക്ക് ഉപകാരി, പള്ളിക്കമ്മറ്റിയിലേയും വൈകുന്നേരങ്ങളിലെ സൊറപറച്ചിലിലേയും മുഖ്യനുമായിരുന്നു ചാക്കോച്ചായന്‍.
കുന്നും മലയും കാരണം കണ്ണെത്താത്ത തന്റെ പറമ്പില്‍ തെങ്ങിന് തടം വെട്ടുകയായിരുന്ന ചാക്കോച്ചായന്‍ തന്റെ പറമ്പിന് കുറുകേയുള്ള വഴിയില്‍ കൂടി യൂണീഫോമിട്ട ചെറിയ പിള്ളേരുടെ അകമ്പടിയോടെ വരുന്ന ചട്ടയും മുണ്ടും ഇട്ട സുന്ദരിക്കുട്ടിയെ കണ്ടത് ആദ്യമായിട്ടായിരുന്നു. എന്നാലിനി കാപ്പി കുടിച്ചേക്കാമെന്നു കരുതി പതിയെ ചാക്കോച്ചായനും നടന്നു തുടങ്ങി. ചട്ടക്കാരി സുന്ദരിയെ ആദ്യമായി കാണുന്ന അച്ചായനന്ന് വയറുനിറയെ കപ്പപുഴുക്ക് കഴിച്ചു. യൂണീഫോം ധാരികളെ വള്ളത്തില്‍ പുഴകടത്തിവിടാന്‍ കൂട്ടുവന്നിരുന്നതാണ് താന്‍ കണ്ട സുന്ദരിക്കുട്ടിയെന്ന് ചാക്കോച്ചായന്‍ പിന്നീട് മനസ്സിലാക്കി. ആശയും ആവേശവും മൂലം നായകന്‍ ഇഷ്‌ടം സുഹൃത് വൃത്താന്തങ്ങളെ അറിയിക്കുകയും ചെയ്തു. 'അത് വടക്കേലെ മറിയക്കുട്ടിയാണ്.' തനിക്കുകിട്ടിയ ഉത്തരവുമായി ചാക്കോച്ചായന്‍ തന്റെ വാലും കെട്ടിപ്പിടിച്ചന്ന് ഉറങ്ങാന്‍ കിടന്നു.
ചാക്കോച്ചായന്റെ ചോദ്യത്തിലെ ആവേശം കുറച്ചപ്പുറത്തുനിന്ന് മനസ്സിലാക്കുയ സുകുമാരപിള്ള എന്നു പേരായ നാട്ടുകാരുടെ അഭ്യുദയകാംഷി വാര്‍ത്ത മറിയക്കുട്ടിയുടെ അപ്പച്ചന്റെ ചെവിയിലെത്തിച്ചു. 'ഏതവനാത് ' എന്ന ചോദ്യത്തിന്- പ്രമാണി മത്തായിയുടെ പറമ്പില്‍ കാടുവെട്ടുന്നതു കണ്ടിട്ടുണ്ടെന്ന മറുപടിയും പിള്ള നല്‌കി.
കേട്ടപാതി കേള്‍ക്കാത്തപാതി മൂപ്പര് രണ്ടാളേം കൂട്ടി പ്രമാണിയുടെ അടുത്തേക്ക് പാഞ്ഞു. കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാക്കണമല്ലോ, പിള്ളയും കൂടെ കൂടി.
പ്രമാണിയുടെ വീട്ടിലെത്തിയ സംഘത്തിലൊരുവന്‍ മുറ്റത്ത് നിന്ന് ചോദിച്ചു - 'ആ പറമ്പില്‍ നിന്നു തെങ്ങിന്‍ ചോട് വെട്ടണ പണിക്കാരന് ഈ മുതലാളീടെ മോളോടു പ്രോമാണന്ന്.'
'അവന്റെ ഒരു അഹങ്കാരം, സത്യാവസ്ഥ അറിയാനാ വന്നത് ' - മുതലാളിം പറഞ്ഞു.
'പണിക്കാരനോ? ഏത് പണിക്കാരന്‍? ആ നില്‍ക്കുന്നത് എന്റെ ഒരേയൊരു മകനാണ് ചാക്കോച്ചന്‍. നിങ്ങള്‍ക്ക് ആളുമാറിയതാവും, അവനു താഴെ ഒരു പെണ്‍കുട്ടിയാണെനിക്ക് ഈ കാണുന്നതിന്റെ ഒക്കെ അവകാശിയാണവന്‍.' പ്രമാണി പറഞ്ഞു.
ചാക്കോച്ചനിഷ്‌ടപ്പെട്ട സ്ഥിതിക്ക് കല്ല്യാണം നടത്തിയേക്കാമെന്ന രീതിയിലായി മുതലാളി. പ്രമാണി എതിരൊന്നും പറഞ്ഞില്ല. വെട്ടു പോത്തുപോലെ വന്നവര്‍ ഉച്ചക്കത്തേ ഏലിയാമ്മ ചേച്ചീടെ സദ്യയുമുണ്ട് മടങ്ങി.
സ്വന്തമായി നാട്ടില്‍ ആദ്യമായി ഉന്തുവണ്ടിയുണ്ടാക്കി വീടുണ്ടാക്കാനും വായനശാല ഉണ്ടാക്കാനും സഹായിച്ചവന്‍. സ്വന്തം പറമ്പിന് കുറുകെ പഞ്ചായത്തു റോഡ്‌വെട്ടാന്‍ സഹായിച്ചവനും നാട്ടുകാര്‍ക്ക് ഉപകാരിയും. കഠിനാദ്ധ്യാനി, കാച്ചിലിന്റെ വലിപ്പമുള്ള ഇഞ്ചി വിളയിക്കുന്നവന്‍. നാട്ടില്‍ ആദ്യമായി ടാക്‌ടര്‍ വാങ്ങിയവന്‍. പള്ളിപ്പിരിവിന് ഏറ്റവും വലിയ തേങ്ങയും കപ്പയും ചേനയും ചേമ്പും ഒക്കെ കൊടുക്കുന്നവന്‍ - മറിയക്കുട്ടിക്കു ചെറുക്കന്റെ യോഗ്യത നന്നേ ബോധിച്ചു.
കൂട്ടത്തില്‍ ചാക്കോച്ചായന്റെ വാലിനെക്കുറിച്ചും നന്നായി അറിഞ്ഞു.
അതു പിന്നെ തൂമ്പായെടുക്കാന്‍ നേരത്ത് അപ്പനും പാളത്തൊപ്പി വയ്‌ക്കാറുണ്ടല്ലോ എന്ന് മറിയക്കുട്ടി സമാധാനിച്ചു. എന്തായാലും ഒന്ന് നേരാം വണ്ണം കാണുക പോലും ചെയ്യാത്ത രണ്ടാളും വലിയ അടുപ്പത്തിലായിരുന്നെന്ന് നാട്ടില്‍ പരന്നതുമാത്രം മറിയക്കുട്ടിക്കത്ര പിടിച്ചില്ല.
മനസ്സമ്മതവും കല്ല്യാണവും വളരെ പെട്ടന്നു തന്നെ നടന്നു, വലിയ നാണക്കാരനായിരുന്ന ചാക്കോച്ചന്‍ പെണ്ണിന്റെ വീട്ടില്‍ പോകാന്‍ വിസ്സമ്മതിച്ചതിനാല്‍ വലിയ ആര്‍ഭാടപൂര്‍വ്വം നടന്ന വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് നാട്ടുകാരും വീട്ടുകാരും മടങ്ങി.
ആദ്യരാത്രി കട്ടിലില്‍ തന്റെ അടുത്ത് മറിയക്കുട്ടി വന്നിരുന്നപ്പോള്‍ 'നായകന് വിറ'.
അടിമുടി വിറ, കൈയും കാലും വിറച്ച് വിറച്ച് പരിവമായ നായകന്‍ എന്തെങ്കിലും മിണ്ടിയേക്കാമെന്ന് കരുതി അറിയാതെ ചോദിച്ചു പോയി - 'നിന്റെ തലേല്‍ പേനുണ്ടോ?'
നായകന്റെ ഭാവവും ചോദ്യത്തിലെ വിറയും കണ്ട് മറിയക്കുട്ടിക്ക് ചിരിയാണ് വന്നതെങ്കിലും, ചോദ്യം ഇതായതിനാല്‍ കുറച്ചഭിമാനത്തോടെ പറഞ്ഞു - 'അതിന് അമ്മച്ചി എല്ലാത്തിനേം ചീവിക്കൊന്നിട്ടുണ്ട്.!'
'കാപ്പി...ഇടാനറിയുമോ?' അടുത്ത ചോദ്യം.
'ഉം'
'എന്നാപ്പിന്നെ ഞാന്‍ കിടക്കട്ടേ '
എന്നു പറഞ്ഞതും ചാക്കോച്ചന്‍ കിടന്നതും ഒന്നിച്ചായിരുന്നു. പുതപ്പുമൂടിയുള്ള ആകിടപ്പുകണ്ട് മറിയക്കുട്ടിയും അറിയാതെ കിടന്നു പോയി.
കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെ എണീറ്റ മറിയക്കുട്ടി തന്റെയടുത്തു കിടന്ന കെട്ടിയവനെ കാണാതെ പരിഭ്രമിച്ചു. ഇനി രാത്രിയിലങ്ങാനും ചവിട്ടുകയോ മറ്റോ ചെയ്തിട്ട് എണീറ്റുപോയതാണോയെന്ന്. ചാടി എണീറ്റുവന്ന നായിക ഉമ്മറത്തു കിടന്ന പാളത്തോപ്പിയും കണ്ടില്ല. അടുക്കളയിലെത്തി അമ്മച്ചിയോടു കാര്യം പറഞ്ഞപ്പോള്‍ - തെങ്ങുംചോട് കിളക്കാന്‍ പോയെന്ന മറുപടിയും കിട്ടി. മത്രമല്ല രാവിലെ ഇറങ്ങിയാല്‍ പണികൂടുതല്‍ നടക്കുമെന്ന അറിവും അമ്മായിയമ്മ സമ്മാനിച്ചു. കല്ല്യാണം കഴിഞ്ഞു പിറ്റേന്നുതന്നെ കിളക്കാന്‍ പോയിരിക്കുന്നു. ഉണ്ടാക്കാനറിയാമെന്നു പറഞ്ഞ കാപ്പിയും വെറുതെയായി പോയി, എന്തെല്ലാം പ്രതീക്ഷകളായിരുന്നു.
അടുക്കളവഴി പുറത്തിറങ്ങി മുറ്റമടിക്കാന്‍ തുടങ്ങിയ മറിയക്കുട്ടി വാലോടുകൂടി പറമ്പില്‍ തൂമ്പാ ആഞ്ഞുവെട്ടുന്ന നായകനെ കണ്ട് ആ കഠിനാദ്ധ്യാനിയേ ഓര്‍ത്ത് അഭിമാനിച്ചു.
മാസങ്ങള്‍ കടന്നു പോയപ്പോള്‍ ചാക്കോച്ചായനെ വാലില്ലാതെയും നാട്ടുകാര്‍ കാണാന്‍ തുടങ്ങി.
പേറുകഴിഞ്ഞു മറിയക്കുട്ടിയേയും കുഞ്ഞിനേയും കൊണ്ടാക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഒരുവന്‍, തൊപ്പിപാള കന്നുകാലി തൊഴുത്തില്‍ ഉണങ്ങി തൂങ്ങിക്കിടക്കുന്നത് കണ്ട് അറിയാതെ ഒരു കമന്റിട്ടു- 'പണ്ടൊക്കെ ചാക്കോച്ചായന്റെ വാല് മുമ്പോട്ടായിരുന്നു, ഇപ്പോളൊക്കെ അച്ചായന്റെ വാല് താഴോട്ടാണ് ' എന്ന്.
മുറ്റത്തേ കൂട്ടച്ചിരി നീണ്ടുനിന്നു.
കേട്ടു നിന്ന മറിയക്കുട്ടിയും അറിയാതെ ചിരിച്ചു പോയി.
Vincent Varghese
Molekunnel, Kodenchery, Calicut-673580
Mob: 9746473062 & 9946184862
Blog: http://akkarepacha.blogspot.com/
E-mail: vincent.vmk@gmail.com