ലാല്‍ ശങ്കറിന്റെ സ്വകാര്യ മൊബൈല്‍ ഫോണ്‍ തുടരെ വൈബ്രേറ്റ് ചെയ്തപ്പോള്‍ അയാള്‍ ആശ്രമത്തിലെ പ്രാര്‍ത്ഥനായോഗത്തിലായിരുന്നു.ഗുരുജിയുടെ അനുഗ്രഹപ്രഭാഷണത്തിനിടെയാണ് മൊബൈല്‍ അസ്വസ്ഥതയോടെ വിറയ്ക്കാന്‍ തുടങ്ങിയത്.തന്റെ സ്വകാര്യ മൊബൈലിലെ നമ്പര്‍കുറച്ചു പേര്‍ക്കേ അറിയൂ.അതിനാല്‍ തന്നെ പ്രധാനപ്പെട്ട കോള്‍ ആയിരിക്കും.അയാള്‍ നമ്പര്‍ നോക്കി.ശുഭകലയുടേതാണ്.വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടെങ്കിലേ ശുഭകല ഈ ഫോണിലേക്ക് വിളിക്കാറുള്ളൂ.ഫോണ്‍ വിറയ്ക്കുന്നതുപോലെ ശുഭകലയുടെ മനസും ഇപ്പോള്‍ വൈബ്രേറ്റ് ചെയ്യുകയായിരിക്കും.അയാള്‍ കോള്‍ അമര്‍ത്തി.കരുതിയപോലെ ശുഭകലയുടെ ചിതറിയ ശബ്ദം അയാള്‍ കേട്ടു.അയാള്‍ കുനിഞ്ഞിരുന്ന് ആ ശബ്ദം ശ്രവിച്ചു.
"ഹലോ ....ലാല്‍ ശങ്കര്‍ ,..ഒന്നിവിടെ വരെ വരാന്‍ പറ്റുമോ? പൂജയ്ക്ക് അല്‍പം സീരിയസ് ആണ്.കുറച്ച് മുന്‍പ് വരെ അനങ്ങാതെ കിടക്കുകയായിരുന്നു.വയര്‍ വീര്‍ത്തിരിക്കുന്നു.ഇപ്പോഴിതാ വല്ലാതെ വിറക്കുന്നുണ്ട്."അയാം അഫ്രൈഡ്. എനിക്ക് പേടിയാകുന്നു ലാല്‍...എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞു കൂട.." പിന്നെ വന്നത് ഒരു വിതുമ്പലായിരുന്നു.ലാല്‍ ശങ്കര്‍ മറുപടിയൊന്നും പറയാത്തതുകൊണ്ട് ശുഭകല വീണ്ടും പറഞ്ഞു.
"ഹലോ ലാല്‍ ശങ്കര്‍,കേള്‍ക്കുന്നില്ലേ?"
ലാല്‍ ശങ്കര്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.പിന്നെ അയാള്‍ ഗുരുജിയുടെ സംഭാഷണം ശ്രദ്ധിക്കുന്നതിനിടെ ശുഭകലയ്ക്ക് ഒരു മെസേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി...
പൂജയുടെ നേര്‍ത്ത കരച്ചില്‍ ഒരു മൂളലായി മാറിയിരിക്കുന്നു. ഒരു കമ്പിളിക്കഷ്ണത്തിലാണ് പൂജയെ കിടത്തിയിരിക്കുന്നത്.
ശുഭകലയ്ക്ക് സങ്കടം വന്നു.അല്ലെങ്കിലും ലാല്‍ ശങ്കറിനെ അത്യാവശ്യ നേരത്ത് വിളിച്ചാല്‍ കിട്ടില്ല.വളരെ ബിസിയാണത്രേ.ഒരു ആത്മീയ പ്രവര്‍ത്തകനാണ്.ഒരാശ്രമമുണ്ട്.മിക്കവാറും വൈകീട്ട് അവിടെയായിരിക്കും.മെഡിറ്റേഷന്‍, യോഗ,ക്ലാസ്സുകള്‍ തുടങ്ങിയവ.ഗുരുജിയുടെ വല്‍സല ശിഷ്യന്‍.ഒരു മൊബൈല്‍ നമ്പര്‍ തന്നിട്ടുണ്ട് കുറച്ചു പേര്‍ക്ക് മാത്രം.വിളിച്ചിട്ട് പ്രതികരിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട, തിരിച്ച് മെസ്സേജ് ലഭിക്കും എന്നൊരു സാന്ത്വനവും.
പൂജയുടെ നേര്‍ത്ത മൂളല്‍ തുടരുന്നു. അതൊരു വേദന കൊണ്ടുള്ള മൂളലാണ്.പ്രാണനും ജീവനും തമ്മിലുള്ള എലിയും പൂച്ചയും കളി.
കണ്ണനും കുഞ്ഞാറ്റയും സെറ്റിയില്‍ തിരിഞ്ഞു കിടക്കുകയാണ്.അവര്‍ കരയുകയായിരിക്കും.ഇടക്ക് കുഞ്ഞാറ്റ ചോദിച്ചു.
"പൂജക്കുട്ടി മരിച്ചു പോകുമോ അമ്മേ?"
"ഇല്ല" എന്നൊന്നും പറയാതെ കുഞ്ഞാറ്റയുടെ മുടിയിഴകളില്‍ തഴുകുക മാത്രം ചെയ്തു.
കണ്ണന്‍ എന്തോ ബോധോദയം പോലെയാണ് ചോദിച്ചത്.
"അമ്മേ നമുക്ക് പൂജക്കുട്ടിയെ ഏതെങ്കിലും ഡോക്ടറെ കാണിച്ചാലോ?"
സത്യത്തില്‍ അപ്പോഴാണ് ശുഭകല അത്തരമൊരു സാധ്യത ആലോചിച്ചത്.ഈ രാത്രിയില്‍ എവിടെ ഡോക്ടറെ കൊണ്ട് കാണിക്കാനാണ്?പെട്ടെന്നാണ് ഓര്‍മ്മ വന്നത് വെറ്റിനറി ഡോക്ടര്‍ തന്നെ വേണമല്ലോ. പക്ഷേ വെറ്റിനറി ഡോക്ടര്‍ എവിടെയാണ്? ആരോട് ചോദിക്കും?ആദ്യം ഓര്‍മ്മ വന്നത് ലാല്‍ ശങ്കറിനെയാണ്.ലാല്‍ ശങ്കറിനെ മൊബെയിലില്‍ വിളിച്ചു.മൊബൈല്‍ സ്വിച്ഡ് ഓഫ്.പിന്നെയാണ് ലാല്‍ ശങ്കറിന്റെ പ്രത്രേക നമ്പര്‍ ഓര്‍മ്മ വന്നത്. ഭാഗ്യം! ലാല്‍ ശങ്കറിനെ കിട്ടി.എന്തൊക്കെയോ പറഞ്ഞു. പക്ഷേ യാതൊരു മറുപടിയുമില്ല.ഒരു പ്രസംഗം പ്രതിദ്ധ്വനി പോലെ കേട്ടു.പിന്നെ മൊബൈല്‍ കട്ടായി.ഏറെ നേരം എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്നു...പെട്ടെന്ന് മൊബൈല്‍ ഉണര്‍ന്നു.ലാല്‍ ശങ്കറിന്റെ പ്രതികരണം മെസേജ് ആയിട്ട് വന്നു.
"call Dr.Abhay Raj..mob.no:9349319606"
മെസേജ് ഇത്ര മാത്രം.ആശ്വാസമായി ..ലാല്‍ ശങ്കര്‍ പ്രതികരിച്ചിരിക്കുന്നു.എന്തോ ഒഴിവാക്കാനാകാത്ത പരിപാടിയിലാണ്.അതാണ് സംസാരിക്കാത്തത്...
ശുഭകല മെസേജില്‍ കണ്ട നമ്പറില്‍ വിളിച്ചു.
"ഹലോ അഭയ് രാജ്,ഹിയര്‍...ആരാണ്?"
"ഡോക്ടര്‍,ഞാന്‍ ശുഭകല....ലാല്‍ ശങ്കറിന്റെ കൊളീഗാണ്.ഡോക്ടര്‍, പൂജക്കുട്ടിക്ക് തീരെ സുഖമില്ല.വളരെ കൂടുതലാണ്.please help."
"പൂജക്കുട്ടിയോ അതാരാണ്?"
"പൂജ...പൂജ ഞങ്ങളുടെ പൂച്ചക്കുട്ടിയാണ്"
"ഓഹോ!"ഡോക്ടര്‍ ചിരിച്ചു."എങ്കില്‍ വീട്ടിലേക്ക് കൊണ്ടു വരൂ.."
ഓഫീസില്‍ നിന്ന് വന്ന വേഷത്തില്‍ തന്നെയാണ് കാറില്‍ കയറിയത്.കണ്ണനും കുഞ്ഞാറ്റയും കൂടെ പോന്നു.ചെറിയൊരു ഹാര്‍ഡ് ബോര്‍ഡ് ബോക്സാണ് കൈയില്‍ കിട്ടിയത്.അതില്‍ ഒരു കമ്പിളിക്കഷ്ണം വച്ചു.ഇടക്കിടെ ഞെട്ടിക്കരയുന്ന പൂജയെ പതുക്കെ അതിലെടുത്തു വച്ചു.ബോക്സിലേക്ക് മാറ്റുമ്പോള്‍ അത് ദയനീയമായി കരഞ്ഞു.വീടു പൂട്ടി ശുഭകല കാറെടുത്തു.ബോക്സില്‍ പൂജയുമായി കുട്ടികളും മുന്നില്‍ തന്നെ കയറി.കാര്‍ വാങ്ങിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ.ഓടിച്ച് പേടി മാറിയിട്ടില്ല.പക്ഷേ ഇപ്പോള്‍ നല്ല ധൈര്യം.കാര്‍ അതിവേഗം സിറ്റിയിലേക്ക് പാഞ്ഞു.പൂജ ഇടക്കിടെ ഞരങ്ങിക്കൊണ്ടിരുന്നു, അതിന്റെ ഭാഷയില്‍.കണ്ണന്‍ വെറുതേ തലോടിക്കൊണ്ടിരുന്നു.അത് ദയനീയമായി കണ്‍ മിഴിച്ചൊന്ന് നോക്കി. പിന്നെ കണ്ണടച്ച് നിശ്ശബ്ദമായി കിടപ്പായി.
ഒരാഴ്ച്ചയായുള്ളൂ പൂച്ചക്കൂട്ടിയെ കിട്ടിയിട്ട്.അമ്പലത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു കുഞ്ഞു പൂച്ചകുട്ടി കരഞ്ഞു കൊണ്ട് കാലില്‍ ഉരസി.ദയനീയമായി വീണ്ടും വീണ്ടും കരഞ്ഞു.ശുഭകലയെ വല്ലാതെ നോക്കിക്കൊണ്ട് കുഞ്ഞ് അമ്മയോട് എന്ന പോലെ അത് കരഞ്ഞു.കുഞ്ഞാറ്റയ്ക്കും കണ്ണനും സഹതാപം.
"അയ്യോ പാവം,ഇതിനെ എടുക്കാമമ്മേ".
നിര്‍ബന്ധം കൂടിയപ്പോള്‍ ശുഭകലയുടെ മനസലിഞ്ഞു.കാറിലിരുന്ന് അത് എല്ലാവരേയും മാറി മാറി നോക്കി.കരഞ്ഞു കൊണ്ടിരുന്നു.പിന്നെ ഓരോരുത്തരുടേയും മടിയിലേക്ക് മാറി മാറി ഇരുന്നു.വീണ്ടും കരഞ്ഞു.
"പാവം വിശക്കുന്നുണ്ടാവും.ജനിച്ചിട്ട് അല്‍പ്പദിവസങ്ങളല്ലേ ആയുള്ളൂ."
"ഇതിന്റെ അമ്മപ്പൂച്ച എവിടെ അമ്മേ?"
"ഒന്നുകില്‍ ഉപേക്ഷിച്ചിട്ട് പോയിട്ടുണ്ടാവും .അല്ലെങ്കില്‍ ആരെങ്കിലും അവിടെ ഇട്ടിട്ട് പോയതായിരിക്കും.
"അയ്യോ, പാവം"
വീട്ടിലെത്തിയ ഉടന്‍ പാലു കൊടുത്തു.വിശന്ന് വലഞ്ഞിട്ടാവാം അത് ആര്‍ത്തിയോടെ നക്കിക്കുടിച്ചു.
പിന്നെ ഇടക്കിടെ തല പൊക്കിക്കൊണ്ടിരുന്നു. വയര്‍ വീര്‍ത്തതോടെ അത് ഭക്ഷണം മതിയാക്കി. പിന്നെ വീടിനകം ഒക്കെവിശദമായി നടന്ന് നോക്കി.ഞാനിനി ഇവിടെയല്ലേ കഴിയേണ്ടത് എന്ന ഭാവം.സദാ കാലില്‍ ഉരസിക്കൊണ്ട് നടത്തം.എവിടെയെങ്കിലും ഇരുന്നാല്‍ ഉടന്‍ കരഞ്ഞു കൊണ്ട് മടിയില്‍ കയറും.മടിയില്‍ കിടന്നാണ് ഉറക്കം.രാത്രിയിലാണ് പ്രശ്നം.കിടക്കയില്‍ കയറും.പുറത്താക്കി ഹാളിന്റെ ഒരു മൂലയില്‍ പഴയ ബ്ലാന്‍കറ്റ് നല്‍കി കിടത്തി.പിന്നാലെ ഓടിവരും.വാതില്‍ അടക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.ഇടക്കിടെ വാതിലില്‍ മാന്തി കരയും.രാവിലെ മിക്കവാറും വാതിലിനരുകില്‍ കിടന്ന് ഉറങ്ങുന്നുണ്ടാവും.അതിനെ ബെഡ് റൂമില്‍ കിടത്താമെന്ന് കുട്ടികള്‍ വാശി പിടിച്ചെങ്കിലും ശുഭകല സമ്മതിച്ചില്ല. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോളാണീ അസുഖം. ഒരു പക്ഷേ കണ്ണനും കുഞ്ഞാറ്റയും തമ്മിലുള്ള മത്സരിച്ചുള്ള ഓവര്‍ ഫീഡിംഗ് ആയിരിക്കും കാരണം.ഇന്ന് വൈകീട്ട് ഓഫീസില്‍ നിന്ന് വരുമ്പോള്‍ ചെറുതായി കരയുന്നു.പതിവു പോലെയുള്ള ഓടി വന്ന് കാലില്‍ ഉരുമ്മലില്ല.
വയര്‍ വീര്‍ത്തിരിക്കുന്നു.പാല്‍ കൊടുത്തിട്ട് കുടിക്കുന്നില്ല.
"എന്താണമ്മേ അതിന്‍ സുഖമില്ലാത്തത്?"
"പനിയാണോ?".കണ്ണന്റെ ചോദ്യം.
"അത് പാലു കുടി അധികമായെന്നാണ് തോന്നുന്നത്.ഇനിയൊന്നും കൊടുക്കേണ്ട.കരഞ്ഞു വന്നാല്‍ മാത്രം കൊടുത്താല്‍ മതി."
"അപ്പോള്‍ അതിന്‍ വിശക്കില്ലേ?"
"മൃഗങ്ങള്‍ അസുഖം വനാല്‍ ഒന്നും കഴിക്കില്ല.അങ്ങനെ അവ തന്നെ രോഗം മാറ്റും."
"രോഗം മാറിയില്ലെങ്കിലോ?"
"ഇല്ലെങ്കില്‍ അവ ചത്തു പോകും."
"പൂജക്കുട്ടി ചാകുമോ?"
"നോക്കാം ...എന്നിട്ട് പറയാം."
കുഞ്ഞാറ്റയ്ക്ക് കരച്ചില്‍ വന്നു.
ശുഭകലയ്ക്കും വിഷമമുണ്ട്.കണ്ണന്‍ ഒന്നും പറയാതെ മിഴിച്ചു നിന്നു.
"എന്താണമ്മേ അമ്മപ്പൂച്ച അതിനേ ഉപേക്ഷിച്ചത്?"
"മൃഗങ്ങള്‍ അങ്ങനെയാണ്.മനുഷ്യര്‍ മാത്രമേ കൂട്ടികളെ ഉപേക്ഷിക്കാതെ എന്നും ചിറകിനടിയില്‍ കൊണ്ട് നടക്കൂ.:
രണ്ടു പേരും തലയാട്ടി.
"അച്ഛനെ വിളിച്ചാലോ?"കണ്ണന്‍ ചോദിച്ചു.
"വേണ്ട.",ശുഭകല പറഞ്ഞു.
"അച്ഛന് ഇതൊന്നും ഇഷ്ടമാവില്ല.വെറുതേ എന്തിനു ശല്യപ്പെടുത്തണം?വരുമ്പോള്‍ പറയാം."
വിദൂരനഗരത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ പൂച്ചക്കാര്യം പറയാന്‍ വിളിച്ചാല്‍ വേണ്ടത് കേള്‍ക്കാം.
ലാല്‍ ശങ്കറിനെ വിളിച്ചു നോക്കാം.കൂടെ ജോലി ചെയ്യുന്ന ലാല്‍ ശങ്കര്‍ ഒരു ആത്മീയ ബുദ്ധി ജീവി കൂടെയാണ്.വെളുത്ത് ഉയരമുള്ള തോളറ്റം മുടിയുള്ള വെള്ളജുബ്ബയും ജീന്‍സും മാത്രം ധരിക്കുന്ന ലാല്‍ ശങ്കര്‍ ഒരു വിജ്ഞാനഭണ്ടാഗാരമാണ്.അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്.ലോകത്തെ ഏതു വിഷയത്തെ കുറിച്ചും ലാല്‍ ശങ്കറിന് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.ലാല്‍ ശങ്കറിനെ വിളിച്ചു.മൊബൈല്‍ ഓഫ്.പിന്നെയൊരു സ്വകാര്യ മൊബൈല്‍ ഉണ്ട്.അതിന്റെ നമ്പര്‍ കുറച്ചു പേര്‍ക്കേ നല്‍കിയിട്ടുള്ളൂ.ശുഭകല അതില്‍ പെടും.വെറും കൊളീഗ് എന്ന സൗഹൃദം.an intimate college friend.
കഷ്ടം ലാല്‍ ശങ്കറിന്റെ സ്വകാര്യ മൊബെയിലും ഓഫ്.
ഇനി എന്തു ചെയ്യും?
കുട്ടികള്‍ മാറിയിരുന്നു കരഞ്ഞു.ഇടക്കിടെ പൂജക്കുട്ടിയെ തലോടി.അത് ഇടക്കിടെ കുറെ നേരം അനങ്ങാതെ കിടക്കും.പിന്നെ വീണ്ടും കരയും.ഏറെ നേരം ട്രൈ ചെയ്തതിനു ശേഷം ലാല്‍ ശങ്കറിന്റെ മൊബൈല്‍ ഉണര്‍ന്നു.
ഡോക്ടര്‍ അഭയ് ശങ്കറിന്റെ മുറ്റം ഒരു പൂന്തോട്ടമായിരുന്നു.സൈഡിലുള്ള കണ്‍സള്‍ട്ടിംഗ് റൂമില്‍ വെളിച്ചമുണ്ട്.വാതില്‍ തുറന്നു കിടന്നിരുന്നു.ഫ്രെഞ്ച് താടിയുള്ള കഷണ്ടിയുള്ള തടിച്ച മനുഷ്യന്‍.വിവരങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഡോക്ടര്‍ കരഞ്ഞു തളര്‍ന്ന പൂച്ചക്കുട്ടിയെ കൈയിലെടുത്തു.അത് ഡോക്ടറെ നോക്കി ദയനീയമായി കരയാന്‍ ശ്രമിച്ചു.ഡോക്ടര്‍ അതിനെ ശുഭകലയുടെ കൈയില്‍ കൊടുത്തു.പിന്നെ ഒരു ഫില്ലെറില്‍ അല്‍പം മരുന്നെടുത്ത് അതിന്റെ വായില്‍ ഇറ്റിച്ചു.
"ഓവര്‍ഫീഡിംഗ് ...അമ്മയില്ലാത്ത കുട്ടിയല്ലേ?അമ്മയുടെ മുലപ്പാല്‍ കിട്ടിയാലെ ശരിയാകൂ.അതില്ലല്ലോ.രാത്രി ഓരോ മണിക്കൂര്‍ ഇടവിട്ട് കൊടുക്കുക.രാവിലെ വിളിച്ച് വിവരം പറയുക.",ഡോക്ടര്‍ എഴുന്നേറ്റു.
പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് ശുഭകലയും കുട്ടികളും പ്രതീക്ഷയോടെ കാറില്‍ കയറി.
രാത്രി മുഴുവന്‍ ശുഭകല ഉറങ്ങാതിരുന്നു.കുട്ടികള്‍ സെറ്റിയില്‍ കിടന്നുറങ്ങി.
പൂജക്കുട്ടി ഇടക്കിടെ കരയും.ശുഭകല ഇറ്റക്കിടെ മരുന്നു കൊടുത്തുകൊണ്ടിരുന്നു.ഒടുവില്‍ അതിന്റെ കരച്ചില്‍ നിന്നു.പോള വീണ കണ്ണുകള്‍ കൊണ്ട് അത് ശുഭകലയെ നോക്കി.അതീതകാലത്ത് നിന്ന് ആരോ നോക്കുന്നതു പോലെ.ഒടുവില്‍ രാത്രിയുടെ അന്ത്യയാമത്തില്‍ ശുഭകല ഒന്ന് മയങ്ങിപ്പോയി.
അവ്യക്തമായ കുറെ സ്വപ്നങ്ങള്‍ കണ്ടിട്ടാണ് ഉണര്‍ന്നത്.പുലര്‍കാലമായെന്ന് പുറത്തെ ശബ്ദങ്ങള്‍ വിളിച്ചു പറഞ്ഞു.ഒരു നിമിഷം ഓര്‍മ്മകളെ അടുക്കിയൊതുക്കി.
എവിടെ പൂച്ചക്കുഞ്ഞ്?
അത് നിശ്ചലമായി കിടക്കുന്നു. അതെ ,അത് ചത്തു പോയിരുന്നു.അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടു.അതെ ചത്തിരിക്കുന്നു.
എന്തിനായിരുന്നു ഇത്?ശുഭകല ചോദിച്ചു.ഞങ്ങളുടെ ഇടയിലേക്ക് ഒരു ചെറിയ ഇടവേളയിലേക്ക് കടന്നു കയറി,ജഡമായി തിരിച്ചു പോയത്?ആരാണ് നീ?എന്തിനായി വന്നു? ഒരു ചെറിയ ദു:ഖത്തിന്റെ തുരുത്തായി ഞങ്ങളുടെ മനസിലേക്ക്?എന്തു ദു:ഖസന്ദേശം നല്‍കാനാണ് നീ വന്നത്?
കുട്ടികളോട് എന്തു പറയും?അവര്‍ക്കും വളരെ ദു:ഖമാവില്ലേ?അവര്‍ക്ക് അത്ര പ്രിയങ്കരിയായിരുന്നില്ലേ ഈ പൂച്ചക്കുട്ടി?
ശുഭകല ലാല്‍ ശങ്കറിന്‍ ഒരു മെസേജ് അയച്ചു.ശുഭകല എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.ഉറക്കം വിട്ടൊഴിഞ്ഞിരിക്കുന്നു.ഇതൊരു മരിച്ച വീടാണ്.വീട്ടിലാകെ മൗനവും തണുപ്പുമായിരുന്നു.കുട്ടികള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി അത്ര കുഴപ്പമൊന്നുമുണ്ടാകിയില്ല.
"ചത്തു അല്ലേ?"കുഞ്ഞാറ്റ വിതുമ്പി.
"അയ്യോ പാവം!",കണ്ണന്‍ പറഞ്ഞു.പിന്നെ രണ്ടു പേരും സെറ്റിയില്‍ മുഖം കുനിച്ച് ഇരിപ്പയി.
ചെന്നൈയിലുള്ള അമ്മയെ വിളിച്ചു വിവരം പറഞ്ഞു.അമ്മ കുഞ്ഞാറ്റയേയും കണ്ണനേയും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.ബാംഗ്ലൂരിലേക്ക് വിളിച്ച് ഹസ്ബന്റിനോട് വിവരം പറയണോ എന്ന് ആലോചിച്ചു.പിന്നെ വേണ്ടെന്ന് വച്ചു.അദ്ദേഹത്തിന് ഇതൊന്നും ഇഷ്ടമാവില്ല.ചിലപ്പോള്‍ ദേഷ്യപ്പെട്ടേക്കം..വേണ്ട വരുമ്പോള്‍ പറയാം.
ലാല്‍ ശങ്കറിനെ പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്.
"expect me by 7 AM" എന്ന് ലാലിന്റെ മറുപടി വന്നിരുന്നു.
മൂന്നുപേര്‍ പുലര്‍കാലതണുപ്പു പോലെ മരവിച്ച് നിശബ്ദരായി ഇരുന്നു.ക്ലോക്ക് ഏഴു തവണ വിതുമ്പിയപ്പോള്‍ പുറത്തു ബൈക്ക് വന്നു നിന്നു.ലാല്‍ ശങ്കര്‍ ചിരിച്ചു കൊണ്ട് വന്നു നിന്നു.
"ചിയര്‍ അപ്,നമുക്ക് സന്തോഷത്തോടെ പൂജക്കുട്ടിയെ യാത്രയാക്കാം."
ഒരു ചെറിയ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൂച്ചക്കുട്ടിയുടെ മൃതദേഹം വച്ചു.പെട്ടിയില്‍ നിറയെ റോസാപ്പൂവിതളുകള്‍ വിതറി. അതിലെ പോയ തമിഴ് പയ്യനെ കൊണ്ട് വീടിന്റെ തെക്കു ഭാഗത്ത് ചെറിയ കുഴി എടുപ്പിച്ചു.മൃതദേഹത്തിനു മുന്‍പില്‍ എല്ലാവരും അല്‍പനേരം നിശബ്ദരായി നിന്നു. ലാല്‍ ശങ്കര്‍ പെട്ടിയെടുത്തു കുഴിയില്‍ വച്ചു.എല്ലാവരും പൂക്കള്‍ വിതറി.ലാല്‍ ശങ്കര്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലി.പിന്നെ കുഴിയിലേക്ക് തെരു തെരെ മണ്ണ്‍ വീണു.കണ്ണനും കുഞ്ഞാറ്റയും കൂടി അതിന്റെ മുകളില്‍ ഒരു റോസാ ചെടി നട്ടു.
ശുഭകല മൂഡ് വീണ്ടെടുത്തിരുന്നു.തിരികെ റൂമിലെത്തിയപ്പോള്‍ ശുഭകല ചോദിച്ചു.
"ലാല്‍ യഥര്‍ത്ഥത്തില്‍ ഇതൊരു വട്ടാണോ?"
അയാള്‍ നെറ്റിയിലേക്ക് വഴുതി വീണ തലമുടി തഴുകി മാറ്റി സെറ്റിയിലിരുന്നു.പിന്നെ പറഞ്ഞു.
"ജീവിതം പ്രപഞ്ചം പോലെ ധാരാളം സൂചനകള്‍ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.അതൊന്നും നമുക്ക് മനസിലാകാറില്ല.ഈ ജീവി, ആരോ എന്തിനോ നല്‍കിയ സൂചനയാവാം. നിര്‍ഭാഗ്യവശാല്‍ നമുക്ക് അതിന്റെ സൂചനയറിയില്ല....അല്ലെങ്കില്‍ ഇതിനെ നമുക്ക് മറ്റൊരു രീതിയില്‍ നമുക്ക് കാണാം...കാരുണ്യം...അല്ലെങ്കില്‍ സ്നേഹം അത്ര മാത്രം."
ഒരു ഗ്ലാസ് ചൂടു ചായ കുടിച്ച് ലാല്‍ ശങ്കര്‍ പോകാനൊരുങ്ങി.
"ഞാനിന്ന് ലീവാണ്.ലാല്‍ ശങ്കര്‍ ഇക്കാര്യം ഓഫീസില്‍ പറയണ്ട."
ശുഭകല പറഞ്ഞു.
"ശരി"
ലാല്‍ ശങ്കര്‍ ചിരിച്ചു.
അയാളുടെ ബൈക്ക് നിശബ്ദമായി അകന്നു പോയി.
മുറ്റത്ത് ഇളം വെയില്‍ തെളിഞ്ഞു.
******************************
ഗോപക് യു ആര്‍
e-mail ID:gopakur@gmail.com