അതിശയൻ

കഥ

അതിശയൻ

തലയ്ക്കടിയേറ്റ പോലെ ഒരു ചതഞ്ഞ നിലവിളിയോടെ സേതുമാധവൻ ഞെട്ടിയുണർന്നു. ഭാര്യ ഭാമ തൊടുത്ത അമ്പു പോലെ അടുക്കളയിൽ നിന്ന്‌ പാഞ്ഞെത്തി. കിടക്കയിൽ എഴുന്നേറ്റിരുന്ന്‌ തുറിച്ച നോക്കുന്ന ഭർത്താവിനെ കണ്ട്‌ അവൾ അമ്പരന്നു.
എന്താ പറ്റീത്‌, എന്തിനാ നെലോളിച്ചതു?
മെഴുക്ക്‌ പിടിച്ച തോർത്ത്‌ മുണ്ട്‌ കൊണ്ട്‌ അയാളുടെ മുഖത്തെയും കഴുത്തിലേയും വിയർപ്പുകണങ്ങൾ അവൾ തുടച്ചെടുത്തു.
പേടിസ്വപ്നാ കണ്ടേ? വാൽസല്യത്തോടെ അവൾ അയാളുടെ മുഖം പിടിച്ചുയർത്തി.
അയാൾ തല കുലുക്കി.
അയ്യേ... കുട്ടികളെ പോലെ സ്വപ്നം കണ്ട്‌ നെലോളിക്കുന്നോ? എഴുന്നേറ്റേ... നേരം എത്രയായീന്നാ വിചാരം...
ജനലിലൂടെ അകത്തേയ്ക്ക്‌ ഒഴുകിയിറങ്ങി തളംകെട്ടിയ വെയിലി‍െൻറ പളപളപ്പിലേക്ക്‌ നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ പുളിച്ചു. നോട്ടം പിൻവലിച്ച്‌ വീണ്ടും കിടക്കയിലേക്ക്‌ മറിഞ്ഞു.
സ്വപ്നത്തെ കുറിച്ചാലോചിച്ചപ്പോൾ അതിശയനെന്ന സിനിമ അയാൾക്ക്‌ ഓർമ്മ വന്നു. വിനയനെന്ന അതി‍െൻറ സംവിധായകൻ കുറെ ദിവസമായി ചാനലുകളിൽ നിറഞ്ഞ്‌ നിന്ന സമയത്താണ്‌ ആ സിനിമ കണ്ടത്‌. ഗൾഫിൽ നിന്ന്‌ അവധിയ്ക്ക്‌ വന്ന അയൽവക്കത്തെ ശിഹാബാണ്‌ തിയേറ്റർ പ്രിൻറി‍െൻറ സി.ഡി തന്നത്‌. അതിശയൻ കഥാപാത്രം ടിവി മുട്ടെ വളർന്നപ്പോൾ കമ്പ്യുട്ടറി‍െൻറ ഒരു കളിയേ എന്ന്‌ അയാൾ അമ്പരക്കുകയും എനിക്ക്‌ ആനിമേഷൻ പഠിച്ചാ മതിയെന്ന്‌ പത്താം ക്ലാസിലെത്തിയ വിഷ്ണു മോൻ പറയുകയും ചെയ്തു.
സത്യത്തിൽ വസ്തു ബ്രോക്കർ കുള്ളൻ ഭാസ്കരനാണ്‌ സ്വപ്നത്തിൽ അതിശയനായി കയറി വന്നത്‌. ആകെയുള്ള അഞ്ചു സേന്ര്‌ സ്ഥലത്തിന്‌ ചിന്തിക്കാൻ കഴിയാത്ത വിലപറഞ്ഞ്‌ കച്ചവടമുറപ്പിച്ച്‌ ടോക്കൺ മണി പിടിച്ച പിടിയാലെ കയ്യിലേൽപിച്ച്‌ പോയ ശേഷം ഉണർവിലും ഉറക്കത്തിലും മനസിൽ നിറഞ്ഞ്‌ നിൽക്കുന്ന അയാൾ സ്വപ്നത്തിൽ വന്ന്‌ തന്നെ വിളിച്ചുണർത്തി മാനം മുട്ടെ അങ്ങ്‌ വളരുകയായിരുന്നു. എന്തോ പറഞ്ഞ്‌ തെറ്റിയപ്പോളാണ്‌ അയാൾ ഭീകര രൂപമായി മാറിയത്‌. വലിയ പാദങ്ങളുമായി മുന്നോട്ടടുത്ത അവൻ തലയിലൊരു ചവിട്ട്‌. അത്രയേ ഓർമ്മയുള്ളൂ. അപ്പോഴേക്കും ഉറക്കെ നിലവിളിച്ച്‌ ഞെട്ടിയെഴുന്നേറ്റു പോയല്ലോ.
സംഗതി കമ്പ്യൂട്ടർ ഗ്രാഫിക്സി‍െൻറ സാങ്കേതിക തികവിലാണെങ്കിലും കണ്ടത്‌ ദുഃസ്വപ്നമാണ്‌. നേരം വെളുക്കാൻ നേരം കാണുന്ന ദുഃസ്വ്പനം നല്ലതിനല്ല. സ്വപ്നത്തി‍െൻറ പൊരുൾ ആലോചിച്ചപ്പോൾ മനസിൽ ഒരു വിറയലുണ്ടായി.
ഭാസ്കരൻ അഡ്വാൻസ്‌ തന്നത്‌ മൂന്ന്‌ ദിവസം മുമ്പാണ്‌. അവൻ നീട്ടിയ കരാർ കടലാസിൽ ഒപ്പിടുന്ന സമയത്തും പറഞ്ഞു, ആകെയുള്ള കിടപ്പാടമാണ്‌. ഭാര്യയും അമ്മയും കുഞ്ഞുകുട്ടി പരാധീനങ്ങളും കൂടി വഴിയാധാരമായിപ്പോകും. കുടുംബത്തെ സുരക്ഷിതമായ മറ്റൊരു താവളം കണ്ടുപിടിച്ച്‌ അങ്ങോട്ട്‌ മാറ്റണം. അതു വരെ, കൂടിവന്നാൽ ഒരു മുപ്പത്‌ ദിവസം ക്ഷമിച്ചേ പറ്റൂ. അതിന്‌ ശേഷം രജിസ്ട്രേഷനാകാം. മതീന്ന്‌ പറഞ്ഞ്‌ പോയതി‍െൻറ പിറ്റേന്ന്‌ വീണ്ടും വന്നു ഭാസ്കരൻ, ഒരു ഒരാഴ്ച കൂടി ഇപ്പുറത്തേയ്ക്കാക്കി കൂടെ എന്ന്‌ ചോദിച്ച്‌. അയാളുടെ പാർട്ടിക്ക്‌ അത്രയ്ക്ക്‌ ആവശ്യമുണ്ടത്രെ ത‍െൻറ ഭൂമി. ശരി നോക്കാമെന്ന്‌ പറഞ്ഞയച്ചു.
ഇന്നലെ വീണ്ടും വന്നു. കുറച്ചു കൂടി ഇപ്പുറത്തേയ്ക്ക്‌... തൊഴുകൈ പോലെ അവൻ കൂനിക്കൂടിയാണ്‌ മുന്നിൽ വന്നത്‌. പറ്റില്ലാന്ന്‌ തീർത്ത്‌ പറഞ്ഞു. തയ്യാറല്ലെങ്കിൽ അഡ്വാൻസ്‌ മടക്കിത്തരാം കച്ചോടമൊഴിയാമെന്നും. അതു കേട്ടതും ഉമ്മറത്തെ കസേരയിലേക്ക്‌ പെട്ടെന്ന്‌ വീണ ഭാസ്കരൻ ഒന്ന്‌ ചാഞ്ഞുകിടന്നു പറഞ്ഞു, മണ്ടത്തരം പറയാതിഷ്ടാ... ഈ വില ഇനി കിട്ടിയെന്ന്‌ വരില്ല. വിറ്റിട്ട്‌ കുറച്ചങ്ങോട്ട്‌ മാറിയാ ഇതിലും കൂടുതൽ വാങ്ങാമല്ലോ. തൽക്കാലം ഒരു വാടക വീട്ടിലേക്ക്‌ മാറാൻ നോക്ക്‌.
സാരമില്ല ഒരു രണ്ടാഴ്ച കൂടി തരാമെന്ന്‌ വെളുക്കെ ചിരിച്ച്‌ താനെന്തെങ്കിലും അങ്ങോട്ട്‌ പറയുന്നതിന്‌ മുമ്പ്‌ രാത്രിയിൽ യാത്രയില്ലെന്ന്‌ പറഞ്ഞ്‌ അവനിറങ്ങി പോയതാണ്‌. കിടക്കാൻ നേരം ഭാര്യയും പറഞ്ഞു, മണ്ടത്തരമൊന്നും കാട്ടല്ലേ പൊന്നെ, തൽക്കാലം നമുക്കൊരു വാടക വീട്ടിലേക്ക്‌ മാറാം. ഈ വില ഇനി കിട്ടുമെന്ന്‌ തോന്നുന്നില്ല. അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന്‌ തനിക്കും തോന്നാതിരുന്നില്ല.
കൊച്ചിയിലാന്ന്‌ പുറമേയ്ക്ക്‌ പറയാറുണ്ടെങ്കിലും പത്ത്‌ മുപ്പത്‌ കിലോമീറ്റർ മാറി ഗ്രാമോന്നാ, പട്ടണോന്നാ പറയാമ്പറ്റാത്ത രണ്ടും കെട്ട പ്രദേശത്താണല്ലോ താമസം. അങ്ങനെയൊരു പ്രദേശത്ത്‌ ഭൂമിയ്ക്ക്‌ ഇത്രേം വെലേണ്ടൊന്ന്‌ ഭാസ്കരൻ വന്ന്‌ വിലപറഞ്ഞ ആ നിമിഷം വരെ തോന്നീട്ടില്ല. കൂടെപ്പിറപ്പുകളെല്ലാം ഓഹരിയിട്ട്‌ തങ്ങളുടെ വിഹിതോം വാങ്ങിപ്പോയ ശേഷം ബാക്കിയായ അഞ്ച്‌ സേന്ര്‌ സ്ഥലമാണ്‌. ആകെയുള്ള ആസ്തിയാണല്ലോ ഇതെന്ന ചിന്ത ഇടയ്ക്കിടെ വരുമ്പോഴൊക്കെയും മൂന്ന്‌ വയസുകാരി ലക്ഷ്മി മോളുടെ മുഖമാണ്‌ മനസിൽ നിറയുക.
അച്ഛ‍െൻറ അച്ഛനുണ്ടാക്കിയ പഴയ വീട്‌ അൽപ ഭൂമിയിലങ്ങനെ നിറഞ്ഞു കിടക്കുന്നതുകൊണ്ട്‌ ആദായത്തിന്‌ വേറെ വഹയുമില്ല. കൊച്ചീടെ പ്രാന്തത്തിലുള്ള ചെരുപ്പ്‌ കമ്പനീല്‌ പാരമ്പര്യമായി കിട്ടിയ ഒരു പണിയൊള്ളതാണ്‌ അന്നത്തിനുള്ള ഏകവഴി. അച്ഛനവിടെ ഫോർമാനായിരുന്നു. മരിച്ചപ്പോ ഒരു പണിയും കൂലിയുമില്ലാതെ തേരാപ്പാരാ നടന്നിരുന്ന എളേമോന്‌ തന്നെ പകരം പണിയിരിക്കട്ടെ എന്ന്‌ കരുത്തിയ ഹൈദ്രോസ്‌ മൊതലാളി പരമ കാരുണ്യവാൻ.
ഓഹരി വെച്ചപ്പോ കുടുംബത്തിൽ ബാക്കിയായ അമ്മയും തലയിലായി. പുറമെ ഭാര്യയും രണ്ട്‌ കുട്ട്യോളും. കമ്പനിയിലെ ഫോർമാൻ ശ്രീധരേട്ടൻ തന്നോട്‌ കാട്ടിയ കാരുണ്യമാണ്‌ അദ്ദേഹത്തി‍െൻറ മോളായ ഭാമ. കമ്പനീന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളോം കൊണ്ട്‌ ജീവിതത്തി‍െൻറ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുമ്പോഴാണ്‌ ലക്ഷങ്ങളുടെ മോഹവിലയും കൊണ്ട്‌ ഭാസ്കര‍െൻറ വരവ്‌. അഞ്ച്‌ സേൻറിന്‌ അഞ്ച്‌ ലക്ഷം. ഓർക്കുമ്പോ തലകറങ്ങുന്ന ഏർപ്പാട്‌. മുൻപിൻ നോക്കാതെയാണ്‌ സമ്മതിച്ചതു.
പിന്നെയാണ്‌ മനസിന്‌ ഒരു വല്ലായ്കയും ചാഞ്ചല്യവുമൊക്കെ തോന്നീത്‌. ഒന്നാമത്‌ കണ്ണുതുറന്ന കാലം മുതൽ കണ്ട സ്ഥലം. വിട്ടുപോവാൻ മനസിന്‌ കുറച്ചൊന്നുമല്ല വിമ്മിട്ടം. കമ്പനീന്ന്‌ ദേ ഇന്നാ പിടിച്ചോന്ന്‌ പാഞ്ഞെത്താവുന്ന ദൂരത്തുള്ള സ്ഥലം. എല്ലാം കൊണ്ടും നഷ്ടകച്ചോടമായില്ലേ എന്നൊരു വല്ലായ്ക. അതിനിടയിലാണ്‌ ഒടുക്കത്തെ ഒരു ദുഃസ്വപ്നവും. മനസിനാകെ പൊറുതിക്കേടായി.
നിങ്ങളിനീം എഴുന്നേറ്റില്ലേ, കമ്പനീ പോണ്ടേ മനുഷ്യാ എന്നു ചോദിച്ചു ഭാമ വീണ്ടും അകത്തേക്ക്‌ വന്നു. സ്വപ്നത്തി‍െൻറ പൊറുതിക്കേട്‌ പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
സ്വപ്നം, മണ്ണാങ്കട്ട, നിങ്ങളെഴുന്നേൽക്കുന്നുണ്ടോ?
കാപ്പി കുടിക്കാനിരുന്നപ്പോൾ ഇഡ്ഡലി പാത്രത്തിലേക്ക്‌ വിളമ്പിക്കൊണ്ട്‌ അവൾ പറഞ്ഞു.
ഒരു കാര്യം ചെയ്യ്‌, ഭാസ്കരനോട്‌ തന്നെ പറ, ഈ വെലയ്ക്ക്‌ വേറെ സ്ഥലം കിട്ടോന്ന്‌ നോക്കാൻ. തൽക്കാലം ഒരു വാടക വീട്‌ നോക്ക്‌.
അവൾക്ക്‌ അത്‌ പറയാം. വന്ന്‌ കയറിയവളല്ലേ. ഈ വീടുമായി പൊക്കിൾക്കൊടി ബന്ധം അവൾക്കില്ലല്ലോ. പണം ഇത്രേം കിട്ടോന്നച്ച്വാൽ വിരോധ്വാല്ലാന്നാ അമ്മേടേം നിലപാട്‍്‌.
നീയൊരീസം കമ്പനീ പോയില്ലേൽ അടുപ്പിൽ തീപോകയ്ക്കാമ്പറ്റാത്ത സ്ഥിതീലാ നമ്മൾ, അതു നീ മറക്കണ്ട. കുറച്ചു ഉള്ളിലോട്ടായാലും ഇച്ചിരെ ആദായം കൂടീള്ള വസ്തു കിട്ടിയാൽ അതല്ലേ നല്ലത്‌. ഒരു പെങ്കുട്ടി വളരുന്നൊണ്ടൊന്നും നീ മറക്കരുത്‌, അമ്മ പറഞ്ഞു.
അമ്മയ്ക്കും പൊക്കിൾക്കൊടി ബന്ധണ്ടാവാൻ തരംല്ലല്ലോ. ഭാമയെ പോലെ വന്നു കയറിയതല്ലേ അവരും. ഏതായാലും എല്ലാം പറിച്ചെറിഞ്ഞ്‌ പോവാൻ വിമ്മിഷ്ടം തനിക്കുമാത്രമേ ഉണ്ടാവാൻ സാദ്ധ്യതയുള്ളൂ. ഏതായാലും വരുന്നത്‌ പോലെ വരട്ടേ. അഡ്വാൻസ്‌ പറ്റിപ്പോയതല്ലേ. പണം ച്ചിരെ കൂടുതലൊള്ളതോണ്ട്‌ വസ്തു കിട്ടാനും വേറെ പ്രയാസംണ്ടാവൂല്ലല്ലോ. നോക്കാം. ഭാസ്കരനെ തന്നെയേൽപിക്കാം. വസ്തുവും വാടകവീടും അയാൾ തന്നെ നോക്കട്ടെ....
അങ്ങനെയത്‌ തീരുമാനമായി. അന്ന്‌ തന്നെ ഭാസ്കരനെ കണ്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ആധാരാക്കാമെന്ന്‌ പറഞ്ഞു. അപ്പോഴേക്കും ഭാസ്കരൻ തന്നെ വേറെ വസ്തു കണ്ടെത്തിത്തരണം. അയാൾ സമ്മതിച്ചു. പിന്നെയുള്ള ദിവസങ്ങളിൽ അയാൾ പലേടത്തേയ്ക്കും തന്നെ കൂട്ടിക്കൊണ്ടുപോയി. വസ്തുക്കൾ കൊടുക്കാനെമ്പിടി. പക്ഷെ വിലയിലേക്കടുക്കുമ്പോഴല്ലേ പുളിയറിയുന്നത്‌. ഒരു പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ തനിക്ക്‌ വാങ്ങാമ്പറ്റിയ ഒരു വസ്തുവുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി. ത‍െൻറ ഭൂമിയ്ക്ക്‌ കിട്ടിയ അഞ്ച്‌ ലക്ഷം ഒന്നുമല്ലാന്ന്‌. പത്ത്‍്‌ കിട്ടേണ്ടിടത്ത്‌ അഞ്ചെറിഞ്ഞ്‌ ഭാസ്കരൻ പറ്റിക്കുകയായിരുന്നൂന്ന്‌. ഒന്നും രണ്ടും പറഞ്ഞ്‌ ഭാസ്കരനുമായി തെറ്റി. ഭൂമി കൊടുക്കണില്ലാന്ന്‌ അങ്ങ്‌ തീർത്ത്‌ പറഞ്ഞു. അഡ്വാൻസങ്ങോട്ട്‌ മടക്കിതന്നേക്കാം, കച്ചോടമൊഴിയാമെന്ന്‌.
ഭാസ്കരൻ തറപ്പിച്ചോന്ന്‌ നോക്കി. മുണ്ടി‍െൻറ കോന്തല ഉയർത്തിപ്പിടിച്ച്‌ അയാളൊന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
ഉറങ്ങാൻ കിടന്നപ്പോൾ ഇനിയെന്തു വന്നാലും ആധാരം മാറ്റികൊടുക്കാൻ താനില്ലെന്ന്‌ അങ്ങ്‌ തീരുമാനിച്ചു. ഈ പിറന്ന മണ്ണ്‌ വിട്ട്‌ താനെങ്ങോട്ടുമില്ല. ആലോചിച്ചു കെടന്ന്‌ അറിയാതെ മയക്കത്തിലേക്ക്‌ വീണു. സ്വപ്നാന്നാ കരുതീത്‌. കുറച്ചു ദിവസായി ശരിക്കും ഉറക്കം കിട്ടുന്നില്ല. കണ്ണടയുമ്പോഴേക്കും അതുമിതുമൊക്കെ സിനിമ പോലെ കേറിവരികയാണ്‌. ആരോ കുലുക്കി വിളിക്കുന്നു. ഭാമയുടെ ശബ്ദം. ങ്ങളൊന്നെഴുന്നേറ്റെ. ആരോ വാതിലിൽ മുട്ടുന്നു.
അതെ ഉച്ചത്തിലുള്ള മുട്ട്‌. വാതിൽ തകർക്കുന്ന മാതിരിയുള്ള മുട്ട്‌.
ആരാണ്‌...?
വാതിലിനിപ്പുറം പോയി നിന്ന്‌ സേതുമാധവൻ ചോദിച്ചു.
ഞാനാ ഭാസ്കരൻ.
ഭാസ്കരനോ, എന്താ യീ അസമയത്ത്‌.
ആ കച്ചോടത്തി‍െൻറ കാര്യം പറയാനാ. വാതിൽ തൊറ. നമുക്ക്‌ സംസാരിക്കാം. സേതൂ‍െൻറ ഇഷ്ടം പോലെ നടക്കട്ടേ. ആദ്യം വാതിലൊന്ന്‌ തൊറ...
വാതിൽ തുറന്നു. അകത്തേയ്ക്ക്‌ കയറിയത്‌ ഭാസ്കരനായിരന്നില്ല. അപരിചിതരായ രണ്ട്‌ പേർ. ദീർഘകായരായ അവർ ഒറ്റനോട്ടത്തിൽ തന്നെ രണ്ട്‌ റൗഡികളാണെന്ന്‌ തോന്നി. പരുഷമായ ആ രണ്ട്‌ മുഖങ്ങളും അകത്തേയ്ക്ക്‌ കയറി അയാളെ വലയം ചെയ്തു.
ഒറ്റചോദ്യം അട്ടഹാസം പോലെ ഉയർന്നു, നാളെ നീ ആധാരാക്കാൻ വരില്ലേ.....?
ഭയം മൂലം ദുർബലപ്പെട്ടുതുടങ്ങിയ ശബ്ദത്തിൽ സേതുമാധവൻ ഇല്ലെന്ന്‌ പറഞ്ഞതെ ഓർമ്മയുള്ളൂ.
പുലർകാലെ സ്വപ്നത്തിലെന്നപോലെ അയാളുടെ തുറിച്ച കണ്ണുകൾ അത്‌ കണ്ടു. ആ രണ്ട്‌ മനുഷ്യരും മാനം മുട്ടെ വളർന്നിരിക്കുന്നു. രണ്ട്‌ അതിശയ രൂപികൾ. കാലടികൾമുന്നോട്ട്‌ വെച്ച്‌....
ആ ഉയർത്തിയ കാലടികൾ മുറിയിലെ അൽപ വെളിച്ചവും മറച്ചുകളഞ്ഞു. ഭാമയുടെയും അമ്മയുടെയും നിലവിളികൾ മാത്രം പിന്നിൽ കേട്ടു.


നജിം കൊച്ചുകലുങ്ക്‌

സുകൃതം
കൊച്ചുകലുങ്ക്‌
ചോഴിയക്കോട്‌-പി.ഒ.
കൊല്ലം-691317
ടെലി: 0474 2443506
മൊബെയിൽ: 9946720069

P.B. No: 469
Riyadh: 11382
email:fidhel@gmail.com
Mobile: 00966 506983452


-, Riyadh,


Your response will be e-Mailed to the poster.