ഇടവേള

റിസള്‍ട്ടിനു വേണ്ടി കാത്തിരിക്കുമ്പോള്‍ മനസ്സില്‍ ഭയമോ ആശങ്കയോ ഒന്നും ഉണ്ടായിരുന്നില്ല.ഉറപ്പായിരുന്നു എനിക്ക്.ഏറെ നാളായി മനസ്സ് അങ്ങനെ തന്നെ പറയുന്നുണ്ടായിരുന്നു.അതോ ഞാന്‍ അത് ആഗ്രഹിച്ചിരുന്നുവോ?ഒരു ഡോക്ടര്‍ എന്നതിനേക്കാള്‍ ഉപരി നീലിമ എന്റെ പ്രിയ സുഹൃത്തായിരുന്നു...റിസള്‍ട്ട് പറഞ്ഞു മനസ്സിലാക്കി തരുമ്പോള്‍ അവളുടെ കണ്ണ് നനഞ്ഞിരുന്നു.."അറിയാന്‍ വൈകി പോയല്ലോ ദേവി ..നിനക്ക് ഒരു സംശയം പോലും തോന്നിയില്ലന്നു എനിക്ക് വിശ്വസിക്കാനെ കഴിയുന്നില്ലാ.."അവളുടെ വാക്കുകള്‍ ഇടയ്ക്ക് വച്ച് മുറിഞ്ഞു..എന്റെ മുഖത്തെ ചിരിയെ അവളെങ്ങനെ വ്യാഖ്യാനിച്ചു എന്നെനിക്കറിയില്ല..പരീക്ഷ വിജയിച്ച കുട്ടിയുടെ ഭാവമായിരുന്നു എനിക്കപ്പോള്‍...

വെള്ളയില്‍ ചുവപ്പ് അക്ഷരങ്ങളില്‍ ഉള്ള ബോര്‍ഡ് -ആശ്രയ..ആദ്യമായി ഞാനത് ശ്രദ്ധിച്ചത് എന്നാണ്.. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ..ഓഫീസിലേയ്ക്കുള്ള തിരക്കിട്ട യാത്രയില്‍ എപ്പോളോ ..നഗരത്തിന്റെ തിരക്കുകള്‍ ഒന്നും ബാധിക്കാത്ത ഒരു ലോകം..പിന്നീട് ഹെല്ത്കെയര്‍ വോളന്റിയരിങ്ങിന്റെ ഭാഗമായി ഒരു ശനിയാഴ്ച ദിവസം ഉച്ച തിരിഞ്ഞാണ് ഞാന്‍ ആദ്യായി അവിടെ പോയത്..ചുറ്റും കണ്ട പ്രതീക്ഷ വറ്റിയ വേദന നിറഞ്ഞ കണ്ണുകള്‍ എന്നെ വല്ലാതെ വേട്ടയാടി..അവര്‍ക്കൊരു സാന്ത്വനമാവുകയല്ലായിരുന്നു ഞാന്‍..എനിക്കാണ് അവിടെ ആശ്വാസം കിട്ടിയത്,എന്റെ ഒറ്റപ്പെടലുകളാണ് അവിടെ മാഞ്ഞു പോയത്..ആര്‍ക്കൊക്കെയോ മകളും ഏടത്തിയുമൊക്കെ ആയി ഞാന്‍ മാറി..ഒരു പാട് ജന്മങ്ങള്‍ ഒന്നിച്ചു ജീവിച്ചത് പോലെ...

കഥ പറഞ്ഞു ...പാട്ട് പാടി...എന്റെ ദിവസങ്ങള്‍ മനോഹരമായി..അവിടെയ്ക്ക് ഓടിയെത്താന്‍ ഞാന്‍ ശനിയാഴ്ചകളെ കാത്തിരുന്നു..യാത്രയ്ക്ക് മുന്‍പുള്ള ഇടത്താവളം മാത്രമാണ് അതെന്നു ഞാന്‍ മറന്നേ പോയിരുന്നു...എനിക്കും ചുറ്റും പെയ്തു കൊണ്ടിരുന്ന സ്നേഹത്തിന്റെ മഴ ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ കരുതി..ദിവസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പരിചിതമായ പല മുഖങ്ങളും അപ്രത്യക്ഷമായി..ആ ശൂന്യത ഉള്‍ക്കൊള്ളാന്‍ ആദ്യം എനിക്ക് കഴിഞ്ഞതെ ഇല്ല ..പിന്നീട് ഈ ചെറിയ ഇടവേളയില്‍ പരസ്പരം ആശ്വസമാകണമെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..മുഖങ്ങള്‍ മാറിയേക്കാം..പക്ഷെ കഥയും കഥാപാത്രങ്ങളും മാറുന്നില്ല...ഇതിലെ എന്‍റെ വേഷം വളരെ ചെറുതായിരിക്കാം..എന്നാലും ഭംഗിയായി ചെയ്യേണ്ടതുണ്ട്.

ഇന്നിപ്പോള്‍ അവിടെയ്ക്ക് പോകാന്‍ ഉള്ള വാതില്‍ തുറന്നു കിട്ടിയിരിക്കയാണ്..എത്രയോ കാലം സന്ദര്‍ശക മാത്രമായിരുന്ന ഒരിടത്തേയ്ക്ക് താമസക്കാരിയായി പോവുകയാണ്..ചെറിയൊരു ഇടവേളയ്ക്കു ശേഷം വലിയൊരു യാത്ര പോകാന്‍..മുഖം മൂടികളില്ലാത്ത അഭിനയങ്ങളില്ലാത്ത ലോകത്തേയ്ക്ക്....എന്‍റെ കാത്തിരിപ്പ്‌ പൂര്‍ണ്ണം ആവുകയാണ്..


-, Bangalore,


Your response will be e-Mailed to the poster.