Puzha.com masthead

നിഴല്‍പോലെ അവന്‍ വീണ്ടും (പലവക)

book_title

വി.കെ.മാധവന്‍കുട്ടി
ഡി.സി. ബുക്ക്‌സ്‌

മരണത്തെക്കുറിച്ച്‌ ഒരു വലിയ സംഘം പാശ്‌ചാത്യ എഴുത്തുകാര്‍ കാലാകാലങ്ങളില്‍ നടത്തിയിട്ടുളള രചനകളുടെ ബൃഹത്‌ സമാഹാരമാണ്‌ 'ദി ഓക്‌സ്‌ഫോഡ്‌ ബുക്‌ ഓഫ്‌ ഡെത്ത്‌' (1983). ഈ ഗ്രന്ഥത്തിന്റെ സമ്പാദകനും സംശോധകനുമായ ഡി.ജെ. എന്‍റൈറ്റ്‌ എഴുതിഃ "ഇത്രയും ജീവസ്സുറ്റ രചനകള്‍ മരണമെന്ന പ്രമേയത്തെപ്പറ്റി മാത്രമേ ഉണ്ടായിട്ടുളളു." പ്രശസ്‌ത പത്രപ്രവര്‍ത്തകനായ വി.കെ. മാധവന്‍കുട്ടിയുടെ പുസ്‌തകത്തെക്കുറിച്ച്‌ ഇങ്ങനെ പറയാം. സ്വന്തം രോഗത്തെയും മരണസാധ്യതയെയും കുറിച്ച്‌ ഇത്ര സജീവമായ നര്‍മ്മബുദ്ധിയോടെ (അല്‌പമായ പുച്‌ഛത്തോടെയും!) രചിച്ച അധികം പുസ്‌തകങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ല.
മാധവന്‍കുട്ടി ജീവിതത്തില്‍ ഒന്നിലേറെ തവണ മരണത്തോട്‌ അഭിമുഖം വന്ന ആളാണ്‌. തന്റെ പുസ്‌തകത്തില്‍ രക്‌തസ്രാവാസുരനായി 'അവന്‍' തന്നെ പിടികൂടാന്‍ വന്ന കഥയാണ്‌ പറയുന്നത്‌. 'ഹെമറേജ്‌' എന്ന ഗുരുതരമായ രോഗത്തിനിരയായി ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നൂല്‍പ്പാലത്തിലൂടെ ചിരിച്ചും കളിച്ചും (മരണത്തെ നോക്കി കൊഞ്ഞനംകുത്തിയും) ഉല്ലസിച്ച്‌ നടന്നുപോകുന്ന മാധവന്‍കുട്ടിയാണ്‌ പുസ്‌തകത്തില്‍ നിറഞ്ഞു നില്‌ക്കുന്നത്‌. 'നിഴല്‍പോലെ വീണ്ടും തന്റെ പിന്നാലെ വന്ന അവനെ' തന്റെ ജീവിതപ്രേമവും ഇച്‌ഛാശക്‌തിയുംകൊണ്ട്‌ ചെറുത്ത കഥ ആദ്യവസാനം നൂലോടി നില്‌ക്കുന്ന നര്‍മ്മത്തിലൂടെ അദ്ദേഹം പറയുകയാണ്‌. ജീവിതത്തെ കഠിനമായി പ്രണയിക്കുന്ന അതിന്റെ കയറ്റിറക്കങ്ങളെയൊക്കെ ആസ്വദിക്കുന്ന മാധവന്‍കുട്ടിയെ ഇതില്‍ കാണാം. എന്നാല്‍ മരണം മാധവന്‍കുട്ടി വെറുക്കുകയോ ഭയക്കുകയോപോലും ചെയ്യുന്ന ശത്രു അല്ല. മറിച്ച്‌ മരണമെന്ന കുസൃതിക്കാരനായ ചങ്ങാതിയുമായി നടത്തുന്ന ഉദ്വോഗപൂര്‍ണമായ ഒരു കണ്ണുപൊത്തിക്കളിപോലെയാണ്‌ അദ്ദേഹം തന്റെ ചെറുത്തുനില്‌പ്‌ വിവരിക്കുന്നത്‌. സാധാരണ എഴുത്തുകാര്‍ ചെയ്യുന്നതുപോലെ അതിവൈകാരികതയോ മറ്റ്‌ കാല്‌പനിക ഭാവങ്ങളോ ഒന്നും തൊട്ടുതീണ്ടാതെ സ്വന്തം രോഗത്തെയും മരണത്തെയുംപറ്റി ഒരു പത്രലേഖകന്റെ നിസ്സംഗതയോടെയാണ്‌ മാധവന്‍കുട്ടിയുടെ രചന. അവതാരികാകാരനായ കെ.സി. നാരായണന്‍ പറയുന്നതുപോലെ മറ്റൊരാളുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രലേഖകന്റെ മട്ടില്‍ സ്വന്തം കാര്യം പറഞ്ഞിരിക്കുന്നു. എന്നാല്‍ തികഞ്ഞ നര്‍മ്മത്തോടെയും ചിലപ്പോള്‍ പരമപുച്‌ഛത്തോടെയും സ്വന്തം മരണകാര്യം മാധവന്‍കുട്ടി വിവരിക്കുമ്പോള്‍പോലും പുറത്തുവരാന്‍ ബോധപൂര്‍വം മടിച്ചു നില്‌ക്കുന്ന ഒരു ദാര്‍ശനികനെയും വരികള്‍ക്കിടയില്‍ കാണാം. ഒരൊറ്റ കനപ്പെട്ട വാക്കോ ഘനഗംഭീരമായ ആശയഭാരമോ പ്രദര്‍ശിപ്പിക്കാതെ ദാര്‍ശനികനായ ഉയരുന്ന ഒരു ചാക്യാരെപ്പോലെ.
തന്റെ പിന്നാലെ പാത്തും പതുങ്ങിയും വരുന്ന 'അവന്‍' ആണ്‌ നിറഞ്ഞു നില്‌ക്കുന്നതെങ്കിലും അതിനിടയ്‌ക്ക്‌ ചുറ്റും കാണുന്ന സകലമാന കാര്യങ്ങളും മാധവന്‍കുട്ടിയെന്ന നിരീക്ഷണപടുവായ റിപ്പോര്‍ട്ടര്‍ വിവരിക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെ ഒരുപക്ഷേ, ചിരിച്ച്‌ തലതല്ലിക്കൊണ്ട്‌ ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ഭാഷയിലെ ആദ്യത്തെ ആസന്നമരണചിന്താശതകം ആയേക്കാമിത്‌. എടുത്തു പറയേണ്ട മറ്റൊരു കാര്യം പുസ്‌തകത്തിലെ ഭാഷയാണ്‌. ഇത്രയും നാട്യങ്ങളില്ലാത്ത നാടന്‍പ്രയോഗങ്ങള്‍ നിറഞ്ഞ തനി സംഭാഷണശൈലിയാണ്‌ ആദ്യന്തം.

രാധാകൃഷ്ണന്‍എം.ജി
ഇന്ത്യാടുഡേ

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.