സഞ്ചാരസാഹിത്യം

ലോകം ആധുനിക സാങ്കേതികവിദ്യകളുടെ ചതുരപ്പെട്ടിയിൽ ലഭിക്കുന്ന ഉത്‌പന്നമാകുംമുമ്പേ മലയാളത്തിൽ നിന്നും ഒരാൾ ലോകം കാണാനിറങ്ങി. പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ ആ ലോകത്തെ തന്റെ ഹൃദയഭാഷയിൽ മലയാളികൾക്കായി എഴുതിവെച്ചു. മലയാളി അതിലൂടെ സംസ്‌കാരങ്ങളുടെ വൈവിധ്യവും മാനവികതയുടെ ഏകതയും അറിഞ്ഞു വിസ്‌മയയാത്ര നടത്തി. ഭൂപടങ്ങൾ തിരുത്തിയെഴുതപ്പെട്ടിട്ടും ലോകം കൈവിരൽത്തുമ്പിലെത്തിയിട്ടും അതേ വിസ്‌മയം ഇന്നും നിലനില്‌ക്കുന്നു. കേവല വിവരങ്ങൾക്കപ്പുറമുളള ജ്‌ഞ്ഞാനസഞ്ചാരത്തിലേക്ക്‌ അതു നമ്മെ നയിക്കുന്നു. നിത്യ സഞ്ചാരിയായ എസ്‌.കെ.പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്യകൃതികളുടെ ഈ സമ്പൂർണ്ണസമാഹാരം മറ്റൊരിടത്തുനിന്നും ലഭിക്കാത്ത അറിവും അനുഭവവുമായി മലയാളികളുടെ സഹചാരിയാകുന്നു.

ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ മുതലായ രാജ്യങ്ങൾ സന്ദർശിച്ചിട്ടുളള പ്രശസ്ത സാഹിത്യകാരൻ എസ്‌.കെ.പൊറ്റക്കാട്ടിന്റെ സമ്പൂർണ്ണ യാത്രാവിവരണങ്ങളാണ്‌ “സഞ്ചാരസാഹിത്യം” എന്ന പേരിൽ രണ്ടു വാള്യങ്ങളായി അവതരിപ്പിക്കുന്നത്‌.

എസ്‌.കെ.പൊറ്റെക്കാട്ട്‌

മുഴുവൻ പേര്‌ ശങ്കരൻകുട്ടി പൊറ്റെക്കാട്ട്‌.

1913 മാർച്ച്‌ 14ന്‌ കോഴിക്കോടു ജനിച്ചു. ഇന്റർമീഡിയറ്റ്‌ ക്ലാസ്സോടെ വിദ്യാലയജീവതം അവസാനിപ്പിച്ചു. 1934-ൽ തൊഴിൽ തേടി ബോംബെയിലേക്ക്‌. തിരിച്ച്‌ കേരളത്തിലേക്ക്‌. തുടർന്ന്‌ കുറെക്കാലം അധ്യാപകനായിരുന്നു. കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. പിന്നീട്‌ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളും കാശ്‌മീരും സന്ദർശിച്ചു. 1949-ൽ കപ്പൽമാർഗം ആദ്യത്തെ ദേശാന്തരയാത്ര നടത്തി. പല തവണ യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും സന്ദരശിക്കുകയും ഓരോ സ്‌ഥലത്തെയും സാമാന്യമനുഷ്യരുമായി ഇടപഴകുകയും ചെയ്‌തു. 1957-ലും ‘92-ലും പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പിന്തുണയുളള സ്വതന്ത്ര സ്‌ഥാനാർത്ഥിയായി മൽസരിച്ചു. ’62ൽ ജയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയില എക്‌സിക്യൂട്ടീവ്‌ അംഗമായി കുറെക്കാലം സേവനമനുഷ്‌ഠിച്ചു.

സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ആദ്യത്തെ ചെറുകഥ (രാജനീതി) എഴുതി പ്രസിദ്ധപ്പെടുത്തി. മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ആദ്യനോവൽ 1939-ൽ പ്രസിദ്ധപ്പെടുത്തിയ നാടൻപ്രേമം. 1945-ൽ യവനികയ്‌ക്കു പിന്നിൽ എന്ന ചെറുകഥാസമാഹാരത്തിനും 1949ൽ വിഷകന്യക എന്ന നോവലിനും മദ്രാസ്‌ ഗവൺമെന്റിന്റെ അവാർഡ്‌ ലഭിച്ചു. 1992ൽ തെരുവിന്റെ കഥയ്‌ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. ഒരു ദേശത്തിന്റെ കഥയ്‌ക്ക്‌ 1973-ൽ സാഹിത്യ അക്കാദമി അവാർഡും 1977ൽ എസ്‌.പി.സി.എസ്‌. അവാർഡും ലഭിച്ചിട്ടുണ്ട്‌. കെയ്‌റോ കത്തുകൾ, ബാലിദ്വീപ്‌, കാപ്പിരികളുടെ നാട്ടിൽ, പാതിരാസൂര്യന്റെ നാട്ടിൽ, ലണ്ടൻ നോട്ട്‌ബുക്ക്‌ എന്നിവയാണ്‌ യാത്രാവിവരണഗ്രന്ഥങ്ങൾ.

1980-ൽ ജ്‌ഞ്ഞാനപീഠ പുരസ്‌കാരവും കിട്ടി. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഡോക്‌ടറേറ്റ്‌ നല്‌കി ആദരിച്ചു. 1982 ഓഗസ്‌റ്റ്‌ 6-ന്‌ അന്തരിച്ചു.

ഭാര്യഃ ജയവല്ലി (1980-മരിച്ചു)

മക്കൾഃ ജ്യോതീന്ദ്രൻ, സുമാ രവികുമാർ, സുമിത്ര ജയപ്രകാശ്‌, ജയദേവൻ (1994-ൽ മരിച്ചു).


 © 1999-2005, eKA Internet Technologies Private Limited