എൻ.എൻ. പിളള
1918-ൽ വൈക്കത്ത് ജനിച്ചു.
അച്ഛൻഃ നാരാണയപിളള. അമ്മഃ പാറുക്കുട്ടിയമ്മ.
ഇന്റർമീഡിയറ്റിനു (കോട്ടയം സി.എം.എസ്.കോളജ്) പരാജയപ്പെട്ടതിനെത്തുടർന്ന് മലയയിലേക്ക് ഒളിച്ചോടി. രണ്ടാം ലോക മഹായുദ്ധകാലത്ത് നേതാജിയുടെ ഐ.എൻ.എ.യിൽ ചേർന്നു. യുദ്ധാവസാനം, 1945-ൽ നാട്ടിലേക്ക് മടങ്ങി. രണ്ടു വർഷത്തിനുശേഷം കുടുംബസമേതം വീണ്ടും മലയയിലേക്കു പോയി. മൂന്നര വർഷം കഴിഞ്ഞ് ജോലി രാജിവച്ച് വീണ്ടും നാട്ടിൽ തിരിച്ചെത്തി. 1952-ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. അന്നുമുതൽ മരണംവരെ ജീവിതം നാടകവേദിയിൽതന്നെയായിരുന്നു. സ്വന്തമായി രചിച്ച നാടകങ്ങൾ മാത്രം അവതരിപ്പിച്ചു.
കുടുംബസമേതം നാടകങ്ങളിൽ വേഷമിട്ടു. ഈശ്വരൻ അറസ്റ്റിൽ, റ്റു ബി ഓർ നോട്ട് റ്റു ബി, കാപാലിക, ക്രോസ്ബെൽറ്റ് തുടങ്ങിയ നാടകങ്ങൾ ഏറെ ജനപ്രീതിയാർജിച്ചു.
28 നാടകങ്ങളും ആറു സമാഹാരങ്ങളിലായി 40 ഏകാങ്ക നാടകങ്ങളും, നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയുമാണ് കൃതികൾ.
‘ആത്മബലി’ എന്ന നാടകത്തിന് സ്റ്റേറ്റ് അവാർഡും കേന്ദ്ര ഗവൺമെന്റിന്റെ സോങ്ങ് ആൻഡ് ഡ്രാമ ഡിവിഷൻ അവാർഡും, പ്രേതലോകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, നാടകദർപ്പണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡും, മരണനൃത്തത്തിന് സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു. ഞാൻ അബുദാബി മലയാള സമാജത്തിന്റെ പുരസ്കാരം നേടി. കേരള സംഗീതനാടക അക്കാദമിയുടെ അവാർഡും ഫെലോഷിപ്പും, കേന്ദ്രഗവൺമെന്റിന്റെ നാഷനൽ അവാർഡ്, സംസ്ഥാന അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
1988-ൽ വിശ്വകേരള കലാസമിതി പിരിച്ചുവിട്ടു. ‘91 ഓഗസ്റ്റ് വരെ വിശ്രമജീവിതം. അക്കാലത്ത് ’ഗോഡ്ഫാദർ‘ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് തമിഴിലും തെലുങ്കിലും അതേ ഭാഗംതന്നെ അഭിനയിക്കുകയുണ്ടായി. കൂടാതെ ’നാടോടി‘ എന്ന ചിത്രത്തിലും. ഭാര്യ ചിന്നമ്മ (ജീവിച്ചിരിപ്പില്ല). സഹോദരി ഓമനയും സുലോചന, വിജയരാഘവൻ, രേണുക എന്നീ മക്കളും അഞ്ചു പേരക്കുട്ടികളുമടങ്ങുന്നതായിരുന്നു കുടുംബം.
1995 നവംബർ 14-ന് നിര്യാതനായി.