എം.ടി. വാസുദേവന്‍നായര്‍
1933 ജൂലൈ 15ന് പൊന്നാനിക്കടുത്ത് കൂടല്ലൂരിൽ ജനിച്ചു. പിതാവ് ഃ ടി. നാരായണൻനായർ. മാതാവ് ഃ ടി. അമ്മാളു അമ്മ.
മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനല്ലൂർ ഹൈസ്‌കൂൾ, പാലക്കാട് ഗവ. വിക്‌ടോറിയ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
അദ്ധ്യാപകനായി ജീവിതമാരംഭിച്ചു.
ആദ്യത്തെ കഥ 1948-ൽ പ്രസിദ്ധപ്പെടുത്തി. 1956 മുതൽ 68-വരെ മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ സഹപത്രാധിപർ; പിന്നെ പ്രധാന പത്രാധിപർ. 1981-ൽ വിരമിച്ചു.
വീണ്ടും 1988 മുതൽ ‘99 വരെ മാതൃഭൂമി പീരിയോഡിക്കൽസ് എഡിറ്റർ. മലയാള കഥാസാഹിത്യരംഗത്ത് തനതായ ഒരു മാർഗം ഉദ്‌ഘാടനംചെയ്‌ത എം.ടി.യുടെ രചനകൾ സാമൂഹികബന്ധങ്ങളിലെ പൊരുത്തക്കേടുകളും തകർച്ചകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നവയാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നാലുകെട്ട്, വയലാർ അവാർഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്‌ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, എം.ടി.യുടെ തിരക്കഥകൾ, എന്റെ പ്രിയപ്പെട്ട തിരക്കഥകൾ, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകൾ, കാഥികന്റെ കല, കാഥികന്റെ പണിപ്പുര, കിളിവാതിലിലൂടെ തുടങ്ങിയവയാണ് മുഖ്യകൃതികൾ. നിർമാല്യം (1974 ലെ ദേശീയ അവാർഡ്), ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. ഇരുട്ടിന്റെ ആത്‌മാവ്, നഗരമേ നന്ദി, ഓളവും തീരവും, കുട്ട്യേടത്തി, പഞ്ചാഗ്നി, ഒരു വടക്കൻ വീരഗാഥ തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. മികച്ച സംവിധായകനുളള സംസ്‌ഥാനചലച്ചിത്ര അവാർഡു ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്‌ഥാന-ദേശീയ അവാർഡുകൾ പല തവണ നേടി.
1996-ൽ ജ്‌ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബഹുമതി.
വിലാസം
സിതാര
കൊട്ടാരം റോഡ്
കോഴിക്കോട് 673001