Sep 26 12:52:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. വി. എൻ. നമ്പൂതിരിപ്പാട്‌

പി. വി. എൻ. നമ്പൂതിരിപ്പാട്‌

1937 ഫെബ്രുവരി 13 നു ജനനം. പേര്‌ നാരായണൻ. സ്വദേശം എറണാകുളം ജില്ലയുടെ തെക്കെ അറ്റത്തെ കാഞ്ഞിരമറ്റം. കുടുംബനാമം പുതുവായ. പി. വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും കാളിഅന്തർജ്ജനത്തിന്റെയും ഏകസന്താനം. കാഞ്ഞിരമറ്റം സെന്റ്‌ ഇഗ്നേഷ്യസ്‌ ഹൈസ്‌കൂളിലും തൃശൂർ കേരളവർമ്മ കോളേജിലും പഠിച്ചു. ബി. എ. (മലയാളം) ജയിച്ചു. പിന്നെ ജോലിയിലിരിക്കെ പ്രൈവറ്റായി എം. എ. പാസ്സായി. ആദ്യം, പഠിച്ച വിദ്യാലയത്തിലും പിന്നെ സർക്കാർസ്‌കൂളിലും മലയാളാദ്ധ്യാപകൻ. കൂടുതൽ കാലം എറണാകുളം എസ്‌. ആർ. വി. സർക്കാർ മോഡൽ ബോയ്‌സ്‌ ഹൈസ്‌കൂളിൽ ജോലിയെടുത്തു. 1992-ൽ വിരമിച്ചു.

വിദ്യാർത്ഥിയായിരിക്കെ ചതുരംഗത്തിലുണ്ടായ ഭ്രമം അവണപ്പറമ്പുമനയ്‌ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും അടുത്ത ബന്ധുവായ വടക്കില്ലത്തു ഗോദൻ നമ്പൂതിരിപ്പാടും നേർവഴിക്കു തിരിച്ചുവിട്ടു സാമാന്യം പരിപുഷ്‌ടമാക്കി. 1960 മുതൽ 10 വർഷം തിയറിയുടെ യാതൊരു പിൻബലവുമില്ലാതെ പലരോടും ധാരാളം ചെസ്സു കളിച്ചു ശീലിച്ചു. യാദൃച്‌ഛികമായി ചെസ്സിനു സൈദ്ധാന്തിക അടിത്തറയുണ്ടെന്നറിഞ്ഞപ്പോൾ ഇംഗ്ലീഷിലുളള പുസ്‌തകങ്ങൾ സുഹൃത്തുക്കളായി. പിന്നീടു സ്വയം പഠിച്ച്‌ അല്‌പം നിലവാരമുണ്ടാക്കി. ആ സാഹിത്യ പാരാവാരത്തിൽ നീന്തിത്തുടിച്ചപ്പോഴാണു മലയാളത്തിലെ ചെസ്സു സാഹിത്യത്തിന്റെ ശോച്യാവസ്‌ഥ ബോദ്ധ്യമായത്‌.

1976-ൽ കോട്ടയത്തു നടന്ന കേരളാടിസ്‌ഥാനത്തിലുളള അധ്യാപകചെസ്സു ചാമ്പ്യൻഷിപ്പുനേടി. ജില്ലയെ പ്രതിനിധാനം ചെയ്‌ത്‌ സംസ്‌ഥാനതലചെസ്സു ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിട്ടുണ്ട്‌. താമസിയാതെ സജീവമത്സര പങ്കാളിത്തം വിട്ടു മലയാളത്തിൽ ചെസ്സുസാഹിത്യം വളർത്തുന്നതു ജീവിതവ്രതമാക്കി. അതു തുടർന്നുപോരുന്നു.

മാതൃഭൂമിവാരികയിലും മറ്റ്‌ ആനുകാലികങ്ങളിലും 1978 മുതൽ ചെസ്സു ലേഖനങ്ങൾ എഴുതാൻ തുടങ്ങി. ആകാശവാണി പ്രഭാഷണങ്ങളും മുറയ്‌ക്കു നടത്തി. സംഘടനാപ്രവർത്തനവും ചെസ്സുചാമ്പ്യൻഷിപ്പുകളുടെ നടത്തിപ്പും പ്രധാന കളിക്കാരുടെയൊക്കെ പരിചയം സമ്പാദിക്കാനിടയാക്കി. അവരുടെ താത്‌പര്യത്തിനും നിർബ്ബന്ധത്തിനുമനുസരിച്ച്‌, ലേഖനസമാഹാരമായ ആദ്യകൃതി, ‘ചെസ്സിന്റെ ലോകം’ (മാതൃഭൂമിപ്രസിദ്ധീകരണം) 1989-ൽ പുറത്തുവന്നു. പിന്നെ ചില പ്രസിദ്ധ സാഹിത്യപ്രണയികളും പ്രേരിപ്പിച്ചു. അടുത്ത കൃതിയാണ്‌ ഇപ്പോഴത്തെ ‘ചെസ്സെന്ന ബുദ്ധിവിനോദം’. രണ്ടിലും ചെസ്സിന്റെ സാങ്കേതികാംശം ഒഴിവാക്കി ‘ചെസ്സിനെപ്പറ്റി’യാണു വിവരിച്ചിട്ടുളളത്‌.

ഭാര്യ ശാന്ത. മക്കൾ ഗീത, മോഹനൻ, പ്രീത.

വിലാസം

പുതുവാമന,

കാഞ്ഞിരമറ്റം പി.ഒ.,

എറണാകുളം 682315

ഫോൺ ഃ (0484) 746092


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited