എസ്.കെ.പൊറ്റെക്കാട്ട്
മുഴുവൻ പേര് ശങ്കരൻകുട്ടി പൊറ്റെക്കാട്ട്.
1913 മാർച്ച് 14ന് കോഴിക്കോടു ജനിച്ചു. ഇന്റർമീഡിയറ്റ് ക്ലാസ്സോടെ വിദ്യാലയജീവതം അവസാനിപ്പിച്ചു. 1934-ൽ തൊഴിൽ തേടി ബോംബെയിലേക്ക്. തിരിച്ച് കേരളത്തിലേക്ക്. തുടർന്ന് കുറെക്കാലം അധ്യാപകനായിരുന്നു. കോൺഗ്രസ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. പിന്നീട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളും കാശ്മീരും സന്ദർശിച്ചു. 1949-ൽ കപ്പൽമാർഗം ആദ്യത്തെ ദേശാന്തരയാത്ര നടത്തി. പല തവണ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും സന്ദരശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യമനുഷ്യരുമായി ഇടപഴകുകയും ചെയ്തു. 1957-ലും ‘92-ലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. ’62ൽ ജയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയില എക്സിക്യൂട്ടീവ് അംഗമായി കുറെക്കാലം സേവനമനുഷ്ഠിച്ചു.
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ആദ്യത്തെ ചെറുകഥ (രാജനീതി) എഴുതി പ്രസിദ്ധപ്പെടുത്തി. മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യനോവൽ 1939-ൽ പ്രസിദ്ധപ്പെടുത്തിയ നാടൻപ്രേമം. 1945-ൽ യവനികയ്ക്കു പിന്നിൽ എന്ന ചെറുകഥാസമാഹാരത്തിനും 1949ൽ വിഷകന്യക എന്ന നോവലിനും മദ്രാസ് ഗവൺമെന്റിന്റെ അവാർഡ് ലഭിച്ചു. 1992ൽ തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ൽ സാഹിത്യ അക്കാദമി അവാർഡും 1977ൽ എസ്.പി.സി.എസ്. അവാർഡും ലഭിച്ചിട്ടുണ്ട്. കെയ്റോ കത്തുകൾ, ബാലിദ്വീപ്, കാപ്പിരികളുടെ നാട്ടിൽ, പാതിരാസൂര്യന്റെ നാട്ടിൽ, ലണ്ടൻ നോട്ട്ബുക്ക് എന്നിവയാണ് യാത്രാവിവരണഗ്രന്ഥങ്ങൾ.
1980-ൽ ജ്ഞ്ഞാനപീഠ പുരസ്കാരവും കിട്ടി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്കി ആദരിച്ചു. 1982 ഓഗസ്റ്റ് 6-ന് അന്തരിച്ചു.
ഭാര്യഃ ജയവല്ലി (1980-മരിച്ചു)
മക്കൾഃ ജ്യോതീന്ദ്രൻ, സുമാ രവികുമാർ, സുമിത്ര ജയപ്രകാശ്, ജയദേവൻ (1994-ൽ മരിച്ചു).