Jul 4 16:42:43 2020 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. കുഞ്ഞിരാമൻ നായർ

പി. കുഞ്ഞിരാമൻ നായർ

1906 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിൽ കാഞ്ഞങ്ങാട്ട്‌ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. പട്ടാമ്പി സംസ്‌കൃത കോളജിൽ പഠിച്ചു. ഇടയ്‌ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. അദ്ധ്യാപകനായി പല സ്‌ഥലത്തും ജോലി ചെയ്‌തു. കവിതയെഴുത്ത്‌ കുട്ടിക്കാലത്തേ തുടങ്ങി. കേരളത്തിലെങ്ങും സഞ്ചരിച്ചു. ആദ്യകാല കൃതികളിൽ (1925-35) ശ്രീരാമചരിതം, ഭദ്രദീപം, അനന്തൻകാട്ടിൽ, താമരമാല എന്നിവ വൈഷ്‌ണവഭക്‌തിപ്രധാനമാണ്‌. ഗുരുവായൂരപ്പന്റെ ഭക്‌തിഗീതങ്ങളാണ്‌ പലതും. മനോഹരമായ പ്രകൃതിചിത്രങ്ങൾ വരയ്‌ക്കാൻ കവി ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ പ്രകൃതിസൗന്ദര്യം, ക്ഷേത്രാന്തരീക്ഷം, പരമ്പരാഗതമായ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും, ദേവതാസങ്കല്‌പങ്ങൾ, പുരാണകഥകൾ, പരമ്പരാഗതകലകൾ ഇവയൊക്കെ മിക്ക കവിതകളിലും പ്രതിപാദ്യങ്ങളായോ പ്രതീകങ്ങളായോ ധ്വന്യാത്‌മക കല്‌പനകളായോ പ്രത്യക്ഷപ്പെടുന്നു. കല്‌പനകളുടെ അനർഗളപ്രവാഹം പി. കവിതയുടെ പ്രത്യേകതയാണ്‌. 1944-ൽ പ്രസിദ്ധംചെയ്‌ത നിറപറയിൽ പ്രകൃതിസൗന്ദര്യത്തോടുളള ആഭിമുഖ്യം സിംബലിസമായി വളർന്നു. പ്രകടമായ ഈശ്വരഭക്‌തി കുറയുകയും ചെയ്‌തു. സ്വാതന്ത്ര്യസമരകാലത്തെ സാമൂഹികസത്യത്തെ ചരിത്രബോധത്തോടെ കൈകാര്യം ചെയ്യുന്ന പടവാൾ, പുളളിമാൻ, സുഭദ്ര, മലയാളി, തൂക്കുമരത്തിൽ, ഹരിജനഗാനം തുടങ്ങിയ കവിതകൾ ജനജീവിത ദുഃഖത്തിലുളള ഉദ്വേഗവും ചർക്കയുടെ വെളളിരശ്‌മിയിലുളള വിശ്വാസവും പ്രഖ്യാപിച്ചു. പാരമ്പര്യത്തിന്റെ ഉറവ കണ്ടെത്തിയ സംസ്‌കാരവും വളളത്തോൾ കളരിയിൽനിന്നു നേടിയ ശില്‌പവൈദഗ്‌ദ്ധ്യവും ഈ കവിതകളെ അനുഗ്രഹിച്ചു. സാമൂഹിക നിരൂപണത്തിന്റെ ഉജ്വല മാതൃകകളാണ്‌ നരബലി, താറാവിന്റെ ജിബ്ബ, മൂത്താശാരിയോട്‌ എന്നീ കവിതകൾ. ഇതിൽ പരിഹാസത്തെ ഒരു ആയുധമാക്കുന്നു. സ്വന്തം അനുഭവത്തിന്റെ ചൂടും ചൂരും പകരുന്ന കളിയച്‌ഛൻ എന്ന കവിത മാനസികാപഗ്രഥനപരമാണ്‌. താമരത്തോണി, വയൽക്കരയിൽ, രഥോത്സവം, പൂക്കളം, കളിയച്‌ഛൻ തുടങ്ങിയവയാണ്‌ കാവ്യ സമാഹാരങ്ങൾ. കളിയച്‌ഛന്‌ കേരള സാഹിത്യ അക്കാദമിയുടെയും താമരത്തോണിക്ക്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെയും അവാർഡ്‌ ലഭിച്ചു.

കവിയുടെ കാല്‌പാടുകൾ, എന്നെ തിരയുന്ന ഞാൻ, നിത്യകന്യകയെ തേടി എന്നിവ ആത്‌മകഥാപരമായ ഗദ്യകവിതകളാണ്‌. കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്‌കൂളിലും ശബരി ആശ്രമം സ്‌കൂൾ, കൂടാളി ഹൈസ്‌കൂൾ എന്നിവിടങ്ങളിലുമാണ്‌ അധ്യാപകജോലി നോക്കിയിരുന്നത്‌. കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കൂടുതൽ താത്‌പര്യം. തിരുവനന്തപുരത്ത്‌ സി.പി. സത്രത്തിൽ താമസിക്കുമ്പോൾ 1978 മെയ്‌ 27-ന്‌ ഹൃദയസ്‌തംഭനംമൂലം മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited