ജീബനാനന്ദദാസ്
ടാഗൂറിനുശേഷമുളള ഏറ്റവും വലിയ ബംഗാളി കവിയായി അറിയപ്പെടുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ ഉൾപ്പെട്ട ബരിസാലിലെ ഒരു ബ്രഹ്മസമാജ് കുടുംബത്തിൽ ജനിച്ചു. സ്കൂളധ്യാപകനായ സത്യാനന്ദനായിരുന്നു പിതാവ്. കവയിത്രിയായി അറിയപ്പെട്ടിരുന്ന കുസുമകുമാരിയായിരുന്നു മാതാവ്. കൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠിച്ച് 1921-ൽ ഇംഗ്ലീഷ് എം.എ. പാസ്സായി. കൽക്കത്തയിലെ സിറ്റി കോളജിൽ 1922-ൽ ട്യൂട്ടറായി ജോലി സ്വീകരിച്ചു. 12-ാം വയസ്സിൽ കവിതാരചന ആരംഭിച്ചു. പിന്നീട് ഇംഗ്ലീഷിലും കവിതകൾ എഴുതി. 1930-ൽ ബരിസാലിലേക്കു താമസം മാറ്റി. അഞ്ചുകൊല്ലം ജോലി ഇല്ലാതെ കഴിഞ്ഞു. 1930-ൽ ലാബണ്യദാസിനെ വിവാഹം കഴിച്ചു. ബരിസാലിലെ ബ്രജമോഹൻ കോളജിൽ 1946 വരെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ബംഗാൾ വിഭജനത്തിനു മുമ്പുതന്നെ കൽക്കത്തയിലേക്കു പോന്നു. 1947 മുതൽ അവിടെ സ്ഥിരതാമസമാക്കി. പല കോളജുകളിലും താത്കാലിക ജോലി നോക്കിയശേഷം ഹൗറ ഗേൾസ് കോളജിൽ സ്ഥിരം ജോലി സ്വീകരിച്ചു. 1954 ഒക്ടോബർ 22ന് ഒരു ട്രം കാറപകടത്തിൽ മരിച്ചു. ജീവിതകാലത്ത് മികച്ച കവി എന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല. 163 കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും. 14 നോവലുകളും നൂറിലധികം ചെറുകഥകളും രചിച്ചു. മരണശേഷമാണ് അവ പ്രസിദ്ധപ്പെടുത്തിയത്. ആകെ ഒരു പുരസ്കാരം മാത്രമേ ലഭിച്ചുളളു- 1952-ൽ; അതും നൂറു രൂപ മാത്രം.
കൃതികൾഃ ഝരാപലക് (വീണ ചിറകുകൾ, 1927), ധൂസരപാണ്ഡുലിപി (1936), ബനലതാസെൻ(1942), മഹാപ്രിഥിബി (മഹാപൃഥ്വി-1944), സത്തി താരാർ തിമിർ (ഏഴു താരങ്ങളുടെ ഇരുട്ട്-1948), ശ്രേഷ്ഠകവിത (1954).