Nov 19 17:48:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെമ്മനം ചാക്കോ

ചെമ്മനം ചാക്കോ

1926 മാർച്ച്‌ 7-ന്‌ വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ ചെമ്മനം കുടുംബത്തിൽ ജനിച്ചു. പിതാവ്‌ഃ യോഹന്നാൻ കത്തനാർ. മാതാവ്‌ഃ സാറാ. അവർമാ പ്രൈമറി സ്‌കൂൾ, പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളഭാഷയും സാഹിത്യവും ഐച്‌ഛികവിഷയമായെടുത്ത്‌ ഒന്നാം ക്ലാസ്സും റാങ്കും നേടി ഓണേഴ്‌സ്‌ ബിരുദം. പ്രൈവറ്റ്‌ ഹൈസ്‌കൂൾ അധ്യാപകൻ, കോളജ്‌ ലക്‌ചറർ, കേരള സർവകലാശാലയിൽ ലെക്‌സിക്കൻ അസിസ്‌റ്റന്റ്‌, മലയാളവിഭാഗം ലക്‌ചറർ, പബ്ലിക്കേഷൻസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്‌ടർ ഇങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു.

1947-ൽ വിളംബരം എന്ന കവിതാസമാഹാരവുമായി സാഹിത്യരംഗപ്രവേശം. 1967-ൽ പ്രഥമ വിമർശഹാസ്യകവിതാസമാഹാരമായ കനകാക്ഷരങ്ങളുടെ പ്രസിദ്ധീകരണം തുടർന്ന്‌ നെല്ല്‌, ഇന്ന്‌, പുത്തരി, അസ്‌ത്രം, ആഗ്‌നേയാസ്‌ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനു വസ്‌ത്രമില്ല,ആളില്ലാക്കസേരകൾ, ചിന്തേര്‌, നർമ്മസങ്കടം, ഒന്ന്‌ ഒന്ന്‌ രണ്ടായിരം എന്നീ വിമർശഹാസ്യകവിതാസമാഹാരങ്ങൾ വെളിച്ചം കണ്ടു. ചക്കരമാമ്പഴം, രാത്രിവിളക്കുകൾ എന്നീ ബാലസാഹിത്യ കവിതാസമാഹാരങ്ങളുമുണ്ട്‌. വളളത്തോൾ-കവിയും വ്യക്‌തിയും, ഭാഷാതിലകം, അറിവിന്റെ കനികൾ, കിഞ്ചനവർത്തമാനം എന്നിവയാണ്‌ ഗദ്യകൃതികൾ. കൂടാതെ തിരഞ്ഞെടുത്ത ചെമ്മനം കവിതകളുടെ സമാഹാരങ്ങളുമുണ്ട്‌.

കവിതയ്‌ക്കും (രാജപാത-1977) ഹാസ്യസാഹിത്യത്തിനും (കിഞ്ചനവർത്തമാനം-1995) കേരളസാഹിത്യഅക്കാദമി അവാർഡുകൾ, ആളില്ലാക്കസേരകൾക്ക്‌ കുട്ടമത്ത്‌ അവാർഡ്‌ (1992), മൂലൂർ അവാർഡ്‌ (1993), സഹോദരൻ അയ്യപ്പൻ അവാർഡ്‌ (1993), വളളത്തോൾ-കവിയും വ്യക്‌തിയും എന്ന കൃതിക്ക്‌ എ.ഡി. ഹരിവർമ്മ അവാർഡ്‌ (1978) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമി, ഓഥേഴ്‌സ്‌ ഗിൽഡ്‌ ഒഫ്‌ ഇൻഡ്യ, സമസ്‌തകേരള സാഹിത്യ പരിഷത്ത്‌ ഇവയുടെ നിർവാഹകസമിതി അംഗം, ഫിലിം സെൻസർബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ജർമ്മനി, കാനഡ, യു.എസ്‌.എ., ഗൾഫ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്‌.

ഭാര്യഃ ബേബി. മക്കൾഃ ജയ, ശോഭ.

വിലാസംഃ

‘ചെമ്മനം’

വഴുതക്കാട്‌

തിരുവനന്തപുരം-695 014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited