താരാ ശങ്കർ ബാനർജി
1898 ജൂലൈ 23ന് ബംഗാളിൽ, ശാന്തിനികേതനത്തിനു സമീപമുളള ലാബ്പൂർ ഗ്രാമത്തിൽ ജനിച്ചു. ബിർഭം എന്ന സ്ഥലത്താണ് വളർന്നത്.
അച്ഛൻഃ ഹരിദാസ് ബന്ദോപാധ്യായ്. അമ്മഃ പ്രഭാബതിദേവി.
1916ൽ കൽക്കട്ട സെന്റ് സേവ്യേഴ്സ് കോളജിൽ ചേർന്നെങ്കിലും യുവവിപ്ലവകാരികളുമായുളള സമ്പർക്കം കാരണം പഠനം മുടങ്ങി. 1930ൽ ഗാന്ധിജിയുടെ ആദർശങ്ങളിലും പ്രവൃത്തികളിലും ആകൃഷ്ടനായി; തുടർന്ന് ജയിൽവാസം. ജയിൽമുക്തനായതോടെ മുഴുവൻസമയ സാഹിത്യപ്രവർത്തനം. 1947ൽ ശരത് മെമ്മോറിയൽ മെഡൽ (യൂനിവേഴ്സിറ്റി ഒഫ് കലക്കട്ട). 1952ൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 1953ൽ പശ്ചിമബംഗാൾ ഗവൺമെന്റിന്റെ രബീന്ദ്ര മെമ്മോറിയൽ പ്രൈസ് ലഭിച്ചു. 1956 ൽ സാഹിത്യ അക്കാദമി അവാർഡ്. 1957ൽ ചൈനാ ഗവൺമെന്റിന്റെ ക്ഷണപ്രകാരം വീണ്ടും ചൈനയിലേക്ക്. 1958ൽ ആഫ്രോഏഷ്യൻ എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സോവിയറ്റ് യൂനിയൻ സന്ദർശിച്ചു; ഇന്ത്യൻ എഴുത്തുകാരുടെ സംഘത്തെ നയിച്ചുകൊണ്ട് താഷ്കെന്റ് സന്ദർശിച്ചു. 1959 ൽ യൂനിവേഴ്സിറ്റി ഒഫ് കൽക്കട്ടയിൽനിന്ന് ജഗത്താരിണി സ്വർണമെഡൽ. 1960 ൽ രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. 1962ൽ പദ്മശ്രീ. 1967ൽ ജ്ഞ്ഞാനപീഠം. 1968ൽ പദ്മഭൂഷൺ; കൽക്കട്ട, ജാദവ്പൂർ യൂനിവേഴ്സിറ്റികൾ ഡി.ലിറ്റ് നൽകി ആദരിച്ചു. 1969 ൽ രബീന്ദ്രഭാരതി യൂനിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്; സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ ഫെല്ലോഷിപ്പ്.
1971 സെപ്റ്റംബർ 14ന് നിര്യാതനായി.
മകൻഃ സരിത്കുമാർ ബാനർജി.
കവിതകളും നാടകങ്ങളുമാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. ആദ്യകൃതി ത്രിപത്ര (കാവ്യസമാഹാരം). 1953 മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ ആരോഗ്യനികേതൻ ആണ് ഏറ്റവും പ്രശസ്തകൃതി. ഗുജറാത്തി, ഹിന്ദി, മലയാളം, മറാത്തി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിൽ അത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹൻസൂലി ബങ്കർ ഉപകഥ, ധാത്രിദേവത, കാളിന്ദി, ഗാനദേവത, പഞ്ചഗ്രാം, പദചിഹ്നം തുടങ്ങിയവ മറ്റു കൃതികൾ.