Feb 22 21:57:27 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.പി. രാമചന്ദ്രൻ

 


സി.പി. രാമചന്ദ്രൻ

ബർമ്മയിൽ അദ്ധ്യാപകനായിരുന്ന, ഒറ്റപ്പാലത്തെ ചിറ്റേനിപ്പാട്ട്‌ കൃഷ്‌ണൻ നായരുടെയും സി.പി. ജാനകി അമ്മയുടെയും പുത്രനായി 1923-ൽ ജനിച്ചു. വിദ്യാഭ്യാസം ഒറ്റപ്പാലത്തും പാലക്കാട്‌ വിക്‌ടോറിയ കോളേജിലുമായിരുന്നു. ഇന്റർമീഡിയേറ്റിനുശേഷം അദ്ദേഹം റോയൽ നേവിയിൽ മിഡ്‌ഷിപ്പ്‌മാനായി ചേർന്നു. 1942-46 കാലത്ത്‌ ബോംബെയിലായിരുന്നു. 1946-ൽ നാവിക കലാപം ഉണ്ടായപ്പോൾ സി.പിയും ഇന്റലിജൻസിന്റെ നോട്ടപ്പുളളിയായി. അതോടെ നേവി വിട്ട അദ്ദേഹം തുടർന്ന്‌ രണ്ടു വർഷക്കാലം അഹമ്മദ്‌ നഗറിലെ ആർമിയിൽ പ്രവർത്തിച്ചു. 1948-ൽ സൈനിക ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി. പിന്നീട്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ സജീവമായി. ഒറ്റപ്പാലം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ അറസ്‌റ്റിലായി. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു തടവുശിക്ഷ. പുറത്തുവന്നിട്ടും കൂടെക്കൂടെ പോലീസ്‌ വേട്ടയാടുകയായിരുന്നു. ഒടുവിൽ വീണ്ടും ബോംബെയിലേക്കു പോയി. എന്നാൽ 1952-ൽ എ.കെ.ജി. കമ്പിയടിച്ചപ്പോൾ തിരിച്ചുവരികയും അദ്ദേഹത്തിനുവേണ്ടി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്‌തു. 1953-ൽ ഇ.എം.എസിന്റെ നിർദ്ദേശമനുസരിച്ച്‌, പാർട്ടി പത്രമായ ക്രോസ്‌ റോഡ്‌സിൽ പ്രവർത്തിക്കാൻ ഡൽഹിയിലെത്തി. പത്രത്തിന്റെ ഡൽഹി ലേഖകനായി. ഈ പത്രമാണ്‌ പിന്നീട്‌ ന്യൂ എയ്‌ജ്‌ ആയത്‌. 1955-വരെ അവിടെ തുടർന്നു. ഇതിനിടെ, കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോട്‌ ചില വിയോജിപ്പുകൾ ഉണ്ടായപ്പോൾ അതേക്കുറിച്ച്‌ ‘അഗസ്‌ത്യ’ എന്ന പേരിൽ ശങ്കഴ്‌സ്‌ വീക്ക്‌ലിയിൽ എഴുതി. ഇ.എം.എസ്‌. മുന്നറിയിപ്പു നൽകിയെങ്കിലും സി.പി. ഒത്തുതീർപ്പിനു തയ്യാറായില്ല. അങ്ങനെ എടത്തട്ട നാരായണനും അരുണാ അസഫലിക്കുമൊപ്പം സി.പിയും പാർട്ടിയിൽനിന്നു പുറത്തായി. അത്‌ ശങ്കേഴ്‌സ്‌ വീക്കിലിയിൽ അസിസ്‌റ്റന്റ്‌ എഡിറ്ററായി ചേരുന്നതിന്‌ നിമിത്തമായി. വീക്ക്‌ലിയിൽ സി.പി. ചെയ്‌ത ‘മാൻ ഓഫ്‌ ദ വീക്ക്‌’ എന്ന കോളവും ‘ഫ്രീതിങ്കിംഗ്‌’ എന്ന എഡിറ്റോറിയലും അതീവ ശ്രദ്ധേയമായി. അതിനിടെ, ശങ്കേഴ്‌സ്‌ വീക്ക്‌ലിയില പരിശീലനത്തിനെത്തുകയും പരിചയമാവുകയും ചെയ്‌ത ജലബാല വൈദ്യയെ 1958-ൽ വിവാഹം കഴിച്ചു. ആറു വർഷമേ ആ ബന്ധം നിലനിന്നുളളു. 1964-ൽ സി.പി. വിവാഹമോചിതനായി. രണ്ടു മക്കളുണ്ട്‌- അജയും അനസൂയയും. 1960-ൽ സി.പി. ഹിന്ദുസ്ഥാൻ ടൈംസിന്റെ പാർലമെന്റ്‌ കറസ്‌പോണ്ടന്റായി ചേർന്നു. സി.പിയുടെ ‘പാർലിമെന്റ്‌ ഇൻ ലാസ്‌റ്റ്‌ വീക്ക്‌’ എന്ന കോളം ഏറെ ചർച്ചചെയ്യപ്പെട്ടു. 1974-ൽ ബി.ജി. വർഗീസിനെ പത്രത്തിൽ നിന്നും പിരിച്ചുവിട്ടപ്പോൾ, സി.പി., പത്രത്തിന്റെ ഉടമയായ ബിർളയ്‌ക്കെതിരെ കേസുകൊടുത്തു. അത്‌ പത്രപ്രവർത്തന ചരിത്രത്തിലെ ഒരധ്യായമായി. 1986-ൽ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന്‌ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. ഡൽഹി വിട്ട്‌ പറളിയിലെത്തിയ (പാലക്കാട്‌) സി.പി. ഒരു വ്യാഴവട്ടത്തോളം അവിടെ എല്ലാ ബഹളങ്ങളിൽ നിന്നുമകന്ന്‌, സഹോദരിയുടെ വീട്ടിൽ താമസിച്ചു. 1997 ഏപ്രിൽ 15-ന്‌ അദ്ദേഹം അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited