Nov 21 09:45:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാക്സിം ഗോർക്കി (1868-1936)

മാക്സിം ഗോർക്കി (1868-1936)

1868 മാർച്ച്‌ 28ന്‌ റഷ്യയിലെ ‘നിഷ്‌നിനൊവോഗൊറോഡ്‌ പട്ടണത്തിലെ ഒരു താണ ഇടത്തരം കുടുംബത്തിൽ ജനിച്ചു. ഗോർക്കി എന്ന്‌ ആ പട്ടണം ഇന്ന്‌ അറിയപ്പെടുന്നു. ഒരു തുന്നൽപണിക്കാരനായിരുന്നു പിതാവ്‌. ഗോർക്കിക്ക്‌ അഞ്ചു വയസ്സുളളപ്പോൾ പിതാവ്‌ മരിച്ചു. പിന്നീട്‌ മാതാമഹന്റെ സംരക്ഷണയിൽ. കാര്യമായ വിദ്യാഭ്യാസമൊന്നും ഗോർക്കിക്ക്‌ ലഭിച്ചിരുന്നില്ല. എട്ടു വയസ്സുമുതൽ സ്വയം ഉപജീവനം കണ്ടെത്തേണ്ടിവന്നു. പല തൊഴിലുകളിൽ ഏർപ്പെടുകയും പല പ്രദേശങ്ങളിൽ ചുറ്റിത്തിരിയുകയും ചെയ്‌തു. കൂലിവേല, പാചകവൃത്തി, ശിപായിപ്പണി, കപ്പലിലെ ജോലി എന്നിങ്ങനെ കഷ്‌ടപ്പാടു നിറഞ്ഞ പല തൊഴിലുകളും ചെയ്‌തു. കപ്പലിലെ ഒരു സഹപ്രവർത്തകന്റെ സഹായത്താൽ പുസ്‌തകങ്ങൾ വായിക്കാൻ അവസരം ലഭിച്ചതോടുകൂടി ഗോർക്കിയുടെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായി.

റഷ്യയിലെ അധഃസ്ഥിതരായ ജനങ്ങൾ ഒരുമിച്ചു താമസിക്കുന്ന പ്രദേശങ്ങളായിരുന്നു തന്റെ സർവ്വകലാശാലകളെന്നു ഗോർക്കി തന്റെ ആത്‌മകഥയിൽ അനുസ്‌മരിക്കുന്നു. ആദ്യകാല രചനകൾ ഒരു പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ അവസരമുണ്ടായപ്പോൾ മാക്‌സിം ഗോർക്കി എന്ന തൂലികാനാമം സ്വീകരിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥപേര്‌ അലെക്‌സേയ്‌ മാക്‌സിമോവിച്ച്‌ പെഷ്‌ക്കോവ്‌ എന്നാണ്‌. ഗോർക്കി എന്ന പദത്തിന്‌ കയ്‌പുളളത്‌ എന്നാണർത്ഥം. അത്യന്തം ദുരിതപൂർണവും തിക്‌തവുമായ സ്വന്തം ജീവിതാനുഭവങ്ങൾ വച്ചുകൊണ്ടാവാം ആ അർത്ഥത്തിൽ ഒരു തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്‌. റഷ്യൻ വിപ്ലവത്തിനു മുമ്പും പിമ്പുമായി വ്യാപിച്ചു കിടക്കുന്ന ഗോർക്കിയുടെ സാഹിത്യജീവിതം സമ്പന്നമത്രെ. നോവൽ, ചെറുകഥ, നാടകം എന്നീ സാഹിത്യശാഖകളിലായി ഒട്ടേറെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി.

റഷ്യൻ ചരിത്രത്തിലെ ഏതെങ്കിലും ഒരു കാലഘട്ടം ചിത്രീകരിക്കുന്നതാണ്‌ ഗോർക്കിയുടെ ഓരോ നോവലും. 1900 മുതൽ 1904 വരെയുളള റഷ്യയുടെ ഭൗതികവും ധൈഷണികവുമായ ജീവിതം അമ്മയിൽ ആവിഷ്‌കരിക്കപ്പെടുന്നു. 1906-ൽ പ്രസിദ്ധപ്പെടുത്തിയ അമ്മയാണ്‌ ഗോർക്കിയുടെ ഏറ്റവും പ്രശസ്തമായ കൃതി. എന്റെ ബാല്യകാലം, ലോകത്തിൽ, എന്റെ സർവ്വകലാശാലകൾ എന്നീ കൃതികളടങ്ങിയ ഗോർക്കിയുടെ ആത്മകഥാത്രയം റഷ്യൻഭാഷയിലെ മികച്ച ആത്മകഥകളിലൊന്നായി ഗണിക്കപ്പെടുന്നു. 1934-ൽ സോവ്യറ്റ്‌ റൈറ്റേഴ്‌​‍്‌സ്‌ യൂണിയൻ രൂപവൽക്കരിച്ചപ്പോൾ മാക്‌സിം ഗോർക്കി അതിന്റെ ആദ്യത്തെ പ്രസിഡന്റായി. സോഷ്യലിസ്‌റ്റ്‌ റിയലിസം എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ വക്‌താവും പ്രയോക്‌താവും. 1936-ൽ മോസ്‌കോയിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited