വിവാഹമോചനങ്ങളും മലയാള സിനിമയും

malayalacini

പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു മനസുകളുടെ കൂടിച്ചേരലാണ് വിവാഹം. ബാഹ്യ സൗന്ദര്യം, സാമ്പത്തിക പശ്ചാത്തലം, ജാതി,മതം എന്നിവയൊക്കെ നോക്കിയാണ് മിക്കവരും വിവാഹം നടത്തുന്നതെങ്കിലും മനപൊരുത്തം തന്നെയാണ് അതില്‍ മുഖ്യം. അതില്ലാതെ വന്നപ്പോള്‍ പല കൊടികെട്ടിയ ദാമ്പത്യ ബന്ധങ്ങളും തകര്‍ന്നു വീഴുന്നത് പലവട്ടം നമ്മള്‍ കണ്ടു. കേരളവും അക്കാര്യത്തില്‍ വിഭിന്നമല്ല. ഒരു ദശകം മുമ്പ് വിവാഹ മോചനങ്ങള്‍ വളരെ അപൂര്‍വമായി മാത്രം നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത്തരം കേസുകള്‍ നിത്യ സംഭവമാണ്. കഴിഞ്ഞ വര്‍ഷം 40,000 ത്തില്‍ പരം വിവാഹ മോചനക്കേസുകളാണ് സംസ്ഥാനത്തെ വിവിധ കുടുംബ കോടതികളിലായി ഫയല്‍ ചെയ്യപ്പെട്ടത്. അതില്‍ പതിനായിരം കേസുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഫയല്‍ ചെയ്യപ്പെട്ടത്. തിരുവനന്തപുരത്തെ രാജ്യത്തെ വിവാഹ മോചനങ്ങളുടെ തലസ്ഥാനമെന്നും കേരളത്തെ ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്നും വിളിക്കുന്നത് വെറുതെയല്ല.

സാധാരണക്കാരുടെ വിവാഹവും മോചനവുമൊക്കെ ചുരുക്കം ചിലര്‍ മാത്രമാണ് അറിയുന്നതെങ്കിലും സിനിമാ താരങ്ങളുടെ എല്ലാ കാര്യങ്ങളും വെള്ളി വെളിച്ചത്തിലാണ് നടക്കുന്നത്. സിനിമാക്കാര്‍ക്ക് സുഖവും സമാധാനവും നിറഞ്ഞ ദാമ്പത്യം വിധിച്ചിട്ടില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അതില്‍ സത്യത്തിന്‍റെ ഒരു കണിക പോലുമില്ലെന്ന് ഏറെ തിരക്കേറിയ നമ്മുടെ ചില താരങ്ങളും സംവിധായകരുമൊക്കെ തെളിയിച്ചിട്ടുമുണ്ട്. പരസ്പര വിശ്വാസവും സ്നേഹവുമുണ്ടെങ്കില്‍ വൈവാഹിക ബന്ധത്തിലെ പ്രശ്നങ്ങളെ വലിയൊരളവ് വരെ അതിജീവിക്കാന്‍ സാധിയ്ക്കും.

പ്രശസ്തിയുടെ ക്യാമറ വെളിച്ചത്തില്‍ നിന്ന്‍ ഒരു ദിവസം വീടിന്‍റെ അകത്തളത്തിലേക്ക് മാറുമ്പോള്‍ പരിഭ്രാന്തിയും അമര്‍ഷവുമൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്. അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോഴാണ് ചിലരുടെ ജീവിതത്തില്‍ പ്രശ്നമുണ്ടാകുന്നത്. പഴയ താരത്തെ കുറിച്ച് ജീവിത പങ്കാളി ചില ഗോസ്സിപ്പുകള്‍ കൂടി കേള്‍ക്കുന്നത് അകല്‍ച്ച കൂട്ടും. അത്തരം സാഹചര്യങ്ങള്‍ സാധാരണക്കാര്‍ക്കും ബാധകമാണ്. സോഷ്യല്‍ മീഡിയകളുടെയും ഓണ്‍ലൈന്‍ വാര്‍ത്ത സൈറ്റുകളുടെയും ഈ യുഗത്തില്‍ ഒരാളെ കുറിച്ച് എന്തും അടിച്ചിറക്കാന്‍ എളുപ്പമാണ്. അതിന്‍റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ആരും മെനക്കെടാറുമില്ല.

ഷീലയും ജയഭാരതിയും തുടക്കമിട്ട സിനിമാ രംഗത്തെ വിവാഹ മോചനകഥകള്‍ക്ക് മനോജ്.കെ.ജയന്‍- ഉര്‍വശി ബന്ധത്തിന്‍റെ തകര്‍ച്ചയോടെയാണ് അടുത്ത കാലത്ത് വീണ്ടും ജീവന്‍ വെച്ചത്. ഇരുവരും പിരിഞ്ഞെങ്കിലും മകള്‍ കുഞ്ഞാറ്റ അച്ഛനോടൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെട്ടത് കേസിന് പുതിയ മാനങ്ങള്‍ നല്‍കി. തുടര്‍ന്നു ഉര്‍വശി മദ്യത്തിന് അടിമയാണെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നത് മാധ്യമങ്ങള്‍ ശരിക്ക് ആഘോഷിച്ചു. അധികം താമസിയാതെ അവരുടെ സഹോദരി കൂടിയായ കല്‍പനയും ഭര്‍ത്താവ് അനിലുമായുള്ള ബന്ധം പിരിഞ്ഞു. ഭര്‍ത്താവിന്‍റെ പുതിയ ചില ബന്ധങ്ങളാണ് വേര്‍പിരിയലിന് കാരണമായി കല്‍പന ചൂണ്ടിക്കാട്ടിയത്. അവരുടെ ഏക മകള്‍ കല്‍പനയുടെ കൂടെയാണ്. ഉര്‍വശിയുടെയും കല്‍പനയുടെയും സഹോദരി കലാരഞ്ജിനി നേരത്തെ തന്നെ വിവാഹമോചിതയാണ്.

ബാല്യകാല സുഹൃത്തും ഐ.ടി എഞ്ചിനീയറുമായ നിഷാന്തിനെ വിവാഹം ചെയ്ത നടി ജ്യോതിര്‍മയിയും അധികം താമസിയാതെ വിവാഹമോചനം ചെയ്തു. ഒരു അമേരിക്കന്‍ വ്യവസായിയായ ശ്രീധരനെ കല്യാണം കഴിച്ച മലയാളം-തമിഴ് നടി സുകന്യ അഭിനയ ജീവിതം പുനരാരംഭിക്കുന്നതിനാണ് നാട്ടിലെത്തിയതെങ്കിലും ഭര്‍ത്താവ് അത് എതിര്‍ത്തത് കാരണം താമസിയാതെ വിവാഹ മോചനം നേടി. അമേരിക്കയില്‍ നടന്ന വിവാഹത്തിന് ഇന്ത്യയില്‍ നിന്ന്‍ മോചനം നേടാന്‍ കഴിയില്ലെന്ന് ശ്രീധരന്‍ വാദിച്ചെങ്കിലും വിവാഹം നടന്നത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരമാണെന്നും അതിനാല്‍ ഭാര്യ താമസിക്കുന്ന നാട്ടില്‍ വിവാഹമോചനം നടത്താമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.

മലയാളത്തിന്‍റെ പ്രിയ നടി കാവ്യ മാധവനും കുവൈറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാലും തമ്മിലുള്ള വിവാഹവും മോചനവും ഒരുപോലെ വാര്‍ത്തകളില്‍ നിറഞ്ഞു. വേര്‍പിരിയാനുള്ള കാരണം ഭര്‍ത്തൃ വീട്ടിലെ നിരന്തര പീഡനമാണെന്ന് കാവ്യയും അതല്ല കാവ്യയുടെ ചില ബന്ധങ്ങളാണ് എല്ലാം തകര്‍ത്തതെന്ന് നിശാലും ആദ്യം ആരോപിച്ചെങ്കിലും പിന്നീട് വിവാഹമോചനത്തിനായി ഇരുവരും സംയുക്ത അപേക്ഷ നല്‍കി. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അടുത്ത കാലത്ത് നിശാല്‍ വീണ്ടും വിവാഹിതനാകുകയും ചെയ്തു.

11.11.11 ന് വിവാഹ നിശ്ചയം കഴിഞ്ഞ നടി മംമ്ത മോഹന്‍ദാസും ബഹ്റൈനില്‍ ബിസിനസ് ചെയ്യുന്ന കുടുംബ സുഹൃത്ത് കൂടിയായ പ്രജിത്തും പിരിയാന്‍ തീരുമാനിച്ചത് 12.12.12 നാണ് എന്നത് കേവലം യാദൃശ്ചികതയാവാം. വൈവാഹിക ബന്ധത്തിലെ പൊരുത്തക്കേടുകളാണ് എല്ലാവരെയും പോലെ ഇരുവരും കാരണമായി പറഞ്ഞത്.

നടനും മന്ത്രിയുമായിരുന്ന ഗണേഷ് കുമാറിന്‍റെ കസേര തെറിക്കാന്‍ കാരണമായതും വിവാഹ ബന്ധത്തിലെ തകര്‍ച്ചയാണ്. അവസാനം ഭാര്യയ്ക്ക് ജീവനാംശമായി ഭീമമായ തുകയും വീടും ഒപ്പം തന്‍റെ കസേരയും അദേഹത്തിന് കൊടുക്കേണ്ടി വന്നു. പ്രശസ്ത സംവിധായകനായിരുന്ന ഭരതന്‍റെയും നടി കെ.പി.എ,സി ലളിതയുടെയും മകനും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനും ചുരുങ്ങിയ നാളത്തെ ദാമ്പത്യത്തിന് ശേഷം അടുത്ത കാലത്ത് വേര്‍പിരിഞ്ഞു. നടന്‍ മുകേഷ്, സിദിക്ക്, സായ് കുമാര്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍, കമലാഹാസന്‍, പ്രകാശ് രാജ്, ശരത് കുമാര്‍ നടി രേവതി, മീര വാസുദേവ്, ഖുശ്ബു തുടങ്ങി ഹിന്ദിയിലെ സൈഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, അമീര്‍ ഖാന്‍ എന്നിങ്ങനെ സിനിമാരംഗത്തെ വിവാഹ മോചിതരുടെ പട്ടിക നീളുകയാണ്. ദാമ്പത്യ തകര്‍ച്ചയെ തുടര്‍ന്നു അമ്പേ തകര്‍ന്നവരും പിന്നീട് എല്ലാം മറന്ന്‍ വീരോചിതമായി തിരിച്ചുവന്നവരും ഇക്കൂട്ടത്തിലുണ്ട്. പരാജയം ഒന്നിന്‍റെയും അവസാനമല്ല, അതിനെ ചവിട്ടുപടിയാക്കിക്കൊണ്ട് വിജയത്തെ കയ്യെത്തിപിടിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English