വൈശാഖ പൗര്‍ണമി – 6

This post is part of the series വൈശാഖ പൗര്‍ണമി

Other posts in this series:

  1. വൈശാഖ പൗര്‍ണമി -1
  2. വൈശാഖ പൗര്‍ണമി -2
  3. വൈശാഖ പൗര്‍ണമി – 3

vaisakha2777വിശാഖം ഏതാനും ഉറക്കഗുളികകള്‍ വായിലേയ്ക്കിട്ടതുകണ്ട് സദാനന്ദ് ഒരു നിമിഷനേരം തരിച്ചു നിന്നു.

പക്ഷേ, ഒരു നിമിഷനേരം മാത്രം. സദാനന്ദ് ഒരൊറ്റച്ചാട്ടത്തിന് വിശാഖത്തിന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. ഇരുകരങ്ങളും വിശാഖത്തിന്റെ തൊണ്ടയിലമര്‍ന്നു.

‘തുപ്പ്, വിശാഖം, തുപ്പ്!’ എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് സദാനന്ദ് സര്‍വ്വശക്തിയുമുപയോഗിച്ച് അവളെ കുനിച്ചു പിടിച്ചു. വിരലുകള്‍ തൊണ്ടയില്‍ കൂടുതല്‍ ശക്തിയോടെ അമര്‍ത്തി. ഒരൊറ്റ ഗുളികപോലും അവളുടെ ഉള്ളിലേയ്ക്കു ചെല്ലാന്‍ അനുവദിയ്ക്കരുത്. അവള്‍ മരിയ്ക്കാന്‍ പാടില്ല.

കൈയ്യിലിരുന്ന കുപ്പി താഴെയിട്ട് വിശാഖം രണ്ടു കൈകളും കൊണ്ട് സദാനന്ദിന്റെ പിടി വിടുവിയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സദാനന്ദ് ദയവൊട്ടും കാണിച്ചില്ല. പകരം അവളുടെ കഴുത്തിലെ പിടി കൂടുതല്‍ മുറുക്കുകയാണു ചെയ്തത്. ‘തുപ്പ്…തുപ്പ്…’ എന്ന് പല്ലിറുമ്മിക്കൊണ്ട് അലറുന്നതോടൊപ്പം, വിശാഖത്തിന്റെ ശിരസ്സ് ബലം പ്രയോഗിച്ച് കൂടുതല്‍ താഴ്ത്തുകയും ചെയ്തു.

ശിരസ്സ് നിലത്തു മുട്ടാറായ നിലയില്‍ കുനിച്ചു നിര്‍ത്തപ്പെട്ടിരുന്ന വിശാഖത്തിന്റെ ശ്വാസനാളം സദാനന്ദിന്റെ വിരലുകളുടെ ശക്തിയില്‍ ഞെരിഞ്ഞമര്‍ന്നു. അവളുടെ ശ്വാസകോശങ്ങള്‍ പുകഞ്ഞു. കണ്ണുകള്‍ പുറത്തേയ്ക്കു തള്ളി. ആ നിമിഷങ്ങളില്‍ വിശാഖം മരണത്തെ നേരില്‍ കണ്ടിരുന്നു കാണണം.

മരണവെപ്രാളത്തില്‍ അവള്‍ വായ് തുറന്നു. ജന്തുസമാനമായൊരു ശബ്ദം – ദീനരോദനമായിരിയ്ക്കണം അവളുടെ വായില്‍ നിന്നു പുറപ്പെട്ടു. ആ നിലവിളിയോടെ അവളുടെ വായില്‍ നിന്ന് നുരയും പതയും ചാടി. അക്കൂട്ടത്തില്‍ ഉറക്കഗുളികകളും.

ഉറക്കഗുളികകള്‍ പുറത്തുവന്നതു കണ്ട് കഴുത്തിലെ പിടിത്തം ഒരല്പം അയച്ചുകൊണ്ട് സദാനന്ദ് ചോദിച്ചു, ‘ഇനീണ്ടോ? ഉണ്ടെങ്കില്‍ തുപ്പ്. തുപ്പിക്കളയ്…’

ശ്വാസം കഴിയ്ക്കാനാകാതെ കണ്ണുമിഴിയ്ക്കുന്നതിന്നിടയില്‍ ഗുളികകള്‍ ഒന്നും തന്നെ വായില്‍ ബാക്കിയില്ലെന്ന് വിശാഖം കൈകൊണ്ട് തിടുക്കത്തില്‍ ആംഗ്യം കാണിച്ചു. സദാനന്ദ് കഴുത്തിലെ പിടിവിട്ടു. കഴുത്തില്‍ പൊത്തിപ്പിടിച്ച്, ‘അമ്മേ…’ എന്ന് അവ്യക്തമായ സ്വരത്തില്‍ ഞരങ്ങിക്കൊണ്ട് വിശാഖം നിലത്തേയ്ക്കു ചരിഞ്ഞു. നിലത്തു വീഴും മുന്‍പേ, സദാനന്ദ് അവളെ താങ്ങി മടിയില്‍ കിടത്തി.

കുറേയേറെ മിനിറ്റുകള്‍ തന്നെ വേണ്ടി വന്നു, വിശാഖത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണഗതിയിലാകാന്‍. അവള്‍ കണ്ണടച്ചു നിശ്ചലയായി സദാനന്ദിന്റെ മടിയില്‍ തളര്‍ന്നു കിടന്നു. സദാനന്ദ് അവളുടെ കഴുത്തില്‍ മൃദുവായി തടവി.

ഒടുവില്‍ അവള്‍ കണ്ണു തുറന്നു. മുഖമുയര്‍ത്തി സദാനന്ദിനെ നോക്കി അവളെന്തോ പറഞ്ഞു. തൊണ്ട പൂര്‍വ്വസ്ഥിതിയില്‍ എത്തിയിട്ടില്ലാത്തതുകൊണ്ട് അവള്‍ പറഞ്ഞതു വ്യക്തമായില്ല. സദാനന്ദ് കാത് ചുണ്ടോടടുപ്പിച്ചപ്പോള്‍ അവള്‍ക്കു മന്ത്രിയ്ക്കാനേ കഴിഞ്ഞുള്ളു, ‘എന്നെ കൊല്ലായിരുന്നില്ലേ.’

അതുകേട്ടപ്പോള്‍ എന്തുകൊണ്ടോ, സദാനന്ദിന്റെ കണ്ണുകള്‍ ഈറനായി. വിശാഖത്തിന്റെ നെറ്റിയില്‍ ആര്‍ദ്രതയോടെ ചുംബിച്ചു. ‘വിശാഖം, ഞാനാണു മരിയ്ക്കാന്‍ വന്നത്. ഞാനാണു മരിയ്‌ക്കേണ്ടത്, നീയല്ല.’

സദാനന്ദ് പറഞ്ഞതൊന്നും അവള്‍ കേട്ടതായിപ്പോലും തോന്നിയില്ല. അവ്യക്തസ്വരത്തില്‍ അവള്‍ പറഞ്ഞു, ‘എനിയ്ക്കു മരിയ്ക്കണം.’

‘വിശാഖം, നിനക്ക് കോടിക്കണക്കിനുള്ള സ്വത്താണ് ഇപ്പോള്‍ കിട്ടിയിരിയ്ക്കുന്നത്,’ അല്പമകലെ നിലത്തു വീണു കിടന്നിരുന്ന വില്‍പ്പത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് സദാനന്ദ് അവളെ ഓര്‍മ്മിപ്പിച്ചു.

‘അതിലുള്ളതെല്ലാം നിന്റേതാണ്. നിനക്ക് പുതിയൊരു ജീവിതമായി. നിന്റെ എല്ലാ കഷ്ടപ്പാടുകളും തീര്‍ന്നു.’

വിശാഖം വില്‍പ്പത്രത്തിന്നായി കൈ നീട്ടി. അവളെ മടിയില്‍ കിടത്തിക്കൊണ്ടു തന്നെ സദാനന്ദ് കൈയ്യെത്തിച്ച് വില്‍പ്പത്രം നിലത്തു നിന്നെടുത്ത് അവളുടെ കൈയ്യില്‍ കൊടുത്തു.

അവള്‍ വായിയ്ക്കട്ടെ. താനിപ്പോള്‍ അര്‍ദ്ധശതകോടീശ്വരിയാണെന്ന് അവള്‍ വായിച്ചു മനസ്സിലാക്കട്ടെ, സ്വയം ബോദ്ധ്യപ്പെടട്ടെ. അതു ശരിയ്ക്കും മനസ്സിലാക്കിക്കഴിയുമ്പോള്‍ മരിയ്ക്കാനുള്ള അവളുടെ ഇപ്പോഴത്തെ ഭ്രാന്ത് കെട്ടടങ്ങിക്കോളും. ഇത്രയും വലിയ സ്വത്തിന്നുടമയാണു താന്‍ എന്നു മനസ്സിലായിക്കഴിയുമ്പോള്‍ ആ സ്വത്തുക്കളുപയോഗിച്ച് ജീവിതം ആസ്വദിയ്ക്കാനുള്ള ആഗ്രഹം അവളില്‍ തനിയേ ഉടലെടുക്കും. താത്കാലികമായി മാത്രം നാമ്പെടുത്തിരിയ്ക്കുന്ന ഭ്രാന്തിനൊരു ശമനം അപ്പോള്‍ തനിയേ വരും.

ആ ശമനം…അതുടന്‍ വരുത്തുകയും വേണം. അല്ലെങ്കില്‍…തന്റെ പ്ലാനുകളൊക്കെ തകരും.

സദാനന്ദിന്റെ മടിയില്‍ കിടന്നുകൊണ്ടുതന്നെ വിശാഖം വില്‍പ്പത്രം നിവര്‍ത്തി.

ഇംഗ്ലീഷ് വായിയ്ക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നുകാണണം. വില്‍പ്പത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അവള്‍ പലയാവര്‍ത്തി വായിച്ചു. അവളുടെ ദൃഷ്ടി ഓരോ വരിയിലൂടെയും സഞ്ചരിയ്ക്കുന്നത് സദാനന്ദ് ശ്രദ്ധിച്ചു. ഇടയ്ക്കിടെ അവള്‍ കഴുത്തില്‍ തടവി.

പല തവണ വായിച്ച ശേഷം വിശാഖം വില്‍പ്പത്രം മടക്കി മാറില്‍ വച്ച് കണ്ണടച്ചു.

സദാനന്ദ് അവളുടെ ചുരുണ്ട മുടി തഴുകി.

‘സദൂ’. അവളുടെ ആ വിളി കേട്ട് സദാനന്ദ് കൌതുകത്തോടെ അവളെ നോക്കി. സദു. താന്‍ വീട്ടിലെപ്പോഴും എല്ലാവര്‍ക്കും ‘സദു’ ആയിരുന്നു. പറഞ്ഞുകൊടുക്കാതെ തന്നെ ഇവളക്കാര്യം മനസ്സിലാക്കിയെടുത്തിരിയ്ക്കുന്നു.

സദൂ. ചിരപരിചിതരെന്നു തോന്നിപ്പിയ്ക്കുന്ന വിളി. ഹൃദയത്തിനുള്ളിലേയ്ക്കിറങ്ങിച്ചെന്നു, ആ വിളി. സദൂ എന്ന വിളി കേട്ടിട്ട് കുറേയേറെ നാളായിരുന്നു. സാവി ‘നന്ദ്’ എന്നാണു വിളിച്ചിരുന്നത്. ‘സദൂ’ എന്ന പഴയ വിളി സാവി ഇഷ്ടപ്പെട്ടിരുന്നില്ല.

വിശാഖത്തോടുള്ള ഇഷ്ടം സദൂ വിളിയോടെ പെട്ടെന്നു പതിന്മടങ്ങായി പെരുകി. സദാനന്ദ് അവളുടെ നെറ്റിയില്‍ വീണ്ടും ചുംബിച്ചു. കഴുത്തില്‍ വീണ്ടും തടവി. കഷ്ടം, ഈ കഴുത്തല്ലേ ഞെരിച്ചത്.

പക്ഷേ അടുത്ത നിമിഷം തന്നെ തിരിച്ചും ചിന്തിച്ചു: കഴുത്തു ഞെരിച്ചിരുന്നില്ലെങ്കില്‍ എന്തൊക്കെ സംഭവിച്ചേനേ.

‘സദൂ.’ വിശാഖം വീണ്ടും വിളിച്ചു. ‘എന്നോടു പൊറുക്കണം,’ യാചിയ്ക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. സദാനന്ദ് വിശാഖത്തിന്റെ കണ്ണുകളില്‍ത്തന്നെ നോട്ടം നട്ടിരിയ്‌ക്കെ, വിശാഖം വില്‍പ്പത്രം വീണ്ടും കൈയ്യിലെടുത്ത് പല കഷ്ണങ്ങളായി കീറി.

സ്തബ്ധനായി, നിസ്സഹായനായി നോക്കിയിരിയ്ക്കാന്‍ മാത്രമേ ഇത്തവണ സദാനന്ദിന് കഴിഞ്ഞുള്ളു. വിശാഖം വില്‍പ്പത്രം ചെറുകഷ്ണങ്ങളാക്കി കീറി നിലത്തിട്ടു. ‘എന്നോടു പൊറുക്കണം, സദൂ.’ യാചിച്ചുകൊണ്ട് അവള്‍ തളര്‍ന്നു കണ്ണടച്ചു.

സദാനന്ദ് പകച്ചു നോക്കിയിരുന്നു പോയി. ഇവളെന്തൊരു വിചിത്രജീവി ! കോടിക്കണക്കിനു വില വരുന്ന സ്വത്തുക്കള്‍ വച്ചുനീട്ടിയ കൈ അവള്‍ തട്ടിനീക്കിയിരിയ്ക്കുന്നു. ഇക്കാലത്ത് ആരാണ് ഇത്തരമൊരു മണ്ടത്തരം കാണിയ്ക്കാനൊരുമ്പെടുക !

കാമാഠിപുരയിലെ ദേവദാസിപ്പണി, അല്ല, മനുഷ്യദാസിപ്പണി, അതുമല്ല, പുരുഷദാസിപ്പണി, നിര്‍ത്തി ഇവിടുന്നു രക്ഷപ്പെടാന്‍ ആഗ്രഹിയ്ക്കാത്തവരായി ആരുണ്ടാകും. നാല്‍പ്പതു നാല്‍പ്പത്തഞ്ചു കോടി രൂപ. മലബാര്‍ ഹില്ലിലെ മണിമാളികകളില്‍ ഒരെണ്ണം വാങ്ങി സ്വര്‍ഗ്ഗതുല്യമായ ജീവിതം നയിയ്ക്കാനുള്ള സുവര്‍ണ്ണാവസരം അവള്‍ കഷ്ണങ്ങളായി കീറിക്കളഞ്ഞിരിയ്ക്കുന്നു.

സദാനന്ദിന് അതിശയം തോന്നി. മനുഷ്യരെ താനിനിയും മനസ്സിലാക്കാനുണ്ട്.

തന്റെ ജീവിതം നശിപ്പിച്ച്, തന്നെ കാമാഠിപുരയിലേയ്ക്ക് നിഷ്‌കരുണം തള്ളിവിട്ട കശ്മലന്മാര്‍ ആരെങ്കിലും ഇപ്പോഴും ജീവനോടെയിരിപ്പുണ്ടെങ്കില്‍ ഒരു പ്രതികാരദുര്‍ഗ്ഗയായി മാറി അവരെയെല്ലാം ഒന്നൊന്നായി നശിപ്പിച്ചു പകരംവീട്ടാന്‍ ഈ സ്വത്തുക്കളുടെ ചെറിയൊരംശം കൊണ്ടു തന്നെ അവള്‍ക്കു കഴിയുമായിരുന്നു.

‘സദൂ.’ വിശാഖത്തിന്റെ വിളി ചിന്തകള്‍ക്കു വിരാമമിട്ടു. ‘എനിയ്ക്കു മരിയ്ക്കണം.’

‘വിശാഖം, നീയെന്തു മണ്ടത്തരമാണീ പറയുന്നത്. അതു കീറിക്കളഞ്ഞതും മണ്ടത്തരം. നിനക്ക് ഈ മുംബൈ നഗരത്തിലെ റാണിയായി ജീവിയ്ക്കാമായിരുന്നു. നീയല്ലാതെ ആരാണീ സൌഭാഗ്യങ്ങളൊക്കെ തട്ടിക്കളയുക!’

‘സദൂ. എനിയ്ക്കാ ഗുളികകള്‍ തരൂ.’ വിശാഖം നിലത്തു കിടന്നിരുന്ന ഗുളികകള്‍ ചൂണ്ടിക്കാട്ടി. ‘ഞാന്‍ മരിയ്ക്കട്ടെ.’ വിശാഖത്തിന്റെ സ്വരത്തില്‍ യാചനയുണ്ടായിരുന്നു.

വിശാഖത്തിന്റെ വായില്‍ നിന്നു പുറത്തു ചാടിയിരുന്ന നാലു ഗുളികകള്‍ സമീപത്തുതന്നെ, നുരയിലും പതയിലുമായി കിടന്നിരുന്നു. സദാനന്ദ് അവളുടെ കഴുത്തില്‍ പിടിച്ചു ഞെരിച്ചപ്പോള്‍ അനുഭവിച്ച മരണവെപ്രാളത്തിന്നിടയില്‍ അവളുടെ കൈയ്യില്‍ നിന്നു താഴെ വീണ കുപ്പിയില്‍ നിന്ന് കുറച്ചു ഗുളികകള്‍ പുറത്തേയ്ക്കു തെറിച്ചു പോയിരുന്നു. അല്‍പ്പമകലെ കുപ്പിയും ഗുളികകളും കിടന്നിരുന്നു.

‘സദൂ,’ വിശാഖം കൈകൂപ്പിക്കൊണ്ടു യാചിച്ചു. ‘ആ ഗുളികകള്‍ ഞാന്‍ തിന്നട്ടെ, സദൂ.’ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ‘ജീവിച്ചു മതിയായി, സദൂ. എന്നോടു കരുണ കാണിയ്ക്ക്.’ അവള്‍ തല ചെരിച്ച് ഗുളികകളുടെ നേരേ നോക്കി.

വിശാഖം ഗുളികകള്‍ നിലത്തു നിന്നെടുത്ത് വീണ്ടും വിഴുങ്ങാന്‍ ശ്രമിയ്ക്കുമോ എന്ന ഭയം സദാനന്ദിന്റെ ഉള്ളില്‍ നാമ്പെടുത്തു. കൈയ്യെത്തിച്ചാല്‍ ഏതാനും ഗുളികകള്‍ അവളുടെ കൈയ്യിലാകും.

വിശാഖം മരിയ്ക്കാന്‍ പാടില്ല. ഇവള്‍ മരിയ്‌ക്കേണ്ടവളല്ല. താനാണു മരിയ്‌ക്കേണ്ടത്. താനാണു മരിയ്ക്കാന്‍ വന്നത്. താന്‍ കാരണം ഇവള്‍ മരിയ്ക്കാനിടയാകരുത്. താന്‍ ജീവനോടെ തുടരുകയും ഇവള്‍, ഈ പാവം, മരിയ്ക്കുകയും ചെയ്യാന്‍ പാടില്ല.

വില്‍പ്പത്രം കഷ്ണങ്ങളായിത്തീര്‍ന്നതോടെ സ്വത്തുക്കള്‍ കൈമാറാനുള്ള പ്ലാന്‍ തകര്‍ന്നു. ഇനിയിപ്പോള്‍ താന്‍ മരിച്ചാല്‍ സ്വത്തുക്കളൊക്കെ ആര്‍ക്കാണു കിട്ടുക? ചെറിയമ്മയ്ക്കും മറ്റുമായിരിയ്ക്കും അവ കിട്ടാന്‍ പോകുന്നത്. അവരുടെ സ്വൈര്യവും താന്‍ അതോടെ കെടുത്തും. പുരുഷന്മാരെ വഞ്ചിയ്ക്കാത്ത ഒരു സ്ത്രീയ്ക്കു സ്വത്തു മുഴുവനും കൊടുക്കണമെന്ന അഭിലാഷം നിറവേറ്റുക വില്‍പ്പത്രം കഷ്ണങ്ങളായതോടെ അസാദ്ധ്യമായിത്തീര്‍ന്നിരിയ്ക്കുന്നു. വില്‍പ്പത്രത്തിന്റെ കഷ്ണങ്ങളിലേയ്ക്ക് സദാനന്ദ് സമ്മിശ്രവികാരങ്ങളോടെ നോക്കി.

‘സദൂ.’ വിശാഖം വീണ്ടും വിളിച്ചു. അവള്‍ വീണ്ടും ഗുളികകളിലേയ്ക്കു നോക്കി. കഴുത്തിനു വേദനയില്ല്‌ലായിരുന്നെങ്കില്‍ ഗുളികകളെടുത്തു വിഴുങ്ങാന്‍ ഒരു തീവ്രശ്രമം കൂടി അവള്‍ നടത്തിനോക്കിയേനേ എന്നു സദാനന്ദിനു തോന്നി.

സദാനന്ദ് വിശാഖത്തെ ഏതാനും നിമിഷം നോക്കിയിരുന്നു. അഗര്‍ ഉസ്‌കോ ഏക് ബാര്‍ ദേഖേ, തോ ആപ് സിന്ദഗീ മേ കിസീ ഓര്‍ കേ പാസ് നഹി ജായെഗാ. ഇവളെ തനിയ്ക്കിഷ്ടപ്പെട്ടുപോയിരിയ്ക്കുന്നു. നാല്‍പ്പത്തഞ്ചുകോടിയുടെ സ്വത്തു കീറിക്കളഞ്ഞ ഇവളെ ലോകത്ത് മറ്റാരെക്കാളും ഇഷ്ടപ്പെട്ടു പോയിരിയ്ക്കുന്നു. ഇവളെ മരിയ്ക്കാന്‍ വിടുന്ന പ്രശ്‌നമില്ല.

‘സദൂ.’ സമീപത്തു കിടന്നിരുന്ന ഗുളികകള്‍ പെറുക്കാനായി വിശാഖം കൈ നീട്ടി.

ആ ശ്രമം മുന്‍കൂട്ടിക്കണ്ട സദാനന്ദ് വിശാഖത്തെ നിലത്തുനിന്ന് ഒരു പുഷ്പത്തെയെന്നോണം, അനായാസം എടുത്തുയര്‍ത്തി തൊട്ടടുത്തുണ്ടായിരുന്ന കട്ടിലിന്മേല്‍ കിടത്തി. അവളുടെ മുഖം ഇരുകൈകളിലുമെടുത്ത് നെറ്റിയിലും കണ്ണുകളിലും തുരുതുരാ ചുംബിച്ചു.

ആ സ്‌നേഹപ്രകടനങ്ങള്‍ തികഞ്ഞ നിര്‍വ്വികാരതയോടെ നേരിട്ട വിശാഖം വീണ്ടും യാചിച്ചു, ‘ഞാന്‍ മരിയ്ക്കട്ടെ, സദൂ. എന്നെ ഈ ലോകത്തു നിന്നൊന്നു പറഞ്ഞയയ്ക്ക്.’

‘വിശാഖം, നിന്നെ മരിയ്ക്കാന്‍ അനുവദിയ്ക്കുന്ന പ്രശ്‌നമില്ല. ഞാന്‍ ആ ഗുളികകളെല്ലാം എടുത്തു കളയാന്‍ പോവുകയാണ്. അതിന്നിടയില്‍ നീ ഇവിടുന്ന് എഴുന്നേറ്റു പോകരുത്.’

‘സദൂ…’

അവള്‍ക്ക് തുടര്‍ന്നെന്തെങ്കിലും ഉച്ചരിയ്ക്കാന്‍ കഴിയും മുന്‍പേ സദാനന്ദ് അവളുടെ ചുണ്ടില്‍ വിരലമര്‍ത്തി അവളെ നിശ്ശബ്ദയാക്കി. ‘അനുസരണയുള്ള കുട്ടിയായി നീ ഇവിടെ കിടക്കുക.’ വിരല്‍ ചൂണ്ടിക്കൊണ്ട്, ‘നീയിവിടുന്നെഴുന്നേറ്റാല്‍ എന്റെ ഭാവം മാറും’ എന്നു മുന്നറിയിപ്പും നല്‍കി. പകുതി കളിയായും പകുതി കാര്യമായും തന്നെയാണതു പറഞ്ഞത്.

വിശാഖം മുഖം പൊത്തിക്കരഞ്ഞു. ഈ ലോകത്തു നിന്നു രക്ഷപ്പെടാന്‍ പറ്റിയ ഒരവസരം മുപ്പതു ഉറക്കഗുളികകള്‍ വന്നു കിട്ടിയതായിരുന്നു. അതു നഷ്ടപ്പെടുന്നു. അതുകൊണ്ടായിരിയ്ക്കാം, അവള്‍ കരയുന്നത്, സദാനന്ദ് ചിന്തിച്ചു. എന്നാല്‍ നാല്‍പ്പത്തഞ്ചുകോടിയുടെ സ്വത്ത് വലിച്ചെറിഞ്ഞതിന് അവള്‍ക്ക് യാതൊരു പശ്ചാത്താപവുമില്ല. സ്വത്തല്ല, മരണമാണ് അവളാവശ്യപ്പെടുന്നത്.

താന്‍ തന്നെയാണ് അവളെ മരണം കാട്ടി കൊതിപ്പിച്ചത്, സദാനന്ദ് കുറ്റബോധത്തോടെ ഓര്‍ത്തു. മുള്‍ക്കിരീടം തലയിലണിഞ്ഞുകൊണ്ടാണെങ്കിലും, അവള്‍ ശാന്തമായി ജീവിച്ചു പോരികയായിരുന്നു. ആ ശാന്തി താന്‍ തകര്‍ത്തു. താന്‍ വന്നുകയറിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്നതു മന്ദഹാസമാണ്. ആ മന്ദഹാസം താന്‍ പറിച്ചെറിഞ്ഞിരിയ്ക്കുന്നു. ഇപ്പോള്‍ അവള്‍ കരയുന്നു. അവളെ ചിരിപ്പിയ്ക്കുന്നതിനു പകരം താനവളെ കരയിപ്പിച്ചിരിയ്ക്കുന്നു.

പക്ഷേ, അവള്‍ മരിയ്ക്കാന്‍ പാടില്ല. സദാനന്ദ് നിലത്തുനിന്ന് കുപ്പിയെടുത്തു. അവിടവിടെ ചിതറിക്കിടന്നിരുന്ന ഗുളികകള്‍, നുരയിലും പതയിലും കിടന്നിരുന്നവയുള്‍പ്പെടെ, ഓരോന്നായി എണ്ണി കുപ്പിയിലിട്ടു. ഒന്നുകൂടി എണ്ണി നോക്കി. മുപ്പതു ഗുളികകളുമുണ്ട്.

മുറിയ്ക്ക് ആകെ ഒരു ജനല്‍ മാത്രമാണുണ്ടായിരുന്നത്. അതിന്റെ ഒരു പാളി മെല്ലെ തുറന്നു. ദുര്‍ഗ്ഗന്ധം മൂക്കില്‍ തുളച്ചു കയറി. ഇരുട്ടാണെങ്കിലും കെട്ടിടത്തോടു ചേര്‍ന്ന് ഒരഴുക്കുചാലുള്ളതായി മനസ്സിലായി. അകലെ റെയില്‍പ്പാളങ്ങളുടെ തിളക്കം കണ്ടു.

സദാനന്ദ് ജനലഴികള്‍ക്കിടയിലൂടെ കുപ്പി പുറത്തേയ്ക്കു നീട്ടിപ്പിടിച്ചു. ഒരു നിമിഷം ചിന്തിച്ചു. ഇതാ തകരുന്നു, തന്റെ ആത്മഹത്യാപ്ലാന്‍. പരാജയപ്പെടുന്ന ആദ്യ പ്രോജക്റ്റ്. സ്വന്തം ജീവിതത്തിന്റെ പ്രോജക്റ്റ്.

ഒരു ചോദ്യം മനസ്സിലുയര്‍ന്നു: ഇത് പ്രോജക്റ്റിന്റെ തകര്‍ച്ചയോ അതോ ജീവിതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോ?

സദാനന്ദ് തിരിഞ്ഞു നോക്കി. വിശാഖം കണ്ണുകള്‍ പൊത്തി ഏങ്ങിയേങ്ങിക്കരയുന്നു. അവള്‍ കരയട്ടെ. അവള്‍ ജീവിയ്ക്കട്ടെ. അവളുടെ കരച്ചില്‍ മാറ്റണമെങ്കില്‍ അവള്‍ ജീവിച്ചിരിയ്ക്കണം. അവള്‍ ജീവിച്ചിരുന്നാല്‍ അവളുടെ കരച്ചില്‍ മാറ്റാം. അതിന് അവള്‍ ജീവിച്ചിരുന്നാല്‍ മാത്രം മതി.

കൂടെ താനും.

സദാനന്ദ് കുപ്പി കമഴ്ത്തി.

മുപ്പതു ഗുളികകള്‍ അഴുക്കുചാലിലേയ്ക്കു പൊഴിഞ്ഞുവീണു.

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English