ശ്രാദ്ധം – പിതൃസ്‌മരണ

അച്ഛന്റെ ഓർമ്മകൾ ഓളമിളക്കുന്ന

കൊച്ചു തരംഗിണിയാണെന്റെ മാനസം.

അമ്മുവും വാസുവും പത്മിനിക്കിട്ടിയു-

മമ്മാനമാടിടുമങ്കണമെൻ മനം.

വാടിയ താമരത്തണ്ടുപോൽ മേവുന്ന

വാസന്തിമോളുടെ തേങ്ങൽ ശ്രവിപ്പൂ ഞാൻ.

ദുഃസ്സഹമാകും വിശപ്പിനാൽ കേഴുന്ന

നിർമ്മലക്കുട്ടന്റെ രോദനം കേൾപ്പൂ ഞാൻ.

ശാന്തഗംഭീരമാമച്ഛന്റെ സുസ്വരം

ഹിന്ദോളരാഗമായ്‌ എപ്പോഴും കേൾപ്പു ഞാൻ.

അച്ഛൻ പ്രിയപ്പെട്ട പേരക്കിടാങ്ങളെ

പിച്ച നടത്തിച്ചതെപ്പൊഴും കാണ്മു ഞാൻ.

ആദ്യത്തെ കൺമണിയാകുമെൻ നന്ദന-

നാദ്യാക്ഷരങ്ങൾ പഠിപ്പിച്ചതച്ഛനാം.

അല്ലിൽ കടയടച്ചാലയം പൂകുവാൻ

തെല്ലൊന്നു വൈകിയാലച്ഛൻ പിണങ്ങിടും.

അച്ഛനുമമ്മയുമില്ലെങ്കിലൂഴിയിൽ

മക്കളനാഥർ, അവർ വമ്പരാകിലും.

ദൈവ വിശ്വാസിയായിട്ടും പിതാവൊരു

കോവിലിൽ പോയതില്ലന്ത്യദിനം വരെ.

ആബാലവൃദ്ധം ജനങ്ങളാശാനെന്ന്‌

ആദരപൂർവ്വം വിളിച്ചെന്റെ താതനെ.

എൻ കാവ്യ സാധനക്കച്ഛൻ നിമിത്തമായ്‌

എന്നെ വണിക്കായ്‌ ചമച്ചതും അച്ഛനാം.

വമ്പിച്ച ശിഷ്യ സമ്പത്തിനുടമയാ-

മെൻ പിതാവേവർക്കുമാരാധ്യ പാത്രമായ്‌.

നർമ്മം കലർക്കൊരാ ഭാഷണം കേട്ടു നാ-

മെല്ലാം മറന്നെത്ര നേരവും പോക്കിടും.

ഊണുമുറക്കവും വേണ്ടെന്നു വയ്‌ക്കുവാൻ

ചെമ്പൈയുതിർക്കുന്ന കീർത്തനം പോരുമേ.

നല്ലൊരു പുസ്‌തകമെങ്കിൽ മിഴി നട്ടു

കല്ലുപോലങ്ങിനെ മേവിടും നിശ്ചലം.

അച്ഛാഛനും മൂന്നു പേരക്കിടാങ്ങളും

കൊച്ചുവർത്താനങ്ങൾ ചൊല്ലിക്കളിക്കവേ

ആയതു വീക്ഷിച്ചു നിന്നിടും വേളയിൽ

ആനന്ദബാഷ്‌പം നിറഞ്ഞിടും കൺകളിൽ.

അന്ത്യദിനങ്ങളിൽ സ്വന്തമായ്‌ നിർമ്മിച്ച

പൂന്തോട്ടമേകിപോൽ നിത്യ കൗതൂഹലം.

ജാഡകളില്ലാത്ത ജീവിതമായിരു-

ന്നാരുടെ ദുഃഖവുമച്ഛനസ്സഹ്യമായ്‌.

റിസ്‌റ്റു വാച്ചേവരും കൈയ്യിലണിഞ്ഞിടും

പോക്കറ്റിലച്ഛൻ സുഭദ്രമായ്‌ വച്ചിടും.

ദുർവ്വഹമായൊരെൻ ദുഃഖച്ചുമടുമായ്‌

ദുർഗ്ഗമ ജീവിത പാതയിലൂടവേ

എത്രയോ ദൂരം നടന്നിവിടെത്തി ഞാൻ

ഗാത്രവും ചിത്തവും നൊന്തിരുന്നെങ്കിലും

താതനെ കണ്ണുനിറച്ചൊന്നു കാണുവാൻ

സാദ്ധ്യമാകാത്തതിൽ ദുഃഖമുണ്ടെങ്കിലും

ആ പാദമുദ്രകൾ പിന്തുടർന്നീടുവാ-

നായതോർത്തീടവേ സന്തുഷ്‌ടനാണ്‌ ഞാൻ.

Generated from archived content: poem1-jan.html Author: kks-thalikkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English