വേര പാവ്‌ലോവയുടെ കവിതകൾ

 

1
മോഹിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനെന്തെങ്കിലുമുണ്ടാവും,
ഖേദിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടാവും,
ഓർമ്മിക്കാനെന്തെങ്കിലുമുണ്ടെങ്കിൽ
ഖേദിക്കാനൊന്നുമുണ്ടായിരുന്നില്ല,
ഖേദിക്കാനൊന്നുമില്ലെങ്കിൽ
മോഹിക്കാനൊന്നുമുണ്ടായിരുന്നില്ല.

2
മഞ്ഞുകാലത്തൊരു മൃഗം,
വസന്തത്തിലൊരു സസ്യം,
വേനലിലൊരു കീടം,
ശരല്ക്കാലത്തൊരു പക്ഷി.
ശേഷിച്ച കാലത്ത്
ഞാനൊരു സ്ത്രീയുമാണ്‌.

3
അതേയെന്ന വാക്ക് എന്തിനിത്ര ചെറുതായി?
അതേറ്റവും ദീർഘമാകേണ്ടിയിരുന്നു,
ഏറ്റവും ക്ളിഷ്ടമാകേണ്ടിയിരുന്നു;
എങ്കിൽ എടുത്തടിച്ച പോലെ
നിങ്ങൾക്കതു പറയാൻ കഴിയില്ലായിരുന്നു,
ഒരു വീണ്ടുവിചാരമുണ്ടായാൽ
പറഞ്ഞുവരുന്നതിനിടയിൽ
നിങ്ങൾക്കതു മുഴുമിപ്പിക്കാതെയുമിരിക്കാമായിരുന്നു…

4
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല,
കൊഞ്ചലായി, വീരസ്യമായി, വായാടിത്തമായി,
ചാപല്യമായി, കാപട്യമായി, നുണകളായി,
ധാർഷ്ട്യമായി, കോപമായി, പരാതിയായി,
വിഡ്ഢിത്തമായി, വേദാന്തമായി…
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല.

5
സ്വപ്നത്തിൽ ഞാൻ പ്രണയത്തിലായി
കണ്ണീരിൽ കുളിച്ചു ഞാനുണർന്നു
ഞാനാരെയും ഇത്രയേറെ സ്നേഹിച്ചിട്ടില്ല
എന്നെയാരും ഇത്രയേറെ സ്നേഹിച്ചിട്ടില്ല
സ്വപ്നത്തിൽ എനിക്കൊട്ടും നേരം കിട്ടിയില്ല
അവനെയൊന്നു ചുംബിക്കാൻ
അവന്റെ പേരെന്തെന്നു ചോദിക്കാൻ
ഉറക്കമില്ലാതിന്നെത്ര രാത്രികൾ കടന്നുപോകുന്നു
അവനെ സ്വപ്നം കണ്ടു ഞാൻ കിടക്കുമ്പോൾ

6
വെയിലു കാഞ്ഞു
കിളിയൊച്ച കേട്ടു
മഴത്തുള്ളി നുണഞ്ഞു
കൊഴിയുമ്പോഴേ
ഇല മരത്തെക്കണ്ടുള്ളു
മുമ്പു താനെന്തായിരുന്ന്
അതറിഞ്ഞുള്ളു

7
രണ്ടു പേരും സ്നേഹത്തിലാണ്‌
സന്തോഷത്തിലുമാണ്‌
അയാൾ:
നീ ഇവിടില്ലാത്തപ്പോൾ എനിക്കു തോന്നുന്നു
നീ ഒന്നു പുറത്തേക്കു പോയതാണെന്ന്
അടുത്ത മുറിയിൽ നീയുണ്ടെന്ന്.
അവൾ:
നിങ്ങൾ പുറത്തേക്കു പോകുമ്പോൾ
അടുത്ത മുറിയിലായിരിക്കുമ്പോൾ
നിങ്ങൾ ഇല്ലെന്നു തന്നെ
എനിക്കു തോന്നുന്നു.

8
അതു നന്നായി
എന്നു ദൈവം കണ്ടു
അതൊന്നാന്തരമായി
എന്നാദം കണ്ടു
അതു തരക്കേടില്ല
എന്നു ഹവ്വ കണ്ടു.

9
ഏതു ഭാഷയിൽ നിന്നാണ്‌
നിന്റെ ‘ഞാൻ നിന്നെ പ്രേമിക്കുന്നു’
വിവർത്തനം ചെയ്തതെന്നറിഞ്ഞിരുന്നെങ്കിൽ,
മൂലകൃതി കണ്ടുപിടിച്ച്,
നിഘണ്ടുവിൽ അർത്ഥം നോക്കി,
പരിഭാഷ കൃത്യമാണെന്നുറപ്പു വരുത്താൻ
എനിക്കു കഴിഞ്ഞിരുന്നെങ്കിൽ:
എങ്കിൽ,
വിവർത്തകനു പിശകിയിട്ടില്ല
എന്നു ഞാൻ പറയുമായിരുന്നു.

10
നിങ്ങൾ ദൂരേയ്ക്കു പോകുന്നതിൽ എനിക്കൊരു വിഷമവുമില്ല.
അതല്ല പ്രശ്നം.
നിങ്ങൾ സിഗററ്റ് വാങ്ങാൻ പുറത്തേക്കു പോകുന്നു,
തിരിയെ വരുന്നു,
എനിക്കു പ്രായം കൂടിയതായി നിങ്ങൾക്കു തോന്നുന്നു.
ദൈവമേ, എത്ര ദയനീയമാണത്,
ആ വിരസമായ മൂകനാടകം!
ഇരുട്ടത്ത് ലൈറ്ററിന്റെ ഒരു ക്ളിക്ക്,
ഒരു പുക വിടൽ,
എനിക്കു പ്രണയം നഷ്ടമാവുകയും ചെയ്യുന്നു!

11
ഒരു പെൺകുട്ടി ഉറങ്ങുന്നു,
ആരോ തന്നെ സ്വപ്നം കാണുകയാനെന്ന പോലെ;
ഒരു സ്ത്രീ ഉറങ്ങുന്നു,
നാളെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന പോലെ;
ഒരു വൃദ്ധ ഉറങ്ങുന്നു,
മരിച്ച പോലെ കിടന്നാൽ
ഉറക്കത്തിന്റെ വിദൂരാതിർത്തിയിലൂടെ
മരണം തന്നെ ഒഴിവാക്കി
കടന്നുപോകുമെന്ന പോലെ.

12
അത്രയും ഉയരത്തിൽ നിന്നാണ്‌
എന്നെ ഇടുകയും
അത്രയും നേരമാണ്‌
ഞാൻ വീഴുകയും
ചെയ്യുന്നതെന്നതിനാൽ
പറക്കാൻ പഠിക്കാൻ
വേണ്ടത്ര നേരം
എനിക്കുണ്ടെന്ന പോലെ

13
നിന്റെ ഹൃദയം ഞാനുടച്ചു,
ഇന്നതിന്റെ കഷണങ്ങളിൽ ചവിട്ടി
ഞാൻ നടക്കുന്നു,
നഗ്നപാദയായി…

14
“ഉറക്കം വരാത്തതിന്‌ ഒരു മരുന്ന്

കുന്നിറങ്ങി വരുന്ന ചെമ്മരിയാടുകളെയല്ല,
മച്ചിലെ വിള്ളലുകളല്ല…
നിങ്ങളെണ്ണേണ്ടത് നിങ്ങൾ സ്നേഹിച്ചവരെ,
നിങ്ങളുടെ സ്വപ്നങ്ങളില്‍ താമസമാക്കി
നിങ്ങളുടെ ഉറക്കം കെടുത്തിയവരെ,
ഒരിക്കൽ നിങ്ങൾക്കെല്ലാമായിരുന്നവരെ,
കൈകളിൽ നിങ്ങളെയെടുത്തോമനിച്ചവരെ,
നിങ്ങളെ സ്നേഹിച്ചവരെ…
പുലർച്ചയോടെ നിങ്ങൾ ഉറക്കം പിടിക്കും,
കണ്ണീരോടെ.”

15
മറക്കാൻ പഠിക്കുക,
ആദ്യം വിട പറയുന്നയാളാവുക.
കണ്ണീര്‌, ഉമിനീര്‌, ശുക്ളം,
ഈ ലായനികളിലൊന്നിലും
ഏകാന്തത അലിയില്ല.
പൊന്നു പൂശിയ കല്യാണക്കപ്പുകൾ,
വേശ്യകളുടെ പ്ളാസ്റ്റിക് കപ്പുകൾ,
നിപുണമെങ്കിൽ കണ്ണിനതിൽ കാണാം,
ഏകാന്തതയുടെ കയ്ക്കുന്ന അടിമട്ട്.

16
നാം ധനികരാണ്‌: നഷ്ടപ്പെടാൻ നമുക്കൊന്നുമില്ല,
നാം വൃദ്ധരാണ്‌: നമുക്കെവിടെയും തിടുക്കപ്പെട്ടെത്താനില്ല.
ഭൂതകാലത്തിന്റെ തലയിണകളിൽ നാം പഞ്ഞി നിറച്ചുകൊണ്ടിരിക്കും,
ഭാവികാലത്തിന്റെ കനലുകൾ നാം ഇളക്കിക്കൊണ്ടിരിക്കും,
അലസമായ പകൽവെളിച്ചം മന്ദമന്ദം മങ്ങുമ്പോൾ
നമുക്കു മുഖ്യമായതിനെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കും;
മരിക്കാത്ത നമ്മുടെ ജഡങ്ങളെ നാം ഉറക്കാൻ കിടത്തും:
ഞാൻ നിന്നെ മറവു ചെയ്യും, നീയെന്നെ മറവു ചെയ്യും.

17
സുരതാനന്തരം
മലർന്നു കിടക്കുമ്പോൾ:
“നോക്കൂ,
മച്ചു നിറയെ
നക്ഷത്രങ്ങൾ!”
“അതിലൊന്നിൽ
ജീവനുണ്ടെന്നും
വരാം…”

18
കറ പിടിച്ച പല്ലുകൾ,
പിടഞ്ഞുകൂടിയ സിരകൾ,
തേഞ്ഞുതീർന്ന മടമ്പുകൾ.
നമ്മുടെ അച്ഛനമ്മമാർ
ചെറുപ്പമായിരിക്കുന്നിടത്തോളം കാലമേ
നമുക്കും ചെറുപ്പമുള്ളു.
തേനും പാലുമൊഴുകിയിരുന്ന പുഴത്തടം
വരണ്ടു പോയിരിക്കുന്നു.
ആശുപത്രിയിൽ വച്ച്
അമ്മയുടെ മുടി കോതിക്കൊടുക്കൂ,
മഞ്ഞിച്ച നഖം വെട്ടിക്കൊടുക്കൂ.

19
ജീവചരിത്രത്തിന്റെ കരടുരൂപം:
മിന്നാമിനുങ്ങുകളെ പിടിച്ചു,
പുലരും വരെ വായിച്ചു,
വട്ടന്മാരെ പ്രേമിച്ചു,
കാരണമെന്തെന്നറിയാതെ
വീപ്പക്കണക്കിനു കണ്ണീരൊഴുക്കി,
ഏഴാണുങ്ങളിൽ നിന്ന്
രണ്ടു പെണ്മക്കളെ ജനിപ്പിച്ചു.

20

പുരുഷനു സ്ത്രീ സ്വദേശമാണ്‌,
സ്ത്രീയ്ക്ക് പുരുഷൻ വഴിയും.
നീ എത്ര വഴി പൊയ്ക്കഴിഞ്ഞു!
ഇനി അല്പമിരുന്നൊന്നു വിശ്രമിക്കൂ:
ഇതായെന്റെ നെഞ്ച്: അവിടെ തല ചായ്ക്കൂ;
ഇതായെന്റെ ഹൃദയം: അവിടെ തമ്പടിക്കൂ;
ശോകങ്ങളുടെ ഉണക്കറൊട്ടി
നമുക്കു പപ്പാതി പങ്കു വയ്ക്കുകയുമാവാം.

21

എന്റെ കവിത മനസ്സിലാകാത്തവരെക്കുറിച്ച്
എനിക്കെന്തു തോന്നുന്നുവെന്നോ?
എനിക്കവരെ മനസ്സിലാകും.

വിവർത്തനം: രവികുമാർ വാസുദേവൻ

വേര പാവ്‌ലോവ

വേര പാവ്‌ലോവ Vera Pavlova റഷ്യൻ കവി. 1963ൽ മോസ്ക്കോയിൽ ജനിച്ചു. സംഗീതചരിത്രത്തിൽ ബിരുദം. 14 കവിതാസമാഹാരങ്ങൾക്കു പുറമേ ഓപ്പെറകൾക്കുള്ള ഗാനങ്ങളും എഴുതിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English