ഉഷ്ണകാലമേഘം

 

3013191485_ff0c0a3187

ഒരുഷ്ണകാലമേഘമെവിടെയോ പെയ്തു
ഏതോ വിദൂരമാം ഗിരിശൃംഗത്തില്‍
ഒരു ശീതവാതമെന്‍ കാതിലോതി
വിയര്‍പ്പിന്‍ കിതപ്പില്‍
ഉരുകിയമരുമുത്തരാഹ്നത്തില്‍

അതുകേട്ടു ഞാന്‍ കുളിര്‍ത്തു
വാതായനങ്ങള്‍ തുറന്നിട്ടു കിടന്നു
ഒരു മുകിലിന്‍ തരിപോലുമെന്നൂഷരമാം
നഭസ്സില്‍ ചിലങ്കയിട്ടെത്തിയില്ലാടാന്‍

വിയര്‍പ്പില്‍ വീര്‍പ്പുമുട്ടലില്‍ ചൂടിന്നാ-
ലസ്യത്തില്‍ ഞാനല്‍പം സ്വയം മറന്നപ്പോള്‍
അവളെത്തി കാര്‍മുകില്‍ വേണി
കിനാവിന്‍ തളിര്‍മണിക്കുരുന്നുകള്‍ക്കൊത്തിരി
തീര്‍ത്ഥം തളിച്ച് ചിലമ്പണിഞ്ഞെന്‍
ഉറക്കത്തിന്‍ ഇടന്നാഴികളില്‍ നൃത്തമാടാന്‍

ഞാനുണരാതിരിക്കട്ടെ
അവളുടെ ഈര്‍പ്പമണിഞ്ഞിത്തിരി കിടന്നോട്ടെ
കിനാവിന്‍റെ വരളും കുന്നുകളില്‍
കുളിരിന്‍ പുനര്‍ജ്ജനികള്‍ ജനിച്ചൊഴുകി
കളകളം പാടിച്ചിരിച്ചാര്‍ക്കട്ടെ
ഉയിരിന്നുഷ്ണമേ ചൊല്ലൂ വിട
ഇതൊരുഷ്ണതാപത്തിന്‍ മഹാസ്വപ്നം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമരമൊരുവരമാണ്
Next articleകാര്‍ട്ടൂണ്‍
മഠത്തിൽ രാജേന്ദ്രൻ നായർ
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English