സമയമില്ലാക്കാലം

രാവിലെ പത്തുമണിക്ക്‌ എയർപോർട്ടിൽ നിന്നും ഗൾഫ്‌ പെർഫ്യൂമിന്റെ ഗന്ധവുമായി ഷൈജു നേരെ പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുത്തു.

പെണ്ണിനെ കണ്ട്‌ ഇഷ്‌ടപ്പെട്ടു. പേര്‌ ശീഘ്രിയ. ഉടൻതന്നെ മൊബൈൽഫോണിൽ വീടുമായി ബന്ധപ്പെട്ടു.

വീട്ടിൽനിന്നും ആൾക്കാർ പാഞ്ഞെത്തി.

രാവിലെ പതിനൊന്നുമണിക്ക്‌ ജാതകം കൈമാറൽ. മുഹൂർത്തം അപ്പോൾതന്നെ കുറിച്ചു. അന്നേദിവസം രണ്ടുമുപ്പതിന്‌ വിവാഹം വധൂഗൃഹത്തിൽ.

പിന്നീടെല്ലാം ശരവേഗത്തിലായിരുന്നു. നാട്ടുകാരെയും ബന്ധുജനങ്ങളെയും നേരിട്ട്‌ ക്ഷണിക്കാൻ സമയമില്ലാത്തതുകൊണ്ട്‌ ജീപ്പിൽ മൈക്കുവെച്ചുകെട്ടി ഗ്രാമവീഥിയിലൂടെ എല്ലാവരെയും വിവാഹത്തിനു ക്ഷണിച്ചുകൊണ്ട്‌ അനൗൺസ്‌മെന്റ്‌ നടത്തി.

‘സൂപ്പർഡീലക്‌സ്‌ ഫാസ്‌റ്റുഫുഡു’കാർ രംഗത്തെത്തി. കലവറ സജീവമായി.

ആൾക്കാർ വിവാഹത്തിന്‌ എത്തിത്തുടങ്ങി. എല്ലാവർക്കും അത്ഭുതം!

“പയ്യൻ ഇന്ന്‌ ഗൾഫിൽ നിന്നും എത്തിയതല്ലേയുളളൂ. ഇത്രപെട്ടെന്ന്‌…?!”

ഒരു കാരണവർ വരനോട്‌ തുറന്നുചോദിച്ചു. ഷൈജു നയം വ്യക്തമാക്കി.

“സമയം ഇല്ലാഹേ. നാളെ രാവിലെ പത്തുമണിക്കുളള ഫ്‌ളൈറ്റിൽ മടങ്ങിപ്പോകേണ്ടതാണ്‌.”

വിവാഹം കഴിഞ്ഞു.

മൂന്നുമണിക്ക്‌ ശീഘ്രിയയേയും കൊണ്ട്‌ ഷൈജു സ്വന്തം വീട്ടിലേക്കുപോയി.

പൊട്ടിയ ഓടിനിടയിലൂടെ ദരിദ്രനായ വിരുന്നുകാരനെപ്പോലെ സൂര്യപ്രകാശം അരിച്ചെത്തുന്ന, കുഴമ്പിന്റെയും തൈലത്തിന്റെയും ഗന്ധപൂരിതമായ അകമുറിയിലെ കയറുകട്ടിലിൽ കിടന്ന്‌ പാറുമുത്തശ്ശി മാത്രം പരിതപിച്ചുഃ

“ഈശ്വരാ.. ഇന്നു രാത്രിയിൽ പ്രസവം നടക്കാതിരുന്നാൽ മതിയായിരുന്നു..”

Generated from archived content: story12_sep2.html Author: pavithreeshwaram_gopakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English