ഗ്രഹണം

ദിവാൻ രാമസ്വാമി അയ്യരുടെ മൂക്കിന്‌ ആരോ വെട്ടിയെന്ന വാർത്ത ഗ്രാമത്തിലെ ഒരു കുടികിടപ്പുകാരനും നിരക്ഷരനുമായ എന്റെ അപ്പൂപ്പൻ അറിയുമ്പോൾ അയ്യർ നാടുവിട്ടുകഴിഞ്ഞിരുന്നു. അപ്പൂപ്പന്റെ ഉള്ളിൽ മണിമുഴങ്ങി. പ്രചോദിതനായ അപ്പൂപ്പൻ തന്റെ കുടികിടപ്പു പറമ്പ്‌ കൈക്കലാക്കാൻ ശ്രമിച്ചിരുന്ന ജന്മിയുടെ കാര്യസ്ഥനെ നിലാവുള്ള ഒരു രാത്രിത്തണുപ്പിൽ പതിയിരുന്നു വെട്ടി. പിന്നെന്തുണ്ടായെന്നു വെച്ചാൽ കാര്യസ്ഥൻ അവകാശവാദമൊഴിയുകയും സർപ്പക്കാവും കുളവുമുള്ള പുരയിടം അപ്പൂപ്പന്‌ സ്വന്തമാവുകയും ചെയ്തു. സത്യമുള്ള പാമ്പുകളിൽ അപ്പൂപ്പനും എന്റെ അച്ഛനമ്മമാർക്കും വിശ്വാസമുണ്ടായിരുന്നു. ആണ്ടുതോറും കഷ്ടപ്പാടുകൾ മുറിച്ചു നീന്തി അവർ പൂജകളും പുള്ളുവൻപാട്ടും മുറതെറ്റാതെ നടത്തി. സർപ്പങ്ങളുടെ സഹായമുണ്ടെന്നു തന്നെ അവർ വിശ്വസിച്ചു. ദൈവസാന്നിധ്യം, ദൈവകോപം, ദൈവാനുഗ്രഹം ഇതൊക്കെ മൂർത്തരൂപത്തിൽ കാണണമെന്നുവെച്ചാൽ ഒക്കുന്ന കാര്യമാണോ? പക്ഷേ, എന്റെ ചേട്ടന്മാരുടെ കാലമായപ്പോഴേക്കും വീട്ടിൽ കലഹങ്ങളായി. സർപ്പക്കാവായിരുന്നു പ്രധാനപ്രശ്നം. നാസ്തികരായ അവർ അഞ്ചാറ്‌ വീടുകൾക്കപ്പുറത്തുള്ള മഞ്ജുനാഥ്‌ ചേട്ടൻ അയാളുടെ പുരയിടത്തിലെ സർപ്പക്കാവ്‌ കിളച്ചതിന്റെ ആവേശത്തിൽ എവിടെ നിന്നോ സംഘടിപ്പിച്ചുകൊണ്ടുവന്ന കൂന്താലികൊണ്ട്‌ സർപ്പക്കാവിൽ ഒന്നുരണ്ടു കിളകിളച്ചു. അമ്മ നിലവിളിച്ചു. അച്ഛൻ ധിക്കാരികളായ ഏട്ടന്മാരെ തല്ലി, കൂന്താലി തല്ലിയൊടിച്ചു. ആഹാരം കൊടുക്കാതെ പട്ടിണിക്കിട്ടു. ഇന്ന്‌ അവർ എത്ര നല്ല പുള്ളുവൻപാട്ടുകാർ ആണെന്നോ?

കുളം വറ്റിപ്പോയെങ്കിലും സർപ്പക്കാവ്‌ ഇന്നും ശേഷിക്കുന്നുണ്ട്‌. ആണ്ടുതോറും പൂജകളും പുള്ളുവൻപാട്ടും മുറതെറ്റാതെ നടക്കുന്നുണ്ട്‌. സർപ്പങ്ങൾ പ്രത്യക്ഷരുമാണ്‌. അനുഗ്രഹനിഗ്രഹശേഷിയുള്ള ആ പാമ്പുകളെ ഞാനെന്തിനു പിണക്കണം. തോളിലെടുത്തു വെച്ചാൽ എന്നെ കടിക്കില്ലെന്നു തന്നെയാണ്‌ വിശ്വാസം. അഥവാ കടിക്കണമെന്നുള്ളപ്പോൾ മറ്റുള്ളവരെ കടിക്കുകയോ വേണമെങ്കിൽ വിഴുങ്ങുകയോ ചെയ്തോട്ടെ.

Generated from archived content: story4_novem5_07.html Author: n_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English