ചലച്ചിത്ര നിരൂപണത്തിനും ഏറ്റവും നല്ല സിനിമാസ്വാദകനുമുളള അവാർഡ് നേടിയിരിക്കുകയാണല്ലോ; മലയാള സിനിമയെ അങ്ങ് ഏതു കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്?
ഉത്തരം ഃ മൂസ മാധവനെപ്പോലെ.
ചോദ്യംഃ മൂസ മാധവനോ? മീശമാധവനല്ലെ സാർ? സിനിമാസ്വാദകനും നിരൂപകനുമായ താങ്കൾ ഒരു ചലച്ചിത്രത്തിന്റെ പേരുച്ചാരണത്തിൽപോലും അതീവ ശ്രദ്ധാലുവാകേണ്ടതല്ലേ?
ഉ ഃ അതുതന്നെയാണ് ഞാനും പറയുന്നത്. മൂലക്കുഴിയിൽ സഹദേവനെ ‘മൂസ’ ആക്കുന്ന സാമൂഹ്യപ്രസക്തി നോക്കണം. ഒരു വിഷബീജം വിതയ്‌ക്കുകയല്ലേ ഇതിന്റെ ഉദ്ദേശ്യം?
ചോദ്യംഃ അടുത്തതായി ജനം കാണാൻ കൊതിക്കുന്ന ചലച്ചിത്രം ഏതായിരിക്കും?
ഉഃ മാറാട്. രാഷ്‌ട്രീയാന്ധത തന്നെയാണെടോ ഇക്കാലത്ത് സിനിമ. ഇതുകൊണ്ട് നാം കെട്ടിപ്പടുക്കുന്ന പ്രതീക്ഷയുടെ സൗധങ്ങളും സാഹചര്യങ്ങളും ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ജീവിതവും സിനിമയും ഒന്നല്ല, രണ്ടാണ്. മൂസയും മാധവനും എങ്ങനെയാണ് ഒരു തട്ടിൽ നില്‌ക്കുന്നത്? ഇവന്മാർ തമ്മിലുളള അടി, ഇടി, വൈരാഗ്യം ഇതാണ് ഇന്നത്തെ രാഷ്‌ട്രീയ കരുനീക്കങ്ങളുടെ അന്തഃസത്ത. മലയാളി സിനിമാസ്വാദകന്റെ മാനസികതലവും അത്രതന്നെ. ഇപ്പോൾ മൂസമാധവന്റെ അർത്ഥം മനസ്സിലായിക്കാണുമല്ലോ.
ചോദ്യകർത്താവിന് ഉത്തരംമുട്ടി. വീണിടം വിഷ്‌ണുലോകം. അയാളിപ്പോൾ ചോദ്യകർമ്മത്തിൽനിന്നും വിരമിച്ച്, ഒന്നാന്തരം പടങ്ങൾ പിടിക്കുകയാണ്. മാറാടിനെക്കുറിച്ചുളള ത്രീഡി, ഡോൾബിസിസ്‌റ്റം സിനിമ ജനങ്ങളെ കൊടുമ്പിരിക്കൊളളിച്ചു. തല കൊയ്യലുകൾ വഴിയേ വന്നോളും.
ഇങ്ങനെയാണിവിടെ സകലമാന കൊലപാതകങ്ങളും നടമാടുന്നതെന്ന് പറയാൻ ഞാനാളല്ല. അനുകരണമാണ് കല. അഭിപ്രായസ്വാതന്ത്ര്യമില്ലാത്തവൻ ജീവച്ഛവം. അതിനാൽ, ആവുമെങ്കിൽ, ഇത്തരം സമകാലീന പ്രസക്തിയുളള പടങ്ങൾ നിർമ്മിച്ചും സാക്ഷാത്‌കരിച്ചും നിങ്ങൾക്കും ആളാവാം. ഇത്തരം പടങ്ങൾ പിടിക്കാൻ അണ്ടർഗ്രൗണ്ടുകാരുടെ ഒത്താശ അനവധിയാണ്. കാണികൾക്ക് ആത്മധ്വംസനവും, മാനസിക സംഘർഷവും ഉണ്ടാക്കുകയാണ് ഏതൊരു പടത്തിന്റെയും വിജയരഹസ്യങ്ങളിലൊന്ന്. സിനിമാനുകരണമാവട്ടെ ഇനി നമ്മുടെ ജീവിതവ്രതം!
Generated from archived content: sept_essay5.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English