ഓളങ്ങളുടെ പ്രകൃതം
ഇളക്കമാണ്,
ചലനം
കടത്തുവഞ്ചി നിശ്ചലമാണ്
ഓളങ്ങളുടെ ചലനങ്ങൾ
അതിനെ ചാഞ്ചാടിക്കുന്നു
‘രോഗാതുരയായ എന്റെ ശരീരം
ചാഞ്ചാടുന്നുവോ?
ജീവനുള്ള കയങ്ങളിൽ
ജഡവും ചാഞ്ചാടും’
ചത്ത് മലച്ച മീനുകൾപോലെ
പ്രത്യേകിച്ചൊന്നും
സംഭവിച്ചിട്ടില്ലാത്ത മട്ടിൽ
അതിഥി പറയുന്നു
ആരോഗ്യം മെച്ചപ്പെട്ടതായി
തോന്നുന്നു.
അവൾ സാമാന്യ മര്യാദകൾ
പഠിച്ചവളാണ്
ക്ഷോഭിപ്പിക്കുന്ന വാക്കുകൾ
ഉരിയാടുകയില്ല
മധുരമില്ലാത്ത ബിസ്‌ക്കറ്റും
അമൃതാനന്ദമയിയുടെ
സമ്പൂർണ്ണ കീർത്തനഗ്രന്ഥവും
അവൾ എനിക്ക് സമ്മാനിച്ചു
വായിക്കുവാൻ അശക്തയെന്ന്
ഞാൻ അവളോട് പറഞ്ഞില്ല.
Generated from archived content: poem3_july20_07.html Author: madhavikutti
Click this button or press Ctrl+G to toggle between Malayalam and English