ആ ഗ്രാമപഞ്ചായത്തിൽ മാത്രം ഒതുങ്ങിനിന്ന (ഒതുക്കിനിർത്തപ്പെട്ട) പ്രിയങ്കരനായ നേതാവ് അന്തരിച്ചു. പ്രതീകാത്മകമായെന്നവണ്ണം നാടിനെ ഇരുട്ടിലാഴ്‌ത്തിക്കൊണ്ട് ത്രിസന്ധ്യയിലാണ് അതു സംഭവിച്ചത്. ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകാലം പഞ്ചായത്തിലെ രാഷ്‌ട്രീയനഭോ മണ്ഡലത്തിൽ ജ്വലിച്ചുനിന്ന ആ ധന്യജീവിതം അസ്തമിച്ചു. ‘ലഗ്നാലും ചന്ദ്രാലും ഭാവാധിപൻ ഉച്ചസ്ഥനായി കാണുകയാലും നാലാമഠത്ത് വ്യാഴവും ചൊവ്വയും സ്ഥായീഭാവം പൂണ്ടിരിക്കുന്നതിനാലും തസ്യജാതൻ ഭാര്യാസുഖം അനുഭവിക്കുന്നവനും സന്താനസൗഭാഗ്യത്തോടും ആരോഗ്യത്തോടും ദീർഘായുസോടും കൂടിയവനും എഴുപത്തഞ്ചുവയസിനും മേൽവരെ അനഭവസിദ്ധിയുള്ളവനുമായി കാണപ്പെടുന്നു’ എന്ന് എഴുതപ്പെട്ട ജാതകത്തിൽ നിന്ന് അഞ്ചുവർഷത്തെ വ്യതിയാനമേ സംഭവിച്ചുള്ളൂ. (ജാതകം എഴുതിയപ്പോൾ സ്വപ്നം കാണാൻ കഴിയാതിരുന്ന എന്തെല്ലാം രോഗങ്ങളാണിപ്പോൾ!)
വാർത്ത കാട്ടുതീപോലെ നാട്ടിലാകെ പടർന്നു. പ്രിയങ്കരന് ആദരാഞ്ജലി അർപ്പിക്കാനും പരേതാത്മാവിന് നിത്യശാന്തിനേരാനും നാട്ടുകാർ എത്തിക്കൊണ്ടിരിക്കുന്നു. പുരയിടത്തിന്റെ വടക്കേമൂലയിൽ നിലയുറപ്പിച്ചിരുന്ന മൂവാണ്ടൻമാവ് മൂടോടെ വെട്ടി നിലംപരിശാക്കി; ചന്ദനമുട്ടികളും നെയ്യും തയ്യാറായി. അതിരാവിലെ സംസ്ഥാന നേതാക്കൻമാർ പുഷ്‌പചക്രങ്ങളുമായെത്തി. ആരോ പത്രം നിവർത്തി നോക്കിയിട്ട് അടക്കിയ സ്വരത്തിൽ പറഞ്ഞുഃ
“പത്രത്തിൽ പടം വന്നിട്ടില്ല; വൈകിയാണ് കൊടുത്തത്”. പൊടുന്നനെയാണ് അത് സംഭവിച്ചത്; കൂടി നിന്നവർ അൽഭുതസ്തബ്ധരായി. ചിലർ ഭയന്നുവിറച്ചു. ഒരാൾ കുഴഞ്ഞുവീണു. പരേതൻ ചുണ്ടനക്കുന്നു; മിഴികൾ ചിമ്മിത്തുറക്കുന്നു; പ്രതിഷേധസൂചകമായി വലതുമുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കിടിക്കുന്നു; ചാടിയെണീക്കുന്നു.
“പത്രം കൊണ്ടുവാ, നോക്കട്ടെ” പരേതൻ അട്ടഹസിച്ചു. ആരോ വിറയാർന്ന കരങ്ങളാൽ പത്രമെടുത്തു നീട്ടി.
“പടമില്ലാത്ത വാർത്തയോ? മരിച്ചുകിടക്കുന്ന പടം പത്രത്തിൽ വരാതെ എന്തുമരണം! ആരവിടെ, ഫോണെവിടെ? വിളിക്ക് പത്രാധിപരെ. പത്രത്തിൽ പടം വരാതെ മരിക്കാൻ ഞാൻ തയ്യാറില്ലെന്നു പറ…”
Generated from archived content: humour1_apr2_07.html Author: j_philippose_thiruvalla
Click this button or press Ctrl+G to toggle between Malayalam and English