മൗനം

മഹാസങ്കടങ്ങളുടെ ഉഷ്‌ണപ്രവാഹങ്ങൾക്കുമേൽ

കടൽ ശാന്തമാണ്‌.

സായന്തനത്തിന്റെ ധ്യാനസാന്ദ്രിമയിൽ

തിരകൾ നിശ്ശബ്‌ദരാണ്‌.

മൗനത്തിന്റെ ശിലാസഞ്ചയങ്ങൾക്കുളളിൽ

ക്ഷോഭങ്ങൾ തിളയ്‌ക്കുന്നുണ്ടാവാം

ഒരു നേർത്ത കാറ്റുപോലും വീശുന്നില്ലെങ്കിലും

പ്രചണ്ഡത കയർക്കുകയാവാം

വാക്കുകൾ പൊരുളുകളായ്‌ താളിലുതിരുന്നില്ലെങ്കിലും,

നാദബ്രഹ്‌മം ഹൃദയപത്മത്തിൽ കൺവിടർത്തുകയാവാം

ആകാശങ്ങളിൽ വീണ്ടും മഴക്കാറുകൾ

കൂടുകൂട്ടാൻ തുടങ്ങുമ്പോൾ,

കലാപവും ഹിംസയും വിപണനോന്മാദവും

ചോരക്കൊതിയും കൊഴുക്കുമ്പോൾ

ജീവന്റെ സ്രോതസ്സുകളന്യാധീനപ്പെടുമ്പോൾ

നിലയില്ലാക്കടങ്ങളുടെ ചുഴികളിൽ

പ്രാണന്റെയന്തിമസ്‌പന്ദവും ആഴ്‌ന്നു നിലയ്‌ക്കുമ്പോൾ

കാൽച്ചുവട്ടിലെ മണ്ണും കടലെടുത്തുപോകുമ്പോൾ

നരഭോജികൾ മേയുന്ന കൊടുംവനമായ്‌

നാടു രൂപപ്പെടുമ്പോൾ,

ആധിപത്യത്തിനും അധിനിവേശങ്ങൾക്കും

പുതിയ ചരിത്രപുസ്‌തകം തുറക്കപ്പെടുമ്പോൾ

ദേവസംഗരങ്ങളുടെയധർമ്മ സൂക്തങ്ങളിൽ

ശകുനികൾ ഗ്ലാനി വിട്ടുണരുമ്പോൾ

ജ്വാലാമുഖങ്ങൾ പ്രശാന്തമാണെങ്കിലും

ലാവാഹൃദയങ്ങൾ സ്‌ഫോടനങ്ങൾക്കായ്‌ വെമ്പുകയാവാം.

Generated from archived content: poem11_sep2.html Author: amritha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English